ചെന്നൈ: ഓസ്ട്രേലിയൻ ക്രിക്കറ്റ് താരം ഗ്ലെൻ മാക്സ്‌വെലും വിനി രാമനും തമിഴ് ആചാരപ്രകാരം ‘വീണ്ടും’ വിവാഹിതരായി. തമിഴ്നാട്ടിൽ വേരുകളുള്ള വിനി രാമനും മാക്സ്‌വെലും മാർച്ച് 18-ന് ഓസ്‌ട്രേലിയയിൽവെച്ച് വിവാഹിതരായിരുന്നു. 

To advertise here,

ഇരുവരുടെയും കുടുംബങ്ങളുടെ താത്‌പര്യപ്രകാരം ഞായറാഴ്ച ചെന്നൈയിൽ തമിഴ് ആചാരപ്രകാരം ഇരുവരും വരണമാല്യം അണിയിച്ചു. അടുത്തബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത ചടങ്ങിൽ തമിഴ് പരമ്പരാഗത രീതിയിലുള്ള കുർത്തയാണ് മാക്‌സ്‌വെൽ ധരിച്ചത്. പച്ചയും ഓറഞ്ചും കലർന്ന സാരിയിൽ വിനിയും. 

ഇരുവരും ചേർന്നുള്ള ഫോട്ടോകൾ സാമൂഹിക മാധ്യമങ്ങളിൽ തരംഗമായി. വരണമാല്യം അണിയിക്കുന്നതിന്റെ വീഡിയോകളും പുറത്തുവന്നിരുന്നു. പശ്ചാത്തല സം​ഗീതത്തിനൊപ്പം ചുവടുകളൊക്കെ വച്ച് വിനിയെ വരണമാല്യം അണിയിക്കുന്ന മാക്സ്വെൽ ആണ് വീഡിയോയിലുള്ളത്.വിനി രാമൻ ഇന്ത്യൻ വംശജയായതിനാൽ രണ്ടു വിവാഹച്ചടങ്ങുകൾ നടത്താൻ ഇരുവരും നേരത്തേ തീരുമാനിച്ചിരുന്നു.

കഴിഞ്ഞ ദിവസം ഹൽദി സെറിമണിയിൽ നിന്നുള്ള ഒരു ചിത്രം വിനി പങ്കുവെച്ചിരുന്നു. വെഡ്ഡിങ് വീക് ആരംഭിച്ചു എന്നും കുറിച്ചാണ് വിനി ചിത്രം പോസ്റ്റ് ചെയ്തത്. ഓറഞ്ച് നിറത്തിലുള്ള ബന്ദ്​ഗാല ധരിച്ചാണ് മാക്സ്വെൽ ഹൽദിക്കായി എത്തിയത്. ​ഗോൾഡൻ നിറത്തിലുള്ള ചുഡിബോട്ടമാണ് ഒപ്പം ധരിച്ചത്. വീതിയുള്ള ഓറഞ്ച് ബോർഡറോടു കൂടിയ പച്ചനിറത്തിലുള്ള സാരിയാണ് വിനി ധരിച്ചിരുന്നത്. ഒപ്പം എംബ്രോയ്ഡറി വർക്കുകളോടു കൂടിയ ഓറഞ്ച് ബ്ലൗസാണ് വിനി ധരിച്ചത്. സാരിക്കു ചേരുന്ന പച്ചനിറത്തിലുള്ള വളകളും പച്ചക്കല്ലുകളുള്ള കമ്മലും മാലയുമാണ് വിനി ഹൽദിക്കായി അണിഞ്ഞത്.

തമിഴ്നാട്ടിൽ വേരുകളുള്ള വിനി ജനിച്ചതും വളർന്നതും മെൽബണിലാണ്. ഓസ്ട്രേലിയയിൽ ഫാർമസിസ്റ്റായി ജോലി നോക്കുകയാണിവർ. ചെന്നൈ വെസ്റ്റ് മാമ്പലത്താണ് വിനിയുടെ കുടുംബ വീട്. 

2013 ഡിസംബറിൽ മെൽബൺ സ്റ്റാർസിന്റെ പരിപാടിയിൽവെച്ചായിരുന്നു വിനിയെ ആദ്യമായി മാക്സ്വെൽ കണ്ടുമുട്ടുന്നത്. പിന്നീട് ഇരുവരും നല്ല സുഹൃത്തുക്കളായി. ഈ സൗഹൃദം പ്രണയത്തിലേക്ക് വഴിമാറുകയായിരുന്നു. രണ്ടു വർഷത്തിലേറെയായി ഇരുവരും ഒരുമിച്ചാണ് താമസം.