ഓറയെന്നൊക്കെ പറഞ്ഞാൽ ഇതാണ്, ജൂനിയർ സഞ്ജയ് ദത്ത്, ഇതൊക്കെ വൈറൽ ഓറ കിഡ് ഭോണ്ടു ബച്ചായുടെ വിശേഷണങ്ങളാണ്. ഭോണ്ടുവിന്റെ അച്ഛൻ ഒരു സ്‌കൂട്ടർ വാങ്ങിച്ചു. വാങ്ങിയ സ്‌കൂട്ടറിനോടൊപ്പം കുടുംബത്തിന്റെ ഒരു വീഡിയോയും പോസ്റ്റ് ചെയ്തു. അത്രമാത്രമേ അദ്ദേഹത്തിന് ഓർമ്മയുള്ളൂ പിന്നെ നടന്നത് ആരെയും അതിശയിപ്പിക്കുന്ന കാര്യങ്ങളും. ഭോണ്ടുവിന്റെ യഥാർഥ പേര് രുദ്രാൻഷ് മംഗേഷ് സിസോദിയ താക്കൂർ എന്നാണ്. കറുത്ത കണ്ണടയും സ്‌റ്റൈലൻ വസ്ത്രങ്ങളും. കൈകൾ രണ്ടും പോക്കറ്റിലിട്ട് പുതിയ സ്‌കൂട്ടറിന്റെ മുന്നിലൊരു നിൽപ്പ് ആ ഒറ്റ പോസുകൊണ്ടാണ് രുദ്രാൻഷ് സോഷ്യൽ മീഡിയയിലെ വൈറൽ താരമായത്. ഒരാഴ്ച കൊണ്ട് ആ വീഡിയോ കണ്ടത് 126 മില്യൺ ആളുകളാണ്.

To advertise here,

also read : 20-ാം വയസിൽ മാസവരുമാനം 3 ലക്ഷം മുതൽ 10 ലക്ഷം വരെ; നേട്ടങ്ങൾ തുറന്നുപറഞ്ഞ് റെന ഫാത്തിമ

ക്യാമറയ്ക്ക് മുന്നിൽ യാതൊരു പരിഭ്രമവുമില്ലാതെ ഗൗരവത്തോടെ നിൽക്കുന്ന ഒരു കുഞ്ഞ്. പ്രായം വെറും 23 മാസം. രണ്ടു വയസ് തികഞ്ഞിട്ടില്ല. മഹാരാഷ്ട്രയിലെ യവത്മാലിൽ നിന്നുള്ള രുദ്രാൻഷിന്റെ ഈ സ്‌റ്റൈലൻ പോസുകൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാണ്. ഒരു സാധാരണ കുടുംബചിത്രം വെറും എട്ട് ദിവസം കൊണ്ട് 12കോടി 60 ലക്ഷം പേർ കണ്ടു. ലക്ഷകണക്കിന് ലൈക്കും ഈ പോസ്റ്റ് നേടിക്കഴിഞ്ഞു. നിഷ്‌കളങ്കമായ മുഖഭാവവും ഹീറോ ആറ്റിറ്റിയൂഡുമാണ് രുദ്രാൻഷിനെ ഇന്റർനെറ്റിലെ പുതിയ താരമാക്കിയത്.

സ്‌കൂട്ടർ ഡെലിവറിക്കിടെ പകർത്തിയ വീഡിയോ

ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി പുതിയ ഇരുചക്രവാഹനം വാങ്ങാനാണ് രുദ്രാൻഷിന്റെ കുടുംബം യവത്മാലിലെ ഹോണ്ട ഷോറൂമിലെത്തിയത്. പുതിയ സ്‌കൂട്ടറിന്റെ ഡെലിവറി ചടങ്ങിനിടെ കുടുംബാംഗങ്ങൾ വാഹനത്തിനൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്യുകയായിരുന്നു. ഇതിനിടയിലാണ് എല്ലാവരുടെയും ശ്രദ്ധ രുദ്രാൻഷിലേക്ക് തിരിഞ്ഞത്.

വെള്ള ടീ ഷർട്ടും ജീൻസും ധരിച്ച്, നീല കൂളിങ് ഗ്ലാസും വെച്ചായിരുന്നു കുഞ്ഞിന്റെ വരവ്. വസ്ത്രത്തിനൊപ്പം കുഞ്ഞുസസ്‌പെൻഡറുകളും അണിഞ്ഞിരുന്നു. പുതിയ സ്‌കൂട്ടറിന് മുന്നിൽ നിന്ന് കൈകൾ രണ്ടും പോക്കറ്റിലിട്ട് ക്യാമറയ്ക്ക് നേരെ ഗൗരവത്തോടെ നോക്കുന്ന രുദ്രാൻഷിന്റെ ഭാവം കണ്ടാൽ ഒരു കൊച്ചുമോഡലാണെന്നേ തോന്നൂ. ആരും പ്രത്യേകിച്ച് പറയാതെ തന്നെ വളരെ സ്വാഭാവികമായി നടത്തിയ പോസുകൾ ഷോറൂമിലുള്ളവരെയും ആകർഷിച്ചു.കുടുംബം ഈ രസകരമായ നിമിഷം മൊബൈൽ ഫോണിൽ പകർത്തി സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു. എന്നാൽ ഒരു സാധാരണ കുടുംബവീഡിയോ ഇത്ര വലിയ തരംഗമാകുമെന്ന് ആരുംതന്നെ പ്രതീക്ഷിച്ചിരുന്നില്ല എന്നതാണ് സത്യം.

also read : തെറ്റ് ചെയ്തിട്ട് പങ്കാളി മാപ്പ് പറഞ്ഞില്ലെങ്കിൽ കടുത്ത ദേഷ്യം തോന്നാറുണ്ടോ? കാരണമിതാണ് 

വീഡിയോ വ്യാപകമായി പ്രചരിച്ചതോടെ രുദ്രാൻഷിന്റെ ചിത്രങ്ങളും മറ്റ് ദൃശ്യങ്ങളും സോഷ്യൽ മീഡിയയിൽ നിറഞ്ഞു.'ഭോണ്ടു ബച്ച' എന്ന പേരിലാണ് കുഞ്ഞ് ഇപ്പോൾ അറിയപ്പെടുന്നത്. രുദ്രാൻഷിന്റെ ഗൗരവം നിറഞ്ഞ മുഖഭാവവും കൂളായുള്ള നിൽപ്പുമാണ് ആളുകളെ ഏറ്റവും കൂടുതൽ ആകർഷിച്ചത്. ചിലർ അവനെ 'കുഞ്ഞ് ഡോൺ' എന്ന് വിളിച്ചപ്പോൾ മറ്റു ചിലർ 'ഹോണ്ടയുടെ പുതിയ ചെയർമാൻ' എന്നായിരുന്നു വിശേഷിപ്പിച്ചത്. കുഞ്ഞിന്റെ പ്രായവും ആത്മവിശ്വാസവും ചേർന്നപ്പോൾ വീഡിയോ കൂടുതൽ കൗതുകം നിറഞ്ഞതായി.

സാധാരണ കുടുംബത്തിൽ നിന്നൊരു കുഞ്ഞുതാരം

മഹാരാഷ്ട്രയിലെ യവത്മാലിലെ വാഘാപൂർ പ്രദേശത്താണ് രുദ്രാൻഷിന്റെ കുടുംബം താമസിക്കുന്നത്. പിതാവ് മംഗേഷ് സിസോദിയ താക്കൂർ സ്വകാര്യ വൈഫൈ കമ്പനിയിൽ ജോലി ചെയ്യുന്നു. മാതാവ് നിഷ താക്കൂറും സ്വകാര്യ കമ്പനിയിൽ ജോലിക്കാരിയാണ്. സാധാരണ കുടുംബത്തിൽ നിന്നുള്ള കുഞ്ഞ് ഒറ്റ വീഡിയോയിലൂടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ളവരുടെ ശ്രദ്ധ നേടുകയായിരുന്നു.മകന് ലഭിക്കുന്ന സ്‌നേഹത്തിലും അഭിനന്ദനങ്ങളിലും ഏറെ സന്തോഷവും അഭിമാനവുമുണ്ടെന്ന് മാതാവ് നിഷ താക്കൂർ പറഞ്ഞു. പുതിയ വാഹനം വാങ്ങിയതിന്റെ സന്തോഷത്തിൽ ഷോറൂമിൽ വെച്ച് പകർത്തിയ ഒരു സാധാരണ വീഡിയോ മാത്രമായിരുന്നു അതെന്നും ഇതിന് ഇത്ര വലിയ പ്രതികരണം ലഭിക്കുമെന്ന് കരുതിയിരുന്നില്ലെന്നും അവർ പറയുന്നു.

ക്യാമറയ്ക്ക് മുന്നിൽ പോസ് ചെയ്യും

രുദ്രാൻഷിന്റെ അമ്മാവൻ യഷ് ചിഞ്ചോൽക്കറാണ് വീഡിയോ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ പങ്കുവെച്ചത്. വീഡിയോയ്ക്ക് ഇത്ര വലിയ സ്വീകാര്യത ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്നും കോടിക്കണക്കിന് ആളുകൾ അത് കണ്ടതോടെ കുടുംബം മുഴുവൻ ആവേശത്തിലാണെന്നും അദ്ദേഹം പറഞ്ഞു. രുദ്രാൻഷ് പൊതുവെ സന്തോഷവാനും കുസൃതിക്കാരനുമാണെന്നാണ് മാതാപിതാക്കൾ പറയുന്നത്. ആരും പറഞ്ഞുകൊടുക്കാതെ തന്നെ തോന്നുമ്പോൾ വ്യത്യസ്തമായ രീതിയിൽ പോസ് ചെയ്യാറുണ്ട്. ക്യാമറയ്ക്ക് മുന്നിൽ നിൽക്കുമ്പോഴും പ്രത്യേകിച്ച് പരിശീലിപ്പിക്കേണ്ട ആവശ്യമില്ലാത്ത വിധം സ്വാഭാവികമായി പെരുമാറുന്നതാണ് അവന്റെ പ്രത്യേകത. ഈ സ്വാഭാവികമായ പ്രകടനമാണ് വൈറൽ വീഡിയോയിലും കാണാനാകുന്നത്.

പഠനച്ചെലവ് ഏറ്റെടുക്കാമെന്ന് പ്രഖ്യാപനം

വീഡിയോ വൈറലായതോടെ രുദ്രാൻഷിനെ തേടി മറ്റൊരു സന്തോഷവാർത്തയുമെത്തി. യവത്മാലിലെ സായ് പോയിന്റ് ഹോണ്ട ഷോറൂമുമായി ബന്ധപ്പെട്ട ദിലീപ് ബോബഡെ പാട്ടീൽ കുഞ്ഞിനെ ആദരിക്കുകയും തുടർന്നുള്ള വിദ്യാഭ്യാസച്ചെലവുകൾ ഏറ്റെടുക്കാമെന്ന് ഉറപ്പുനൽകുകയും ചെയ്തതായാണ് റിപ്പോർട്ടുകൾ. കെജി  മുതൽ ബിരുദപഠനം വരെയുള്ള ചെലവുകൾ വഹിക്കാമെന്നാണ് അദ്ദേഹം പ്രഖ്യാപിച്ചിരിക്കുന്നത്.കുഞ്ഞിന്റെ വീഡിയോ വൈറലായതോടെ രുദ്രാൻഷിന്റെ നാടായ വാഘാപൂർ പ്രദേശവും ശ്രദ്ധ നേടുകയാണ്. വീഡിയോയിലൂടെ പ്രദേശത്തിന് പുതിയൊരു തിരിച്ചറിവ് ലഭിച്ചതിൽ നാട്ടുകാരും സന്തോഷത്തിലാണ്. അയൽവാസിയായ ആകാശ് വിര്‌ഖേഡെയും കുഞ്ഞിന് ലഭിക്കുന്ന അഭിനന്ദനങ്ങളിൽ സന്തോഷം പങ്കുവെച്ചതായി റിപ്പോർട്ടുകളുണ്ട്.

ചൈൽഡ് കണ്ടന്റ് ക്രിയേറ്ററാകുമോ?

വീഡിയോയ്ക്ക് ലഭിച്ച വലിയ സ്വീകാര്യതയും രുദ്രാൻഷിന്റെ സ്വാഭാവികമായ പ്രകടനങ്ങളും കണക്കിലെടുത്ത് ഭാവിയിൽ കുഞ്ഞിന് ചൈൽഡ് കണ്ടന്റ് ക്രിയേറ്ററായി അവസരങ്ങൾ ഒരുക്കുന്നതിനെക്കുറിച്ച് മാതാപിതാക്കൾ ആലോചിക്കുന്നതായും റിപ്പോർട്ടുകളുണ്ട്. സോഷ്യൽ മീഡിയയിൽ നിന്ന് ലഭിക്കുന്ന പിന്തുണയാണ് ഇത്തരമൊരു സാധ്യത പരിഗണിക്കാൻ അവരെ പ്രേരിപ്പിക്കുന്നത്.വെറും 23 മാസം പ്രായത്തിൽ തന്നെ കോടിക്കണക്കിന് ആളുകളുടെ ശ്രദ്ധ നേടിയ രുദ്രാൻഷിന്റെ വിശേഷങ്ങൾ അറിയാൻ കാത്തിരിക്കുകയാണ് സോഷ്യൽ മീഡിയ. ഇപ്പോൾ ഭോണ്ടുവിന്റെ മറ്റു വീഡിയോകൾക്കും മില്യൺ വ്യൂസാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.