മനോഹരമായ മാർബിൾ പടിക്കെട്ടുകൾ, കൂറ്റൻ ചാൻഡിലിയർ, അപൂർവ കലാസൃഷ്ടികൾ, രാജകീയ പ്രൗഢിയുള്ള ഫർണിച്ചറുകൾ... ഒരു കൊട്ടാരത്തിനുള്ളിലെ കാഴ്ചകളെ ഓർമിപ്പിക്കുന്നതാണ് വ്യവസായി കുമാരമംഗലം ബിർളയുടെ കുടുംബവസതി. ഇപ്പോഴിതാ ബോളിവുഡ് സംവിധായിക ഫറാ ഖാന്റെ യൂട്യൂബ് ചാനലിലൂടെ ഈ ആഡംബര ഭവനത്തിന്റെ അകത്തളങ്ങൾ വീണ്ടും ശ്രദ്ധ നേടുകയാണ്. ബിർള കുടുംബത്തിലെ സംരംഭകയായ അനന്യ ബിർളയാണ് വീടിന്റെ വിശേഷങ്ങളുമായി ഫറാ ഖാനെ സ്വീകരിച്ചത്. ഏകദേശം 425 കോടി രൂപ വിലമതിക്കുന്ന ഈ മുംബൈ മാളികയിലെ ഓരോ ഇടവും ആഡംബരത്തിന്റെയും പാരമ്പര്യത്തിന്റെയും സമന്വയമാണ്.

To advertise here,

425 കോടി രൂപയുടെ ജാട്ടിയ ഹൗസ്

മുംബൈയിലെ പ്രശസ്തമായ ജാട്ടിയ ഹൗസാണ് അനന്യയുടെ കുടുംബവസതി. റിപ്പോർട്ടുകൾ പ്രകാരം 2018-ൽ വ്യവസായി കുമാരംഗലം ബിർള 425 കോടി രൂപയ്ക്കാണ് ഈ വസതി സ്വന്തമാക്കിയത്. ഏകദേശം 20,000 മുതൽ 25,000 ചതുരശ്ര അടിവരെ വിസ്തൃതിയുള്ളതാണ് മാളികയെന്നാണ് ഫറാ ഖാൻ വീഡിയോയിൽ പറയുന്നത്. മൂന്ന് നിലകളിലായി വ്യാപിച്ചുകിടക്കുന്ന വീടിന് ക്രീം നിറത്തിലുള്ള പുറംഭാഗമാണ്. വീട്ടിലേക്ക് പ്രവേശിക്കുമ്പോൾ തന്നെ കൂറ്റൻ ചാൻഡിലിയറാണ് ആദ്യം ശ്രദ്ധയിൽപ്പെടുന്നത്. ഷാരൂഖ് ഖാൻ നായകനായ 'ഓം ശാന്തി ഓം' സിനിമയിലെ ശാന്തിപ്രിയയുടെ മരണരംഗം ഓർമിപ്പിക്കുന്നതാണ് ഈ ചാൻഡിലിയറെന്ന് ഫറാ തമാശയായി പറയുന്നുണ്ട്. പ്രവേശന കവാടത്തിൽ തന്നെ വലിയ ഗണപതി വിഗ്രഹവും സ്ഥാപിച്ചിട്ടുണ്ട്. 'നമ്മൾ ഒരു കൊട്ടാരത്തിനുള്ളിലെത്തിയിരിക്കുന്നു' എന്നായിരുന്നു വീടിന്റെ പ്രൗഢി കണ്ട് ഫറായുടെ പ്രതികരണം.

എം.എഫ്. ഹുസൈന്റെ കലാസൃഷ്ടിയും കുടുംബചിത്രങ്ങളും

വീടിന്റെ ഇടനാഴിയിൽ പ്രമുഖ ചിത്രകാരൻ എം.എഫ്. ഹുസൈന്റെ വലിയൊരു കലാസൃഷ്ടിയുണ്ട്. അതിന് താഴെയായി മറ്റ് ചിത്രങ്ങളും അപൂർവ കലാവസ്തുക്കളും ഒരുക്കിയിരിക്കുന്നു. ബിർള കുടുംബത്തിന്റെ ചരിത്രവും പാരമ്പര്യവും വ്യക്തമാക്കുന്ന നിരവധി ചിത്രങ്ങളും വീടിന്റെ അകത്തളങ്ങളിൽ കാണാം. പ്രവേശന ഹാളിൽ കുടുംബത്തിലെ മുതിർന്നവരുടെ ചിത്രങ്ങൾക്കും പ്രത്യേക സ്ഥാനമുണ്ട്. ആദിത്യ വിക്രം ബിർളയും മുത്തച്ഛൻ ഘനശ്യാം ദാസ് ബിർളയും ഒരുമിച്ചുള്ള ചിത്രമാണ് അതിലൊന്ന്. അതിന് താഴെയായി ബസന്ത് കുമാർ ബിർളയുടെയും ഭാര്യ സരള ബിർളയുടെയും ചിത്രവുമുണ്ട്. ഘനശ്യാം ദാസ് ബിർളയെ കുടുംബത്തിന്റെ വഴികാട്ടിയായ നക്ഷത്രം എന്നാണ് അനന്യ വിശേഷിപ്പിച്ചത്.

മാർബിൾ പടിക്കെട്ടും രാജകീയ സ്വീകരണമുറിയും

വീടിന്റെ മധ്യഭാഗത്തുള്ള വിശാലമായ പ്രവേശന ഹാളിൽ മനോഹരമായ ഇരിപ്പിടങ്ങളും ഒരുക്കിയിട്ടുണ്ട്. അനന്യയെ വിളിച്ചപ്പോൾ മാർബിൾ പടിക്കെട്ടിലൂടെ താഴേക്ക് ഇറങ്ങിവരുന്ന കാഴ്ചയും വീഡിയോയിലുണ്ട്. വീടിന്റെ അഴകും വലുപ്പവും കണ്ട് അത്ഭുതപ്പെട്ട ഫറാ ഖാൻ, ഇത്ര മനോഹരമായ വീടാണെങ്കിൽ താൻ ഒരിക്കലും പുറത്തുപോകില്ലെന്ന് തമാശയായി പറഞ്ഞു. തുടർന്ന് അനന്യ ഫറായെ ഔപചാരിക സ്വീകരണമുറിയിലേക്ക് കൊണ്ടുപോയി. തടികൊണ്ടുള്ള തറയും വിക്ടോറിയൻ കാലഘട്ടത്തെ ഓർമിപ്പിക്കുന്ന അലങ്കാരങ്ങളും പുരാതന ഫർണിച്ചറുകളും ചേർന്നതാണ് ഈ മുറി. ഒരു ബോണ്ട് സിനിമയിലെ രംഗം പോലെയുണ്ടെന്നാണ് ഫറാ വിശേഷിപ്പിച്ചത്. 'ബ്രിഡ്ജർട്ടൺ' പോലുള്ള പരമ്പരകളിൽ കാണുന്ന രാജകീയ നൃത്തശാലകളെ ഓർമിപ്പിക്കുന്നതാണ് മുറിയുടെ രൂപകൽപ്പന. ബ്രിട്ടീഷ് ശൈലിയിലുള്ള അന്തരീക്ഷമാണ് മുറിക്കുള്ളതെന്ന് അനന്യയും പറഞ്ഞു. എന്നാൽ ഈ മുറി തനിക്ക് അൽപ്പം ഗൗരവം നിറഞ്ഞതായാണ് തോന്നുന്നതെന്നും അവർ കൂട്ടിച്ചേർത്തു.

ഏഴ് തലമുറകൾക്കിടെ ജോലി ചെയ്ത ആദ്യ വനിത

വീടിന്റെ വിശേഷങ്ങൾ പങ്കുവെക്കുന്നതിനിടെ കുടുംബത്തിലെ സ്ത്രീകളുടെ തൊഴിൽജീവിതത്തെക്കുറിച്ചും അനന്യ സംസാരിച്ചു. ബിർള കുടുംബത്തിലെ ഏഴ് തലമുറകൾക്കിടെ കുടുംബത്തിന് പുറത്തുപോയി ജോലി ചെയ്ത ആദ്യ വനിത താനാണെന്നും അവർ പറഞ്ഞു. വീടിന്റെ രൂപകൽപ്പനയിൽ അമ്മ നീർജ ബിർളയ്ക്കുള്ള പങ്കിനെക്കുറിച്ചും അനന്യ പ്രത്യേകം പരാമർശിച്ചു. 'ഈ വീടിന്റെ മുഴുവൻ രൂപകൽപ്പനയും അമ്മയുടെ ആശയമാണ്' എന്നായിരുന്നു അനന്യയുടെ വാക്കുകൾ. പിന്നീട് നീർജ ബിർളയും ഫറാ ഖാനും അനന്യയും ഒരുമിച്ചിരുന്ന് ഉച്ചഭക്ഷണം കഴിക്കുന്നതും വീഡിയോയിൽ കാണാം.

 സ്റ്റുഡിയോ അപ്പാർട്ട്‌മെന്റിനെ ഓർമിപ്പിക്കുന്ന അടുക്കള 

വീട്ടിലെ അടുക്കളയും മറ്റൊരു പ്രത്യേകതയാണ്. ഒരു ചെറിയ സ്റ്റുഡിയോ അപ്പാർട്ട്‌മെന്റിന്റെ വലുപ്പമുണ്ടെന്ന് തോന്നിപ്പിക്കുന്ന വിശാലമായ അടുക്കളയിൽ പച്ച നിറത്തിലുള്ള ടൈലുകളും കാബിനറ്റുകളുമാണ് ഉപയോഗിച്ചിരിക്കുന്നത്. ആധുനിക പാചകത്തിനാവശ്യമായ എല്ലാ ഉപകരണങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്. ഫറാ ഖാനുവേണ്ടി അനന്യ ജീര ആലുവും വെണ്ടയ്ക്ക കൊണ്ടുള്ള വിഭവവുമാണ് തയ്യാറാക്കിയത്. പാചകത്തിലും താൽപര്യമുള്ള അനന്യയെ വീഡിയോയിൽ കാണാം.

വിശാലമായ പൂന്തോട്ടവും ഗസീബോയും

വീടിന്റെ അകത്തളങ്ങൾക്കു പുറമേ വിശാലമായ മുറ്റവും പൂന്തോട്ടവുമുണ്ട്. നിരവധി മരങ്ങളും ചെടികളും നിറഞ്ഞ പൂന്തോട്ടത്തിൽ മനോഹരമായ ഗസീബോയും ഒരുക്കിയിരിക്കുന്നു. പല പൊതുപാർക്കുകളേക്കാളും വലുതാണ് ഈ പൂന്തോട്ടമെന്നായിരുന്നു ഫറായുടെ പ്രതികരണം. വീടിന്റെ ഓരോ കോണിലും കലയും കുടുംബപാരമ്പര്യവും ആഡംബരവും ഒരുപോലെ പ്രകടമാണ്. ഭക്ഷണവും സൗഹൃദസംഭാഷണങ്ങളും സമ്മാനങ്ങൾ കൈമാറലുമായി അവസാനിക്കുന്ന ഫറാ ഖാന്റെ സന്ദർശനം അനന്യ ബിർളയുടെ സ്വകാര്യ ജീവിതത്തിലെ അപൂർവമായൊരു കാഴ്ചയാണ് പ്രേക്ഷകർക്ക് സമ്മാനിച്ചത്.