കോഫി വിത്ത് കരൺ പരിപാടിയിൽ പങ്കെടുക്കാൻ തിരഞ്ഞെടുത്ത വസ്ത്രത്തിൽ കൃത്യമായി ഒതുങ്ങാനായി ലിംഫാറ്റിക് ഡ്രെയിനേജ് മസാജ് ചെയ്തുവെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ബോളിവുഡ് താരം അനന്യ പാണ്ഡെ. താരത്തിന്റെ ഈ വെളിപ്പെടുത്തലോടെയാണ് ലിംഫാറ്റിക് ഡ്രെയിനേജ് മസാജ് വീണ്ടും ചർച്ചയാകുന്നത്. എന്താണ് ഈ മസാജ്? ശരീരഭംഗി മെച്ചപ്പെടുത്താൻ ഇത് എത്രത്തോളം സഹായിക്കും?
ഏറ്റവും പുതിയ കോഫി വിത്ത് കരൺ എപ്പിസോഡിൽ വ്യവസായിയും ഗായികയുമായ അനന്യ ബിർളയ്‌ക്കൊപ്പമാണ് അനന്യ പാണ്ഡെ എത്തിയത്. സംസാരത്തിനിടെ 'സ്ട്രഗിൾ' എന്ന വാക്ക് തനിക്ക് അസ്വസ്ഥതയുണ്ടാക്കുന്ന ഒന്നാണെന്ന് താരം പറഞ്ഞു. പലപ്പോഴും സംസാരിക്കുമ്പോൾ ചിന്തിക്കാതെ വാക്കുകൾ പുറത്തുവരാറുണ്ടെന്നും താരം കൂട്ടിച്ചേർത്തു. ഇതിനിടെ 'തിങ്ക്' , 'സ്പീക്ക്' എന്നീ വാക്കുകൾ കൂട്ടിക്കുഴച്ച് 'സ്പിങ്ക്' എന്ന് അനന്യ പറഞ്ഞതും രസകരമായ നിമിഷമായി. ഇതിന് പിന്നാലെ ലിംഫാറ്റിക് ഡ്രെയിനേജ് മസാജ് തലയിൽ കയറിയതാണോ എന്നായിരുന്നു അനന്യ ബിർളയുടെ തമാശരൂപത്തിലുള്ള ചോദ്യം. തനിക്ക് ബ്രെയിൻ ഫോഗ് അനുഭവപ്പെടുന്നുണ്ടാകാമെന്ന് അനന്യ പാണ്ഡെയും മറുപടി നൽകി.
എന്താണ് ലിംഫാറ്റിക് ഡ്രെയിനേജ് മസാജ്?
ശരീരത്തിലെ നീർവീക്കം കുറയ്ക്കാൻ സഹായിക്കുന്ന ഒരു പ്രത്യേക മസാജ് രീതിയാണിത്. അസുഖങ്ങൾ മൂലമോ ചില ചികിത്സകളുടെ പാർശ്വഫലമായോ ലിംഫാറ്റിക് സംവിധാനത്തിൽ തടസ്സങ്ങളുണ്ടാകുമ്പോൾ ശരീരത്തിൽ ദ്രാവകം കെട്ടിക്കിടന്ന് വീക്കമുണ്ടാകാം. ഇത്തരം സാഹചര്യങ്ങളിൽ ആശ്വാസം നൽകാനാണ് ഈ മസാജ് പ്രധാനമായും ഉപയോഗിക്കുന്നത്.ശരീരത്തിലെ അധിക ദ്രാവകം നീക്കം ചെയ്യാൻ സഹായിക്കുന്ന ലിംഫാറ്റിക് സിസ്റ്റം ലിംഫ് നോഡുകൾ, രക്തക്കുഴലുകൾ, അവയവങ്ങൾ, കലകൾ എന്നിവ ചേർന്നതാണ്. ശരീരത്തിൽ ഉൽപാദിപ്പിക്കപ്പെടുന്ന ലിംഫ് എന്ന ദ്രാവകം ശേഖരിച്ച് രക്തചംക്രമണ സംവിധാനത്തിലേക്ക് തിരിച്ചെത്തിക്കുകയാണ് ഇതിന്റെ പ്രധാന ധർമം.
ഈ പ്രക്രിയയ്ക്ക് തടസ്സമുണ്ടാകുമ്പോൾ കാലുകൾ, കൈകൾ, കണങ്കാൽ തുടങ്ങിയ ശരീരഭാഗങ്ങളിൽ ദ്രാവകം കെട്ടിക്കിടന്ന് വീക്കമുണ്ടാകാം. ഇത്തരം വീക്കം കുറയ്ക്കാൻ ലിംഫാറ്റിക് ഡ്രെയിനേജ് മസാജ് സഹായിക്കും.
പേശികൾക്കുള്ള മസാജല്ല ഇത്
സാധാരണയായി പേശിവേദനയും ശരീരക്ഷീണവും കുറയ്ക്കാനാണ് പലരും മസാജ് ചെയ്യാറുള്ളത്. എന്നാൽ ലിംഫാറ്റിക് ഡ്രെയിനേജ് മസാജിന്റെ ലക്ഷ്യം പേശികൾക്ക് ആശ്വാസം നൽകുക എന്നതല്ല.ശരീരത്തിലെ കലകളിൽ അടിഞ്ഞുകൂടുന്ന അധിക ദ്രാവകവും മാലിന്യങ്ങളും നീക്കം ചെയ്യാൻ ലിംഫാറ്റിക് സംവിധാനത്തെ സഹായിക്കുകയാണ് ഈ മസാജ് ചെയ്യുന്നത്. ശരീരത്തിലെ ലിംഫിന്റെ ഒഴുക്ക് മെച്ചപ്പെടുത്താനും അധിക ദ്രാവകം രക്തചംക്രമണ സംവിധാനത്തിലേക്ക് തിരിച്ചെത്തിക്കാനും ഇത് സഹായിക്കുന്നു.
ലിംഫാറ്റിക് ഡ്രെയിനേജ് മസാജിന്റെ ഗുണങ്ങൾ
*ശരീരത്തിലെ ലിംഫിന്റെ ഒഴുക്ക് മെച്ചപ്പെടുത്താൻ സഹായിക്കുന്നു.
*അധിക ദ്രാവകം കെട്ടിക്കിടക്കുന്നതും അതുമൂലമുള്ള നീർവീക്കവും കുറയ്ക്കുന്നു.
*ശരീരത്തിലെ ദ്രാവകത്തിന്റെ സന്തുലിതാവസ്ഥ നിലനിർത്താൻ സഹായിക്കുന്നു.
*ശരീരത്തിന് വിശ്രമവും മാനസികസൗഖ്യവും നൽകുന്നു.
ശരീരഭാരം കുറയ്ക്കാൻ സഹായിക്കുമോ?
ശരീരഭാരം കുറയ്ക്കാനോ കൊഴുപ്പ് ഇല്ലാതാക്കാനോ ലിംഫാറ്റിക് ഡ്രെയിനേജ് മസാജിന് കഴിയുമെന്നതിന് ശാസ്ത്രീയ തെളിവുകളില്ല. എന്നാൽ ശരീരത്തിൽ അധിക ദ്രാവകം കെട്ടിക്കിടക്കുന്നതുമൂലമുള്ള വീക്കം കുറയുമ്പോൾ താൽക്കാലികമായി ശരീരം കൂടുതൽ മെലിഞ്ഞതായി തോന്നാം.യു.സി.എൽ.എ ഹെൽത്തിന്റെ റിപ്പോർട്ട് പ്രകാരം, ഈ മസാജ് നീർവീക്കം കുറയ്ക്കുന്നതിലൂടെ ശരീരത്തിന് കൂടുതൽ ഒതുങ്ങിയ രൂപം നൽകാൻ സഹായിച്ചേക്കാം. എന്നാൽ ഇത് ശരീരഭാരം കുറയ്ക്കുന്ന രീതിയല്ല. ചർമ്മം കൂടുതൽ ഇറുകിയതായും ശരീരത്തിന്റെ ആകൃതി കൂടുതൽ വ്യക്തമായും തോന്നാമെന്ന പ്രതീക്ഷയിലാണ് പലരും പ്രത്യേക പരിപാടികൾക്കും ഫോട്ടോഷൂട്ടുകൾക്കും മുൻപ് ഇത്തരം മസാജുകൾ തിരഞ്ഞെടുക്കുന്നത്.അനന്യ പാണ്ഡെ ചെയ്തതുപോലെ ഒരു പ്രത്യേക വസ്ത്രത്തിൽ കൂടുതൽ ഭംഗിയായി ഒതുങ്ങാൻ ഈ മസാജ് സഹായിച്ചേക്കാം. എന്നാൽ താൽക്കാലികമായ നീർവീക്കം കുറയുന്നതും യഥാർഥത്തിൽ ശരീരത്തിലെ കൊഴുപ്പ് കുറയുന്നതും രണ്ടാണെന്ന് മനസ്സിലാക്കേണ്ടതുണ്ട്.
Content Highlights: Ananya Panday revealed she got a lymphatic drainage massage to fit into her outfit for Koffee With Karan., Lymphatic drainage massage helps reduce fluid retention and swelling in the body., It is not a weight loss or fat burning method, but reduces temporary puffiness for a toned look
Published: 19 Nov 2026, 03:32 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented