പേരാമ്പ്ര: നഗരത്തില്‍ ബസ്സ്റ്റാന്റിനടുത്ത് കള്ളുഷാപ്പിനുസമീപത്തെ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന ആയുഷ് ആയുര്‍വേദ വെല്‍നസ് സെന്റര്‍ ആന്‍ഡ് സ്പാ എന്ന സ്ഥാപനത്തില്‍ പോലീസ് റെയ്ഡ് നടത്തി.

To advertise here,

അനാശാസ്യം നടത്തിയെന്നതിന്റെ പേരില്‍ നാലുപേരെ പോലീസ് കസ്റ്റഡിയിലെടുത്തു. സ്ഥാപനംനടത്തുന്ന പാലക്കാട് ആലത്തൂര്‍ സ്വദേശി കൃഷ്ണദാസ്, മാനേജര്‍ പെരുവണ്ണാമൂഴി സ്വദേശി ആന്റോ എന്നിവരെയും ഇവിടേക്കെത്തിയ മറ്റ് രണ്ടുപേരെയുമാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. തമിഴ്നാട്ടുകാരായ രണ്ട് സ്ത്രീകളും പാലക്കാട്, എറണാകുളം എന്നിവിടങ്ങളിലുള്ള രണ്ട് സ്ത്രീകളെയും ജീവനക്കാരായിവെച്ചാണ് സ്ഥാപനം പ്രവര്‍ത്തിച്ചിരുന്നത്. ഇവരെയും പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി.

ബുധനാഴ്ച ഉച്ചയോടെ തുടങ്ങിയ പരിശോധന വൈകീട്ടുവരെ നീണ്ടു. സ്ഥാപനത്തിലുണ്ടായിരുന്നവരെ പോലീസ് ജീപ്പിലേക്ക് കയറ്റാന്‍ കൊണ്ടുപോകുമ്പോള്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ പ്രതിഷേധമുണ്ടായി. പോലീസ് പ്രതിരോധിക്കാന്‍ ശ്രമിച്ചതോടെ കുറച്ചുനേരം പോലീസുമായി ഉന്തും തള്ളും സംഘര്‍ഷാവസ്ഥയുമുണ്ടായി.

ഒരുവര്‍ഷത്തിലധികമായി ഈ സ്ഥാപനം വാടകക്കെട്ടിടത്തില്‍ ഇവിടെ പ്രവര്‍ത്തിക്കുന്നെന്നാണ് വിവരം. ദിവസേന ഒട്ടേറെ ആളുകളാണ് വന്നുകൊണ്ടിരുന്നതെന്നാണ് പോലീസിനുലഭിച്ച വിവരം. ആയിരം രൂപമുതല്‍ മസാജിന്റെ രീതികള്‍ക്കനുസരിച്ച് വിവിധതുക വാങ്ങിയിരുന്നതായി പറയുന്നു. സ്ഥാപനത്തിന്റെപേരില്‍ പരാതിയുണ്ടായ പശ്ചാത്തലത്തിലാണ് കോഴിക്കോട് റൂറല്‍ ജില്ലാ പോലീസ് മേധാവി കെ.ഇ. ബൈജുവിന്റെ കീഴിലെ സ്‌ക്വാഡും പേരാമ്പ്ര ഡിവൈഎസ്പി എന്‍. സുനില്‍കുമാറിന്റെ കീഴിലെ സ്‌ക്വാഡും പേരാമ്പ്ര പോലീസും ചേര്‍ന്ന് റെയ്ഡ് നടത്തിയത്. വിവരമറിഞ്ഞ് വലിയ ജനക്കൂട്ടമാണ് സ്ഥാപനത്തിനുമുന്നില്‍ തടിച്ചുകൂടിയത്.

ജനങ്ങളുടെ പ്രതിഷേധമുണ്ടായതിനാല്‍ കൊയിലാണ്ടി ആംഡ് റിസര്‍വില്‍നിന്നടക്കം കൂടുതല്‍ പോലീസെത്തിയാണ് എല്ലാവരെയും പോലീസ് ജീപ്പില്‍ കയറ്റിയത്.

ഇന്‍സ്‌പെക്ടര്‍ ഇ.കെ. ഷിജു, എസ്‌ഐ മനോജ് രാമത്ത്, എഎസ്ഐമാരായ അനൂപ്, സദാനന്ദന്‍, സുധാരത്‌നം, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ ടി. വിനീഷ്, എന്‍.എം. ഷാഫി, സിപിഒമാരായ സിഞ്ചുദാസ്, കെ.കെ. ജയേഷ്, രജിലേഷ്, സുജില തുടങ്ങിയവര്‍ പരിശോധനയില്‍ പങ്കെടുത്തു.