ന്നാന്തരം സ്പാ ഇഷ്ടപ്പെടാത്തവരുണ്ടോ? ഇക്കാലത്തു വേറെന്ത് കാര്യവും ചെയ്യുന്നതുപോലെ തന്നെ സാധാരണമായ ഒന്നായി സ്പാ മാറിക്കഴിഞ്ഞു. എന്നാൽ സ്പായെ അസാധാരണമാക്കുന്നത് എന്താണെന്ന് ചിന്തിച്ചിട്ടുണ്ടോ? തിരക്കുകളുടേതും ടെൻഷന്റേതുമായ ഇന്നത്തെ ലോകത്തിൽ മാനസികമായും ശാരീരികമായും ആശ്വാസവും റിലാക്‌സേഷനും നൽകുക അത്യാവശ്യമാണ്. മനസ്സിനും ശരീരത്തിനും വിവിധ മസാജുകളിലൂടെയും തെറാപ്പികളിലൂടെയും ആ കുളിർമ പ്രദാനം ചെയ്ത്, വ്യക്തികളെ ഉന്മേഷഭരിതരാക്കുവാൻ ഒരു നല്ല സ്പായ്ക്ക് സാധിക്കും. ജോലിയിലെ സമ്മർദങ്ങളും ജീവിതത്തിലെ പ്രശ്‌നങ്ങളും കടമ്പകളും കടമകളും തിരക്കുകളും മറന്ന് സമാധാനം ആസ്വദിക്കുവാൻ കഴിയുന്ന അന്തരീക്ഷം ഒരുക്കുക എന്നതാണ് സ്പായുടെ പ്രധാന ലക്ഷ്യം.

To advertise here,

കോഴ്‌സ് ഇന്ത്യയിൽ ആദ്യം

സംസ്‌കൃത ഭാഷയുടെ ശുദ്ധിയും ആയുർവേദത്തിലെ പഞ്ചകർമ്മയുടെ ഔഷധഗന്ധവും സ്പാ മാനേജ്‌മെന്റിന്റെ വൈദഗ്ധ്യവും ഒരുമിച്ച് ചേർന്ന ഒരു കോഴ്‌സ്. വിനോദസഞ്ചാര മേഖലയിൽ കേരളത്തിന്റെ സ്വന്തം ആയുർവേദവും പാശ്ചാത്യ സുഖചികിത്സാ സമ്പ്രദായമായ സ്പാ തെറാപ്പിയും ഒരു ക്ലാസ് മുറിയിൽ ഒരുമിക്കുന്നതിന്റെ അപൂർവ്വത. ആയുർവ്വേദ ടൂറിസം രംഗത്ത് തൊഴിൽ സാധ്യതയേറിയ കോഴ്‌സുമായി രാജ്യത്ത് ഒരു സർവ്വകലാശാല എത്തുന്നത് ഇദം പ്രഥമമാണ്. കാലടി ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവ്വകലാശാലയുടെ ഏറ്റുമാനൂർ പ്രാദേശിക ക്യാമ്പസിൽ 2016-ൽ ആരംഭിച്ച ഈ കോഴ്‌സ് അറിയപ്പെടുന്നത് ഡിപ്ലോമ ഇൻ ആയുർവേദ പഞ്ചകർമ്മ ആൻഡ് ഇന്റർനാഷണൽ സ്പാ തെറാപ്പി എന്നാണ്.

ആയുർവേദ പഞ്ചകർമ്മ ആൻഡ് ഇന്റർനാഷണൽ സ്പാ തെറാപ്പി പൂർണ്ണമായും ഒരു പ്രൊഫഷണൽ ഡിപ്ലോമ കോഴ്‌സാണ്. ഈ കോഴ്‌സ് പഠിച്ചിറങ്ങിയവർക്കെല്ലാം തന്നെ പ്രമുഖ സ്ഥാപനങ്ങളിൽ പ്ലേസ്‌മെന്റും ലഭിക്കുന്നു. ഇന്ത്യയിൽ ആദ്യമായാണ് ഒരു സർവ്വകലാശാലയക്ക് കീഴിൽ ആരോഗ്യ ടൂറിസത്തെ മുൻനിർത്തിയുളള തൊഴിലധിഷ്ഠിത കോഴ്‌സ് ആരംഭിക്കുന്നത്. ഡിപ്ലോമ കോഴ്‌സിന്റെ ഒൻപതാമത്തെ ബാച്ചിലേയ്ക്കാണ് സർവ്വകലാശാല ഇപ്പോൾ പ്രവേശന വിജ്ഞാപനം നടത്തിയിരിക്കുന്നത്. ഏറ്റുമാനൂർ പ്രാദേശിക ക്യാമ്പസിലാണ് ആയുർവേദ പഞ്ചകർമ്മ ആൻഡ് ഇന്റർനാഷണൽ സ്പാ തെറാപ്പി ഡിപ്ലോമ പ്രോഗ്രാം നടത്തുന്നത്.

100 ശതമാനം പ്ലേസ്‌മെന്റ്‌; പഠിച്ചിറങ്ങിയാലുടൻ ജോലി

ആയുർവേദ പഞ്ചകർമ്മയിൽ അധിഷ്ഠിതമായ ഇന്റർനാഷണൽ സ്പാ തെറാപ്പി കോഴ്‌സ് പഠിച്ചിറങ്ങുന്ന വിദ്യാർത്ഥികളെ കാത്തിരിക്കുന്നത് സ്വദേശത്തും വിദേശത്തും അനന്തമായ തൊഴിൽ സാധ്യതകളാണ്. ഇതുവരെ പഠിച്ചിറങ്ങിയ എല്ലാ ബിരുദ വിദ്യാർത്ഥികൾക്കും ടൂറിസം രംഗത്തെ പ്രമുഖ സ്ഥാപനങ്ങളിൽ പ്ലെയ്‌സ്‌മെന്റ് ലഭിച്ചു കഴിഞ്ഞു എന്നതാണ് ഈ കോഴ്‌സിന്റെ പ്രധാന പ്രത്യേകത.

പാഠ്യപദ്ധതിയും ഇന്റർനാഷണൽ തന്നെ

ആയുർവേദ പഞ്ചകർമ്മ, സ്പാ തെറാപ്പി എന്നിവയുമായി ബന്ധപ്പെട്ട തിയറി, പ്രായോഗിക പരിശീലനങ്ങളാണ് കോഴ്‌സിന്റെ പ്രധാന ആകർഷണം. ആയുർവ്വേദത്തിന്റെ അടിസ്ഥാന സിദ്ധാന്തങ്ങൾ, അനാട്ടമി ആൻഡ് ഫിസിയോളജി, ആയുർവ്വേദ പഞ്ചകർമ്മ ചികിത്സകൾ, വിവിധ സ്പാ തെറാപ്പികൾ എന്നിവയാണ് ഈ കോഴ്‌സിൽ പ്രധാനമായും പഠിപ്പിക്കുന്നത്. രണ്ട് സെമസ്റ്ററുകൾ ദൈർഘ്യമുളള ഈ ഒരു വർഷ ഡിപ്ലോമ കോഴ്‌സിലെ ആദ്യ സെമസ്റ്റർ തിയറിയും പ്രാക്ടിക്കലും ചേർന്നുള്ള പഠനമായിരിക്കും. രണ്ടാം സെമസ്റ്ററിലെ മൂന്നു മാസം പ്രമുഖ സ്ഥാപനങ്ങളിൽ ഇൻഡസ്ട്രിയൽ ട്രെയിനിംഗ് ഉണ്ടായിരിക്കും.

ആയുർവേദ പഞ്ചകർമ്മ: പഞ്ചകർമ്മ ചികിത്സയുമായി ബന്ധപ്പെട്ട തിയറി, പ്രായോഗിക പരിശീലനങ്ങളാണ് കോഴ്‌സിൽ നൽകുന്നത്. ആയുർവേദ ഡോക്ടർമാരായ അദ്ധ്യാപകരുടെ മേൽനോട്ടത്തിലാണ് അദ്ധ്യാപനം. കേരളത്തിന്റെ തനത് ആരോഗ്യ സംരക്ഷണ ചികിത്സകളായ കിഴി, പിഴിച്ചിൽ, ധാര, ഉഴിച്ചിൽ, സ്വേദനം, ലേപനം തുടങ്ങിയവയിലും പരിശീലനം നൽകുന്നു.

സ്പാ തെറാപ്പി: സ്പാ തെറാപ്പിയിൽ പ്രായോഗിക പരിശീലനം നൽകാൻ വിദഗ്ധ അധ്യാപകർ എത്തുന്നു. തിയറി ക്ലാസ്സുകൾ ആയുർവ്വേദ അധ്യാപകർ നയിക്കുന്നു. അരോമ തെറാപ്പി, സ്വീഡിഷ് മസ്സാജ്, തായ് മസ്സാജ്, ഹോട്ട് സ്റ്റോൺ മസ്സാജ്, റിഫ്‌ലെക്‌സോളജി എന്നിവയിലാണ് പ്രായോഗിക പരിശീലനം.

പ്രായോഗിക പരിശീലനത്തിന് ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും വെവ്വേറെ സൗകര്യങ്ങളുണ്ട്. അടിസ്ഥാന തത്ത്വങ്ങളിലും പ്രായോഗിക രീതികളിലും സമാനതയുള്ള പഞ്ചകർമ്മ, സ്പാ ചികിത്സാ രീതികൾ സമന്വയിപ്പിച്ചുള്ള പാഠ്യക്രമം കോഴ്‌സിന്റെ തൊഴിൽ സാധ്യതകൾ വർദ്ധിപ്പിക്കുന്നു. രാജ്യത്തിനകത്തും വിദേശത്തുമുള്ള തൊഴിൽ സാദ്ധ്യതകൾ മുന്നിൽക്കണ്ട് ഇംഗ്ലീഷ് ഭാഷാപഠനത്തിനും വ്യക്തിത്വ വികസനത്തിനും കോഴ്‌സിൽ പ്രാധാന്യം നൽകുന്നുണ്ട്.

സ്‌റ്റൈപ്പൻഡോടെ ഇൻഡസ്ട്രിയൽ ട്രെയിനിങ്

സ്‌റ്റൈപ്പൻഡോടെയുള്ള മൂന്ന് മാസത്തെ റസിഡൻഷ്യൽ ഇൻഡസ്ട്രിയൽ ട്രെയിനിങ് കോഴ്‌സിന്റെ ഭാഗമാണ്. ഇൻഡസ്ട്രിയൽ ട്രെയിനിങ്ങിൽ താമസവും ഭക്ഷണവും സൗജന്യമാണ്. ഗ്രാൻഡ് ഹയാത്ത് (കൊച്ചി), നിരാമയ റിട്രീറ്റ്‌സ് (കുമരകം, പൂവാർ), ദി ലളിത് റിസോർട്ട്‌സ് (ബേക്കൽ), ക്ലബ് മഹീന്ദ്ര, കൊച്ചി മാരിയറ്റ്, അമൻബാഗ് (രാജസ്ഥാൻ), ലീല (ഗോവ), മൂന്നാർ ഓഷ്യാന, കോവളം സൂര്യ സമുദ്ര, താമര (ആലപ്പുഴ, കൊടൈക്കനാൽ) എന്നിവിടങ്ങളിലായിരുന്നു കഴിഞ്ഞ വർഷങ്ങളിൽ റസിഡൻഷ്യൽ ഇൻഡസ്ട്രിയൽ ട്രെയിനിങ് നടന്നത്.

യോഗ്യത

പ്ലസ് ടു/വൊക്കേഷണൽ ഹയർ സെക്കണ്ടറി അഥവാ തത്തുല്ല്യ അംഗീകൃത യോഗ്യതയുള്ളവർക്ക് (രണ്ട് വർഷം) അപേക്ഷിക്കാം. ഏതെങ്കിലും വിഷയത്തിൽ അംഗീകൃത സർവ്വകലാശാല ബിരുദം നേടിയവർക്കും ഡിപ്ലോമ പ്രോഗ്രാമിലേക്ക് അപേക്ഷിക്കാവുന്നതാണ്. ശാരീരിക ക്ഷമത, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലായിക്കും പ്രവേശനം. ആകെ സീറ്റുകൾ 20. പ്രായം 2026 ജൂൺ ഒന്നിന് 17-നും 35-നും ഇടയിലായിരിക്കണം.

അപേക്ഷ എങ്ങനെ?

സർവ്വകലാശാല വെബ്‌സൈറ്റ് (www.ssus.ac.in) വഴി അപേക്ഷ സമർപ്പിക്കണം. അപേക്ഷ ഫീസ് 320 രൂപ (എസ്.സി, എസ്.ടി വിദ്യാർഥികൾക്ക് 160 രൂപ). പ്രൊസ്‌പെക്ടസ് സർവ്വകലാശാലയുടെ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

അപേക്ഷകൾ ഓൺലൈനായി സമർപ്പിക്കേണ്ട അവസാന തീയതി ജൂൺ 15. വിശദ വിവരങ്ങൾക്കും പ്രോസ്പക്ടസിനും ഓൺലൈനായി അപേക്ഷിക്കുവാനും www.ssus.ac.in സന്ദർശിക്കുക.