പ്രായത്തെയും നരച്ച മുടിയെയും അപകര്‍ഷതാബോധത്തോടെ കാണുന്ന സമൂഹത്തില്‍, സ്വന്തം വ്യക്തിത്വത്തെ അതേപടി ഉള്‍ക്കൊണ്ട് ഒരു ഫാഷന്‍ റാംപില്‍ നടക്കാന്‍ ഒലീവിയ കാണിച്ച ധൈര്യത്തെ വാനോളം പുകഴ്ത്തുകയാണ് ആരാധകര്‍.

ചലച്ചിത്ര രംഗത്തെ പരമോന്നത ബഹുമതിയായ ഓസ്‌കാർ സ്വന്തമാക്കിയ, ഹോളിവുഡ് ഇതിഹാസ താരം ഒലീവിയ കോൾമാന്റെ ഇത്തവണത്തെ പാരീസ് ഫാഷൻ ലുക്ക് വലിയ ചർച്ചകൾക്കാണ് തുടക്കമിട്ടിരിക്കുന്നത്. 52-ാം വയസ്സിൽ പ്രശസ്ത ലക്ഷ്വറി ഫാഷൻ ബ്രാൻഡായ മിയു മിയുവിന്റെ സ്പ്രിംഗ്-സമ്മർ 2027 കളക്ഷൻ അവതരിപ്പിച്ചുകൊണ്ടാണ് പാരീസ് ഫാഷൻ ഒലീവിയ സ്വന്തം പേരിൽ രേഖപ്പെടുത്തിയത്. നരച്ചമുടി കളർ ചെയ്ത് മറയ്ക്കാതെ തികച്ചും സ്വാഭാവികമായ ലുക്കിലാണ് ഒലീവിയ റൺവേയിൽ നടന്നത്. ഫാഷൻ ലോകത്തെ കണ്ടുപരിചയിച്ച മാതൃകകളെ തിരുത്തിക്കുറിച്ച ഒലീവിയയുടെ ലുക്ക് ആഗോള മാധ്യമ ശ്രദ്ധ നേടുകയും ചെയ്തു.
കറുത്ത ലെതർ ബ്ലേസറും അതിനോട് അനുയോജ്യമായ മുട്ടറ്റമെത്തുന്ന ബ്ലാക്ക് ലെതർ പെൻസിൽ സ്‌കർട്ടും ആയിരുന്നു ഒലീവിയയുടെ പ്രധാന വേഷം. കറുത്ത ജാക്കറ്റിനുള്ളിൽ നേവി ബ്ലൂ നിറത്തിലുള്ള വി-നെക്ക് സ്വെറ്റർ ധരിച്ചിരുന്നു. ഹൈ ഹീലുകൾക്ക് പകരം ബ്രൗൺ നിറത്തിലുള്ള ഫ്‌ലാറ്റ് ലൂഫറുകളാണ് താരം ഉപയോഗിച്ചത്.മേക്കപ്പിന്റെ ആഡംബരങ്ങളില്ലാതെ, തന്റെ പ്രായത്തെയും സ്വാഭാവിക നരച്ച മുടിയെയും അഭിമാനത്തോടെ ഉയർത്തിക്കാട്ടിയായിരുന്നു ഒലീവിയയുടെ ആത്മവിശ്വാസത്തോടെയുള്ള നടത്തം.
50 വയസ്സ് പിന്നിട്ട സ്ത്രീകൾക്ക് തങ്ങളുടെ പ്രായവും സ്വാഭാവിക ശാരീരിക മാറ്റങ്ങളും മറച്ചുവെക്കേണ്ടതില്ലെന്ന ശക്തമായ സന്ദേശമാണ് ഒലീവിയ നൽകിയത്.മിഡിൽഏജിനെ ഫാഷൻ റൺവേയിൽ അവതരിപ്പിക്കാനുള്ള പാരീസ് ഫാഷൻ വീക്കിന്റെ നീക്കത്തെ ഫാഷൻ ഇൻഡസ്ട്രിയിലെ വലിയൊരു മാറ്റത്തിന്റെ തുടക്കമായാണ് വിലയിരുത്തപ്പെടുന്നത്. ഒലീവിയയ്ക്ക് പുറമെ ഇമ്മ കോറിൻ, ജാമി ബെൽ, നോഹ ജൂപ്പ്, മിറെൽ സ്ട്രീപ്പിന്റെ മകൾ ലൂയിസ ജേക്കബ്‌സൺ, ജോൺ ട്രാവോൾട്ടയുടെ മകൾ എല്ല ബ്ലൂ ട്രാവോൾട്ട തുടങ്ങിയ പ്രമുഖ ചലച്ചിത്ര താരങ്ങളും മിയു മിയുവിനായി മോഡലുകളായി. അന്താരാഷ്ട്ര സൂപ്പർ മോഡൽ ജിജി ഹാഡിഡ് ആയിരുന്നു ഷോ സ്‌റ്റോപ്പർ.
ഒലീവിയ കോൾമാന്റെ ചിത്രങ്ങളും വീഡിയോകളും പുറത്തുവന്നതിന് പിന്നാലെ സോഷ്യൽ മീഡിയയിൽ വലിയ അഭിനന്ദന പ്രവാഹമാണ് ഉയർന്നത്. ഇതാണ് യഥാർത്ഥ റൺവേ വിപ്ലവം, ഒരു ഇതിഹാസം സ്വാഭാവിക സൗന്ദര്യത്തോടെ തിളങ്ങുന്നു തുടങ്ങിയ പ്രതികരണങ്ങളുമായി ആരാധകരും ഫാഷൻ നിരൂപകരും എത്തിയത്. പ്രായത്തെയും നരച്ച മുടിയെയും അപകർഷതാബോധത്തോടെ കാണുന്ന സമൂഹത്തിൽ, സ്വന്തം വ്യക്തിത്വത്തെ അതേപടി ഉൾക്കൊണ്ട് ഒരു ഫാഷൻ റാംപിൽ നടക്കാൻ ഒലീവിയ കാണിച്ച ധൈര്യത്തെ വാനോളം പുകഴ്ത്തുകയാണ് ആരാധകർ.
Published: 06 Oct 2026, 11:12 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented