മിസ് യൂണിവേഴ്‌സ് ടാൻസാനിയ 2026 സൗന്ദര്യമത്സരത്തിന്റെ ഫൈനൽ വേദിയിൽ അനുചിതമായ രീതിയിൽ വസ്ത്രംധരിച്ചു എന്നാരോപിച്ച് ടാൻസാനിയൻ ഗായിക നാൻഡിക്ക് വൻതുക പിഴ ചുമത്തി രാജ്യത്തെ നാഷണൽ ആർട്‌സ് കൗൺസിൽ. സൗന്ദര്യമത്സരത്തിന്റെ ഫൈനൽ വേദിയിൽ നാൻഡി അവതരിപ്പിച്ച സംഗീതപരിപാടിക്കിടെയാണ് സംഭവം. നാൻഡി ധരിച്ച വസ്ത്രം സാംസ്‌കാരിക മൂല്യങ്ങൾക്കും കാഴ്ചക്കാരുടെ മാന്യതയ്ക്കും നിരക്കാത്തതാണെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. 3 മില്യൺ ടാൻസാനിയൻ ഷില്ലിങ് ഏകദേശം 92,000 ഇന്ത്യൻ രൂപയാണ് ഗായിക പിഴയായി ഒടുക്കിയത്.

To advertise here,

ഫോം-ഫിറ്റിംഗുള്ള സ്‌കിൻ-ടോൺഡ് ജമ്പ്‌സ്യൂട്ടാണ് അവർ ധരിച്ചിരുന്നത്. ഹൈ-നെക്ക് കോളർ ഡീറ്റെയിലിംഗും, സിൽവർ,വൈറ്റ് സീക്വൻസുകളും ബീഡ് പാറ്റേണുകളും വസ്ത്രത്തിന്റെ പ്രത്യേകതയായിരുന്നു. തോളിൽ നിന്ന് തറയിലേക്ക് ഒഴുകുന്ന തൂവലുകളുള്ള കേപ്പ്, വെളുത്ത ഹീൽസ് എന്നിവ ചേർന്നുള്ള ലുക്ക് പക്ഷെ നഗ്നശരീരത്തിന്റെ പ്രതീതി ജനിപ്പിക്കുന്നതായിരുന്നു.

വേദിയിൽ ധരിച്ച ബോഡിസ്യൂട്ട് ടൈപ്പ് വസ്ത്രം സാംസ്‌കാരിക മാനദണ്ഡങ്ങൾക്ക് നിരക്കാത്തതാണെന്ന കൗൺസിലിന്റെ നിരീക്ഷണം ഗായിക അംഗീകരിച്ചു. തുടർന്ന് തന്റെ സോഷ്യൽ മീഡിയ പേജുകളിൽ നിന്ന് ഈ പരിപാടിയുടെ ദൃശ്യങ്ങൾ പൂർണ്ണമായി നീക്കം ചെയ്യുകയും പിഴ തുക പൂർണ്ണമായി അടയ്ക്കുകയും ചെയ്തു. പിഴയടച്ചതോടെ ഗായികയ്ക്ക് സംഗീത രംഗത്ത് തുടർന്ന് പ്രവർത്തിക്കാൻ കൗൺസിൽ  അനുമതി നൽകിയിട്ടുണ്ടെങ്കിലും, ഇവരുടെ വരുംദിവസങ്ങളിലെ കലാപരിപാടികൾ കൗൺസിലിന്റെ കർശന

മേൽനോട്ടത്തിലായിരിക്കും. ടാൻസാനിയൻ വിനോദമേഖലയിൽ സാംസ്‌കാരിക-ധാർമ്മിക മാനദണ്ഡങ്ങൾ ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായാണ് ഇത്തരം നടപടികൾ സ്വീകരിക്കുന്നത്.

കിഴക്കൻ ആഫ്രിക്കയിലെ ഏറ്റവും ജനപ്രീതിയുള്ള സംഗീതജ്ഞരിൽ ഒരാളാണ് നാൻഡി എന്ന പേരിൽ അറിയപ്പെടുന്ന ഫോസ്റ്റിന ചാർട്ടർ മഫിനാംഗ. ദ ആഫ്രിക്കൻ പ്രിൻസസ് എന്ന് ആരാധകർ വിശേഷിപ്പിക്കുന്ന ഗായികയാണ് നാൻഡി. മികച്ച ആഫ്രിക്കൻ ഗായികയ്ക്കുള്ള ഓൾ ആഫ്രിക്ക മ്യൂസിക് അവാർഡ്‌സ് രണ്ട് തവണ നേടിയിട്ടുണ്ട്. സംഗീതത്തിന് പുറമെ, ശുചിത്വ-കുടിവെള്ള പദ്ധതികൾക്കായി പ്രവർത്തിക്കുന്ന യൂണിസെഫിന്റെ ടാൻസാനിയയിലെ ഗുഡ്വിൽ അംബാസഡർ കൂടിയാണ് താരം.

കിഴക്കൻ ആഫ്രിക്കൻ വിനോദമേഖലയിൽ വലിയ സ്വാധീനമുള്ള ഗായികയായ നാൻഡിക്ക് എതിരെയുണ്ടായ ഈ നടപടി, രാജ്യത്തെ സാംസ്‌കാരിക മൂല്യങ്ങൾ സംരക്ഷിക്കുന്നതിൽ കൗൺസിൽ നടത്തുന്ന കടുത്ത നിലപാടിന്റെ തെളിവാണ്. വസ്ത്രധാരണം, ഗാനരചന, പ്രകടനം എന്നിവയിൽ നിശ്ചിത നിലവാരം പുലർത്താത്ത കലാകാരന്മാർക്കെതിരെ നേരത്തേയും കർശന നടപടികൾ കൗൺസിൽ സ്വീകരിച്ചിരുന്നു.