ഐലാഷ് എക്സ്റ്റൻഷൻ ശ്രദ്ധിച്ചില്ലെങ്കിൽ കണ്ണുകളുടെ ആരോഗ്യത്തെ ഗുരുതരമായി ബാധിക്കുമെന്ന് പഠനം. ഐലാഷ് എക്സ്റ്റൻഷൻ ഉപയോഗിക്കുന്നവരിൽ ഡെമോഡെക്‌സ് ഫോളിക്കുലോറം ഉണ്ടാകുമെന്നും ഇത് കണ്ണിന് അസ്വസ്ഥതയുണ്ടാക്കുമെന്നും കൺപോളകളിലെ ഗ്രന്ഥികൾ അടഞ്ഞുപോകുന്നതിനും വഴിവെക്കുമെന്നും ഗവേഷകർ പറയുന്നു.

To advertise here,

ഐലാഷ് എക്സ്റ്റൻഷൻ വച്ചുപിടിപ്പിച്ച യുവതികളിൽ നടത്തിയ പഠനത്തിൽ, മിക്കവരിലും സാധാരണ അളവിലും കൂടുതൽ ഡെമോഡെക്‌സ് മൈറ്റുകളുടെ സാന്നിധ്യം കണ്ടെത്തി. കൃത്രിമ പീലികൾ ഒട്ടിക്കാൻ ഉപയോഗിക്കുന്ന പശയും അഴുക്കും കൺപോളകളുടെ അരികിലുള്ള മൈബോമിയൻ ഗ്രന്ഥികളെ അടച്ചു കളയും. ഇത് കണ്ണുനീരിന്റെ ഉൽപ്പാദനത്തെ ബാധിക്കുകയും കണ്ണ് വരണ്ടുപോകുന്ന അവസ്ഥയിലേക്ക് നയിക്കുകയും ചെയ്യും. ഗ്രന്ഥികൾ അടയുന്നതും സൂക്ഷ്മജീവികൾ വർധിക്കുന്നതും കാരണം കൺപോളകളിൽ കടുത്ത വീക്കം, കണ്ണ് ചുവന്നുതടിക്കൽ, നീറ്റൽ, കൺപീലികൾ കൊഴിഞ്ഞുപോകൽ എന്നിവ ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്.

കൃത്രിമ കൺപീലികൾ വച്ചുപിടിപ്പിക്കുമ്പോൾ ഉണ്ടാകുന്ന തടസ്സം കാരണം കൺപോളകളുടെ അടിഭാഗം വൃത്തിയാക്കാൻ പലർക്കും സാധിക്കാറില്ല. പീലികൾക്കിടയിൽ തങ്ങിനിൽക്കുന്ന എണ്ണമയവും മൃതകോശങ്ങളുമാണ് ഡെമോഡെക്‌സ് പരാദങ്ങൾക്ക് പെരുകാൻ അനുയോജ്യമായ അന്തരീക്ഷമൊരുക്കുന്നത്.ഈ പഠനം ഐലാഷ് എക്സ്റ്റൻഷനുകൾ പൂർണ്ണമായി ഒഴിവാക്കണമെന്നല്ല നിർദ്ദേശിക്കുന്നത്, മറിച്ച് ശുചിത്വം പാലിക്കേണ്ടതിന്റെ ആവശ്യകതയാണ് ചൂണ്ടിക്കാണിക്കുന്നത്.

ഐലാഷ് എക്സ്റ്റൻഷൻ ഉള്ളവർ കണ്ണിന് അനുയോജ്യമായ പ്രത്യേക ടീ ട്രീ ഓയിൽ അടിസ്ഥാനമാക്കിയുള്ള ക്ലെൻസറുകളോ ഐലിഡ് വൈപ്പുകളോ ഉപയോഗിച്ച് കൺപോളകൾ വൃത്തിയാക്കണം. അണുവിമുക്തമായ അന്തരീക്ഷത്തിൽ പരിചയസമ്പന്നരായ വിദഗ്ദ്ധരെക്കൊണ്ട് മാത്രം എക്സ്റ്റൻഷനുകൾ ചെയ്യിക്കുക. കണ്ണിന് ചൊറിച്ചിലോ വീക്കമോ അനുഭവപ്പെട്ടാൽ ഉടൻ തന്നെ നേത്രരോഗ വിദഗ്ദ്ധന്റെ സേവനം തേടേണ്ടതാണ്. ലണ്ടനിൽ നടന്ന യൂറോപ്യൻ സൊസൈറ്റി ഓഫ് കാറ്ററാക്ട് ആൻഡ് റിഫ്രാക്റ്റീവ് സർജൻസ് വാർഷിക സമ്മേളനത്തിലാണ് ഉക്രെയ്‌നിലെ നാഷണൽ പിരോഗോവ് മെമ്മോറിയൽ മെഡിക്കൽ യൂണിവേഴ്‌സിറ്റിയിലെ ഗവേഷകയായ ഡോ. തെത്യാന ഷ്മുദ് ഐലാഷ് എക്‌സ്റ്റൻഷനുമായി ബന്ധപ്പെട്ട പഠനവിവരങ്ങൾ അവതരിപ്പിച്ചത്.