
പാരീസ് ഫാഷൻ വീക്കിൽ വേദി കീഴടക്കി ഐശ്വര്യ റായ് ബച്ചൻ. ലോറിയൽ പാരീസിന്റെ ലീഡ് അംബാസഡറായി പാരീസ് ഫാഷൻ വീക്കിലെത്തിയ താരം ലുക്കുകൊണ്ടും പെരുമാറ്റംകൊണ്ടും ആരാധക ഹൃദയം കവരുകയായിരുന്നു. ഇത്തവണ ഐശ്വര്യ തിരഞ്ഞെടുത്തത് സിറിയൻ ആഡംബര ബ്രാൻഡായ യാര ഷൂമേക്കർ ഡിസൈൻ ചെയ്ത കറുത്ത കോർസെറ്റ് വെൽവെറ്റ് ഗൗണാണ്. കളർ ചെയ്ത മുടി വിടർത്തിയിട്ട് ഡയമണ്ട് ടിയാരയും അണിഞ്ഞ് ഈഫൽ ടവറിന്റെ പശ്ചാത്തലത്തിൽ റാമ്പിലൂടെ ഐശ്വര്യ നടത്തിയ ക്യാറ്റ്‌വാക്ക് ഫാഷൻലോകത്ത് വലിയ തരംഗമാണ് സൃഷ്ടിച്ചത്.
ഇന്ത്യൻ ഫാഷൻ സ്‌റ്റൈലിസ്റ്റ് മോഹിത് റായിയുടെ മേൽനോട്ടത്തിലാണ് പാരീസ് ഫാഷൻ വീക്കിനായുള്ള ഐശ്വര്യയുടെ ഈ റോയൽ ഓൾ ബ്ലാക്ക് ലുക്ക് തയ്യാറാക്കിയത്. ആഡംബരം തുളുമ്പുന്ന കറുത്ത വെൽവെറ്റ് തുണിയിലാണ് ഈ കോർസെറ്റ് ഗൗൺ ഡിസൈൻ ചെയ്തിരിക്കുന്നത്. ഡ്രമാറ്റിക് കേപും ട്രെയ്‌നുമാണ് ഇതിന്റെ പ്രത്യേകതകൾ. തറയിൽ മുട്ടിനിൽക്കുന്ന നീളമേറിയ കേപും പിറകിലേക്ക് നീളുന്ന ട്രെയിനും ഗൗണിന് അതീവ ഗാംഭീര്യം നൽകുന്നു. വസ്ത്രത്തിൽ പതിപ്പിച്ചിരിക്കുന്ന വജ്രക്കല്ലുകൾ തിളക്കം ഇരട്ടിയാക്കി.
കറുത്ത വസ്ത്രത്തിന് ചേരുന്ന രീതിയിൽ റെഡ് ഹൈലൈറ്റുകൾ നൽകിയ ബോൾഡ് വേവി ഹെയർസ്‌റ്റൈലാണ് താരം സ്വീകരിച്ചത്. ബോൾഡ് റെഡ് ലിപ്സ്റ്റിക്കും വിംഗ്ഡ് ഐലൈനറും ഐശ്വര്യയുടെ ലുക്കിന് പൂർണത നൽകി. തലയിൽ അണിഞ്ഞ ഡയമണ്ട് കിരീടം തികച്ചും ഒരു രാജ്ഞിയുടെ ലുക്കാണ് ഐശ്വര്യയ്ക്ക് നൽകിയത്. വർഷങ്ങളായി ലോറിയൽ പാരീസിന്റെ മുഖമായി റൺവേ കീഴടക്കുന്ന ഐശ്വര്യ റായുടെ ഈ പുതിയ യാര ഷൂമേക്കർ ലുക്ക് ഫാഷൻ പേജുകളിലും സോഷ്യൽ മീഡിയയിലും വൈറലായിക്കഴിഞ്ഞു.
'എക്‌സ്പ്രസ് യുവർ വർത്ത്' എന്ന പ്രമേയത്തിലാണ് ഫാഷൻ ഷോ സംഘടിപ്പിച്ചത്. ഹോളിവുഡിലെയും പോപ്പ് കൾച്ചറിലെയും പ്രമുഖരും ഇന്ത്യൻ സിനിമയുടെ ആൾടൈം സൗന്ദര്യറാണിയും ഒരുമിച്ച് അണിനിരന്നതോടെ, ഇത്തവണത്തെ ലോറിയൽ പാരീസ് റൺവേ സോഷ്യൽ മീഡിയയിലെങ്ങും വലിയ ചർച്ചയായി തുടരുകയാണ്. സെലിൻ ഡിയോൺ, സിമോൺ ആഷ്ലി, ഇവ ലോംഗോറിയ, കെൻഡൽ ജെന്നർ എന്നിവർക്കൊപ്പം വേദി പങ്കിട്ട ഐശ്വര്യ, ഭാരതീയ പാരമ്പര്യം ഉയർത്തിപ്പിടിച്ച് കൈകൾ കൂപ്പി നമസ്‌തെ പറഞ്ഞാണ് റൺവേയിലെ കാണികളെ അഭിവാദ്യം ചെയ്തത്.
റൺവേയിലെ ചുവടുവെപ്പുകൾക്ക് പുറമെ, ഫാഷൻ ഷോയ്ക്ക് തൊട്ടുമുൻപുള്ള റിഹേഴ്‌സൽ നിമിഷങ്ങളുടെ വിഡിയോകളും ആരാധകർ ഏറ്റെടുത്തു. ബ്രിഡ്ജർട്ടൺ സീരീസിലൂടെ പ്രശസ്തയായ ബ്രിട്ടിഷ്-ഇന്ത്യൻ നടി സിമോൺ ആഷ്ലിയുടെ കൈകൾ പിടിച്ച് ഐശ്വര്യ സ്‌നേഹത്തോടെ സംസാരിക്കുന്ന വിഡിയോയാണ് നെറ്റിസൺസ് ആഘോഷിക്കുന്നത്. വർഷങ്ങളായി അടുത്ത സൗഹൃദം പുലർത്തുന്ന ഹോളിവുഡ് നടി ഇവ ലോംഗോറിയയെ ആലിംഗനംചെയ്യുന്ന ദൃശ്യങ്ങളും ഫാഷൻ പേജുകളിൽ ഇടം നേടി.
ഫാഷൻ ഷോയുടെ അവസാനഘട്ടത്തിൽ ആഗോള ബ്രാൻഡ് അംബാസഡർമാർ ഒന്നാകെ വേദിയിലെത്തിയപ്പോൾ ഗായിക സെലിൻ ഡിയോണെ സ്‌നേഹത്തോടെ ചേർത്തുപിടിച്ച് ഐശ്വര്യ ആലിംഗനം ചെയ്തതാണ് ആഘോഷിക്കപ്പെടുന്ന മറ്റൊരു വീഡിയോ. അപൂർവ്വ നാഡീവ്യൂഹ രോഗമായ സ്റ്റിഫ് പേഴ്സൺ സിൻഡ്രോം ബാധിച്ചതിനെ തുടർന്ന് പൊതുവേദികളിൽ നിന്ന് വിട്ടുനിന്നിരുന്ന സെലിൻ ഡിയോണിന്റെ സാന്നിധ്യവും, അവരുമായി ഐശ്വര്യ പുലർത്തിയ ഊഷ്മള ബന്ധവും വൈകാരികതലത്തിൽ കൂടിയാണ് ആഘോഷിക്കപ്പെട്ടത്. 52-ാം വയസ്സിലും ഫാഷൻ ലോകത്ത് തന്റേതായ ആധിപത്യം പുലർത്തി ജൈത്രയാത്ര തുടരുകയാണ് ഐശ്വര്യ.
Content Highlights: Aishwarya Rai Bachchan wears a Syrian designer gown at Paris Fashion Week, featuring a dramatic cape and diamond embellishments.
Published: 29 Sept 2026, 02:36 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented