മറ്റൊന്ന് വിരമിക്കല്‍ പ്രായം കൂട്ടുക എന്നുള്ളതാണ്. ജനങ്ങളുടെ ആയുര്‍ദൈര്‍ഘ്യം കൂടിയ പശ്ചാത്തലത്തില്‍, വിരമിക്കല്‍ പ്രായം ഘട്ടംഘട്ടമായി ഉയര്‍ത്തുന്നത് പരിചയസമ്പന്നരായ തൊഴിലാളികളെ ദീര്‍ഘകാലം സര്‍വീസില്‍ നിലനിര്‍ത്താനും പെന്ഷന് ഫണ്ടുകളുടെ ഭാരം കുറയ്ക്കാനും സഹായിക്കും.

ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള, മാനവവിഭവശേഷിയുള്ള രാജ്യങ്ങളിലൊന്ന്, 2047-ഓടെ വികസിത രാഷ്ട്രമെന്ന മഹത്തായ ലക്ഷ്യത്തിലേക്ക് കുതിക്കുന്ന സാമ്പത്തിക ശക്തി... അടുത്തകാലം വരെ ഇന്ത്യയെക്കുറിച്ച് അന്താരാഷ്ട്രതലത്തിലും ആഭ്യന്തരതലത്തിലും ഉയർത്തിക്കാട്ടിയിരുന്നത് ഇങ്ങനെയാണ്. എന്നാൽ, പുറത്തുവരുന്ന ഏറ്റവും പുതിയ ആഗോള സാമ്പത്തിക പഠനങ്ങളും മൂഡീസ് റേറ്റിംഗ്‌സിന്റെ വിശകലന റിപ്പോർട്ടുകളും വിരൽചൂണ്ടുന്നത് അത്യന്തം ഗൗരവമേറിയ മറ്റൊരു വിഷയത്തിലേയ്ക്കാണ്. ഇന്ത്യയ്ക്ക് നാം അനുമാനിച്ചതിനേക്കാൾ എത്രയോ ഇരട്ടി വേഗത്തിൽ പ്രായമായിക്കൊണ്ടിരിക്കുകയാണ്.
രാജ്യം സാമ്പത്തികമായി സമ്പന്നതയുടെയും വികസനത്തിന്റെയും പരമോന്നതിയിൽ എത്തുന്നതിന് മുൻപുതന്നെ, വയോധികരുടെ രാജ്യമായി ഭാരതം മാറുമോ എന്ന അതീവ നിർണായകമായ ചോദ്യമാണ് സാമ്പത്തിക വിദഗ്ധർ ഇപ്പോൾ ഉയർത്തുന്നത്. എന്താണ് ഇന്ത്യയുടെ ജനസംഖ്യയ്ക്ക് സംഭവിക്കുന്നത്? ജനനനിരക്കിൽ വരുന്ന അപചയം ഏതൊക്കെ മേഖലകളെയാണ് ബാധിക്കാൻ പോകുന്നത്? നമ്മുടെ പെൻഷൻ ശൃംഖല, ആരോഗ്യ മേഖല, തൊഴിൽമേഖല, പൊതുധനകാര്യം എന്നിവിടങ്ങളിൽ വരാനിരിക്കുന്ന ഭീഷണികൾ എന്തൊക്കെയാണ്?
ഏജ്ഡിൽ നിന്ന് സൂപ്പർ-ഏജ്ഡ് ആകും ഇന്ത്യ
ഒരു രാജ്യത്തിലെ മൊത്തം ജനങ്ങളിൽ 65 വയസ്സോ അതിനുമുകളിലോ പ്രായമുള്ളവരുടെ അനുപാതം 7 ശതമാനത്തിൽ എത്തുമ്പോഴാണ് ആ രാജ്യം വാർധക്യത്തിലേക്ക് കടക്കുന്ന രാജ്യം എന്ന് നിർവചിക്കപ്പെടുന്നത്. നിലവിൽ ഇന്ത്യയിൽ 65 വയസ്സ് പിന്നിട്ടവരുടെ അനുപാതം ഏകദേശം 7 ശതമാനമാണ്. അതായത്, ഇന്ത്യ നിലവിൽ ഈ പരിവർത്തന ഘട്ടത്തിന്റെ പ്രാരംഭദശയിലാണ്. എന്നാൽ, മൂഡീസ് റേറ്റിംഗ്‌സിന്റെ പുതിയ റിപ്പോർട്ട് പ്രകാരം, വരുംദശകങ്ങളിൽ ഈ അനുപാതത്തിലുണ്ടാകുന്ന വർധനവ് അമ്പരപ്പിക്കുന്ന വേഗതയിലായിരിക്കും.
ഇന്ത്യയിൽ 65 വയസ്സിന് മുകളിലുള്ളവരുടെ നിരക്ക് 2019 ആകുന്നതോടെ 14 ശതമാനമായി ഉയരും. ഇതോടെ ഇന്ത്യ ഔദ്യോഗികമായി ഏജ്ഡ് രാജ്യങ്ങളുടെ ഗണത്തിലേക്ക് മാറും. പിന്നെ വെറും പതിനാറ് വർഷങ്ങൾ മതി 65 കഴിഞ്ഞവരുടെ നിരക്ക് 21 ശതമാനം കടക്കാൻ. അതായത് 2065 ആകുന്നതോടെ ജനസംഖ്യയിലെ അഞ്ചിലൊരാൾ വയോധികനാകുന്ന സൂപ്പർ-ഏജ്ഡ് ഘട്ടത്തിലേക്ക് നാം എത്തും. മറ്റ് ഏഷ്യൻ രാജ്യങ്ങളുമായും പാശ്ചാത്യ വികസിത രാഷ്ട്രങ്ങളുമായും താരതമ്യം ചെയ്യുമ്പോൾ ഇന്ത്യയിലെ ഈ പരിവർത്തനത്തിന്റെ വേഗത നടുക്കുന്നതാണ്. ഉദാഹരണത്തിന്, ഇന്ത്യയോടൊപ്പം തന്നെ വാർധക്യ ഘട്ടത്തിലേക്ക് കടക്കുന്ന ഇൻഡൊനീഷ്യയ്ക്ക് അവിടെനിന്ന് സൂപ്പർ ഏജ്ഡ് അവസ്ഥയിലെത്താൻ 29 വർഷം വേണ്ടിവരുമ്പോഴാണ് ഇന്ത്യ 16 വർഷംകൊണ്ട് അവിടെയെത്തുന്നത്.
യൂറോപ്യൻ രാജ്യങ്ങളായ ഫ്രാൻസിനും ജർമനിക്കും ഏജ്ഡിൽനിന്ന് സൂപ്പർ-ഏജ്ഡിലേക്കെത്താൻ യഥാക്രമം 30 വർഷവും 43 വർഷവും സാവകാശം ലഭിച്ചിരുന്നു. വളരെക്കുറച്ച് ജനസംഖ്യയായതിനാൽത്തന്നെ ഈ ദീർഘ സമയം കൊണ്ട് തങ്ങളുടെ സാമ്പത്തിക-സാമൂഹിക സുരക്ഷാ ശൃംഖലകളെ കൃത്യമായി മാറ്റിയെടുക്കാനാകും. എന്നാൽ, ഇന്ത്യയെപ്പോലെ വലിയ ജനസംഖ്യയുള്ള രാജ്യത്തിന് മുന്നിൽ ഇത്ര കുറഞ്ഞ സമയത്തിനുള്ളിൽ ഈ മാറ്റം സംഭവിക്കുന്നത് വൻ തിരിച്ചടിയാണ്.
വാർധക്യത്തിന് കാരണം ജനനനിരക്കിലെ കുറവ്
ഇന്ത്യയിൽ സംഭവിക്കുന്ന വേഗത്തിലുള്ള വാർധക്യത്തിന് പിന്നിലെ പ്രധാന കാരണം രാജ്യത്തെ ജനനനിരക്കിലുണ്ടായ അവിശ്വസനീയമായ കുറവാണ്. ഒരു രാജ്യത്തിലെ ജനസംഖ്യ വർധിക്കുകയോ കുറയുകയോ ചെയ്യാതെ കൃത്യമായ തുലനാവസ്ഥയിൽ നിലനിൽക്കണമെങ്കിൽ ഒരു സ്ത്രീക്ക് ശരാശരി 2.1 കുട്ടികൾ എന്ന തോതിലായിരിക്കണം ജനനനിരക്ക്. എന്നാൽ, ലഭ്യമായ ഏറ്റവും പുതിയ കണക്കുകൾ പ്രകാരം ഇന്ത്യയുടെ ജനനനിരക്ക് 1.9 ആയി താഴ്ന്നിരിക്കുകയാണ്. രണ്ടായിരത്തിന്റെ തുടക്കത്തിൽ ഇന്ത്യയിലെ ജനന നിരക്ക് 3.3 ആയിരുന്നു. 2001ൽ ഇന്ത്യയിൽ ഒരു വർഷം പിറന്ന കുട്ടികളുടെ എണ്ണം 2.9 കോടി ആയിരുന്നു. എന്നാൽ നിലവിൽ ഇത് പ്രതിവർഷം 2.3 കോടിക്ക് താഴെയായി കുറഞ്ഞു.
ജനനനിരക്കിലുണ്ടാകുന്ന ചെറിയ ഇടിവുകൾ പോലും ദീർഘകാലാടിസ്ഥാനത്തിൽ വൻ പ്രത്യാഘാതങ്ങളാണ് സൃഷ്ടിക്കുന്നത്. ഉദാഹരണത്തിന്, ഒരു രാജ്യത്തെ ഫെർട്ടിലിറ്റി നിരക്ക് 1.0 എന്ന നിലയിൽ തുടരുകയാണെങ്കിൽ, അടുത്ത തലമുറയിലെ ജനസംഖ്യ നിലവിലുള്ളതിന്റെ പകുതിയായി ചുരുങ്ങും. ആദ്യത്തെ ഏതാനും ദശകങ്ങളിൽ ഈ മാറ്റത്തിന്റെ ഭീകരത പ്രകടമാകില്ല.
പണക്കാരനാകുന്നതിന് മുൻപേ പ്രായമാകുന്നു
ഇന്ത്യ അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പ്രതിസന്ധി, രാജ്യം സാമ്പത്തികപുരോഗതി കൈവരിക്കുന്നതിന് മുൻപേ പ്രായമാകുന്നു എന്നതാണ്. ഒരു രാജ്യത്തിന്റെ മൊത്തം ജനസംഖ്യയിൽ അധ്വാനിക്കാൻ ശേഷിയുള്ള വിഭാഗം അതായത്, 15 മുതൽ 64 വയസ്സ് വരെയുള്ളവർ, ആശ്രിതരേക്കാൾ കൂടുതലാകുമ്പോൾ ഉണ്ടാകുന്ന സാമ്പത്തിക നേട്ടത്തെയാണ് ജനസംഖ്യാ ഡിവിഡന്റ് (Demographic Dividend) എന്ന് വിളിക്കുന്നത്. ഇന്ത്യ തങ്ങളുടെ വികസന മാതൃക കെട്ടിപ്പടുത്തിരിക്കുന്നത് ഈ ആനുകൂല്യത്തിലാണ്. 2047 ആകുന്നതോടെ സാമ്പത്തികനേട്ടം കൈവരിക്കാൻ ഇന്ത്യ ലക്ഷ്യമിടുന്നത് ഈ യുവജനശക്തിയുടെ കരുത്തിലാണ്. എന്നാൽ, ജനനനിരക്ക് കുറയുകയും വയോധികരുടെ എണ്ണം അതിവേഗം കൂടുകയും ചെയ്യുമ്പോൾ ഈ സാമ്പത്തിക സമവാക്യം തെറ്റും.
പാശ്ചാത്യ രാജ്യങ്ങൾ വാർധക്യത്തിലേക്ക് കടന്നപ്പോൾ അവരുടെ പൗരന്മാരുടെ പ്രതിശീർഷ വരുമാനവും സർക്കാരിന്റെ സാമ്പത്തിക വിഭവങ്ങളും ഉയർന്ന നിലയിലായിരുന്നു. അതിനാൽ പെൻഷൻ, വയോജന ആരോഗ്യ സംരക്ഷണം, സാമൂഹിക സുരക്ഷ എന്നിവയ്ക്കായി വലിയ തുക മാറ്റിവെക്കാൻ അവർക്ക് സാധിച്ചു. എന്നാൽ, ഇന്ത്യ ഇപ്പോഴും കുറഞ്ഞ, ഇടത്തരം വരുമാന രാജ്യമായി നിലനിൽക്കുമ്പോൾ തന്നെ സാമ്പത്തികമായി വലിയൊരു ഭാരം ചുമക്കേണ്ടി വരുന്നു.
ഇത് പരിഹരിക്കണമെങ്കിൽ, നിലവിലുള്ള മാനവശേഷിയുടെ ഉത്പാദനക്ഷമത മുൻപ് കണക്കാക്കിയതിനേക്കാൾ പലമടങ്ങ് ഉയർത്തേണ്ടി വരും. വർധിച്ചുവരുന്ന വയോജനങ്ങളുടെ പരിചരണത്തിനും പെൻഷനുമായി സർക്കാർ ചെലവു വകയിരുത്തേണ്ടി വരുമ്പോൾ റോഡുകൾ, പാലങ്ങൾ, ശാസ്ത്ര, ഗവേഷണം തുടങ്ങിയ വികസന പദ്ധതികൾക്ക് പണം തികയാതെ വരും.
പ്രായമാകുന്ന സമ്പദ്വ്യവസ്ഥകൾ
ഇത് ഇന്ത്യയുടെ മാത്രം പ്രശ്‌നമല്ല; ലോകം നേരിടുന്ന ഒരു ആഗോള പ്രതിസന്ധിയാണ്. ലോക ജനസംഖ്യയുടെ 70 ശതമാനത്തിലധികം ആളുകളും ഇന്ന് ജീവിക്കുന്നത് ഈ ജനസംഖ്യ തുലനാവസ്ഥയ്ക്ക് താഴെ നിൽക്കുന്ന രാജ്യങ്ങളിലാണ്. 1950ൽ ലോകത്തെ ശരാശരി ജനന നിരക്ക് 4.9 ആയിരുന്നുവെങ്കിൽ, ഇന്നത് 2.2 ആയി കുറഞ്ഞിരിക്കുകയാണ്. കിഴക്കൻ ഏഷ്യൻ രാജ്യങ്ങളായ ദക്ഷിണ കൊറിയ, തായ്വാൻ എന്നിവിടങ്ങളിൽ ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ ജനനനിരക്കാണ് രേഖപ്പെടുത്തുന്നത്.
ലോകത്തിലെ പ്രമുഖ സാമ്പത്തിക ശക്തികളെല്ലാം ഒരേസമയം ജനസംഖ്യയിൽ ക്രമാനുഗതമായ കുറവ് നേരിടുന്നുണ്ടെന്നുള്ളതാണ് യഥാർഥ വെല്ലുവിളി. ഇത് ആഗോളതലത്തിൽ തൊഴിൽ വിതരണവും ചരക്കുകളുടെ ഉപഭോഗം കുറയ്ക്കുകയും ചെയ്യും. സ്വാഭാവികമായും ധനകാര്യ വിപണികൾ പ്രതിസന്ധി നേരിടും.
ഇന്ത്യയിൽ, ജനസംഖ്യാ വളർച്ച കുറയുന്നതിന്റെ ആഘാതം ആദ്യം അനുഭവപ്പെട്ട ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളാണ് ആന്ധ്രപ്രദേശും തമിഴ്നാടും. കൂടുതൽ കുട്ടികളുള്ള കുടുംബങ്ങൾക്ക് പ്രത്യേക ആനുകൂല്യങ്ങൾ പ്രഖ്യാപിക്കുന്ന രീതിയിലേക്ക് നയരൂപീകരണം ഇവർ മാറ്റിയിരുന്നു. എന്നാൽ, ജനനനിരക്ക് കൃത്രിമമായി ഉയർത്താനുള്ള നയങ്ങൾ ആഗോളതലത്തിൽ ഭൂരിഭാഗവും പരാജയപ്പെടുകയാണ് ചെയ്തിട്ടുള്ളത്. കുട്ടികൾ ജനിക്കുമ്പോൾ നൽകുന്ന സാമ്പത്തിക ആനുകൂല്യങ്ങൾ, മാതാപിതാക്കൾക്കുള്ള നികുതി ഇളവുകൾ, ഭവന വായ്പാ സബ്സിഡികൾ, സൗജന്യ ശിശുപരിപാലന കേന്ദ്രങ്ങൾ, ദീർഘകാല പ്രസവാവധി എന്നിവയൊന്നും വികസിത രാജ്യങ്ങളിൽ ജനനനിരക്ക് വലിയ രീതിയിൽ കൂട്ടാൻ സഹായിച്ചിട്ടില്ല.
ഈ അവസ്ഥയിൽ സാമ്പത്തിക തകർച്ച ഒഴിവാക്കാൻ ചില മാറ്റങ്ങളിലൂടെ ഇന്ത്യയ്ക്ക് സാധിക്കും. സ്ത്രീ തൊഴിൽ പങ്കാളിത്തം ഉയർത്തുകയാണ് അതിലൊന്ന്. ഇന്ത്യൻ സമ്പദ്വ്യവസ്ഥയുടെ ഏറ്റവും വലിയ ബലഹീനത സ്ത്രീകളുടെ കുറഞ്ഞ തൊഴിൽ പങ്കാളിത്തമാണ്. ഇന്ത്യയിൽ സ്ത്രീ തൊഴിൽ പങ്കാളിത്ത നിരക്ക് വെറും 32 ശതമാനം മാത്രമാണ്. ജപ്പാൻ, യുകെ, അമേരിക്ക തുടങ്ങിയ വികസിത രാജ്യങ്ങളിൽ ഇത് 55% മുതൽ 57% വരെയാണ്. തൊഴിൽ രംഗത്തേക്ക് കൂടുതൽ സ്ത്രീകളെ കൊണ്ടുവരാൻ സാധിച്ചാൽ, ജനസംഖ്യാ കുറവുമൂലം തൊഴിൽ മേഖലയിലുണ്ടാകുന്ന ക്ഷാമം നികത്താൻ സാധിക്കും.
മറ്റൊന്ന് വിരമിക്കൽ പ്രായം കൂട്ടുക എന്നുള്ളതാണ്. ജനങ്ങളുടെ ആയുർദൈർഘ്യം കൂടിയ പശ്ചാത്തലത്തിൽ, വിരമിക്കൽ പ്രായം ഘട്ടംഘട്ടമായി ഉയർത്തുന്നത് പരിചയസമ്പന്നരായ തൊഴിലാളികളെ ദീർഘകാലം സർവീസിൽ നിലനിർത്താനും പെൻഷൻ ഫണ്ടുകളുടെ ഭാരം കുറയ്ക്കാനും സഹായിക്കും. എഐ, ഓട്ടോമേഷൻ എന്നിവ സ്മാർട്ടായി ഉപയോഗിക്കുകയാണ് മറ്റൊരു പോംവഴി. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, റോബോട്ടിക്‌സ്, അഡ്വാൻസ്ഡ് ഓട്ടോമേഷൻ എന്നിവ വ്യവസായ മേഖലയിൽ പ്രയോജനപ്പെടുത്തി കുറഞ്ഞ തൊഴിലാളികളെ ഉപയോഗിച്ച് ഉയർന്ന ഉത്പാദനക്ഷമത കൈവരിക്കുകയാണ് വേണ്ടത്.
ഇന്ത്യയെ സംബന്ധിച്ചിടത്തോളം രൂക്ഷമായ തൊഴിലില്ലായ്മ നിലനിൽക്കുന്നു എന്ന സത്യം മറച്ചുവയ്ക്കാനാകില്ല. അതിനിടയിൽ മുതിർന്ന പൗരന്മാർക്ക് മുൻഗണന നൽകേണ്ട ഒരു രാജ്യമായി മാറുക കൂടി ചെയ്താൽ സാമ്പത്തികമായി വലിയ ഭാരം രാജ്യം ചുമലിലേറ്റേണ്ടി വരും. വൈകാതെ ബജറ്റുകൾ, പെൻഷൻ ഫണ്ടുകൾ, ആരോഗ്യ ഇൻഷുറൻസ് പദ്ധതികൾ, നഗരാസൂത്രണം എന്നിവയൊക്കെ വയോജന സൗഹൃദമായി അതിന് മുൻതൂക്കം നൽകുന്ന ഒന്നായി മാറ്റേണ്ടിവരും. നമുക്ക് ഏതാനും ദശകങ്ങൾ മാത്രമേ ബാക്കിയുള്ളൂ. ഈ ചുരുങ്ങിയ സമയത്തിനുള്ളിൽ തൊഴിൽമേഖലയുടെ ഗുണനിലവാരവും സാങ്കേതിക മുന്നേറ്റവും ഉറപ്പുവരുത്തിയില്ലെങ്കിൽ, പ്രായമായിക്കൊണ്ടിരിക്കുന്ന ഇന്ത്യ വലിയൊരു സാമ്പത്തിക പ്രതിസന്ധിയിൽ കിടന്ന് ഊർധ്വശ്വാസം വലിക്കേണ്ടിവരും.
Content Highlights: As India is greying, the decline in birth rates threatens the demographic dividend, impacting economic growth and increasing the burden on social systems.
Published: 03 Oct 2026, 12:56 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented