പ്യൂർട്ടോ റിക്കോയിൽ നടക്കുന്ന മിസ് യൂണിവേഴ്സ് 2026 മത്സരത്തിന് തുടക്കമായെങ്കിലും വിവാദങ്ങൾ വിട്ടൊഴിയുന്നില്ല. വിസാ പ്രതിസന്ധികളും ഫ്രാഞ്ചൈസി സംബന്ധിച്ച തർക്കങ്ങളും ഉൾപ്പെടെയുള്ള കാരണങ്ങളാൽ 15 രാജ്യങ്ങളാണ് ഇത്തവണത്തെ മത്സരത്തിൽ നിന്ന് പിന്മാറിയത്.മിസ് യൂണിവേഴ്സിന്റെ 75-ാം പതിപ്പായ ഇത്തവണത്തെ മത്സരം പ്യൂർട്ടോ റിക്കോയിലാണ് നടക്കുന്നത്. മത്സരത്തിന്റെ ഭാഗമായി വിവിധ രാജ്യങ്ങളിൽ നിന്നുള്ള സുന്ദരിമാർ ഇതിനകം എത്തിക്കഴിഞ്ഞു. ഫിനാലെയ്ക്ക് മുന്നോടിയായുള്ള വിവിധ റൗണ്ടുകളിലും അവർ പങ്കെടുക്കുന്നുണ്ട്. സാൻ ജുവാനിലെ ജോസ് മിഗ്വേൽ അഗ്രലോട്ട് കൊളീസിയത്തിലാണ് ഗ്രാൻഡ് ഫിനാലെ നടക്കുന്നത്. മത്സരാർഥികളുടെ ഗ്ലാമറസ് ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നതിനിടെയാണ് മത്സരത്തിൽ നിന്ന് 15 രാജ്യങ്ങൾ പിന്മാറിയെന്ന വാർത്ത പുറത്തുവരുന്നത്.ഇതിൽ ചില രാജ്യങ്ങൾ വിസാ പ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടിയാണ് പിന്മാറിയത്. അതേസമയം, ഫ്രാഞ്ചൈസി സംബന്ധിച്ച തർക്കത്തെത്തുടർന്ന് ആറ് ഏഷ്യൻ രാജ്യങ്ങൾക്ക് മത്സരത്തിൽ പങ്കെടുക്കാൻ വിലക്കേർപ്പെടുത്തിയതായും റിപ്പോർട്ടുകളുണ്ട്.

To advertise here,

മിസ് യൂണിവേഴ്സ് ഓസ്ട്രിയ വിക്ടോറിയ അമേഴ്സൺ പിന്മാറി

മിസ് യൂണിവേഴ്സ് ഓസ്ട്രിയ വിക്ടോറിയ അമേഴ്സണാണ് മത്സരത്തിൽ നിന്ന് പിന്മാറിയതായി ആദ്യം അറിയിച്ചവരിൽ ഒരാൾ. ഇൻസ്റ്റഗ്രാമിലൂടെയാണ് താരം തന്റെ തീരുമാനം പങ്കുവച്ചത്. നിരവധി കാരണങ്ങളാണ് ഈ തീരുമാനത്തിന് പിന്നിലെന്നും സ്വന്തം മൂല്യങ്ങളിൽ ഉറച്ചുനിൽക്കാനും മാനസികവും ശാരീരികവുമായ ആരോഗ്യം സംരക്ഷിക്കാനുമാണ് പിന്മാറുന്നതെന്നും വിക്ടോറിയ വ്യക്തമാക്കി. ഈ യാത്രയിലൂടെ തന്നെക്കുറിച്ച് ഒരുപാട് കാര്യങ്ങൾ മനസ്സിലാക്കാൻ കഴിഞ്ഞു. ഏതെല്ലാം കാര്യങ്ങൾ സഹിക്കണമെന്നും ഏതെല്ലാം കാര്യങ്ങളിൽ വിട്ടുവീഴ്ച ചെയ്യരുതെന്നും തിരിച്ചറിയാൻ സാധിച്ചെന്നും താരം കുറിച്ചു.കിരീടമോ മത്സരത്തിന്റെ ഔദ്യോഗിക പട്ടമോ ഇല്ലെങ്കിലും താൻ നേടിയെടുത്ത കരുത്തും സ്വയം സൃഷ്ടിച്ച വ്യക്തിത്വവുമാണ് യഥാർഥ രാജകീയതയെന്നും വിക്ടോറിയ കൂട്ടിച്ചേർത്തു.

വാഹനാപകടം; മിസ് യൂണിവേഴ്സ് ബൾഗേറിയയും പിന്മാറി

വാഹനാപകടത്തെത്തുടർന്നാണ് മിസ് യൂണിവേഴ്സ് ബൾഗേറിയ അന മരിയയ്ക്ക് മത്സരത്തിൽ നിന്ന് പിന്മാറേണ്ടിവന്നത്. അപകടത്തിൽ പരിക്കേറ്റ താരത്തിന് ഫൈനൽ മത്സരത്തിൽ പങ്കെടുക്കാൻ ആവശ്യമായ ശാരീരികക്ഷമതയില്ലെന്ന് സംഘാടകർ ഔദ്യോഗിക പ്രസ്താവനയിലൂടെ അറിയിച്ചു. മത്സരത്തിനോ കിരീടത്തിനോ ഉള്ളതിനേക്കാൾ പ്രാധാന്യം മത്സരാർഥികളുടെ ആരോഗ്യത്തിനും സുരക്ഷയ്ക്കും പൂർണമായ രോഗമുക്തിക്കുമാണെന്നും സംഘാടകർ വ്യക്തമാക്കി.വ്യക്തിപരമായ കാരണങ്ങൾ കൊണ്ട് മിസ് യൂണിവേഴ്സ് സെന്റ് മാർട്ടിനും പിന്മാറി. ഏറെ ആലോചിച്ച ശേഷവും വലിയ വൈകാരിക സംഘർഷങ്ങൾക്കൊടുവിലുമാണ് ഈ തീരുമാനമെടുത്തതെന്ന് താരം അറിയിച്ചു.വളരെയധികം പ്രതീക്ഷയോടെയും സന്തോഷത്തോടെയുമാണ് ഈ അവസരത്തെ സ്വീകരിച്ചതെന്നും എന്നാൽ വ്യക്തിപരമായ സാഹചര്യങ്ങൾ കാരണം പിന്മാറുകയല്ലാതെ മറ്റ് മാർഗമില്ലായിരുന്നുവെന്നും മാഡ്ലി വ്യക്തമാക്കി.

ആറ് ഏഷ്യൻ രാജ്യങ്ങൾക്ക് മിസ് യൂണിവേഴ്സിൽ വിലക്ക്

ഫ്രാഞ്ചൈസി, കോർപ്പറേറ്റ് തർക്കങ്ങളാണ് ആറ് ഏഷ്യൻ രാജ്യങ്ങൾക്ക് ഇത്തവണത്തെ മിസ് യൂണിവേഴ്സിൽ പങ്കെടുക്കാൻ കഴിയാത്തതിന് കാരണമെന്നാണ് റിപ്പോർട്ടുകൾ. തായ്ലൻഡ്, ഇന്തോനേഷ്യ, വിയറ്റ്നാം, ലാവോസ്, സിംഗപ്പൂർ, മലേഷ്യ എന്നീ രാജ്യങ്ങളാണ് പട്ടികയിലുള്ളത്.ഈ രാജ്യങ്ങളിൽ നിന്നുള്ള മത്സരാർഥികൾക്ക് ആഗോള വേദിയിൽ പങ്കെടുക്കാൻ കഴിയില്ലെങ്കിലും അവർക്ക് ലഭിച്ച ദേശീയ പട്ടങ്ങൾ നിലനിർത്താനാകും. ഇത്തവണ മത്സരത്തിൽ നിന്ന് വിട്ടുനിൽക്കുന്ന വിയറ്റ്നാം അടുത്ത വർഷത്തെ 76-ാമത് മിസ് യൂണിവേഴ്സ് മത്സരത്തിന് ആതിഥേയത്വം വഹിക്കും.

വിസാ പ്രതിസന്ധിയും തിരിച്ചടിയായി

വിസാ പ്രശ്‌നങ്ങളും അമേരിക്കയിലേക്കുള്ള യാത്രാ നിയന്ത്രണങ്ങളുമാണ് മറ്റ് ചില രാജ്യങ്ങളുടെ പിന്മാറ്റത്തിന് പിന്നിലെന്നാണ് റിപ്പോർട്ട്. നേപ്പാൾ, അംഗോള, സാംബിയ, സിംബാബ്വെ, റിപ്പബ്ലിക് ഓഫ് കോംഗോ എന്നീ രാജ്യങ്ങൾക്ക് ഇത്തവണ മത്സരത്തിൽ പങ്കെടുക്കാനാകില്ല.ഇതിന് പുറമെ മിസ് യൂണിവേഴ്സ് മാലദ്വീപ് അമിനത്ത് യൂയിൻ മുഹമ്മദ് മത്സരത്തിൽ നിന്ന് പിന്മാറിയിട്ടുണ്ട്. എന്നാൽ ഇതിന്റെ കാരണം താരം വെളിപ്പെടുത്തിയിട്ടില്ല. മിസ് യൂണിവേഴ്സ് മൊറോക്കോ സാറ അല്ലാലിയും പിന്മാറിയിട്ടുണ്ട്. ഇവരും പിന്മാറ്റത്തിന്റെ കാരണം വ്യക്തമാക്കിയിട്ടില്ല.ത്സരത്തിന്റെ 75-ാം പതിപ്പിന് ഗംഭീര തുടക്കമായെങ്കിലും ഇത്രയധികം രാജ്യങ്ങൾ വിട്ടുനിൽക്കുന്നത് മിസ് യൂണിവേഴ്സ് വേദിയിൽ വലിയ ചർച്ചകൾക്കാണ് വഴിവെച്ചിരിക്കുന്നത്.