ആഡംബര ഫാഷനിലും സ്‌റ്റൈലിലും എന്നും വേറിട്ടുനിൽക്കുന്ന താരമാണ് ഷാരൂഖ് ഖാൻ. വസ്ത്രധാരണത്തിലെ ലാളിത്യത്തിനൊപ്പം വിലപിടിപ്പുള്ള ആക്‌സസറികളും താരത്തിന്റെ ലുക്കിന് മാറ്റുകൂട്ടാറുണ്ട്. ഇപ്പോഴിതാ ദുബായിലെ ഒരു ചടങ്ങിൽ ഷാരൂഖ് ഖാൻ എത്തിയ ചിത്രങ്ങളാണ് ഫാഷൻ ലോകത്ത് ശ്രദ്ധ നേടുന്നത്. കറുപ്പിൽ തിളങ്ങിയ താരത്തിന്റെ വസ്ത്രധാരണത്തേക്കാൾ ആരാധകരുടെ കണ്ണുടക്കിയത് കൈയിലെ അഞ്ച് കോടിയിലധികം വിലമതിക്കുന്ന ആഡംബര വാച്ചിലാണ്.

To advertise here,

പാടെക് ഫിലിപ്പ് വാച്ച്

ദുബായിൽ ഡാന്യൂബിന്റെ നേതൃത്വത്തിൽ ആരംഭിച്ച 'ഷാരൂഖ്‌സ് റെസിഡൻസസ്' എന്ന ആഡംബര ഭവനപദ്ധതിയുടെ ഉദ്ഘാടനച്ചടങ്ങിലാണ് ഷാരൂഖ് ഖാൻ എത്തിയത്. ചടങ്ങിൽ താരം ധരിച്ചിരുന്നത് പാടെക് ഫിലിപ്പിന്റെ ഗ്രാൻഡ് കോംപ്ലിക്കേഷൻസ് ശ്രേണിയിലുള്ള വാച്ചാണെന്നാണ് റിപ്പോർട്ടുകൾ. ഗൂഗിൾ ലെൻസ് ഉപയോഗിച്ചുള്ള പരിശോധനയിൽ വാച്ച് ഈ ശ്രേണിയിലേതാണെന്ന് തിരിച്ചറിഞ്ഞതായും റിപ്പോർട്ടിൽ പറയുന്നു. വാച്ചിന്റെ മോഡലിനും പതിപ്പിനും അനുസരിച്ച് വിലയിൽ വ്യത്യാസമുണ്ട്. ഏകദേശം മൂന്ന് കോടി രൂപ മുതൽ ആറ് കോടി രൂപയ്ക്ക് മുകളിലാണ് ഈ ശ്രേണിയിലെ വാച്ചുകളുടെ വില. കറുത്ത ബെസലുള്ള ഒരു പതിപ്പിന് ക്രോണോ24 വെബ്‌സൈറ്റിൽ ഏകദേശം 3.08 കോടി രൂപയാണ് വില. നീല ബെസലുള്ള മറ്റ് രണ്ട് പതിപ്പുകൾക്ക് യഥാക്രമം 5.22 കോടി, 6.03 കോടി രൂപയുമാണ് വില നൽകിയിരിക്കുന്നത്. 41 എംഎം വ്യാസമുള്ള പാടെക് ഫിലിപ്പ് ഗ്രാൻഡ് കോംപ്ലിക്കേഷൻസ് മോഡൽ പ്ലാറ്റിനത്തിലാണ് നിർമിച്ചിരിക്കുന്നത്. വാച്ചിൽ 58 ബാഗെറ്റ് കട്ട് നീല സഫയറുകളും ക്ലാസ്പിൽ 22 സഫയറുകളും പതിപ്പിച്ചിട്ടുണ്ട്. ആഡംബരവും സ്‌റ്റൈലും ഒത്തിണങ്ങിയതാണ് ഈ വാച്ച്.

വാച്ച് മാത്രമല്ല, ഷാറൂഖിന്റെ വസ്ത്രധാരണവും ഏറെ ശ്രദ്ധേയമായിരുന്നു. കറുത്ത പാന്റ്‌സിനൊപ്പം കറുത്ത ബ്ലേസറായിരുന്നു താരം തിരഞ്ഞെടുത്തത്. ലാപ്പൽ, കൈമുട്ട് ഭാഗങ്ങൾ, പോക്കറ്റുകൾ എന്നിവിടങ്ങളിലെ പ്രത്യേക ഡിസൈനിങ് ബ്ലേസറിന് കൂടുതൽ ഭംഗി നൽകി. കറുത്ത ഷൂസ്, ടിന്റഡ് ഗ്ലാസ്, സ്‌റ്റൈലിഷ് ബ്രേസ്ലെറ്റ്, ഡയമണ്ട് മോതിരം, ഡയമണ്ട് നെക്ലേസ്, പതിവ് ശൈലിയിലുള്ള കറുത്ത ഇയർ കഫ് എന്നിവയും ലുക്കിന്റെ ഭാഗമായി. ഭാര്യയും ഇന്റീരിയർ ഡിസൈനറുമായ ഗൗരി ഖാനും കറുപ്പിലുള്ള വസ്ത്രധാരണത്തിലായിരുന്നു ചടങ്ങിനെത്തിയത്.

മന്നത്ത് ഗൗരിയുടെ വീട്; തമാശയുമായി ഷാറൂഖ്

ചടങ്ങിന്റെ അവതാരകനായിരുന്നത് സംവിധായകൻ കരൺ ജോഹറായിരുന്നു. ഇതിനിടെ മന്നത്തിലെ തീരുമാനങ്ങൾ എടുക്കുന്നതിൽ തനിക്ക് വലിയ പങ്കില്ലെന്ന തമാശയും ഷാറൂഖ് പങ്കുവെച്ചു. വീടിന്റെ കാര്യങ്ങളിലെല്ലാം ഗൗരിയുടെ തീരുമാനങ്ങൾക്കാണ് പ്രാധാന്യമെന്നും താരം പറഞ്ഞു. വീട്ടിലെ വൈഫൈ മുതൽ കിടക്കയിൽ ഭക്ഷണം കഴിക്കുന്നതും നിറങ്ങൾ തിരഞ്ഞെടുക്കുന്നതും ചിത്രങ്ങൾ, പടികൾ, ലിഫ്റ്റ്, മേൽക്കൂര, ചാൻഡലിയർ, ലൈറ്റിങ് എന്നിവയെല്ലാം ഗൗരിയുടെ തീരുമാനങ്ങളാണെന്നായിരുന്നു ഷാറൂഖിന്റെ രസകരമായ വെളിപ്പെടുത്തൽ.'ഞങ്ങളുടെ വീട്ടിൽ ഗൗരിയുടെ കാര്യങ്ങളെക്കുറിച്ച് ഒന്നും പറയാൻ കഴിയില്ല. വൈഫൈയെക്കുറിച്ചോ കിടക്കയിൽ ഭക്ഷണം കഴിക്കുന്നതിനെക്കുറിച്ചോ നിറങ്ങളെക്കുറിച്ചോ ചിത്രങ്ങളെക്കുറിച്ചോ ഒന്നും സംസാരിക്കാൻ കഴിയില്ല' എന്നായിരുന്നു താരത്തിന്റെ വാക്കുകൾ. സദസ്സിൽ ചിരി പടർത്തിയ ഈ പരാമർശവും ചടങ്ങിൽ ശ്രദ്ധ നേടി.