'എന്റെ നിഘണ്ടുവിൽ ഒരിക്കലും തോൽവി എന്ന വാക്കില്ല' വിമർശകരുടെ വാക്കുകൾക്ക് മുന്നിൽ തളരില്ലെന്ന് ഉറച്ച ശബ്ദത്തിൽ പ്രഖ്യാപിക്കുകയാണ് മലയാളി ലോങ്ജംപ് താരം ആൻസി സോജൻ. ട്രാക്കിലെ പ്രകടനത്തെ മാത്രമല്ല, തന്റെ മുടിയുടെ സ്‌റ്റൈലിനെയും ആഭരണങ്ങളെയുംവരെ വിമർശിച്ചവർക്കുള്ള മറുപടിയുമായാണ് താരം വോഗിന്റെ 'ഫോഴ്‌സസ് ഓഫ് ഫാഷൻ 2026' വേദിയിലെത്തിയത്. കായികമികവിനൊപ്പം ആത്മവിശ്വാസവും ഫാഷൻ സെൻസും കൊണ്ട് ശ്രദ്ധ നേടുകയാണ് ആൻസി. വോഗ് ഫോഴ്‌സസ് ഓഫ് ഫാഷൻ പരിപാടിയിൽ സാറ സന്ദീപിന്റെ ഡിസൈനിലുള്ള വസ്ത്രം അണിഞ്ഞാണ് താരം എത്തിയത്. തനിഷ്‌ക് ജ്വല്ലറിയുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. വേദിയിൽ നിന്നുള്ള ആൻസിയുടെ ചിത്രങ്ങളും പ്രതികരണവുമാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.
രണ്ട് സെന്റിമീറ്ററിന്റെ വ്യത്യാസം; വിമർശനങ്ങൾക്ക് മറുപടി
സ്വർണമെഡൽ നഷ്ടമായത് വെറും രണ്ട് സെന്റിമീറ്ററിന്റെ വ്യത്യാസത്തിലാണെന്നിരിക്കെ, തന്റെ പ്രകടനത്തെക്കാൾ മുടിയിലെ പിന്നുകളും ക്ലിപ്പുകളും ആഭരണങ്ങളും ചർച്ചയാക്കിയവർക്കെതിരെയാണ് ആൻസി സോജൻ തുറന്നടിച്ചത്. മുടിയിൽ നിരവധി പിന്നുകളും ക്ലിപ്പുകളും ധരിച്ചതുകൊണ്ടാണ് സ്വർണം നേടാനാകാതിരുന്നതെന്ന തരത്തിലുള്ള വിമർശനങ്ങൾ താൻ കേട്ടിട്ടുണ്ടെന്ന് താരം പറയുന്നു. എന്നാൽ, ഒരു കായികതാരത്തിന്റെ സാഹചര്യവും പരിശ്രമവും മനസ്സിലാക്കാതെ ഇത്തരം അഭിപ്രായങ്ങൾ പറയുന്നത് ശരിയല്ലെന്നും ആൻസി ചൂണ്ടിക്കാട്ടുന്നു. ഈ സീസണിൽ 22 വർഷം പഴക്കമുള്ള ദേശീയ റെക്കോർഡ് തകർത്തിട്ടും എന്തുകൊണ്ട് സ്വർണം നേടിയില്ലെന്ന ചോദ്യം ഉയർത്തുന്നവരോടും താരത്തിന് മറുപടിയുണ്ട്. ഒരാളുടെ നേട്ടങ്ങളും സാഹചര്യങ്ങളും മനസ്സിലാക്കാതെ വിമർശിക്കുന്നവർക്ക് അതിന്റെ പിന്നിലെ അധ്വാനം കാണാനാകില്ലെന്നാണ് ആൻസിയുടെ നിലപാട്.
'എന്റെ മെഡലുകളും റെക്കോർഡുകളും ആർക്കും ഇല്ലാതാക്കാനാകില്ല'
വിമർശകർക്ക് തന്റെ നേട്ടങ്ങൾ ഇല്ലാതാക്കാനാകില്ലെന്നാണ് ആൻസിയുടെ ഉറച്ച നിലപാട്. പുറകിൽനിന്ന് എന്തും പറയാം. എന്നാൽ, അതൊന്നും തന്റെ യാത്രയെ ബാധിക്കില്ലെന്നും താരം വ്യക്തമാക്കുന്നു. 'അവർക്ക് എന്റെ മെഡലുകളും റെക്കോർഡുകളും അവരുടെ വാക്കുകളിലൂടെ എടുത്തുമാറ്റാനാകില്ല. എന്റെ പുറകിൽനിന്ന് അവർക്ക് എന്തും പറയാം. പക്ഷേ, എന്ത് സംഭവിച്ചാലും ഞാൻ മുന്നോട്ടുപോകും. ഇങ്ങനെയായിരിക്കാനാണ് എനിക്കിഷ്ടം' എന്നാണ് ആൻസിയുടെ പ്രതികരണം.
ട്രാക്കിൽ നിന്ന് ഫാഷൻ വേദിയിലേക്ക്
കായികതാരങ്ങൾക്കുള്ള പതിവ് പ്രതിച്ഛായകളിൽ ഒതുങ്ങിനിൽക്കാൻ താൽപര്യമില്ലെന്ന് ആൻസിയുടെ വോഗ് വേദിയിലെ വരവും വ്യക്തമാക്കുന്നു. ആത്മവിശ്വാസത്തോടെയാണ് താരം പരിപാടിയിൽ പങ്കെടുത്തത്. ട്രാക്കിൽ റെക്കോർഡുകൾ സൃഷ്ടിക്കുന്നതിനൊപ്പം സ്വന്തം വ്യക്തിത്വവും ഇഷ്ടങ്ങളും തുറന്നുപ്രകടിപ്പിക്കാൻ മടിയില്ലാത്ത ആൻസിയുടെ നിലപാട് ശ്രദ്ധേയമാണ്. കായികതാരങ്ങളുടെ വസ്ത്രധാരണവും രൂപഭംഗിയും ചർച്ചയാക്കുന്നതിനു പകരം അവരുടെ പ്രകടനത്തിനും അധ്വാനത്തിനും പ്രാധാന്യം നൽകണമെന്ന സന്ദേശം കൂടിയാണ് താരത്തിന്റെ വാക്കുകൾ.
കായികതാരങ്ങൾ മത്സരത്തിനിറങ്ങുമ്പോൾ അവരുടെ വേഷത്തിലും രൂപത്തിലും ലാളിത്യത്തിനാണ് പലപ്പോഴും മുൻഗണന നൽകാറുള്ളത്. എന്നാൽ, അതിൽനിന്ന് വ്യത്യസ്തമായൊരു നിലപാടാണ് ആൻസിയുടേത്. മൈതാനത്ത് ഇറങ്ങുമ്പോഴും തന്റെ ഫാഷൻ ഇഷ്ടങ്ങൾ മാറ്റിവയ്ക്കാൻ ആൻസി തയ്യാറല്ലായിരുന്നു. മുടിയിലെ വർണാഭമായ അലങ്കാരങ്ങളും നെയിൽ ആർട്ടും മേക്കപ്പും ആഭരണങ്ങളുമെല്ലാം ആൻസിയുടെ വ്യക്തിത്വത്തിന്റെ ഭാഗമാണ്.
മത്സരദിവസവും മേക്കപ്പ് നിർബന്ധം
മത്സരദിവസത്തെ തയ്യാറെടുപ്പുകളിൽ മേക്കപ്പിനും സ്‌റ്റൈലിങ്ങിനും ആൻസി പ്രത്യേക സ്ഥാനം നൽകുന്നുണ്ട്. മുടി പിന്നിയൊരുക്കി അതിൽ വർണാഭമായ മുത്തുകളും റിബണുകളും ചേർക്കും. കണ്ണുകൾക്ക് ഐലൈനർ, ചുണ്ടുകളിൽ ലിപ്സ്റ്റിക്, ഒടുവിൽ നെയിൽസ് ഒട്ടിക്കും. മൂക്കിലെ ചെറിയ മൂക്കുത്തി, കൈകളിലെ വളകൾ, കഴുത്തിലെ ചെയിനുകൾ എന്നിവയും ആൻസിയുടെ പതിവ് ലുക്കിന്റെ ഭാഗമാണ്. മത്സരത്തിനായി തയ്യാറെടുക്കുമ്പോൾ ഊർജം നൽകുന്ന പാട്ടുകൾ കേൾക്കുകയും ലോങ് ജംപ് വിഡിയോകൾ കാണുകയും ചെയ്യുമെന്നും അവർ തുറന്നുപറഞ്ഞിട്ടുണ്ട്. മേക്കപ്പ് ചെയ്യുന്നത് തനിക്ക് ആത്മവിശ്വാസം നൽകുന്നതിനൊപ്പം മനസ്സ് ശാന്തവും സന്തോഷകരവുമാക്കുന്നുവെന്നാണ് താരം പറയുന്നത്. കഴിയുന്നത്ര സുന്ദരിയായി കാണാനാണ് താൽപര്യമെന്നും എവിടെനിന്നു നോക്കിയാലും ആളുകൾക്ക് തന്നെ ശ്രദ്ധിക്കാൻ കഴിയണമെന്നും ആൻസി പറഞ്ഞിട്ടുണ്ട്.
Content Highlights: Ancy Sojan addressed critics regarding her fashion choices and accessories at the Vogue Forces of Fashion 2026 event., She emphasized that her medals, records, and hard work cannot be erased by criticism., Ancy highlighted that she balances her athletic career with her passion for makeup, styling, and personal expression.
Published: 19 Nov 2026, 05:42 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented