കോളേജ് അനുഭവങ്ങളുടെ വിസ്മയങ്ങള്‍ ദിവസങ്ങളോളം നസിയെ പിന്തുടര്‍ന്നു. ആരോടും പറയരുതെന്ന് പറഞ്ഞ കോളേജ് സന്ദര്‍ശനത്തെക്കുറിച്ച് അവള്‍ തന്നെ നാട്ടിലാകെ പാട്ടാക്കി. വികാരങ്ങളുടെ, സ്വപ്നങ്ങളുടെ, ആത്മവിശ്വാസത്തിന്റെ മിശ്രണമായിരുന്നു അവളുടെ തുറന്നുപറച്ചില്‍. ഒരു പെണ്‍കുട്ടിക്ക് അവളുടെ സൗന്ദര്യബോധം നല്‍കുന്ന ശക്തി അവളുടെ വാക്കുകളില്‍ സ്ഫുരിച്ച് നിന്നു. നിലപാടുള്ള പെണ്‍കുട്ടികള്‍ അപൂര്‍വ്വമായിരുന്ന കാലത്ത് പുറംലോകം എന്തു പറഞ്ഞാലും തന്നെ ബാധിക്കില്ല എന്നൊരു നിലപാടും അവളില്‍ പ്രകടമായി കണ്ടു.

To advertise here,

ആ സംഭവങ്ങളൊക്കെ നടന്ന് ഒരാഴ്ച്ചയൊക്കെ കഴിഞ്ഞിട്ടുണ്ടാവണം പതിവ് പോലെ ഞാന്‍ കോളേജിലേക്ക് പോകുമ്പോള്‍ പിന്നില്‍ സൈക്കിളിന്റെ ബെല്ലടി, അത് തോല് സലീമായിരുന്നു. 'എന്നേം നിങ്ങടെ കോളേജിലൊന്ന് കൊണ്ടുപോകുവോ'. അവന്റെ ചുണ്ടില്‍ അറവുമാടുകളുടെ ചോരപുരണ്ടത് പോലുള്ള ചിരി. മറ്റൊരു നാട്ടില്‍ നിന്നും തൊഴില്‍ തേടി അറവുശാലയില്‍ എത്തപ്പെട്ടതാണവന്‍. അറവുമാടുകളുടെ  തോലുകള്‍ വിരിച്ചിട്ട് ഉപ്പ് തേച്ചുണക്കി അടുക്കിവെക്കലാണ് പ്രധാന പണി. ഏതാനും ദിവസം കൊണ്ട് തന്നെ ഏറ്റെടുത്ത പുതിയ ജോലിയില്‍ ആധിപത്യം സ്ഥാപിച്ചെടുക്കാന്‍ അവന് കഴിഞ്ഞു. പതുക്കെ വേലികെട്ടി മറച്ച തോല്‍ക്കളത്തിനുള്ളില്‍ അവന്‍ രാജാവായി. രജനീകാന്തായിരുന്നു അവന്റെ ദൈവം. വിശ്വസ്വരൂപത്തെ ആരാധിക്കുന്ന അനന്തമായ എളിമയോടെ രജനീകാന്തിനെ പല തരത്തില്‍ അവന്‍ അനുകരിച്ചു. ഉപ്പും വിയര്‍പ്പും ചേര്‍ന്ന് കുതിര്‍ന്ന തോലുകള്‍ വിരിച്ചിട്ട് അതിന് മുകളില്‍ നിന്ന് രജനിയുടെ സിനിമകളില്‍ ഉള്ളതുപോലെ അവന്‍ പല ചുവടുകള്‍ വെച്ചു. തോലുകളില്‍ ഉപ്പ് തേച്ച് പിടിപ്പിക്കുമ്പോള്‍ തൊണ്ണൂറുകളില്‍ സൂപ്പര്‍ ഹിറ്റായ അടി രാക്കമ്മാ കയ്യേ തട്ട് എന്ന പാട്ടിനെ പല തരത്തില്‍ അവന്‍ പുനരാവിഷ്‌കരിച്ചു. അവന്റെ ജീവിതത്തിലെ കഷ്ടപ്പാടുകള്‍ക്ക് പോലും പാതി ഒരു 'അണ്ണാ തന്‍പ്പേര്‍ എവലോ?' എന്ന സ്റ്റെലായിരുന്നു.

പരാജയങ്ങള്‍ക്കാവട്ടെ ഒരു 'എന്നാ റാസി!' എന്ന മട്ടും. ജീവിതത്തിലെ ചെറിയ സന്തോഷങ്ങള്‍ പോലും രജനിയുടെ സ്‌റ്റൈലില്‍ അവന്‍ ആഘോഷിച്ചു. സ്‌ക്രീനില്‍ സണ്‍ഗ്ലാസ് തിരിച്ച് എറിയല്‍, ഉമ്മ! അത് കണ്ട് ആര്‍ത്തുവിളിച്ച ജനക്കൂട്ടം. സലീമിന്റെ പ്രകടനങ്ങള്‍ കാണാന്‍ മുന്നില്‍ ആള്‍ക്കൂട്ടമുണ്ടായിരുന്നില്ല. അവന്റെ മുന്നില്‍ കാണികളായുണ്ടായിരുന്നത് അറക്കാന്‍ വേണ്ടി കുറുക്കിക്കെട്ടിയ മാടുകളാണ്. കഴുത്തില്‍ മരണ കത്തിയുടെ തണുപ്പ് പ്രതീക്ഷിച്ചെന്ന പോലെ ഏത് സമയവും തല താഴ്ത്തി നിന്ന മാടുകള്‍ക്കാവട്ടെ അവന്റെ രജനീപ്രാന്ത് ഒട്ടും പിടികിട്ടിയതുമില്ല. പക്ഷേ, വേലിയുടെ വിടവുകളിലൂടെ പലരും അവന്റെ പ്രകടനങ്ങള്‍ കണ്ടു. ഏറെയും പെണ്‍കുട്ടികള്‍. ചിലര്‍ അവന്റെ ആരാധകരായി. തോല്‍ക്കളം വിട്ടിറങ്ങിയാല്‍ അവന്‍ തനി ചുള്ളനാണ്. ചുണ്ടില്‍ സദാ തങ്ങിനിന്നിരുന്ന മൂളിപ്പാട്ട്. വിലകുറഞ്ഞ അത്തറിന്റെ രൂക്ഷഗന്ധം. കണ്ണുകളില്‍ കാല്പനികത. വഴിതെറ്റി തോല്‍കളത്തിലെത്തിയവനാണ് സലീം എന്ന് പലപ്പോഴും എനിക്ക് തോന്നിയിരുന്നു.

കോളേജ് കാണാനുള്ള സലീമിന്റെ ആഗ്രഹത്തിന് അനുകൂലമായോ പ്രതികൂലമായോ ഞാന്‍ പ്രതികരിച്ചില്ല . എന്റെ മറുപടി പ്രതീക്ഷിച്ചാവണം സൈക്കിളില്‍ നിന്നിറങ്ങി കുറച്ച് സമയം അവന്‍ കാത്തുനിന്നു. അവനെ പാടേ അവഗണിച്ച് മുന്നോട്ട് നടക്കുമ്പോള്‍ പ്രകടമായ അക്ഷമയോടെ, വളരെ സ്പീഡില്‍ സൈക്കിള്‍ ചവുട്ടി അവന്‍ പോകുന്നത് കണ്ടു. ഒന്നോ രണ്ടോ ആഴ്ച്ചകള്‍ കഴിഞ്ഞപ്പോള്‍ കോളേജ് കവാടത്തിനരികില്‍ മതിലും ചാരി നിന്ന സലീമിനെ കണ്ട് ഞാന്‍ അമ്പരന്നു. അവന്‍ കാമ്പസിനകത്ത് കയറിയോ എന്നറിയില്ല. പക്ഷേ,  പിന്നീട് കാമ്പസിലേക്ക് ഞാന്‍ അവനെ കൂട്ടിക്കൊണ്ടുപോയി എന്ന തരത്തില്‍ നാട്ടില്‍ ചില അഭ്യൂഹങ്ങള്‍ പരന്നു. അതിനെത്തുടര്‍ന്ന് വീട്ടില്‍ എന്റെ മേല്‍ ധാരാളം നിയന്ത്രണങ്ങള്‍ വന്നു. അതോടെ ജീവിതത്തില്‍ ആദ്യമായി എനിക്കൊരു ശത്രുവുണ്ടായി. അവനെ മുന്നില്‍ കാണുന്ന അവസരത്തിലൊക്കെ പല വിധത്തില്‍ ഞാന്‍ ദേഷ്യം പ്രകടിപ്പിച്ചു. എന്നാല്‍, അവനാകട്ടെ പോയാല്‍ പോകട്ട് പോടാ എന്നൊരു രജനീസ്റ്റെലില്‍  എന്നെ നേരിട്ടു.

പിന്നെയും പല തവണ കോളേജിന് പുറത്തുവെച്ച് ഞാന്‍ അവനെ കണ്ടു. കുറച്ച് നാളുകള്‍ക്ക് ശേഷം സലീം കായംകുളം വിട്ട് പോയി. പിന്നെയും വര്‍ഷങ്ങള്‍ക്കുശേഷം കായംകുളം റെയില്‍വേ സ്റ്റേഷനില്‍ തിരുവനന്തപുരത്തേക്കുള്ള ട്രെയിന്‍ കാത്തുനില്‍ക്കുമ്പോള്‍ എംഎസ്എംഎല്‍ എന്റെ പ്രീഡിഗ്രികാലത്ത് മറ്റൊരു ബാച്ചില്‍ പഠിച്ചിരുന്ന അനഘ എന്ന അന്തര്‍മുഖയായ പെണ്‍കുട്ടിയേയും കുടുംബത്തേയും യാദ്യച്ഛികമായി കണ്ടുമുട്ടി. എന്നെ മനസ്സിലായതും വര്‍ധിച്ച സന്തോഷത്തോടെ ഓടിവന്ന് അവള്‍ കെട്ടിപ്പിടിച്ചു. മക്കളെയും ഭര്‍ത്താവിനേയും എനിക്ക് പരിചയപ്പെടുത്തിത്തന്നു. ഭര്‍ത്താവിന്റെ മുഖം എവിടെയോ കണ്ടു  മറന്നതാണല്ലോ എന്നാലോചിച്ചു നില്‍ക്കുമ്പോള്‍ 'ജസീനയല്ലേ, എന്നെ മനസ്സിലായില്ലിയോ എന്ന ചോദ്യം കേട്ട് ഓര്‍മയില്‍ പിന്നെയും ആ മുഖം പരതുമ്പോള്‍ 'ഞാന്‍ സലീമാ' എന്ന് മുന്നില്‍ നിന്ന സുമുഖനായ യുവാവ് സ്വയം പരിചയപ്പെടുത്തി. പിന്നെയും പിടികിട്ടാതെ നില്‍ക്കുമ്പോള്‍ 'തോല് സലീം' പേരിനോടൊപ്പം കൂട്ടിച്ചേര്‍ത്ത് പറഞ്ഞ ഇരട്ടപ്പേരിലൂടെ ആളിനെ തിരിച്ചറിഞ്ഞതും അവിശ്വസനീയതയോടെ കുറച്ചുസമയം ഞാന്‍ അവനെ മിഴിച്ച് നോക്കിനിന്നു. പുതിയ രൂപത്തില്‍, പുതിയ ഭാവത്തില്‍ ആത്മവിശ്വാസം സ്ഫുരിക്കുന്ന ശരീരഭാഷയോടെ ശരിക്കുമൊരു ജന്റില്‍മാനായി മുന്നില്‍നില്‍ക്കുന്ന സലീം പണ്ടത്തെ സലീം തന്നെയാണെന്ന് വിശ്വസിക്കാന്‍ പിന്നെയും കുറച്ച് സമയം വേണ്ടിവന്നു. ബഹ്‌റൈനില്‍ കശാപ്പ് സംബന്ധമായ ജോലിക്ക് പോയി അവിടെ നിന്ന് ഹോട്ടല്‍ മുതലാളിയായി ഉയര്‍ന്ന സലീമിന്റെ കഥ കുറച്ച് സമയം കൊണ്ട് അവന്‍ പറഞ്ഞ് തീര്‍ത്തു.

മറുപുറത്തിന്റെ മുൻലക്കങ്ങൾ വായിക്കാം

സലീമിനോടൊപ്പം അനഘ എങ്ങനെ? ചോദിക്കാതെ തന്നെ അനഘ പറഞ്ഞ് തുടങ്ങി. 'പണ്ട് കോളേജില് വെച്ച് ഞങ്ങള്‍ പരിചയപ്പെട്ടതാ, പിന്നെ നിന്നെക്കുറിച്ച് എപ്പഴും ഞങ്ങള് പറയാറുണ്ട് 'പൊട്ടിച്ചിരിയോടെ അവള്‍ പറഞ്ഞ് നിര്‍ത്തിയപ്പോള്‍ പഴയ കോളേജ്കാല സംഭവങ്ങള്‍ പെട്ടന്ന് മനസ്സിലേക്കോടി വന്നു. കൂടുതല്‍ വിശദീകരിക്കാന്‍ അവള്‍ക്ക് സമയം കിട്ടിയില്ല. ട്രെയിനിന്റെ അനൗണ്‍സ്‌മെന്റ് കേട്ടതും B2 വിന്റെ കോച്ച് പൊസിഷന്‍ തിരഞ്ഞ് രണ്ട് മക്കളേയും ചേര്‍ത്തുപിടിച്ച് ആ കുടുംബം മുന്നിലേക്ക് നടന്നു നീങ്ങുന്നതും നോക്കിനില്‍ക്കുമ്പോള്‍ വിധി എന്ന വാക്കിനെ പൂര്‍ണമായും പുതുക്കുന്നതും ഉയര്‍ത്തുന്നതും   മനുഷ്യര്‍ തന്നെയാണന്ന് എനിക്ക് തോന്നി. അനഘയുടെ കണ്ണുകളില്‍ തെളിഞ്ഞുനിന്ന സന്തോഷം ഉപാധികളില്ലാത്ത സ്‌നേഹത്തിന്റെതാവണം. ജീവിതവഴികളിലൂടെ മുന്നോട്ടുപോകുമ്പോള്‍ ഇങ്ങനെ എത്രയെത്ര കഥകള്‍. ഓരോ ഇടവും ഒരോ കഥകളാണല്ലോ! നമ്മുടെതും അവരുടേതുമായ കഥകള്‍.