
ആകാശത്തോളം പോന്നോരു അത്ഭുതത്തിന്റെ തുടര്‍ച്ചയാണ് എന്റെ ജീവിതമെന്ന് പലപ്പോഴും തോന്നാറുണ്ട്. പപ്പയുടെയും ഉമ്മിച്ചയുടെയും ജീവിതവും എന്റെ ജനനവുമൊക്കെ ഒരോ അത്ഭുതങ്ങളായിട്ടാണ് ഞാന്‍ ഉമ്മിച്ചയില്‍ നിന്നും കേട്ടിട്ടുള്ളത്. അതിലൊന്ന് ഞാന്‍ ജനിച്ച് രണ്ട് വയസ്സ് വരെ വളര്‍ന്ന നാടുമായി ബന്ധപ്പെട്ട് കിടക്കുന്നതാണ്. കശ്മീരിലായിരുന്നു എന്റെ ജനനം. വിവാഹം കഴിഞ്ഞ് ഒരു മാസം കഴിഞ്ഞപ്പോഴേക്കും ഉമ്മിച്ചയെ പപ്പ ജോലിസ്ഥലമായ കശ്മീരിലേക്ക് കൂട്ടിക്കൊണ്ട് പോയി. കായംകുളം റെയില്‍വേ സ്റ്റേഷനില്‍ നിന്ന് ജയന്തി ജനതയില്‍ ഡല്‍ഹിയിലേക്ക് പോകുമ്പോള്‍ ആദ്യത്തെ ട്രെയിന്‍യാത്രയുടെ പകപ്പിലും പുതിയൊരു ലോകത്തിന്റെ വിചാരത്തില്‍ പിന്നിട്ട് പോകുന്ന കടുകുപാടങ്ങളും ചോളവയലുകളും അതിശയങ്ങളല്ലാതായി. താഴ്വരകളില്‍ നിന്നൊഴുകിയെത്തിയ ലില്ലിപ്പൂക്കളുടെത് പോലുള്ള ഗന്ധം സ്വപ്നങ്ങളുടെ നക്ഷത്രങ്ങള്‍ക്ക് കൂട്ടായി ഉമ്മിച്ചയെ പുണര്‍ന്നു.
വിവിധതരം മനുഷ്യരെ ഉള്‍ക്കൊള്ളുന്ന മഹാനഗരമായ ഡല്‍ഹിയില്‍ ചെന്നിറങ്ങി അവിടെ നിന്നും ലോകാത്ഭുതങ്ങളിലൊന്നായ ആഗ്രയിലെ താജ്മഹല്‍ സന്ദര്‍ശിച്ചപ്പോള്‍ തിളങ്ങുന്ന മിനുസപ്പാറകള്‍ കണ്ട് ഇത് സ്വര്‍ഗത്തിലെ പാറകള്‍ തന്നെയൊ എന്ന് ഉമ്മിച്ച അത്ഭുതപ്പെട്ടു. ഷാജഹാന്‍ ചക്രവര്‍ത്തി തന്റെ പ്രണയനിക്കായി പണികഴിപ്പിച്ച സ്മാരകത്തിന് മുന്നിലാണ് താന്‍ നില്‍ക്കുന്നതെന്ന് അറിഞ്ഞപ്പോള്‍ മുന്‍പൊരിക്കല്‍ പോലും കേട്ടിട്ടില്ലാത്ത രാജദമ്പതികളുടെ സ്‌നേഹത്തെക്കുറിച്ചോര്‍ത്ത് ഉമ്മിച്ചയുടെ കണ്ണുകളില്‍ നീര്‍പൊടിഞ്ഞു. ഒരു ദിവസം ആഗ്രയില്‍ തങ്ങിയതിനുശേഷം പിറ്റേദിവസം രാവിലെ പത്താന്‍കോട് പട്ടാളക്യാമ്പ് കാണാനായി പോകുമ്പോള്‍ കണ്ട കാഴ്ച്ചകളുടെ വലിപ്പങ്ങള്‍ക്കൊപ്പം ഉമ്മിച്ചയും വളര്‍ന്നു. ലോകം ഇത്രമേല്‍ വലുതാണന്ന് ഒരു പതിനെട്ടുകാരി പെണ്‍കുട്ടി അറിയാന്‍ തുടങ്ങിയ ദിവസങ്ങളായിരുന്നു അത്. പത്താന്‍കോടും ഒരു ദിവസം താമസിച്ചതിനുശേഷംപതിനഞ്ച് മണിക്കൂറോളം യാത്ര ചെയ്ത് പപ്പയുടെ ജോലിസ്ഥലമായ ജമ്മുവിലെ സുരാന്‍കോട് എത്തുകയും രണ്ടുദിവസം അവിടെ ടെന്റില്‍ കഴിയുകയും ചെയ്തു. അവിടെ വെച്ച് പരിചയപ്പെട്ട ചങ്ങനാശ്ശേരിക്കാരനായ യോഹന്നാന്റെ ഭാര്യ ഉഷയുമായി ഉമ്മിച്ച ചങ്ങാത്തത്തിലാവുകയും ദൂരെ നാട്ടില്‍വെച്ച് കണ്ടുമുട്ടിയ മലയാളികളുടെ സ്‌നേഹപ്രകടനങ്ങള്‍ പിന്നീട് പാരസ്പര്യത്തിന്റെ മഹാപ്രകാശമായി കശ്മീര്‍ ജീവിതത്തെ കൂടുതല്‍ സുന്ദരമാക്കുകയും ചെയ്തു. രണ്ട് ദിവസത്തിനുശേഷം ടെന്റില്‍ നിന്ന് ക്വാര്‍ട്ടേഴ്‌സിലേക്ക് താമസംമാറുമ്പോള്‍ അയല്‍ക്കാരായി ചങ്ങനാശ്ശേരി കുടുംബവും ഒപ്പമുണ്ടായിരുന്നു.
പാകിസ്താനോട് ചേര്‍ന്നുകിടക്കുന്ന ഇന്ത്യയുടെ അതിര്‍ത്തിയാണ് സൊറന്‍കോട്. ജമ്മുവിന്റെ ജീവരക്തം എന്നറിയപ്പെടുന്ന താവി നദിയുടെ തീരത്തായിരുന്നു ക്വാര്‍ട്ടേഴ്‌സ്. ജമ്മുവിന്റെ ശുദ്ധജല ശ്രോതസ്സായ നദിയില്‍ പല സ്ഥലത്തും വെള്ളം ഒഴുകുന്നതിന്റെ ശക്തിയില്‍ ധാന്യങ്ങള്‍ പൊടിച്ചെടുക്കാനുള്ള സംവിധാനങ്ങള്‍ ചെയ്ത് വെച്ചിരിക്കുന്നത് കണ്ട് മനുഷ്യരെന്തൊക്കെയാണ് കണ്ടുപിടിച്ചിരിക്കുന്നത് എന്നോര്‍ത്ത് ഉമ്മിച്ച അതിശയപ്പെട്ട് നിന്നു. വൈകുന്നേരങ്ങളില്‍ ഉമ്മിച്ചയേയും കൂട്ടി പപ്പ പുറത്തേക്ക് പോകുമായിരുന്നു. ഇരുവശങ്ങളിലുമായി മണികള്‍ തൂക്കിയിട്ടിരുന്ന ഒരു സ്ഥലത്ത് പട്ടാളക്കാരുടെ പരേഡുകള്‍ നടക്കുന്നത് കണ്ടിട്ടുള്ളതായി ഉമ്മിച്ച പലപ്പോഴും ഞങ്ങളോട് പറയുമ്പോള്‍ അതിന്റെ വിശദാംശങ്ങളറിയാനായി ഞാന്‍ കൂടുതല്‍ ചോദിക്കുമെങ്കിലും കണ്ട കാഴ്ച്ചകള്‍ക്കപ്പുറമായി മറ്റൊന്നും അറിയാത്തത് കൊണ്ട് കൂടുതല്‍ വിശദീകരിക്കാനറിയാതെ ഒരു കഥയില്‍ നിന്ന് മറ്റൊരു കഥയിലേക്ക് ഉമ്മിച്ച ഒഴുകിക്കൊണ്ടേയിരിക്കും. പാകിസ്താന്‍ അതിര്‍ത്തിക്കടുത്തുള്ള ഒരു ആഡംബര ഹോട്ടലിലേക്ക് ഉമ്മിച്ചയേയും കൂട്ടി പപ്പ ഇടയ്ക്ക് പോകുമായിരുന്നത്രേ. നാലര പതിറ്റാണ്ട് മുന്‍പ് അവിടെ ഒരു ചായയുടെ വില പതിനെട്ട് രൂപയായായിരുന്നു. അവിടെയിരുന്ന് സംസാരിക്കുമ്പോള്‍ ശബ്ദം താഴ്ത്തി സംസാരിക്കണമെന്നും ഹോട്ടലിനകത്തിരുന്ന് പട്ടാളക്കാരെക്കുറിച്ചോ പാകിസ്താനെക്കുറിച്ചോ യാതൊന്നും സംസാരിക്കരുതെന്നും ഹോട്ടലിലേക്ക് കയറും മുന്‍പ് പപ്പ ഉമ്മിച്ചയെ ഓര്‍മപ്പെടുത്തുമായിരുന്നത്രേ. അവിടെയിരുന്ന് വളരെ പതുക്കെ സംസാരിച്ചാല്‍ പോലും അയല്‍രാജ്യം പിടിച്ചെടുക്കുമെന്ന് എല്ലാവരും ഭയന്നിരുന്നതായിരുന്നു അതിന് കാരണം. പട്ടാളക്കാര്‍ക്കുള്ള പച്ചക്കറികളും പലചരക്കുകളും ഹെലികോപ്ടറില്‍ ഒരു സ്ഥലത്ത് എത്തിക്കുമായിരുന്നെന്നും പട്ടാളക്കാരുടെ വണ്ടിയില്‍ സാധനങ്ങള്‍ ശേഖരിക്കാനായി പപ്പയ്‌ക്കൊപ്പം ഉമ്മിച്ചയും പോകുമായിരുന്നുവെന്നൊക്കെ പറഞ്ഞ് കേള്‍ക്കുമ്പോള്‍ എത്ര സുന്ദരമായ ജീവിതമെന്ന് ഒരോ പ്രാവശ്യവും ഞാന്‍ അത്ഭുതംകൂറും.

മഞ്ഞുവീഴ്ചയുടെ കാലമായിരുന്നു അത്. മുറിയില്‍ ഒരുക്കിയ നെരിപ്പോടിന് മുന്നില്‍ തീ കാഞ്ഞിരിക്കുമ്പോള്‍ ഹൃദയം ഒരു വെള്ള റോസാപ്പൂവായി വിടരുന്നത് ഉമ്മിച്ച അറിഞ്ഞു. സ്‌നേഹവും കരുതലും കൊണ്ട് പപ്പ തീര്‍ത്തുകൊടുത്ത പുതിയ ലോകത്തിന്റെ ഏക അവകാശി എന്ന അഭിമാനത്തോടെ ഇവിടം സ്വര്‍ഗമാണെന്ന് പറഞ്ഞ് ഉമ്മിച്ച നാട്ടിലേക്ക് കത്തുകളയച്ചു. മഞ്ഞ് പുതച്ച പ്രഭാതങ്ങളിലൊന്നില്‍ കിളികള്‍ കൊത്തുന്ന പഴങ്ങളാണ് പഴുത്തതെന്ന് മനസ്സിലാക്കി മുറ്റത്ത് കുലച്ച് നിന്ന മുന്തിരിവള്ളികളില്‍ നിന്ന് പഴുത്ത് പാകമായ മുന്തിരിക്കുലകളിലൊന്ന് പൊട്ടിച്ചെടുത്ത നേരത്താണ് ശരീരത്തിനൊരു വല്ലായ്മ അനുഭവപ്പെട്ടത്. അതേനേരത്ത് തന്നെ അടിവയറ്റില്‍ നിന്നും പടര്‍ന്ന് കയറിയൊരു തുടിപ്പ് തന്റെ ജീവനില്‍ സ്വര്‍ഗീയ സംഗീതമായ് നിറയുന്നതറിഞ്ഞ് ആശങ്കകളൊഴിഞ്ഞ സന്തോഷത്തോടെ ഉമ്മിച്ച ദൈവത്തിന് നന്ദി പറഞ്ഞു. ഗര്‍ഭാലസ്യത്തില്‍ ഉമ്മിച്ച കൂടുതല്‍ സുന്ദരിയായി. ക്വാര്‍ട്ടേഴ്‌സിന് മുന്നില്‍ ഇരുവശങ്ങളിലുമായി നിരന്നുനിന്ന വില്ലോ മരങ്ങളില്‍ നിന്നും ഇലകള്‍ ശേഖരിക്കാനെത്തിയ കശ്മീരി പെണ്ണുങ്ങള്‍ (ആടുകളുടെ തീറ്റയാണ് ക്രിക്കറ്റ് ബാറ്റ് നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന വില്ലോ മരത്തിന്റെ ഇലകള്‍) വീര്‍ത്തുവരുന്ന ഉദരത്തില്‍ തൊട്ട് എന്തൊക്കെയോ പ്രാര്‍ഥിച്ചു. ഹിന്ദി തീരെ വശമില്ലാതിരുന്നിട്ടും ഹൃദയത്തിന്റെ ഭാഷയില്‍ ഉമ്മിച്ച അവരോട് ധാരാളം സംസാരിച്ചു അവര്‍ തിരിച്ചും. കുങ്കുമപ്പൂക്കള്‍ വിടര്‍ന്നു നിന്ന താഴ്‌വാരങ്ങളളിലൂടെയും ആപ്പിള്‍രത്തോട്ടങ്ങളിലൂടെയും നടക്കാനിറങ്ങുമ്പോള്‍ ഉദരത്തിലെ ചലനങ്ങള്‍ വര്‍ധിച്ചു. എത്രയും വേഗം എന്നെയും ഈ ഭൂമിയിലേക്കെന്ന് കൈ കാലുകളിളക്കി ഗര്‍ഭത്തിലെ കുഞ്ഞ് ധൃതിവെച്ചു. എന്നാല്‍, ഗര്‍ഭത്തിന്റെ ഏഴാം മാസത്തിന്റെ തുടക്കസമയത്ത് ഏറ്റ ആഘാതം പപ്പയേയും ഉമ്മിച്ചയേയും ഒരുപോലെ പരിഭ്രാന്തരാക്കി. ഉമ്മിച്ചക്കായി വേണ്ടതെല്ലാം ഒരുക്കിവെച്ച് പപ്പ പുറത്തേക്ക് പോയ സമയമായിരുന്നു അത്. മഞ്ഞ് മാറി അല്‍പം വെയില് കണ്ടൊരു പ്രഭാതത്തില്‍ ക്വാര്‍ട്ടേഴ്‌സിന് മുന്നില്‍ വലിച്ച് കെട്ടിയിരുന്ന അയയിലേക്ക് ആഞ്ഞു നിന്ന് കമ്പിളി വിരിച്ചിട്ടതും കാല്‍ വഴുതി കമ്പിളിക്കൊപ്പം ഉമ്മിച്ച ക്വാര്‍ട്ടേഴ്‌സിന്റെ ഒന്നാം നിലയില്‍ നിന്ന് വശത്തെ വയല് പോലെയുള്ള സ്ഥലത്തേക്ക് വീണതും ഒരുമിച്ചായിരുന്നു. ശബ്ദം കേട്ട് യോഹന്നാന്റെ ഭാര്യ ഉഷ ഓടിയെത്തിയപ്പോള്‍ കണ്ടത് വയലില്‍ നിന്നും ചാടിയെഴുന്നേറ്റ് വരുന്ന ഉമ്മിച്ചയേയാണ്. പിന്നീട് നടന്ന വിശദമായ പരിശോധനകളില്‍ തള്ളയ്ക്കും കുഞ്ഞിനും യാതൊരു കുഴപ്പവും സംഭവിച്ചില്ലങ്കിലും ആ സംഭവം പപ്പയെ വളരെയധികം വേദനിപ്പിച്ചു. പിന്നീട് എന്തിനും ഏതിനും ഉമ്മിച്ചക്കൊപ്പം നില്‍ക്കുകയും ചെയ്തു. സ്വര്‍ഗീയമായ അന്തരീക്ഷത്തിലെ പത്ത് മാസത്തെ ഗര്‍ഭകാലം പത്ത് ദിവസം പോലെയാണ് കടന്നുപോയതെന്ന് പറയുമ്പോള്‍ പപ്പയോടുള്ള അഗാധമായ സ്‌നേഹത്താല്‍ ഉമ്മിച്ചയുടെ വാക്കുകള്‍ ഇന്നും നിറഞ്ഞ് തുളുമ്പും.
പ്രസവ തീയതി എത്തുന്നതിന് മുന്‍പ് തന്നെ അനുഭവപ്പെട്ട വേദനയെ തുടര്‍ന്ന് പട്ടാളക്കാരുടെ ജീപ്പില്‍ ജമ്മുവിലെ പൂഞ്ച് ആശുപത്രിയിലേയ്ക്ക് ഉമ്മിച്ചയെ കൊണ്ടുപോകുമ്പോള്‍ ഉമ്മിച്ചയെക്കാളധികം വേദന അനുഭവിച്ചത് പപ്പയായിരുന്നു. പ്രസവമുറിക്ക് പുറത്ത് അക്ഷമനായി കാത്തിരിക്കുമ്പോള്‍ പുറത്തേക്ക് ഒഴുകിയെത്തിയ കുഞ്ഞിന്റെ കരച്ചില്‍ കേട്ട് സന്തോഷം കൊണ്ട് പപ്പ വാവിട്ട് കരയുമ്പോള്‍ അത് പൂഞ്ച് ആശുപത്രിയുടെ തന്നെ ചരിത്രമായി. കാരണം, അവിടെ ആദ്യമായിട്ടാണ് ഒരു മലയാളിയുടെ പ്രസവം നടക്കുന്നത്. സന്തോഷസൂചകമായി ഉമ്മിച്ചയുടെ പ്രസവമെടുത്ത ഹിന്ദിക്കാരനായ ഡോക്ടര്‍ കുഞ്ഞിന് പൂഞ്ച് ബീഗം എന്ന് പേരിട്ടു. ഇവള്‍ എത്ര വളര്‍ന്നാലും ഈ പേരില്‍ തന്നെ അറിയപ്പെടണമെന്ന ഡോക്ടറുടെ ആഗ്രഹത്തെ പപ്പയ്ക്ക് ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞില്ല. പൂഞ്ച് മലയാളത്തിലേക്ക് വരുമ്പോഴുണ്ടായേക്കാവുന്ന ഭവിഷ്യത്തുകളെ ഓര്‍ത്ത് ജസീനമോള്‍ എന്ന് കുഞ്ഞിന് പേരിട്ടപ്പോള്‍ അല്‍പം പരിഷ്‌കാരമുള്ള പേര് ഉമ്മിച്ചയ്ക്കും ഇഷ്ടമായെങ്കിലും സുല്‍ഫത്ത് എന്നൊരു രണ്ടാംപേര് കൂടി കുഞ്ഞിന് വന്നുചേര്‍ന്നു.
കൊടുംതണുപ്പിലും ഇളം ചൂടുവെള്ളത്തില്‍ കുഞ്ഞിനെ കുളിപ്പിച്ചെടുക്കുമ്പോള്‍ ഉയര്‍ന്ന കരച്ചില്‍ കേട്ട് ഓടിയെത്തിയ കശ്മീരി സ്ത്രീകള്‍' ഓ ലഡ്കി സോനുകുഡീ' എന്ന് പറഞ്ഞ് ഉമ്മിച്ചയേയും പപ്പയേയും കുറ്റപ്പെടുത്തുമായിരുന്നു. 'എത്ര സുന്ദരിയായ കുഞ്ഞ് പെണ്‍കുഞ്ഞായത് കൊണ്ട് നിങ്ങളിവളെ കൊല്ലാന്‍ ശ്രമിക്കുകയാണോ' എന്ന് കുഞ്ഞിനെ കുളിപ്പിച്ചെടുക്കുന്ന ഒരോ പ്രഭാതങ്ങളിലും അവര്‍ക്ക് കേള്‍ക്കേണ്ടി വന്നു. കാരണം കശ്മീരില്‍ കുഞ്ഞുങ്ങളെ വല്ലപ്പോഴും മാത്രമേ കുളിപ്പിക്കുമായിരുന്നുള്ളൂ.
പിന്നെയും രണ്ട് വര്‍ഷങ്ങള്‍ കൂടി കഴിഞ്ഞിട്ടാണ് അവര്‍ കുഞ്ഞിനെയും കൊണ്ട് ആദ്യമായി നാട്ടിലേക്കെത്തുന്നത്. കശ്മീരില്‍ പ്രസവിച്ച കുഞ്ഞിനെ താലോലിക്കാനായി ബന്ധുക്കള്‍ ചുറ്റിനും കൂടിയെങ്കിലും ആരോടും അടുക്കാതെയും ബലമായി എടുക്കാന്‍ ശ്രമിച്ചവര്‍ക്ക് നല്ല ഉശിരന്‍ കടി കൊടുത്തും കുഞ്ഞ് രണ്ടാം വയസ്സിലേ സ്വയം പ്രതിരോധം തീര്‍ത്തു.
പിന്നീട് ഉമ്മിച്ചയേയും കുഞ്ഞിനേയും നാട്ടിലാക്കി പപ്പ ജോലിസ്ഥലത്തേക്ക് തിരിച്ചുപോയി. ഒരോ വരവിനും കൊണ്ട് വന്ന കറുത്ത പെയിന്റടിച്ച ട്രങ്ക് പെട്ടികളും കറുത്ത കമ്പിളിയുമൊക്കെ പല വീടുകളുടേതായി. നാട്ടിലൊരു വീട് എന്ന സ്വപ്നത്തോടെ അഞ്ച് മുറി വീടിന്റെ ഫൗണ്ടേഷന്‍ കെട്ടുകയും . ആഢംബരത്തിലൊരു കുളിമുറി പണിയുകയും ചെയ്തു. അന്ന് നാട്ടിലെ അപൂര്‍വമായ ഒരു കാഴ്ച്ചയായിരുന്നു ആ കുളിമുറി. പിന്നീട് നാട്ടില്‍ വന്നും പോയും നില്‍ക്കുന്നതിനിടയില്‍ ഉമ്മിച്ച വീണ്ടും ഗര്‍ഭംധരിച്ചു. എന്നാല്‍, എട്ടാം മാസത്തില്‍ പ്രസവിച്ച കുഞ്ഞ് മരണപ്പെടുകയും പിന്നീട് ഒന്നര വര്‍ഷത്തിനുശേഷം എനിക്ക് ഒരു അനുജന്‍ കൂടി പിറക്കുകയും ചെയ്തു. അപ്പോഴേക്കും നീണ്ട ഇരുപത് വര്‍ഷത്തെ സര്‍വീസിനുശേഷം ജോലി വേണ്ടന്ന് എഴുതിക്കൊടുത്ത് ഗള്‍ഫിലേക്ക് പോകാനുള്ള തയ്യാറെടുപ്പോടെ പപ്പ നാട്ടിലേക്ക് വന്നു.
ആ വെക്കേഷന് പപ്പ വളരെ മൂകനായിരുന്നു. 'ഒരു കൊന്നതെങ്ങിന്റെ തണലല്ല, അരയാലിന്റെ തണലാണ് മക്കള്‍ക്ക് വേണ്ടത് ഹുസൈ 'എന്ന് ഉമ്മിച്ചയോട് പറഞ്ഞപ്പോള്‍ വാക്കുകളുടെ ആന്തരികാര്‍ഥം അറിയാതെ ഉമ്മിച്ച ആകെ കുഴങ്ങി. കാറ്റില്ലാതെ ഉലഞ്ഞാടുന്നൊരു വന്‍മരം പോലെ പപ്പയുടെ പല വാക്കുകളും ആദ്യമായി പലപ്പോഴും പതറുന്നുണ്ടായിരുന്നു.
നാട്ടിലെത്തി ഇരുപത് ദിവസം പിന്നിട്ടപ്പോള്‍ പടര്‍ന്ന നെഞ്ച് വേദനയില്‍ ഉമ്മിച്ചയുടെ മടിയില്‍ കിടന്ന് വീണ്ടും ജീവിക്കുവാനുള്ള ആസക്തിയോടെയും നേര്‍ത്തൊരു തേങ്ങലായും പപ്പ കണ്ണുകള്‍ കൂട്ടി അടക്കുന്നതിന് മുന്‍പ് ' എനിക്ക് വയ്യ ഹുസൈ മക്കളെ നോക്കണേ 'എന്ന അവസാനത്തെ വാക്കോടെ ആ ശരീരം നിശ്ചലമായി. ഇരുപത്തിയേഴാമത്തെ വയസ്സില്‍ വൈധവ്യത്തിന്റെ ശപിക്കപ്പെട്ട നിമിഷങ്ങള്‍ക്ക് മുന്നില്‍ ഉമ്മിച്ച പകച്ചുനില്‍ക്കുമ്പോള്‍ എനിക്ക് അഞ്ച് വയസ്സും അനുജന് രണ്ടര വയസ്സു മായിരുന്നു പ്രായം. പപ്പയുടെ വേര്‍പാടിന്റെ ആഘാതം അന്ന് ഞങ്ങള്‍ക്ക് അറിയുമായിരുന്നില്ല. ആ ദിവസം ഞാന്‍ പപ്പയുടെ മൂത്ത സഹോദരന്റെ വീട്ടിലായിരുന്നു. തൊട്ടടുത്ത വീട്ടിലെ സ്ത്രീ വേലിക്കല്‍ വന്ന് നിന്ന് വീട്ടിലെ ഇത്തമാരോട് വളരെ പതുക്കെ എന്തോ പറയുകയും വീട്ടില്‍ നിന്നും കൂട്ടക്കരച്ചില്‍ ഉയരുകയും ചെയ്യുന്നത് കണ്ട് എന്താണ് കാര്യമെന്നറിയാതെ ഞാന്‍ അമ്പരന്ന് നിന്നു. ഇത്തമാര്‍ക്കൊപ്പം വീട്ടിലെത്തിയപ്പോള്‍ എല്ലാവരും കരയുന്നത് കണ്ട് ഞാനും വെറുതെ കരഞ്ഞു. വീടിന്റെ ഇറയത്ത് പപ്പയെ വെള്ള പുതപ്പിച്ച് കിടത്തിയിരിക്കുന്നത് കണ്ട് 'എന്റെ പപ്പ പള്ളില്‍ പോകുവാ, നാളെ തിരിച്ച് വരുമെന്ന് 'പറഞ്ഞ് അപ്പുറത്തെ വീട്ടിലെ കുട്ടികള്‍ക്കൊപ്പം കളികളില്‍ കൂടി. അവസാനമായി പപ്പയെ കാണാന്‍ എന്നെ എടുത്തുകൊണ്ട് പോകുമ്പോള്‍ എനിക്ക് കാണണ്ട എന്ന് പറഞ്ഞ് കൂവി കരഞ്ഞു. ഇത്ര മാത്രമാണ് എന്റെ പപ്പയെ കുറിച്ചുള്ള എന്റെ ഓര്‍മ്മകള്‍.
എത്ര തിരഞ്ഞിട്ടും കിട്ടാത്ത പപ്പയുടെ മുഖത്തിനായി വളരും തോറും ഞാന്‍ തിരഞ്ഞ് കൊണ്ടിരുന്നു. എനിക്ക് ആറോ ഏഴോ വയസ്സുള്ളപ്പോള്‍ ബന്ധുവിന്റെ വിവാഹവേളയില്‍ കണ്ട ഒരു മുഖം പപ്പയാണന്ന് ധരിച്ച് ആ മനുഷ്യന്റെ പുറകെ കല്യാണവീട്ടില്‍ ഞാന്‍ ചുറ്റിപറ്റി നടന്നു. കശ്മീരിലായിരുന്നപ്പോള്‍ പപ്പയും ഞാനും ഉമ്മിച്ചയും ഒന്നിച്ചുള്ള ധാരാളം ചിത്രങ്ങള്‍ എടുത്തിരുന്നെങ്കിലും ഫോട്ടോകള്‍ ഫ്രെയിം ചെയ്യാനായി കൊട്ടിയത്തുള്ള ഒരു സ്റ്റുഡിയോയില്‍ ഏല്‍പ്പിക്കുകയും ഒരാഴ്ച്ച കഴിഞ്ഞപ്പോള്‍ എന്തോ കാരണത്താല്‍ സ്റ്റുഡിയോ പൂട്ടി പോവുകയും ചെയ്തതോടെ പപ്പക്കൊപ്പം ഓര്‍മ്മയിലുണ്ടായിരുന്ന ആ നിമിഷങ്ങളും നഷ്ടമായി.
ജീവിതത്തിന്റെ ഒരു ഭാഗം തന്നെയാണ് നഷ്ടപ്പെട്ടതന്നറിയാത്ത കുട്ടിക്കാലത്ത്, 'യത്തീം' എന്ന വിളിയോടെ എന്റെയും അനുജന്റെയും നേര്‍ക്ക് നീണ്ടുവന്ന സഹതാപനോട്ടങ്ങളും. കാത്തിരുന്നിട്ടും തിരിച്ച് വരാത്ത പപ്പയോടുള്ള ദേഷ്യവും കൊണ്ട്' മരിച്ചുപോയ ജലാലിന്റെ മോളാണ്. എന്ന് കേള്‍ക്കുമ്പോഴൊക്കെ എനിക്ക് പപ്പയോട് കടുത്ത അമര്‍ഷം തോന്നുമായിരുന്നു. പപ്പ ഞങ്ങളോട് പൊറുക്കാനാവാത്ത അപരാധം ചെയ്തത് പോലെ ജലാല്‍ എന്ന പേര് നീണ്ട് വരുന്നിടത്ത് നിന്നൊക്കെ ഞാന്‍ ഓടിയൊളിച്ചു. പപ്പയെക്കുറിച്ച് ആരെന്ത് ചോദിച്ചാലും മിണ്ടാതെ ഞാന്‍ തല കുനിച്ചുനിന്നു. പക്ഷേ, വളര്‍ന്നുവരും തോറും പപ്പയും എന്നില്‍ കൂടുതല്‍ വളര്‍ന്നു വന്നു. മുതിര്‍ന്നിട്ടും കുട്ടിയായി പപ്പയുടെ കൈ പിടിച്ച് നടക്കാനുള്ള ആഗ്രഹത്തോടെ പപ്പയെ തിരിച്ച് വിളിച്ച് ഒരിക്കല്‍ 'ഉപ്പ' എന്ന കവിതയെഴുതി പല പ്രാവശ്യം തനിച്ചിരുന്ന് ഉരുവിട്ടു.
ആകാശ നീല ഉടുപ്പിട്ട്
രാത്രികളില്‍ ഉപ്പ മാനത്ത് നടക്കാനിറങ്ങും
തിരികെ വാ ഉപ്പാ
വേഗം വാ ഉപ്പാ
എന്റെ വിളികള്‍ കര കടന്ന്
കടല് കടന്ന് മലകളും കടന്ന്
ആകാശത്തേക്ക് എത്തുമ്പോഴേക്ക്
ഉപ്പക്ക് ഉറങ്ങാന്‍ നേരമായിട്ടുണ്ടാവും.
എന്ന് എഴുതിക്കഴിഞ്ഞപ്പോള്‍ കാറ്റും ആകാശത്തിന്റെ മുഴക്കവും കണ്ണുനീര്‍ തുള്ളികളായ് എന്നെ നനയിച്ചു.
'തങ്കപ്പെട്ട സ്വഭാവമായിരുന്നു അവനെന്നും ആദര്‍ശമുള്ള വ്യക്തിത്വമായിരുന്നെന്നുമൊക്കെ ' ഇന്നും പലരും പറഞ്ഞ് കേള്‍ക്കുമ്പോള്‍ അയാഥാര്‍ത്ഥമായ ഒരു ലോകത്തിന്റെ നീല ക്യാന്‍വാസില്‍ പപ്പയുടെ മുഖം കൂടുതല്‍ തെളിച്ചത്തോടെ ഞാന്‍ വരച്ചിടുന്നു. ആദ്യം മുതല്‍ ഒന്നുകൂടി കാലം ആരംഭിച്ചിരുന്നെങ്കില്‍ എന്ന അദമ്യമായ കൊതിയോടെ.
ജനിച്ച നാട്ടിലേക്ക് ഒരിക്കലെങ്കിലും പോകണമെന്നും പൂഞ്ച് ബീഗമെന്ന് പേരു ചൊല്ലിവിളിച്ച മണ്ണില്‍ വാക്കുകള്‍ കൊണ്ട് വീണ്ടുമൊന്ന് പിറന്ന് വീഴണമെന്നും പപ്പയും ഉമ്മിച്ചയും എന്റെ കൈപിടിച്ച് നടന്ന വഴികളിലൂടെ ഒരിക്കല്‍ക്കൂടി നടക്കണമെന്നുമൊക്കെയുള്ള അതിയായ ആഗ്രഹത്താല്‍ വര്‍ഷങ്ങളായി പല സ്വപ്നങ്ങളും ഞാന്‍ കാണാറുണ്ട്. പക്ഷേ, എന്തുകൊണ്ടോ കശ്മീരിലേക്കൊരു യാത്ര ഇന്നും സഫലമാകാതെ നീണ്ടുപോകുന്നത് മറ്റൊരു അത്ഭുതവുമായി ആ നാട് എന്നെ കാത്തിരിക്കുന്നത് കൊണ്ടാവും.
Key Points:
The author`s family moved to Kashmir when she was a baby.
She experienced the beauty and culture of Kashmir.
The author`s father worked in the army, and she lived a unique life in a military camp.
The author`s mother experienced a difficult pregnancy and a near-fatal fall.
The author`s father passed away when she was five years old.
The author shares fond memories of her childhood and the impact her father had on her life.
Content Highlights: A heartwarming tale of a young woman`s childhood spent in Kashmir, filled with adventure, love, loss
Published: 29 Sept 2024, 11:30 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented