'നസിയുടെ നില്‍പ്പില്‍ എന്തോ പന്തികേടുള്ളത് പോലെ എനിക്ക് തോന്നി. ഭയങ്കരമായ ഒരു രഹസ്യം പറയാനെന്നപോലെ അവള്‍ നാലുപാടും നോക്കുന്നുമുണ്ട്. ഇനി ഇവള്‍ മറ്റേതെങ്കിലും പ്രേമത്തില്‍ അകപ്പെട്ടിട്ടുണ്ടാകുമോ. എനിക്ക് സംശയമായി. എന്റെ സംശയത്തെ സാധൂകരിക്കുന്നത് പോലെ പെട്ടന്ന് ഞങ്ങളുടെ പിന്നില്‍ നിന്നും ഒരു സൈക്കിളിന്റെ ബെല്ലടി ശബ്ദം കേട്ടു. തോല് സലീമാണ്. കഴുത്തില്‍ വട്ടം ചുറ്റിയിട്ടിരുന്ന സ്‌കാര്‍ഫിന്റെ തുമ്പെടുത്ത് മുഖം തുടച്ച് കൊണ്ട് സലീം കടന്നുപോകാനായി നസി കാത്തുനിന്നു. എന്നാല്‍ ചവുട്ടിയിട്ടും മുന്നോട്ട് പോകാത്തത് പോലെ സൈക്കിളിന്റെ ഹാന്‍ഡില്‍ വെട്ടിച്ച് സലിം ഞങ്ങളുടെ മുന്നില്‍ നിന്ന് പമ്മിക്കളിച്ചു. അപ്പോള്‍ നസിയുടെ വീടിന് മുന്‍പിലെ ആത്ത മരത്തിന്റെ കൊമ്പിലൊരു കൂവിവിളി കേട്ടു. ഏതോ കുയില്‍ സമയം തെറ്റി പാടുകയാണ്. കുയിലിന്റെ കൂവലിന്റെ തുടര്‍ച്ചപോലെ സൈക്കിളില്‍ കാല്‍ കുത്തിനിന്ന സലീമും കൂവാന്‍ തുടങ്ങി. കൂവി കൂവി സലീമും കുയിലും ഒരു പോലെ തോറ്റതായി എനിക്ക് തോന്നി. ഇതൊക്കെ കണ്ടും കേട്ടും നിന്ന നസി ഇവനിത് എന്തോത്തിന്റെ സോക്കേടാന്ന് അരിശംപൂണ്ടു. ഒടുവില്‍ എടീ നീയിങ്ങോട്ട് വന്നേന്നും പറഞ്ഞ് എന്റെ കൈക്ക് പിടിച്ച് വീടിന്റെ അടുക്കളവശത്തേക്ക് കുട്ടിക്കൊണ്ടുപോയി അടക്കിപിടിച്ചുവച്ച രഹസ്യത്തിന്റെ ചുരുള്‍ തുറന്നു.

To advertise here,

'പിന്നെ നാളെ ഞാനും നിന്റെ കൂടെ കോളേജില് വരുന്ന്'. രഹസ്യഭാരം ഒഴിഞ്ഞ് നസി നിശ്വസിച്ചു. ഒന്‍പതാം ക്ലാസില്‍ പഠിത്തം നിര്‍ത്തി അടുക്കളഭരണം ഏറ്റെടുത്ത നസി കോളേജില്‍ വരികയോ? ഇവള്‍ എന്തൊക്കെയാണ് പറയുന്നത്? ഞാന്‍ നസിക്ക് മുന്നില്‍ യാതൊന്നും പിടികിട്ടാത്തത് പോലെ വായും പൊളിച്ച് നിന്നു. 'എന്തുവാടീ നീയിങ്ങനെ മിഴിച്ച് നോക്കുന്നത്. ഞാന്‍  കോളേജില്‍ വരുന്നെന്നല്ലിയോ പറഞ്ഞത്, കള്ളുഷാപ്പിലേക്കല്ലല്ലോ'. നസിയുടെ ചോദ്യത്തില്‍ ന്യായമുണ്ട്. കായംകുളം എം.എസ്.എം കോളേജില്‍ ലൈനടിക്കാനായി മാത്രം പുറത്ത് നിന്നും വരുന്ന ആണ്‍കുട്ടികള്‍ കാമ്പസിലെ സ്ഥിരം  കാഴ്ച്ചയാണ്. അവളുടെ വരവിന് അങ്ങനെയുള്ള ദുരുദ്ദേശ്യമൊന്നുമില്ലല്ലോ? പിന്നെ വന്നാലെന്ത് എന്ന് ഞാന്‍ ആലോചിച്ചു. അത് തന്നെയുമല്ല, ആഗ്രഹങ്ങള്‍ക്ക് ആണും പെണ്ണും എന്ന വ്യത്യാസം അനീതി തന്നെയാണ്. ആഗ്രഹങ്ങളുടെ തടാകത്തില്‍ നീന്തി അവളും യഥേഷ്ടം ഉല്ലസിക്കട്ടെ. ഇങ്ങനെയൊക്കെ പലതും ഞാന്‍  ചിന്തിച്ച് നില്‍ക്കുന്നത് കണ്ട് നസിയുടെ മുഖം വാടി. കാരണം, എന്നില്‍ നിന്നും ആവേശപൂര്‍ണമായ ഒരു സ്വീകരണമായിരുന്നു അവള്‍ പ്രതീക്ഷിച്ചിരുന്നത്. 'നീ വീട്ടീ പറഞ്ഞോ' ഞാനവളോട് ചോദിച്ചു.

'ഇല്ലടീ നാളെ വീട്ടീന്ന് എല്ലാരും കൊല്ലത്ത് പോകുവാ. ആ സമയത്ത് നമ്മുക്ക് പോകാം, ഇവിടാരും അറിയണ്ട'. അപ്പോള്‍ കാര്യങ്ങളുടെ കിടപ്പ് ആകെ കുഴപ്പത്തിലാണ്. സംഗതി പുലിവാലാകുമോ എന്ന ശങ്ക തോന്നിയെങ്കിലും അതൊന്നും പുറമേ പ്രകടിപ്പിക്കാതെ കോളേജില്‍ കൂട്ടിക്കൊണ്ട് പോകാമെന്ന് വാക്ക്  നല്‍കിയപ്പോള്‍ അവളുടെ മുഖം താമരപ്പൂവ് പോലെ വിടര്‍ന്നു. ദുര്‍ബല മനസ്സാണങ്കിലും ചില കാര്യങ്ങളില്‍ അവള്‍ക്ക് അസാമാന്യമായ ധൈര്യമാണ്. അതുപോലെ വിധിയിലും വിധി നിശ്ചയത്തിലുമൊക്കെ അവള്‍ക്ക്  വളരെയധികം വിശ്വാസവുമുണ്ട്. ആവശ്യമുള്ളിടത്തും ഇല്ലാത്തിടത്തുമൊക്കെ വെറുതെ വിധിയെ പിടിച്ചിടും. അതാണ് അവളുടെ രീതി.'

കട്ടിലിനടിയിലെ രൂപം കണ്ട് ആദ്യം പേടിച്ചു, പിന്നെ പുറത്തിറങ്ങിയ അവളെ നാട്ടുകാര്‍ തെറി കൊണ്ട് മൂടി.... ആദ്യ ഭാഗം വായിക്കാം

പിറ്റേ ദിവസം രാവിലെ മുതല്‍ നസിയെ കാമ്പസിലേക്ക് കൊണ്ട് പോകാനുള്ള ഒരുക്കങ്ങള്‍ തുടങ്ങി. എന്റെ കടുംപച്ച നിറത്തിലുള്ള ചുരിദാര്‍ ധരിപ്പിച്ച് നടപ്പും ഭാവവും കൊണ്ട് എങ്ങനെ ഒരു കോളേജ് കുമാരിയാകാം എന്ന പരിശീലനം ആദ്യം നല്‍കി. പാവാടയും ഉടുപ്പും എന്നതില്‍ നിന്നും മാറി ഫ്രില്ലുകള്‍ ചേര്‍ത്ത് തയ്‌ച്ചെടുത്ത പച്ച ചുരിദാര്‍ അണിഞ്ഞപ്പോള്‍ അവളുടെ കണ്ണുകളില്‍ അതിശയത്തിളക്കം ഞാന്‍ കണ്ടു. തുണി കഴുകാനായി ഉപയോഗിച്ചിരുന്ന അഞ്ഞൂറ്റിയൊന്നിന്റെ ബാർസോപ്പാണ് അവള്‍ കുളിക്കാനും ഉപയോഗിച്ചിരുന്നത്.  തലേ ദിവസം ഞാന്‍ നല്‍കിയ നിര്‍ദ്ദേശമനുസരിച്ച്  മുടി കഴുകി ഉണക്കി പറത്തിയിട്ടപ്പോള്‍ വെളിച്ചണ്ണമണവും ബാര്‍സോപ്പിന്റെ മണവും കൂടി കലര്‍ന്ന് സുഖകരമല്ലാത്തൊരു ഗന്ധം അവളെ ചൂഴ്ന്ന് നിന്നു. അത് മറയ്ക്കാനായി അവള്‍ ഉപ്പ തുണിപ്പെട്ടിയില്‍ സൂക്ഷിച്ച് വെച്ചിരുന്ന അത്തറെടുത്ത് തലയിലും ദേഹത്തുമെല്ലാം തേച്ച് പിടിപ്പിച്ചു. ഐ ലൈനര്‍ കൊണ്ട് കണ്ണെഴുതിക്കൊടുത്തപ്പോള്‍ കരിമാത്രം എഴുതി ശീലിച്ച കണ്ണുകള്‍ നീരുറവയായി. ബീറ്റ്‌റൂട്ടിന്റെ ചെറിയ കഷണമെടുത്ത് ചുണ്ടില്‍ തേച്ചുപിടിപ്പിച്ച് കളറ് കൂട്ടി. ഒരുക്കമെല്ലാം പൂര്‍ത്തിയായി പുറത്ത് വന്ന നസിയുടെ മേക്ക് ഓവര്‍ കണ്ട് അയലത്തെ പെണ്ണുങ്ങള്‍ വാ പൊളിച്ചു നിന്നു. 'യ്യോ ഇപ്പോ ഇവള് സിനിമാനടി പാര്‍വതിയെ പോലെയുണ്ട്'. ചിലര്‍ അതിശയം കൂറി. അത് കേട്ട് അവളുടെ ഉണ്ടക്കണ്ണുകള്‍ തിളങ്ങി. അവളെയും കൂട്ടി കാമ്പസിലേക്ക് പോകുമ്പോള്‍ ഒരു സൗന്ദര്യധാമം ഒപ്പമുണ്ട് എന്ന അഭിമാനബോധത്താല്‍ എന്റെ തല ഉയര്‍ന്നു നിന്നു.

രണ്ടാകുറ്റിയില്‍ നിന്ന് കായംകുളത്തേക്ക് ബസ്സ് കയറിയതും കണ്ടക്ടറുടെ ശ്രദ്ധ അവളിലായി. പല പ്രാവശ്യം അവള്‍ക്കരികിലൂടെ മുട്ടിയുരുമ്മി നടന്നു. ബസ്സിറങ്ങിയതും സ്റ്റോപ്പില്‍ നിന്ന പൂവാലന്‍മാര്‍ ഞങ്ങളുടെ പിന്നാലെ കൂടി. ചിലര്‍ അവളോട് പേര് ചോദിച്ചു. പഠിക്കുന്നതിനെക്കുറിച്ച് ചോദിച്ചു. എല്ലാ ചോദ്യങ്ങള്‍ക്കും മറുപടിയായി എല്ലാവരേയും അവള്‍ ചിരിച്ച് കാണിച്ചു. കാമ്പസിലെത്തുന്നതിന് മുന്‍പ് അഭിമുഖീകരിക്കേണ്ടിവരുന്ന കുറച്ച് ചോദ്യങ്ങള്‍ നേരിടാന്‍ ഇതിനിടെ അവളെ ഞാന്‍ പരിശീലിപ്പിച്ചു. 'കാമ്പസില്‍ ആര് ചോദിച്ചാലും ഞാന്‍ നിന്റെ അനിയത്തിയാണന്ന് പറഞ്ഞേക്കണം. എന്തിന് പഠിക്കുന്നു എന്ന് ചോദ്യം വന്നാല്‍ കൊല്ലത്ത് എസ്എന്‍ കോളേജില്‍ ഡിഗ്രിക്ക് പഠിക്കുന്നു എന്ന് പറയണം, ബാക്കിയൊക്കെ ഞാന്‍ പറഞ്ഞോളം കേട്ടോ'. ഞാന്‍ പറഞ്ഞതെല്ലാം അവള്‍ സമ്മതിച്ചു. 

placeholder
ജസീന റഹീം

കോളേജിന്റെ വാതില്‍ക്കലെത്തിയപ്പോഴേക്കും ഞങ്ങളുടെ പിന്നില്‍ ഒരു ചെറിയ പൂവാലസംഘം രൂപപ്പെട്ടിരുന്നു. എല്ലാവരുടേയും നോട്ടം നസിയിലാണ്.  ഇതൊക്കെ കണ്ട് ഞാന്‍ വല്ലാതെ ഭയന്നു. എന്നാല്‍ നസിയില്‍ അതിന്റെതായ പതര്‍ച്ചയോ പരിഭ്രമമോ കണ്ടില്ലെന്നു മാത്രമല്ല ഏതു കാറ്റിനും വഴങ്ങി, നിലത്ത് വീഴാതെ പിടിച്ചുനില്‍ക്കാന്‍ കെല്‍പുള്ള ഒരു വള്ളിമരം പോലെ അവള്‍ എല്ലാവരേയും ചിരിച്ച് കാണിച്ചു. പക്ഷേ പൂവാലസംഘം ആവത് ശ്രമിച്ചിട്ടും അവള്‍ വാ തുറന്ന് കമാ എന്നൊരക്ഷരം മിണ്ടിയില്ല. 'ഇവള് പൊട്ടിയാന്ന് തോന്നുന്നടാ'. സംഘത്തിലെ ഒരുവന്‍ വിളിച്ചു പറയുന്നത് കേട്ടപ്പോള്‍ അവള്‍ ഒച്ചവെച്ച് ചിരിച്ചു. എന്തൊക്കെയോ പന്തികേട് പോലെ തോന്നിയത് കൊണ്ടാവണം പൂവാല സംഘത്തില്‍ നിന്ന്  ഒരോരുത്തരായി ഞങ്ങളുടെ പിന്നില്‍ നിന്നും ഒഴിഞ്ഞുപോയി.

ജസീന റഹീം എഴുതുന്ന മറുപുറം കോളത്തിന്റെ മുൻലക്കങ്ങൾ വായിക്കാം

കാമ്പസിലേക്ക് കാല് കുത്തിയതും നസിയുടെ ഉണ്ടക്കണ്ണുകള്‍ ഒന്നുകൂടി വിടര്‍ന്നു. വലിയ ക്ലാസ്റൂമുകളും നീണ്ട കോറിഡോറുകളും കൗമാരങ്ങളുടെ നിറഞ്ഞാട്ടവുമൊക്കെ കണ്ട് നസി അന്തംവിട്ട് നിന്നു. കാമ്പസ് ജീവിതം പഠിക്കാനും പരീക്ഷകള്‍ക്കും മാത്രമല്ല, എന്ന തിരിച്ചറിവില്‍ എന്റെ ക്ലാസില്‍ കയറിയിരിക്കണമെന്ന് അവളാഗ്രഹം പറഞ്ഞു. ക്ലാസ്റൂമിന്റെ വാതിലിലൂടെ അകത്തേക്ക് കടന്നപ്പോള്‍ ഒന്‍പതില്‍ തോറ്റ് പഠനം അവസാനിപ്പിച്ചടുത്തു നിന്നും വളരെ വേഗം മുന്നിലോട്ട് പോയി അവള്‍ ശരിക്കും ഒരു പ്രീഡിഗ്രിക്കാരിയായി മാറിയത് പോലെ തോന്നി. അന്ന് ബോട്ടണി ക്ലാസായിരുന്നു. പുതുതായി ഒരു കുട്ടി ക്ലാസില്‍ വന്നിരുന്നത് അധ്യാപികയ്ക്ക് കണ്ടുപിടിക്കാന്‍ കഴിഞ്ഞില്ല. കാരണം നൂറോളം കുട്ടികളുണ്ടായിട്ടും വിരലില്‍ എണ്ണാവുന്ന കുട്ടികള്‍ മാത്രമാണ് ക്ലാസുകള്‍ അറ്റന്‍ഡ് ചെയ്തിരുന്നത്. തേര്‍ഡ് ഗ്രൂപ്പിലൊക്കെയുള്ള കുട്ടികള്‍ സെക്കൻഡ് ഗ്രൂപ്പിലെ ക്ലാസുകളിലൊക്കെ വെറുതെ കയറിയിരിക്കുന്നതൊക്കെ പതിവ് കാഴ്ച്ചയായിരുന്നു. ഒരു ഇലയുടെ ഘടനയെക്കുറിച്ചുള്ള ക്ലാസായിരുന്നു അന്ന്. 'നമ്മുടെ ചുറ്റുമുള്ള ഓരോ ചെടിയുടെയും അവയുടെ ജീവതത്തിന്റെയും കഥ അറിയാമോ?' ക്ലാസിനിടയില്‍ അധ്യാപിക ചോദിച്ചു. ആ ചോദ്യത്തിന് മുന്നില്‍ നസി എന്തൊക്കെയോ ചിന്തിച്ചിരുന്നു. ബോട്ടണി ഒരു പാഠം മാത്രമല്ല, ഒരു ജീവിതാനുഭവം കൂടിയാണന്ന് അവള്‍ ചിന്തിച്ചിരുന്നതായിരിക്കണം.

രണ്ടാമത്തെ പീരിയഡ് ഞാന്‍ ക്ലാസില്‍ കയറിയില്ല. അവളെ കാമ്പസ് ചുറ്റിനടന്ന് കാണിക്കാന്‍ തുടങ്ങി. കാമ്പസിലെ പുതുമുഖത്തെ കണ്ട് അവളുടെ പിന്നില്‍  ആണ്‍കുട്ടികള്‍ പൊതിഞ്ഞു. പേര്, വീട്, നാട്... പല താളത്തില്‍ അവളുടെ ചുറ്റുംനിന്ന് ഒരോ ചോദ്യങ്ങളുയര്‍ന്ന് കൊണ്ടിരുന്നു. ചിലരോട് ഞാന്‍ പറഞ്ഞ് പഠിപ്പിച്ചത് അവള്‍ ആവര്‍ത്തിച്ചു. ചിലരോട് ഒന്നും മിണ്ടിയില്ല. ക്ലാസ്മുറിയുടെ ജനലരികില്‍ ചേര്‍ന്നുനിന്ന് സംസാരിക്കുന്ന പ്രണയജോഡികളെ കണ്ടപ്പോള്‍ അവള്‍ എന്തോ ഓര്‍ത്ത് നിന്നു. പ്രണയങ്ങളില്‍ നിന്ന് പ്രണയങ്ങളിലേക്ക് മാറ്റി പ്രതിഷ്ഠിച്ചവളെ പോലെ അടുക്കളുടെ സമ്മിശ്രഗന്ധങ്ങളില്‍ നിന്ന് ആ നേരം അവള്‍ ഇറങ്ങി നടക്കുന്നത് പോലെ എനിക്ക് തോന്നി. 

ഉച്ചവരെ കാമ്പസിലൂടെ ചുറ്റിത്തിരിഞ്ഞ് നടന്നു.  വൈകുന്നതിന് മുന്‍പ് വീട്ടിലെത്തണം. പക്ഷേ, നസിക്ക് കോളേജില്‍ നിന്ന് മടങ്ങണമെന്ന ചിന്തയൊന്നുമില്ല. കൊല്ലത്ത് പോയ അവളുടെ ഉമ്മയും ബാപ്പയും വീട്ടില്‍ തിരിച്ചെത്തുന്നതിന് മുന്‍പ് അവിടെയെത്തിയില്ലങ്കില്‍ ആകെ കുഴപ്പമാണ്. ഞാന്‍ ധ്യതിവെച്ചു. ഒടുവില്‍ ഒരു സ്വപ്നത്തില്‍ നിന്ന് ഇറങ്ങി നടക്കുന്നത് പോലെ അവള്‍ ആടിയാടി കാമ്പസിന് പുറത്തേക്ക് നടക്കുമ്പോള്‍  കോളേജ് യൂണിയന്‍ ഭാരവാഹികളില്‍ ചിലര്‍ ശ്രദ്ധിക്കുന്നത് കണ്ടു. കോളേജിലെ പെണ്‍കുട്ടികള്‍ക്കിടയില്‍ വളരെ മതിപ്പുള്ള നേതാക്കന്‍മാരിലൊരാള്‍ നസിയെ പരിചയപ്പെടാന്‍ വന്നു. പേരും ഊരുമെല്ലാം ചോദിച്ച് മനസ്സിലാക്കിയതിനുശേഷം എന്തിന് പഠിക്കുന്നു എന്നായി ചോദ്യം. 'ഡിഗ്രിക്ക് എസ്എന്‍ കോളേജില്‍..' നസിയുടെ മറുപടിയില്‍ നേതാവിന്റെ ചോദ്യം ഒതുങ്ങിയില്ല. എത്രാം വര്‍ഷം? മെയിന്‍ ഏത്? ഇതിനോടകം നസിയില്‍ പ്രണയം മൊട്ടിട്ട നേതാവിന് അവളെക്കുറിച്ച് കൂടുതല്‍ അറിയണമായിരുന്നു. നേതാവിന്റെ ചോദ്യങ്ങള്‍ക്ക് മുന്നില്‍ കുഴങ്ങിനിന്ന നസിയെ രക്ഷിക്കാന്‍ അവള്‍ക്ക് വേണ്ടി ഞാന്‍ എന്തൊക്കെയോ മറുപടികള്‍ നല്‍കി.

നേതാവ് കാമ്പസിലെ എന്റെയും ആരാധനാപാത്രമായിരുന്നു. ഒന്നു മിണ്ടാനൊക്കെ ആഗ്രഹിച്ചിട്ടുമുണ്ട്. ആ നേതാവാണ്  നസിയുടെ പിന്നില്‍ ഒരു വാക്കിനായി ഇരക്കുന്നത്. ഓര്‍ത്തപ്പോള്‍ എനിക്കും ചിരി പൊട്ടി. കാമ്പസ് വിട്ടിറങ്ങുമ്പോള്‍ നേതാവും ഞങ്ങള്‍ക്കൊപ്പംകൂടി. നസിയോട് കൂടുതല്‍ അടുപ്പം പ്രകടിപ്പിച്ച് സംസാരിക്കാന്‍ തുടങ്ങി. വാ തുറന്നാല്‍ കൈയില്‍ നിന്നും എല്ലാ സംഗതികളും വിട്ടുപോകുമോ എന്ന് ഭയന്ന് പതിവ് പോലെ ചിരിയിലൂടെ എല്ലാ ചോദ്യങ്ങളെയും അവള്‍ നേരിട്ടു. ബസ് സ്റ്റാൻഡ്  വരെ ഒപ്പം നടന്നിട്ടും അനുകൂല മറുപടികളൊന്നുമില്ലാത്ത വെറും ചിരി കണ്ടപ്പോള്‍ നേതാവിന് ദേഷ്യം പിടിച്ചു. ഒടുവില്‍ നേതാവിന്റെ മട്ട് മാറി. 'നീ ആരാന്നാ വിചാരം. സൗന്ദര്യറാണിയോ. ഞാനേ നിന്റെ സൗന്ദര്യം കണ്ട് പിറകെ വന്നതല്ല'. നേതാവിന്റെ കലിപ്പന്‍ വര്‍ത്തമാനങ്ങള്‍ കേട്ട് നസി അടക്കിപ്പിടിച്ച് ചിരിക്കാന്‍ തുടങ്ങി. അത് കണ്ട് നേതാവ് എന്തൊക്കെയോ സംശങ്ങളോടെ എന്നെ നോക്കി. ഇതിനിടയ്ക്ക് നസിയുടെ ചിരിയുടെ ലെവല്‍ മാറി ഉച്ചത്തിലുള്ള ചിരിയായി. എന്തൊക്കെയോ പന്തികേട് തോന്നിയത് കൊണ്ടാവണം പിന്നീട് യാതൊന്നും പറയാതെ നേതാവ് സ്ഥലം കാലിയാക്കി.

തിരിച്ച് വീട്ടിലെത്തുമ്പോള്‍ അവളുടെ ഉമ്മയും ബാപ്പയും കൊല്ലത്ത് നിന്ന് മടങ്ങിവന്നിട്ടുണ്ടായിരുന്നില്ല. വീട്ടിലെത്തിയിട്ടും അവള്‍ തനിയെ ഇരുന്ന് ചിരിക്കുന്നത് കണ്ടു. അന്നോളം ഞാന്‍ കാണാത്ത മറ്റൊരു നസിയായിരുന്നു അത്. പിന്നീടൊരിക്കലും അത്രയും ചിരിയോടെ ഞാന്‍ അവളെ കണ്ടിട്ടുമില്ല. എന്തായിരുന്നിരിക്കണം അന്നത്തെ നസിയുടെ ചിരിയുടെ പൊരുളുകള്‍? ആഗ്രഹത്തിന്റെ നടുവില്‍ അടഞ്ഞുപോയ ഒരു വാതില്‍ തുറന്ന് ഒരു വേളയെങ്കിലും പുറത്ത് വന്നതിന്റെ ചിരി ആയിരുന്നുവോ അത് ..
ഇന്നും ഉത്തരം കിട്ടാത്ത ഒരു ചോദ്യമാണത്.