പാതാണി കദീസാത്താടെ വീട്ടില് വാടകക്കാര് വന്ന്.' ആ വാര്‍ത്ത മണിക്കൂറുകള്‍ക്കകം കാട്ടുതീ പോലെ നാടാകെ പരന്നു. അത് കേട്ടവരൊക്കെ അതിശയത്തോടെ മൂക്കത്ത് വിരല്‍വെച്ചു. കാരണം, പത്താണുങ്ങള്‍ ഒരുമിച്ച് മുന്‍പില്‍ നിരന്ന് നിന്നാല്‍ പോലും മിനിറ്റുകള്‍ക്കകം അവരെ നാവ് കൊണ്ട് അടിച്ച് നിലംപരിശാക്കാന്‍ കഴിവുള്ള പെണ്‍സിംഹമാണ് കദീസാത്ത. അറിഞ്ഞുകൊണ്ട് അവരുടെ മടയില്‍  ആരുമങ്ങനെ  തല വെച്ച് കൊടുക്കാറില്ല. പക്ഷേ, അതൊന്നും വകവെക്കാതെ താമസക്കാരായി വന്ന  കില്ലാഡികള്‍ ആരെന്ന് ആളുകള്‍ പരസ്പരം കുശുകുശുത്തു. അതിനെ ചൊല്ലി നാട്ടിലാകെ പല അഭ്യൂഹങ്ങളും പരക്കുകയും ചെയ്തു. അങ്ങനെ നാടൊന്നാകെ ആകാംക്ഷയുടെ മുള്‍മുനയില്‍ നിന്നൊരു പകലിലേക്ക് ചുള്ളന്‍മാരായ ആറോളം യുവാക്കള്‍ ഒരു കെട്ട് തുണിയുമായി ഓട്ടോറിക്ഷയില്‍ കദീസാത്തയുടെ വീട്ടുമുറ്റത്ത് വന്നിറങ്ങി.  

To advertise here,

ഇന്‍സ്റ്റാള്‍മെന്റായി തുണിക്കച്ചവടം ചെയ്ത് വരുമാനമുണ്ടാക്കി ജീവിതം കരുപ്പിടിപ്പിക്കാമെന്ന് സ്വപ്നം കണ്ട് എത്തിയ തെക്കരായിരുന്നു അവര്‍. മറ്റൊരു നാട്ടില്‍ നിന്ന് എത്തുന്നവര്‍ക്ക് വളരെ വേഗം രണ്ടാംകുറ്റിയിലെ ദേശത്തിനകമെന്ന ദേശവുമായി ഇണങ്ങിപ്പോകുവാന്‍ കഴിയുമായിരുന്നില്ല. ഒന്നാമത്തെ പ്രശ്‌നം നാറ്റമാണ്. കശാപ്പുശാലകള്‍ക്ക് പേരെടുത്ത നാടായത് കൊണ്ട് തന്നെ  ആഴ്ചയിലെ പല ദിവസങ്ങളെയും നാറ്റങ്ങളായാണ് അന്ന് അടയാളപ്പെടുത്തിവെച്ചിരുന്നത്. തമിഴ്‌നാട്ടില്‍ നിന്നും തോല്‍വണ്ടി വരുന്ന ദിവസം പരിസരമാകെ അഴുകിയ തോലിന്റെ നാറ്റമാണ്. എല്ല് കയറ്റിക്കൊണ്ടു പോകാനായി വണ്ടി  വരുന്ന ദിവസം കൊഴുകൊഴുത്ത ദുര്‍ഗന്ധത്താല്‍ ഓക്കാനിച്ച് കുടല്‍ വന്ന് തൊണ്ടയില്‍ കുരുങ്ങിക്കിടക്കുന്നത് പോലെ തോന്നും.

വെള്ളിയാഴ്ച്ച ദിവസങ്ങള്‍ വലിയ അലൂമിനിയം ചരുവത്തില്‍  ശേഖരിച്ചുവെച്ച അറവുമൃഗങ്ങളുടെ കൊഴുപ്പുരുക്കുന്ന ദിവസമാണ്. ഇന്നത്തെ  ഫാസ്റ്റ്ഫുഡുകളായ അല്‍ഫാമും ഷവര്‍മയുമൊക്കെ ചാര്‍ക്കോള്‍ തീയില്‍ ചുട്ടുകരിഞ്ഞ് വരുമ്പോള്‍ പരക്കുന്ന ഇറച്ചിയുടെ ഒരു കരിഞ്ഞ ഗന്ധമുണ്ട്. നെയ്യുരുക്കുന്ന ദിവസം അതിനേക്കാള്‍ കുറച്ചുകൂടി രൂക്ഷമായ മറ്റൊരു തരത്തിലുള്ള ദുര്‍ഗന്ധമാണ്.

വളരെ ചെറിയ കുഴിയെടുത്ത് അലക്ഷ്യമായിട്ട് കുഴിച്ചിട്ട അവശിഷ്ടങ്ങള്‍ നായ്ക്കള്‍ മാന്തി പുറത്തിടുമ്പോള്‍ പരന്നിരുന്ന ദുര്‍ഗന്ധമായിരുന്നു ഏറ്റവും അസഹനീയം. 'അവന്റെയൊക്കെ ഒടുക്കലത്തെ പരിപാടിയാ 'ഒരോ നാറ്റങ്ങളെയും ഉമ്മിച്ച പ്രാകി തോല്‍പ്പിച്ചു. അന്ന് അതിന് മാത്രമേ കഴിയുമായിരുന്നുള്ളൂ. മാറി മാറി ഭരിച്ച രാഷ്ട്രീയ പാര്‍ട്ടികള്‍ ഒന്നും കണ്ടതായോ കേട്ടതായോ ഭാവിച്ചതേയില്ല. പരിസ്ഥിതി നശീകരണം, മലിനീകരണം എന്നിവയാല്‍ ഭ്രഷ്ടമായ നാട്ടിലെ ഒരുകൂട്ടം മനുഷ്യരുടെ ശുദ്ധവായു ശ്വസിക്കാനുള്ള ആഗ്രഹം  പരാതികളായപ്പോള്‍ ഇറച്ചി മണം പുരണ്ട നോട്ടുകള്‍ അതൊക്കെയും അപ്പാടെ മൂടി കളഞ്ഞു. ദ്വയാര്‍ത്ഥത്തില്‍ ഉപയോഗിക്കുന്ന ചീഞ്ഞുനാറുന്ന ഭരണസംവിധാനമെന്ന വാക്ക് അക്ഷരാര്‍ത്ഥത്തില്‍ അനുഭവിച്ച കാലമായിരുന്നു അത്. ഇങ്ങനെയൊക്കെയുള്ള പല പല നാറ്റങ്ങളാല്‍ ഉള്ള് പൊള്ളി നിന്ന നാട്ടിലേക്കാണ് നെയ്യാര്‍ഡാമിനടുത്ത് നിന്നും യുവാക്കളുടെ വരവ്.

placeholder
എം എസ് എം കോളേജിലെ പ്രീഡിഗ്രി ബാച്ചുകാർ ഒത്തുകൂടിയപ്പോൾ

ബി.എസ്.എ സൈക്കിളിന് പിന്നില്‍ തുണികളടങ്ങിയ ബാഗും കെട്ടിവെച്ച് യുവാക്കള്‍ ഒരോരുത്തരായി മൂളിപ്പാട്ടും പാടി അതിരാവിലേ വീട് വിട്ടിറങ്ങും. ഞങ്ങള്‍ പെണ്‍കുട്ടികള്‍ക്ക് അതൊരു ഹൃദയം നിറക്കുന്ന കാഴ്ച്ചയായിരുന്നു. ഞാന്‍ പത്താം ക്ലാസ് കഴിഞ്ഞ് നില്‍ക്കുന്ന സമയമാണ്. പ്രണയത്തിന്റെ മധുരമായ ചിന്തകള്‍ മനസ്സില്‍ പൊട്ടിമുളച്ച് വരുന്ന കാലം. കാല്പനികതയുടെ ചില്ലകളില്‍ പല വര്‍ണപ്പൂക്കള്‍. തൊടാനായുമ്പോഴേക്കും പറന്ന് പോകുന്ന പക്ഷിയെ പോലെ മനസ്സ്. കദീസാത്താടെ വീടിന് മുന്‍പില്‍ ഒരു മാടക്കടയുണ്ടായിരുന്നു. ഒരു ദിവസം കടയില്‍ നിന്നും സോപ്പ് വാങ്ങി വീട്ടിലേക്ക് മടങ്ങുമ്പോഴാണ് വഴിയരികിലെ മറയില്‍ നിന്ന് ഒരു ചൂളംവിളി കേട്ടത്. തോന്നലാവുമെന്ന് കരുതി മുന്നോട്ട് നടന്നപ്പോള്‍ വീണ്ടും ചൂളം വിളി. ഇപ്പോള്‍ തൊട്ടടുത്ത് നിന്നാണ്. മറയ്ക്ക് മുകളില്‍ ഒരു പൊടിമീശക്കാരന്റെ തല. ചൂളംവിളിയുടെ ഉത്ഭവസ്ഥാനം മറയില്‍ നിന്നാണെന്നറിഞ്ഞതോടെ നെഞ്ചിടിപ്പ് കൂടി. പരിഭ്രമം കൊണ്ട് എന്ത് ചെയ്യണമെന്നറിയാതെ അന്തിച്ചുനിന്ന എന്നെ നോക്കി പൊടിമീശക്കാരന്‍ ഒരു അസ്സല് ചിരി പാസ്സാക്കി. നാലുപാടും നോക്കി, ഇതൊന്നും ആരും കണ്ടിട്ടെല്ലന്ന് ഉറപ്പ് വരുത്തി വീണ്ടും മുന്നോട്ട് നടക്കാന്‍ തുടങ്ങിയപ്പോള്‍ ദാ വരുന്നു അടുത്ത ചൂളംവിളി. ഒപ്പം ഒരു കണ്ണിറുക്കല്‍ കൂടി ആയതോടെ സംഗതി കാതലാണെന്ന് എനിക്ക് പിടികിട്ടി. സൈറ്റടികള്‍ കൊണ്ട് പ്രേമങ്ങള്‍ തളിര്‍ക്കുന്ന കാലമായിരുന്നു അത്. മറയും ചൂളമടിയും സൈറ്റടിയും... എന്തിനും ഒരു ലോജിക്ക് വേണ്ടേ? ഒരു വിധത്തിലും ചേരാതെ മനസ്സില്‍ ആ സംഭവം കുഴഞ്ഞുമറിഞ്ഞ് കിടന്നു. സംഗതി മറ്റാരോടും പറഞ്ഞില്ലങ്കിലും കദീസാത്താടെ വീടിന്റെ മറയില്‍ നിന്നും പുറത്ത് വന്നിട്ടും പയ്യന്‍ സൈറ്റടികള്‍ തുടര്‍ന്നു.

ഇന്‍സ്റ്റാള്‍മെന്റ് സംഘത്തിലെ ഏറ്റവും പ്രായം കുറവ് അവനായിരുന്നെങ്കിലും ഏറ്റവും അധികം തുണികള്‍ വിറ്റുപോയത് അവനിലൂടെയാണ്. പതുക്കെ അവന്‍ നാട്ടിലെ സ്റ്റാറായി. പതുക്കെ ആദ്യ പ്രണയാനുരണങ്ങളാല്‍ മനസ്സ് തളിര്‍ത്തെങ്കിലും സലീനക്കും സജീറക്കും  റഹിയാനത്തിനുമൊക്കെ അവന്റെ സൈറ്റടി കിട്ടിയിട്ടുണ്ടെന്ന് അറിഞ്ഞതോടെ അവനോട് തോന്നിയ പ്രേമം പരമപുച്ഛമായി. 'എടീ ഇനി നമ്മക്ക് അവനെ സൈറ്റടിച്ചാലോ'. റഹിയയുടെ ചോദ്യത്തിലെ പെണ്‍ധ്വനി  ആണ്‍വിചാരങ്ങളുടെ നേര്‍ക്കുള്ള കൊഞ്ഞനംകുത്തലായിരുന്നു. അങ്ങനെ പെണ്‍കുട്ടികള്‍ ഒരോരുത്തരായി അവനെ സൈറ്റടിക്കാന്‍ തുടങ്ങി. ഒറ്റക്കണ്ണടച്ചപ്പോള്‍ ഒരോ പെണ്ണും വളര്‍ന്നു. ചപലതകളുടെ ചരല്‍ വിരിപ്പില്‍ പെട്ടെന്നൊരു കടല്‍ കയറിയത് പോലെ തെക്കന്റെ പ്രണയാഭിനയത്തിന്റെ കെട്ടുകള്‍ ഒന്നൊന്നായി ഞങ്ങള്‍ ഒരുമിച്ച് നിന്ന് അറുത്തിട്ടു. അവന്‍ എപ്പോള്‍ മുന്‍പില്‍ പെട്ടാലും പോടാ കോഴി എന്ന സൂചനയോടെ  കൊക്കൊക്കോ എന്ന് പലതരം ചിരികളിലൂടെ കൊക്കി കാണിച്ച്, അവനെ അപമാനിതനാക്കുകയും പെണ്‍കരുത്തില്‍ ഞങ്ങള്‍ സ്വയം അഭിമാനിക്കുകയും ചെയ്തു. പതുക്കെ പതുക്കെ  തെക്കന്റെ തലതാഴ്ന്നു. ഒരു കണ്ണടച്ചാല്‍ വീഴുന്ന ലോകമാണ് പെണ്ണിന്റേതെന്ന ധാരണ പൂര്‍ണമായും തിരുത്തിയത് കൊണ്ടാവാം അവന്റെ പെരുമാറ്റങ്ങളില്‍ പിന്നീട് പ്രകടമായ മാറ്റങ്ങള്‍ വന്നു.

മറുപുറത്തിന്റെ മുൻലക്കങ്ങൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

നാട്ടില്‍ പുതിയൊരു തുണി വിപ്ലവം തീര്‍ക്കാന്‍ തെക്കന്‍മാര്‍ക്ക് കഴിഞ്ഞു.  മാക്‌സിയെന്ന പേരിലിറങ്ങിയ ഒരു നെടുനീളന്‍ വസ്ത്രം പരിഷ്‌കാരമായി മുളപൊട്ടിവന്ന കാലമായിരുന്നു അത്. ഒരോ വീട്ടുമുറ്റത്തും പല ഡിസൈനുകളിലുള്ള നൈറ്റികളുടെ മോഡലുകള്‍ പ്രദര്‍ശിപ്പിച്ച് തെക്കന്‍മാര്‍ മാക്‌സിയെ സര്‍വസാധാരാണ വേഷമായി അവതരിപ്പിക്കാന്‍ തുടങ്ങി. വിവിധ ഡിസൈനുകളും അലങ്കാരങ്ങളും കൊണ്ട് വ്യത്യസ്തമായ ലൂസ് ഫിറ്റ് വസ്ത്രം പെണ്ണുങ്ങള്‍ക്ക് നന്നേ ബോധിച്ചെങ്കിലും സമഭാവനയോടെ അണിഞ്ഞുനടന്ന ജംബറും ലുങ്കിയും മാറ്റി നെടുനീളന്‍ വസ്ത്രത്തിലേക്കുള്ള മാറ്റം സമൂഹം എങ്ങനെ നോക്കിക്കാണുമെന്ന് ഒരോ പെണ്ണുങ്ങളും ആശങ്കപ്പെട്ടു. പതുക്കെ പതുക്കെ വസ്ത്രധാരണത്തില്‍ മാറ്റം വന്നെങ്കിലും ആകെ മറഞ്ഞിട്ടും വെളിവാകപ്പെട്ട നാണക്കേടാല്‍ പുതിയ വസ്ത്രത്തില്‍ ആകെ ചൂളിപ്പിടിച്ച് അവര്‍ നടന്നു. പുതിയ വസ്ത്രം നാട്ടിലിറക്കി കേമത്തം നേടിയെങ്കിലും തെക്കന്‍മാര്‍ക്ക് പതുക്കെ തിരിച്ചടികള്‍ കിട്ടിത്തുടങ്ങി. വൈകുന്നേരം പിരിവിനിറങ്ങുമ്പോള്‍ പല വീടുകളിലേയും പെണ്ണുങ്ങള്‍ കതകിന് പിന്നില്‍ ഒളിച്ച് നിന്നു. പിന്നെ തരാമെന്ന പല്ലവിയില്‍ വായ്പകള്‍ നീണ്ടു.  ഇതിനോടകം തെക്കന്‍മാരില്‍ ചിലര്‍ നാട്ടുകാരുമായി വളരെ ചങ്ങാത്തത്തിലായി. കൂട്ടത്തിലെ ചെത്ത് ഷര്‍ട്ടുമിട്ട് (അന്ന് മോഡേണ്‍ വേഷങ്ങള്‍ക്ക് ചെത്ത് എന്ന വാക്കാണ് ഉപയോഗിച്ചിരുന്നത്) നടന്ന ചുള്ളന്‍ ഷാജി നാട്ടിലുള്ള ഒരു പെണ്‍കുട്ടിയുമായി പ്രണയത്തിലായി. ഒന്‍പതില്‍ പഠിത്തം നിര്‍ത്തി ആടിനെ വളര്‍ത്തിയും അടുക്കളക്കാര്യങ്ങള്‍ നോക്കിയും അടങ്ങിയൊതുങ്ങി വീടിന്റെ മൂലയില്‍ കഴിഞ്ഞിരുന്ന നസി എന്ന പെണ്‍കുട്ടി പ്രേമം തലയ്ക്ക് പിടിച്ചതോടെ സാധാരണ മനുഷ്യര്‍ക്ക് വളരെ വേഗം മനസ്സിലാക്കാന്‍ കഴിയാത്ത അസാധാരണത്വങ്ങളോടെ പെരുമാറാന്‍ തുടങ്ങി.

അടുക്കള അവള്‍ക്ക് മടിയായി. മടി പിടിച്ചുണ്ടാക്കിയ കറിക്കൂട്ടുകളുടെ കണക്ക് തെറ്റി. വൈകുന്നേരങ്ങളില്‍ നീളന്‍ കമ്പി കൊണ്ട് പ്ലാവുകളുടെ ചുവട്ടില്‍ നിന്ന് പ്ലാവില കുത്തിയെടുത്ത് ആടിന് നല്‍കുന്ന പതിവ് തെറ്റിച്ചു. ചിലപ്പോഴൊക്കെ തനിച്ചിരുന്ന് ചിരിക്കുന്നത് കണ്ടു. അതുവരെയില്ലാത്ത ഒരു സൗന്ദര്യബോധം അവള്‍ക്കുണ്ടായി. ഏത് നേരവും അണിഞ്ഞൊരുങ്ങി നടന്നു. നിറയെ അക്ഷരത്തെറ്റുകളുള്ള കത്തുകള്‍ വല്ലാത്തൊരു ആത്മവിശ്വാസത്തോടെ ഇന്‍സ്റ്റാള്‍മെന്റ് തുക പതിക്കുന്ന കാര്‍ഡിനോട് ചേര്‍ത്തുവെച്ച് പരസ്പരം കൈമാറി. പെണ്ണ് കാണെക്കാണെ കൂടുതല്‍ സുന്ദരിയായിക്കൊണ്ടയിരുന്നു. പെണ്ണിന്റെ മാറ്റം പതുക്കെ പതുക്കെ വീട്ടുകാരും നാട്ടുകാരുമറിഞ്ഞു. തടി കേടാവുമെന്ന് ഭയന്ന് ചുള്ളന്‍ ഷാജി പെട്ടെന്നൊരു ദിവസം നസിയെ പാടേ അവഗണിച്ചു. തീരെ പരിചയമില്ലാത്ത മട്ടിലുള്ള ഷാജിയുടെ പെരുമാറ്റം നസിയെ അത്യധികം വേദനിപ്പിച്ചു. പൊടുന്നനെ ഒരു നീണ്ട മൗനത്തിലേക്ക് അവള്‍ കൂപ്പുകുത്തി. അധികമാരോടും മിണ്ടാതെ വീടിനുള്ളില്‍ ഒതുങ്ങി കൂടിയ അവളെ പെട്ടെന്നൊരു ദിവസം ഉച്ചയോട് അടുത്ത സമയത്ത്  കാണാതായി. അന്വേഷണം പല വഴിക്ക് നീണ്ടു. അതൊരു മഴക്കാലമായിരുന്നു. രണ്ടാം കുറ്റിയിലെ തോട് നിറഞ്ഞൊഴുകുന്ന സമയം. നസിയെ തപ്പി നാടായ നാടൊക്കെ ആള്‍ക്കാള്‍ ചുറ്റിയോടാന്‍ തുടങ്ങി. തോട്ടില്‍ ചാടിയിട്ടുണ്ടാകുമോ എന്ന സംശയത്താല്‍ നീന്തലില്‍ അതീവ വിദഗ്ദ്ധരായ രണ്ടുപേരെ സ്ഥലത്ത് എത്തിച്ച് തോടാകെ തിരഞ്ഞു. സന്ധ്യ പരന്നിട്ടും നസിയെ കണ്ടെത്താന്‍ കഴിയാതായതോടെ തെക്കന്‍മാരിലേക്ക് സംശയം നീണ്ടു. വാടകവീട്ടിലേക്ക് അതിക്രമിച്ച് കയറി  ഷാജിയുടെ കുത്തിന് പിടിച്ച് നാട്ടുകാര്‍ ചോദ്യം ചെയ്യാന്‍ തുടങ്ങി. തനിക്കിതില്‍ യാതൊരു പങ്കുമില്ലന്ന് ഷാജി കരഞ്ഞ് പറഞ്ഞിട്ടും പല മുറയ്ക്ക് ചോദ്യങ്ങള്‍ തുടര്‍ന്നു. ഈ സമയത്ത് നസിയുടെ വീടിന്റെ രണ്ട് വീടുകള്‍ക്കപ്പുറമുള്ള വീട്ടില്‍ മറ്റൊരു സംഭവം നടന്നു.             

പതിവ് പോലെ ഇഷാ നമസ്‌കരിക്കാനായി വീട്ടുകാരി മുറിയിലേക്ക് കയറിയതും മുറിക്കകത്ത് നിന്ന് പാമ്പ് ചീറ്റുന്നത് പോലെയുള്ള ശബ്ദം ഉയര്‍ന്ന് വരുന്നത് കേട്ട് അവര്‍ മുറിക്ക് പുറത്തിറങ്ങി ബഹളം വെച്ച് നാട്ടുകാരേ കൂട്ടി. കമ്പും കോലുമൊക്കെയായി പാമ്പിനെ കണ്ടാലുടന്‍ അടിച്ചുകൊല്ലാനായി നാട്ടുകാര്‍ മുറിക്ക് പുറത്ത് കാത്തുനിന്നു. കൂട്ടത്തിലെ ധൈര്യശാലി മുറിയിലേക്ക് കയറിയതും ചീറ്റലിന്റെ ശബ്ദത്തില്‍ വന്ന വ്യതിയാനങ്ങളില്‍ കക്ഷിക്ക് എന്തോ സംശയം തോന്നി. ഒടുവില്‍ ടോര്‍ച്ചടിച്ച് മുറിയാകെ പരിശോധിച്ചപ്പോള്‍ കട്ടിലിന്റെ അടിയില്‍ നെടുനീളത്തില്‍ കിടക്കുന്ന മനുഷ്യരൂപം കണ്ട് ആദ്യമൊന്ന് പേടിച്ചു. മുറിയിലാകെ ബഹളം നിറഞ്ഞപ്പോള്‍ കട്ടിലനടിയിലെ രൂപം ഒന്നിളകി. ഒടുവില്‍ ഒന്നുമറിയാത്തത് പോലെ നീണ്ട ഒരു ഉറക്കത്തില്‍ നിന്ന് ഉണര്‍ന്നത് പോലെ കോട്ടുവായുമിട്ട് നസി മുറിക്ക് പുറത്തിറങ്ങി വരുന്ന കാഴ്ച്ച കണ്ട് നാട്ടുകാര്‍ അന്തം വിട്ട് നിന്നു. പകുതി ദിവസത്തെ അലച്ചിലിന്റെ ക്ഷീണം പല തെറികളായി അവളെ മുടിയെങ്കിലും അതൊന്നും കേട്ടതായി ഭാവിക്കാതെ അഴിഞ്ഞുലഞ്ഞ് കിടന്ന മുടി ഉച്ചിക്ക് മുകളില്‍ കെട്ടിവെച്ച്  ആടിന് തീറ്റ കൊടുത്തോയെന്ന് ആരോടെന്നില്ലാതെ ചോദിച്ച് കൊണ്ട് അവള്‍ വീട്ടിലേക്ക് വളരെ കൂളായി നടന്നു പോയി.

പ്രീമിയം ലേഖനങ്ങൾ തത്സമയം വായിക്കാനുള്ള വാട്​സാപ്പ് ഗ്രൂപ്പിൽ ചേരാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.

ചിരിയും ചിന്തയും ആകാംക്ഷയുമൊക്കെ നിറഞ്ഞ ഇങ്ങനെയൊക്കെയുള്ള സംഭവങ്ങളിലൂടെ നാട് ഓടിക്കൊണ്ടിരിക്കുമ്പോള്‍ എന്റെ പത്താം ക്ലാസിലെ റിസള്‍ട്ട് വന്നു. വീടിന്റെ പരിസരത്തുള്ള ആറ് കുട്ടികള്‍ക്കൊപ്പമാണ് ഞാനും പരീക്ഷ എഴുതാന്‍ പോയിരുന്നത്. പത്താം ക്ലാസ് പരീക്ഷ ഒരു തീരാക്കടമ്പയായിരുന്ന കാലമായിരുന്നു അത്. എങ്ങനെയെങ്കിലും ഇരുന്നീറ്റിപത്ത് മാര്‍ക്ക് അത് മിക്ക കുട്ടികളുടേയും സ്വപ്നം തന്നെയായിരുന്നു. ഒന്നും രണ്ടും മൂന്നും റാങ്ക് വാങ്ങുന്ന കുട്ടികളുടെ മുഖം പത്രങ്ങളുടെ ഒന്നാം പേജില്‍ നിറഞ്ഞിരുന്ന ആ കാലത്ത്. തോല്‍വികള്‍ ഒരു തുടര്‍ക്കഥയായിരുന്നു. തോറ്റ കുട്ടികള്‍ക്ക് വര്‍ഷം നീളുന്ന സമാന്തര ക്ലാസുകളാല്‍ ട്യൂട്ടോറിയലുകള്‍ സജീവമായിരുന്ന ഒരു കാലം കൂടിയായിരുന്നു അത്. ജയിച്ചവരുടെ ലിസ്റ്റ് സ്‌കൂളില്‍ ഒരു ബോര്‍ഡില്‍ എഴുതി പ്രദര്‍ശിപ്പിച്ചിട്ടുണ്ടാവും.. റിസള്‍ട്ട് നോക്കാന്‍ പോയത് സലാം മാമയാണ്. അന്ന് ഞങ്ങളുടെ പ്രദേശത്ത് നിന്നും പരീക്ഷ എഴുതിയവരില്‍ ഞാന്‍ മാത്രമാണ് ജയിച്ചത്. പത്ത് കഴിഞ്ഞ് എന്ത് പഠിക്കണം എന്നതിനെക്കുറിച്ചൊന്നും അന്ന് കൃത്യമായ ധാരണയുണ്ടായിരുന്നില്ല. പഠിപ്പിസ്റ്റുകളെല്ലാം അന്ന് സയന്‍സ് ഗ്രൂപ്പാണ് എടുത്തിരുന്നത്. കായംകുളം എംഎസ്എം കോളേജിലെ മാനേജരുമായി സംസാരിച്ച് മാമ എനിക്ക് സയന്‍സ് ഗ്രൂപ്പിന് അഡ്മിഷന്‍ എടുത്തുതന്നു.

placeholder
എം.എസ് എം കോളേജിലെ കൂട്ടുകാർ ഗാന്ധിഭവനിൽ ഒത്തുകൂടിയപ്പോൾ

ആദ്യമായി കാമ്പസില്‍ കാല് കുത്തിയപ്പോള്‍ യാതൊരു എത്തുംപിടിയും കിട്ടാതെ കുറച്ചൊന്ന് വട്ടംകറങ്ങിയെങ്കിലും പിന്നെ പിന്നെ പുതിയൊരു സ്വാതന്ത്ര്യത്തിലേക്ക് ചിറക് വിരിക്കുന്നത് പോലെ കാമ്പസ് ഒരു സ്വപ്നലോകമായി. കോളേജിലെ ആദ്യ ദിവസങ്ങളില്‍ ക്ലാസെടുക്കുന്ന അധ്യാപകര്‍ ക്ലാസ് വിട്ടിറങ്ങുന്നതും നോക്കി കോളേജ് കുമാരന്‍മാര്‍ പുറത്ത് കൂട്ടംകൂടി നിന്നു. കിട്ടുന്ന ഗ്യാപ്പുകളിലെക്കെം കൂട്ടത്തോടെ ക്ലാസിലേക്ക് ഇരച്ച് കയറും. അടുത്ത ഘട്ടം വീടും നാടും ചോദിച്ചുള്ള പരിചയപ്പെടലാണ്. പരിചയപ്പെടല്‍ ചിലത് പെണ്‍കുട്ടികള്‍ക്ക് ശല്യമായി പരിണമിക്കുകയും ചിലത് പ്രണയത്തില്‍ അവസാനിക്കുകയും ചെയ്യും. എന്റെ കൂട്ടുകാരികള്‍ക്ക് ദിവസേന രണ്ടും മൂന്നും പ്രണയാഭ്യര്‍ഥനകള്‍ ലഭിക്കുമായിരുന്നു. പക്ഷേ എന്നെ അന്ന്  ആര്‍ക്കുമത്ര ബോധിച്ചിരുന്നില്ല  നീണ്ട് മെലിഞ്ഞ ശരീരപ്രക്യതവും , കൂനിപ്പിടിച്ചുള്ള നടപ്പും കോളേജ് കുമാരന്‍മാരുടെ സൗന്ദര്യ സങ്കല്‍പ്പവുമായി ഒത്തുപോകുന്നതായിരുന്നിരിക്കണം അതിന് കാരണം.

കൗമാരങ്ങളുടെ നിശ്വാസം നിറഞ്ഞ ക്ലാസ് മുറി. ക്ലാസില്‍ ടീച്ചര്‍ ക്ലാസെടുക്കുമ്പോള്‍ വിഷയങ്ങളില്‍ മനസ്സുറക്കാതെ ജനലരികില്‍ ആരെയോ പ്രതീക്ഷിച്ചിരിക്കുന്ന മുഖങ്ങള്‍. നോട്ട്ബുക്കില്‍ പകര്‍ത്തിവച്ച
അക്ഷരങ്ങള്‍ക്കിടയില്‍ ഒളിപ്പിച്ച് വെച്ച പ്രിയപ്പെട്ട ഒരാളുടെ ചിരി. ആകെ പ്രണയമയം നിറഞ്ഞ അന്തരീക്ഷം. ചില പ്രണയങ്ങള്‍ വളരെപ്പെട്ടന്ന് തുടങ്ങി ദിവസങ്ങള്‍ക്കകം അവസാനിച്ചു. ചിലത് മാസങ്ങള്‍ നീണ്ടു. അപൂര്‍വ്വം ചിലത് വര്‍ഷങ്ങളായി നീളുകയും വിവാഹത്തില്‍ കലാശിക്കുകയും ചെയ്തു. പക്ഷേ പ്രേമിച്ചതിന്റെ പേരില്‍ ആരും പരസ്പരം ദ്രോഹിച്ചില്ല. തല്‍ക്കാല ചപലതകളായിട്ടാണ് കാമ്പസ് പോലും പ്രണയത്തെ അന്ന് നിര്‍വചിച്ചിരുന്നത്.    

ഒരു ദിവസം പുതിയ പട്ടുപാവാടയും ഉടുപ്പുമൊക്കെയിട്ട് സ്റ്റെലായി ഞാന്‍ കാമ്പസിലെത്തിയപ്പോള്‍  പിറകില്‍ നിന്നും ഒരു കൂക്കി വിളി കേട്ടു. ഡിഗ്രിയിലെ ചേട്ടന്‍മാരാണ്. ഒരാള്‍ വാപൊത്തി ചിരിക്കുന്നു.  കാര്യമൊന്നും മനസ്സിലാകാതെ ഞാന്‍ ക്ലാസിലേക്ക് പോയി. ഒരു പിരീഡ് കഴിഞ്ഞ് പുറത്തേക്കിറങ്ങിയപ്പോള്‍ ആണ്‍കുട്ടികള്‍ അന്തംവിട്ട് നോക്കുന്നത് കണ്ടു. കൂട്ടുകാരി മിഷ ഓടി വന്ന് നിന്റെ പാവാടേടെ പൊറകില് ആകെ പ്രശ്‌നവാന്ന് പറഞ്ഞപ്പോഴാണ് ഞാന്‍ ശ്രദ്ധിക്കുന്നത്. വട്ടത്തില്‍ പല രക്തപ്പാടുകള്‍. സാനിറ്ററി നാപ്കിനുകള്‍ വിപണിയില്‍ അധികം പ്രചാരത്തില്‍ വന്നിട്ടില്ലാത്ത ആ കാലങ്ങളില്‍ എന്തൊക്കെയോ സംഗതികളുണ്ട് എന്നല്ലാതെ സ്ത്രീശരീരത്തിലെ മാസചംക്രമണത്തിലെ വ്യതിയാനങ്ങളൊന്നും മിക്ക ആണ്‍കുട്ടികള്‍ക്കും അറിയുമായിരുന്നില്ല. അന്ന് കോളേജിനടുത്തുള്ള ബന്ധുവീട്ടില്‍ പോയി പാവാടയൊക്കെ കഴുകി വൃത്തിയാക്കി അല്‍പം തുണി ചോദിച്ചപ്പോള്‍ വീട്ടുകാരി മുഖം ചുളിച്ചു. പിന്നീട് ക്ലാസില്‍ കയറാതെ നനവോടെ വീട്ടിലേക്ക് പോകുമ്പോള്‍ എന്തോ കനത്ത അപമാനം നേരിട്ടത് പോലെ വഴിനീളെ കരഞ്ഞുകൊണ്ടേയിരുന്നു. പിറ്റേ ദിവസം കാമ്പസിലേക്ക് വരാന്‍ ഭയമായി. കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം തീണ്ടാരിത്തുണിയുടെ കറ പറ്റിയ ഓര്‍മകള്‍ പാടേ മാഞ്ഞു. അനുഭവം കൊണ്ട് അല്‍പ്പം കൂടി വളര്‍ന്നത് പോലെ ആ സംഭവത്തിനുശേഷം ഞാന്‍ അല്‍പ്പം തന്റേടിയായി. എന്ത് പ്രശ്‌നവും നേരിടാനുള്ള ധൈര്യത്തോടെയും കൂസലില്ലായ്മയോടെയും ഒരോ സംഭവങ്ങളേയും നേരിട്ടു. അപകര്‍ഷതയുടെ കൂന് മാറി നട്ടെല്ല് നിവര്‍ത്തി നടക്കാന്‍ തുടങ്ങിയ ആ നാളുകള്‍ വലിയ മാറ്റങ്ങളുടേതായിരുന്നു.

വിദ്യാര്‍ഥി രാഷ്ട്രീയത്താല്‍ അന്ന് കാമ്പസ് എപ്പോഴും സംഘര്‍ഷഭരിതമായിരുന്നു. ആവേശവും സംഘര്‍ഷവും ഒരു പോലെ നിറഞ്ഞ് നിന്ന കാമ്പസുകള്‍ ദേശീയതലത്തിലുള്ള നവോത്ഥാനങ്ങളുടേയും പ്രക്ഷോഭങ്ങളുടേയും ഭാഗമായും നിലകൊണ്ടിരുന്ന കാലമായിരുന്നു അത്. കോളേജുകളിലും സര്‍വകലാശാലകളിലും വിദ്യാര്‍ഥി സംഘടനകള്‍ ശക്തമായ ഇടപെടലുകള്‍ നടത്തുകയും. മണ്ഡല്‍ കമ്മീഷന്‍ പ്രക്ഷോഭവവും പട്ടികജാതി വര്‍ഗ വിഭാഗങ്ങള്‍ക്ക് തൊഴിലും വിദ്യാഭ്യാസമേഖലയിലും സംവരണം നല്‍കാന്‍ കൊണ്ടുവന്ന തീരുമാനങ്ങളുമൊക്കെ കാമ്പസ് രാഷ്ട്രീയത്തില്‍ വലിയ ചര്‍ച്ചകളാകുകയും ചെയ്തു. ആകെ മങ്ങിക്കിടന്ന ഒരുച്ച നേരത്ത് കോളേജ് ഓഡിറ്റോറിയത്തില്‍ ഭക്ഷണം കഴിക്കാനായി ഞങ്ങള്‍ എട്ടോളം കുട്ടികള്‍ വട്ടമിട്ട് ഇരിക്കുമ്പോള്‍ മായ എന്ന കൂട്ടുകാരി അയോധ്യയില്‍ ബാബറി മസ്ജിദ് പൊളിച്ചതിനെക്കുറിച്ച് അതീവ ദുഃഖത്തോടെ പറഞ്ഞത് ഇപ്പോഴും എനിക്ക് ഓര്‍മയുണ്ട്. മൂകത മൂടിയത് പോലെ പൊടുന്നനെ അന്തരീക്ഷം മാറിയത് ചരിത്രത്തെ തച്ചുടച്ച മനുഷ്യരുടെ മണ്ടത്തരം ഓര്‍ത്തുള്ള പ്രകൃതിയുടെ ദുഃഖമാണന്നായിരുന്നു അവളുടെ കണ്ടെത്തല്‍.

ഇലക്ഷന്‍ പാട്ടുകള്‍ വഴിയുള്ള പ്രചാരണവും പോസ്റ്റര്‍ പതിക്കലും ചുമര്‍ എഴുത്തുകളുമൊക്കെ 1990കളില്‍     ക്യാമ്പസുകളിലെ പ്രധാന രാഷ്ട്രീയ പ്രചാരണരീതികളായിരുന്നു. പാടാനുള്ള ആഗ്രഹം കൊണ്ട് എസ്എഫ്‌ഐക്കാര്‍ ചിട്ടപ്പെടുത്തിയ പാട്ട് പാടുന്ന സംഘത്തിനോടൊപ്പം ചേര്‍ന്ന് ക്ലാസ് മുറികളില്‍ വോട്ട് പിടിക്കാന്‍ ഞാനും നടന്നെങ്കിലും പാട്ടിലെ അപശ്രുതിയുടെ ഉറവിടം മനസ്സിലായതോടെ ഗ്രൂപ്പ് ലീഡര്‍ അന്ന്   എന്നെ നൈസായി കൈയ്യൊഴിഞ്ഞു. ആ സമയത്താണ് എസ്എഫ്‌ഐയുടെ പാനലില്‍ മല്‍സരിച്ച നജിബിനെ ആരോ കുത്തിപ്പരിക്കേല്‍പ്പിച്ചത്. അതിനെ തുടര്‍ന്ന് കുറച്ച് ദിവസം കോളേജ് അടച്ചിട്ടു. മുറിവ് ഭേദമായി ഊര്‍ജ്ജസ്വലനായി കാമ്പസില്‍ എത്തിയ നജീബ് ഒരോ ക്ലാസ് റൂമിലും കയറിയിറങ്ങുകയും  ഷര്‍ട്ടുയര്‍ത്തി കുത്തേറ്റ പാട് കാണിച്ച് സഹതാപം വോട്ടാക്കി മാറ്റുകയും ചെയ്തു. തത്ഫലമായി നജീബിന്റെ പാനല്‍ വന്‍ ഭൂരിപക്ഷത്തില്‍ വിജയിച്ചു. ഉഴപ്പി നടക്കാനുള്ള സൗകര്യവും മനസ്സിലാകാത്ത ഇംഗ്ലീഷും പറക്കാന്‍ വെമ്പുന്ന ഹൃദയവുമൊക്കെയായി പഠനം ആകെ ഉഴപ്പി. ക്ലാസില്‍ കയറാതെ ഞാനും കൂട്ടുകാരി മിഷയും റോസ് ബേക്കറിയിലെ ഐസ്‌ക്രീ നുണഞ്ഞും വെറുതെ കാമ്പസിലൂടെ അങ്ങോട്ടും ഇങ്ങോട്ടും അലഞ്ഞ് നടന്നും ഓഡിറ്റോറിയം താവളമാക്കിയും ഒരോ ദിവസങ്ങളും ആഘോഷമാക്കി. മറ്റൊരു കൂട്ടുകാരി രാജിക്ക് ഒരു പയ്യനോട് തോന്നിയ പ്രേമം ശരിക്കും ഞാനും മിഷയും ചേര്‍ന്ന് മുതലെടുത്തു. 'ഇന്ന് ഹഷീര്‍ ഒരു കാര്യം പറഞ്ഞു'. രാജിയെ കാണുമ്പോഴൊക്കെ ഞങ്ങള്‍ പറഞ്ഞ് തുടങ്ങി. ഹഷീര്‍ എന്ന പേര് കേള്‍ക്കുമ്പോഴേ രാജി പ്രണയവിവശയായി. 'ഹെന്ത് പറഞ്ഞു' അവളുടെ ചോദ്യം കാത്തിരുന്നത് പോലെ ഹഷീര്‍ പറയാത്ത പല കാര്യങ്ങളും രാജിയോട് ഞങ്ങള്‍ പറഞ്ഞു. പകരമായി റോസ് ബേക്കറിയില്‍ നിന്ന് എല്ലാ ദിവസവും അവളുടെ ചെലവില്‍  ഐസ്‌ക്രീം കഴിച്ച് അവളുടെ പ്രണയം ഞങ്ങള്‍ കൊഴുപ്പിച്ചു.

ഇങ്ങനെ കുറേ ദിവസങ്ങള്‍ മുന്നോട്ട് പോയപ്പോഴേക്കും പണി പാളി. ഹഷീറിന് മറ്റൊരു പ്രണയമുണ്ടായി. രാജി അതറിഞ്ഞു. ഹഷിര്‍ നിന്നെ വഞ്ചിച്ചതാണന്ന് ഞങ്ങള്‍ പറഞ്ഞ് നോക്കിയെങ്കിലും അവള്‍ക്കത് നേരിട്ട് ചോദിക്കണമെന്നായി. കോളേജിന്റെ എല്‍ ബ്ലോക്കില്‍ ഹഷീര്‍ കാമുകിയുമായി സംസാരിച്ച് കൊണ്ട് നിന്ന ഒരു ഉച്ചനേരത്ത് എന്നെയും മിഷയേയും ഇടത്തും വലത്തും നിര്‍ത്തി പ്രേമത്താല്‍ വിടര്‍ന്ന് നിന്ന കമിതാക്കളെ രാജി വിചാരണ ചെയ്യാന്‍ തുടങ്ങി. 'എടാ പട്ടീ. 'രാജിയുടെ പട്ടി വിളിയില്‍ ഞെട്ടി ഞാനും മിഷയും മുഖത്തോട് മുഖം നോക്കി നിന്നു. 'എടാ ഇന്നലെയും നീ ഇവള്​മാരട്‌ക്കെ പറഞ്ഞതല്ലിയോ ഞാന്‍ നിന്റെ ജീവനാന്ന്'. ഹഷീര്‍ ഒന്നും മനസ്സിലാകാതെ ആകെ അമ്പരന്ന് നില്‍ക്കുകയാണ്. പൂച്ചക്കണ്ണുള്ള അവന്റെ അതിസുന്ദരിയായ കാമുകി രാജിയുടെ വാക്കുകള്‍ കേട്ടതോടെ പൊട്ടിക്കരഞ്ഞ് ക്ലാസിലേക്കോടി. എന്നിട്ടും രാജിക്ക് അവനെ വെറുതെ വിടാന്‍ യാതൊരു ഭാവവുമില്ല. അവന്റെ പേര് ചാര്‍ത്തി ഞാനും മിഷയും പറഞ്ഞ ഒരോ ഡയലോഗും അവള്‍ എടുത്തിടുകയാണ് 'കുറച്ച് കഴിഞ്ഞപ്പോള്‍ സംഗതി അല്‍പ്പാല്‍പ്പമായി അവന് പിടികിട്ടിത്തുടങ്ങി. ഞങ്ങളുടെ ഭാഗ്യത്തിന് അപ്പോള്‍ ബെല്ലടിച്ചു. രാജിയുടെ മുന്‍പില്‍ നിന്നും ആ തക്കത്തിന് ഞങ്ങള്‍ ഒരുവിധം തടിതപ്പി. അതിനുശേഷം കുറച്ച് ദിവസം രാജി ഞങ്ങളോട് പിണങ്ങി നടന്നെങ്കിലും പിന്നീട് പൂര്‍വാധികം ശക്തിയോടെ വീണ്ടും ഇണക്കത്തിലായി. പിന്നെയും പിന്നെയും കാമ്പസ് കഥകള്‍ നീണ്ടു. ഗ്രാമത്തില്‍ നിന്നും ദിവസവും കോളേജിലേക്ക് പോയി വരുന്ന ഞാന്‍ നസിയുടെ ആരാധനാപാത്രമായി. ഷാജിയുമായുള്ള പ്രേമം പൊളിഞ്ഞെങ്കിലും കൂടുതല്‍ പ്രണയാര്‍ദ്രമായ ഹ്യദയത്തോടെ അവള്‍ എന്തോ തേടിക്കൊണ്ടിരുന്നു. കാമ്പസിലെ പ്രണയകഥകള്‍ കണ്ണും മിഴിച്ചിരുന്ന് ഒന്നൊന്നായി അവള്‍ കേട്ടു.

ഒന്നാം വര്‍ഷ പ്രീഡിഗ്രിയുടെ അവസാനം പാവാടയും ഉടുപ്പും മാറി ഞാന്‍ ചുരിദാറണിഞ്ഞ് തുടങ്ങിയപ്പോള്‍ നസി അത്യത്ഭുതത്തോടെ വിടര്‍ന്ന കണ്ണുകളോടെ എന്നെ നോക്കിനിന്നു. അങ്ങനെ ആദ്യത്തെ പരിഷ്‌ക്കാരിക്കുട്ടിയായി ഗ്രാമത്തില്‍ ഞാന്‍ ശ്രദ്ധിക്കപ്പെട്ടു. എനിക്ക് പിന്നാലെ ഒരോരുത്തരായി ചുരിദാറിലേക്ക് മാറാന്‍ തുടങ്ങി. ഇതിനകം നസിയിലും അനേകം മാറ്റങ്ങളുണ്ടായി. ജീവിതത്തെ അവളൊരു നൈസര്‍ഗിക തത്വശാസ്ത്രമായി ആവിഷ്‌കരിക്കാന്‍ ശ്രമിക്കുന്നത് പോലെ തോന്നി. അവനവനാണ് ജീവിതത്തിന്റെ അര്‍ത്ഥം നിര്‍ണയിക്കേണ്ടതെന്ന നിലപാടില്‍ തന്റെ പരിമിതികളെ മറികടക്കാനൊരു ശ്രമം അവളെപ്പോഴും നടത്തികൊണ്ടിരുന്നു. പതിവ് പോലെ ഒരു വൈകുന്നേരം കോളേജില്‍നിന്നു വീട്ടിലേക്ക് മടങ്ങുമ്പോള്‍ വഴിയരികില്‍ നസി എന്നെ കാത്ത് നില്‍ക്കുന്നുണ്ടായിരുന്നു. വലിയൊരു രഹസ്യം പറയാനെന്ന പോലെ.

(തുടരും)