തൊഴിലിടത്തിലെ വർക്ക്ലൈഫ് ബാലൻസിനേക്കുറിച്ച് നേരത്തേ തുറന്നുപറഞ്ഞിട്ടുള്ള താരമാണ് ബോളിവുഡ് നടി ദീപിക പദുക്കോൺ. എട്ട് മണിക്കൂർ ജോലിസമയം സംബന്ധിച്ച് ദീപിക മുന്നോട്ടുവച്ച നിർദേശങ്ങൾ പാലിക്കാൻ കഴിയാത്തതുമൂലമാണ് കൽക്കി, സ്പിരിറ്റ് എന്നീ ചിത്രങ്ങളിൽ നിന്ന് താരത്തിന് പിന്മാറേണ്ടി വന്നതെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു. ഇപ്പോഴിതാ അമിതമായി ജോലി ചെയ്യുന്നതിനെ സാധാരണവൽക്കരിക്കുന്നതിനെതിരെ വീണ്ടും രംഗത്തെത്തിയിരിക്കുകയാണ് ദീപിക.
സിനിമാ മേഖലയിൽ അമ്മമാരായ നടിമാർ അനുഭവിക്കുന്ന പ്രശ്നങ്ങളേക്കുറിച്ചും അമിതമായി ജോലി ചെയ്യുന്നത് സാധാരണവൽക്കരിക്കുന്നത് അവസാനിപ്പിക്കേണ്ടതിനേക്കുറിച്ചും ദീപിക പങ്കുവെച്ചു. പുതുതായി അമ്മമാരായ സ്ത്രീകൾ അഭിനയരംഗത്തേക്ക് തിരിച്ചുവരുമ്പോൾ അവരെ പിന്തുണയ്ക്കേണ്ടത് പ്രധാനമാണെന്ന് ദീപിക പറഞ്ഞു. ഹാർപർ ബസാറിന് നൽകിയ അഭിമുഖത്തിലാണ് ദീപിക ഇതേക്കുറിച്ച് പറഞ്ഞത്.
‘’നമ്മൾ അമിതമായി ജോലി ചെയ്യുന്നതിനെ സാധാരണവൽക്കരിച്ചു. തളരുംവരെ ജോലിചെയ്യുന്നത് കമ്മിറ്റ്മെന്റായി തെറ്റിദ്ധരിച്ചു. മനുഷ്യശരീരത്തിനും മനസ്സിനും എട്ടുമണിക്കൂർ ജോലി ധാരാളമാണ്. നിങ്ങൾ ആരോഗ്യവാന്മാരായാൽ മാത്രമേ മികച്ചത് നൽകാനാവൂ. ‘’- ദീപിക പറഞ്ഞു.
തന്റെ ഓഫീസിൽ അഞ്ചുദിവസം, എട്ടുമണിക്കൂർ ജോലി, ആവശ്യത്തിന് പ്രസവാവധി എന്ന പോളിസി കൃത്യമായി നടപ്പാക്കാറുണ്ടെന്നും ദീപിക പറഞ്ഞു. തന്റെ ഓഫീസിൽ തിങ്കൾ മുതൽ വെള്ളിവരെ എട്ട് മണിക്കൂർ ജോലി ചെയ്യാറുണ്ട്. തൊഴിലിടത്തിലേക്ക് കുട്ടികളെ കൊണ്ടുവരുന്നതും സാധാരണമായി കാണണമെന്നും ദീപിക പറഞ്ഞു.
മാതൃത്വം എത്രത്തോളം മാറ്റിയെന്ന ചോദ്യത്തിന് നൂറുശതമാനവും മാറ്റിയെന്നാണ് ദീപിക മറുപടി നൽകിയത്.
‘’നിങ്ങൾ ഒരു അമ്മയാവുമ്പോഴേ മനസ്സിലാവൂ’’ എന്ന് അമ്മമാർ പറയുന്നത് സത്യമാണെന്നും ദീപിക പറഞ്ഞു. ഇപ്പോൾ തന്റെ അമ്മയോട് ഒരുപാട് ബഹുമാനം തോന്നുന്നുണ്ട്. നിങ്ങൾക്ക് ജോലിയും മാതൃത്വവും എങ്ങനെ കൊണ്ടുപോകണമെന്ന് പ്ലാൻ ചെയ്യാൻ കഴിയുമെങ്കിലും യാഥാർഥ്യം വ്യത്യസ്തമാണെന്നും ദീപിക കൂട്ടിച്ചേർത്തു.
എട്ട് മണിക്കൂർ ജോലിസമയം എന്ന തന്റെ ആവശ്യം അന്യായമല്ലെന്നും പരിഹസിക്കപ്പെടേണ്ടതല്ലെന്നും ദീപിക നേരത്തേ ബ്രൂട്ട് ഇന്ത്യക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു. ഈ മേഖലയിൽ ജോലി ചെയ്യുന്ന ആൾക്ക് മാത്രമേ താൻ പറയുന്ന സാഹചര്യം മനസ്സിലാക്കാനാവൂ. തന്നെപ്പോലൊരു മുൻനിര നായികയുടെ അവസ്ഥ ഇതാണെങ്കിൽ ക്രൂ ഉൾപ്പെടെയുള്ള മറ്റുള്ളവരുടെ തൊഴിൽ അവസ്ഥ എങ്ങനെയായിരിക്കുമെന്ന് നിങ്ങൾക്ക് ഊഹിക്കാമെന്നും ദീപിക പറഞ്ഞിരുന്നു.
ജീവനക്കാർ ആഴ്ചയിൽ 90 മണിക്കൂർ ജോലി ചെയ്യണമെന്ന എൽ.ആൻഡ് ടി. ചെയർമാൻ എസ്.എൻ. സുബ്രഹ്മണ്യന്റെ പരാമർശത്തെ വിമർശിച്ചും ദീപിക പ്രതികരിച്ചിരുന്നു. ന്നത സ്ഥാനങ്ങളിൽ ഇരിക്കുന്നവർ ഇത്തരം പ്രസ്താവനകൾ നടത്തുന്നത് ഞെട്ടലുണ്ടാക്കുന്നുവെന്നാണ് 'മെൻ്റൽ ഹെൽത്ത് മാറ്റേഴ്‌സ്' എന്ന ഹാഷ് ടാഗോട് കൂടി ദീപിക കുറിച്ചത്.
Content Highlights: Bollywood star Deepika Padukone advocates for better work-life balance, especially for mothers
Published: 15 Nov 2025, 05:28 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented