ലോകസൗന്ദര്യ മത്സരത്തില്‍ കിരീടം ചൂടി ബോളിവുഡിന്റെ താരസിംഹാസനത്തില്‍ ഇരിപ്പുറപ്പിച്ച നടിയാണ് ഐശ്വര്യ റായ്.  അല്‍പം മേക്കപ്പ് ചെയ്ത് പുറത്തിറങ്ങുന്ന പെണ്‍കുട്ടികളെ കണ്ടാല്‍ സ്ത്രീകള്‍ 'ഓ വല്ല്യ ഐശ്വര്യ റായ് ആണെന്നാ വിചാരം' എന്ന് പറഞ്ഞിരുന്ന ഒരു കാലമുണ്ടായിരുന്നു. സൗന്ദര്യത്തിന്റെ പര്യായപദത്തിന് നേരെ ഐശ്വര്യ റായ് എന്ന് എഴുതിച്ചേര്‍ക്കപ്പെട്ടു. മാസികകളില്‍ വരുന്ന അവരുടെ ചിത്രങ്ങള്‍ വെട്ടിയെടുത്ത് യുവാക്കള്‍ നോട്ട് പുസ്തകത്തില്‍ ഒട്ടിച്ചുവെച്ചു. ഐശ്വര്യയെ കാമുകിയായി കിട്ടിയിരുന്നെങ്കിലെന്ന് ആഗ്രഹിക്കാത്ത ചെറുപ്പക്കാരും അന്ന് കുറവായിരുന്നു. എന്നാല്‍, ലക്ഷക്കണക്കിന് ആരാധകര്‍ നെഞ്ചിലേറ്റി നടക്കുമ്പോഴും തന്റെ ഹൃദയം ആര്‍ക്കുനല്‍കുമെന്ന ആശയക്കുഴപ്പത്തിലായിരുന്നു ഐശ്വര്യ ജീവിച്ചിരുന്നത്. പ്രണയത്തകര്‍ച്ചയുടെ വേദന വേണ്ടുവോളം അനുഭവിച്ച താരസുന്ദരി ഒടുവില്‍ തന്റെ പാതി ഹൃദയത്തെ കണ്ടെത്തിയത് അഭിഷേക് ബച്ചനിലാണ്.

To advertise here,

അമിതാഭ് ബച്ചനെന്ന ബോളിവുഡ് താരരാജാവിന്റെ മകന്‍ എന്ന നിഴലില്‍ മാത്രം കഴിഞ്ഞിരുന്ന അഭിഷേകിനെ ഭര്‍ത്താവായി തിരഞ്ഞെടുക്കാന്‍ ഐശ്വര്യയ്ക്ക് രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല. സല്‍മാന്‍ ഖാനുമായുള്ള പ്രണയത്തിന്റെ മുറിവും വിവേക് ഒബ്റോയിയുമായുള്ള ബന്ധം തകര്‍ന്നതിന്റെ വേദനയും ഐശ്വര്യ മറന്നത് അഭിഷേകിലൂടെയായിരുന്നു. ബോളിവുഡില്‍ കാര്യമായ മേല്‍വിലാസമുണ്ടാക്കാന്‍ കഴിയാതിരുന്ന അഭിഷേകും താരത്തിളക്കത്തിന്റെ തിരക്കുകളില്‍ പെട്ടുപോയ ഐശ്വര്യയും തമ്മിലുള്ള പ്രണയവും ദാമ്പത്യവും സന്തുലിതമായിരുന്നു. ന്യൂയോര്‍ക്കിലെ ഒരു ഹോട്ടല്‍ റൂമിന്റെ ബാല്‍ക്കണിയിലിരുന്ന് അഭിഷേക് തന്റെ നേരെ മോതിരം നീട്ടിയപ്പോള്‍ രണ്ടാമതോന്ന് ആലോചിക്കാതെ ഐശ്വര്യ വിരല്‍ നീട്ടി. അങ്ങനെ 2007 ഏപ്രില്‍ 20-ന് ഇരുവരും ഒരുമിച്ചുള്ള ജീവിതത്തിന് തുടക്കമിട്ടു.

സല്‍മാന്‍ സമ്മാനിച്ച വേദന

ലോകസുന്ദരിപ്പട്ടം നേടി മൂന്ന് വര്‍ഷങ്ങള്‍ക്കുശേഷമാണ് ഐശ്വര്യ വെള്ളിത്തിരയില്‍ അരങ്ങേറ്റം കുറിച്ചത്. മണിരത്നത്തിന്റെ 'ഇരുവര്‍' എന്ന ചിത്രത്തിൽ മോഹൻലാലിന്റെ നായികയായി. അന്ന് 21 വയസ്സായിരുന്നു പ്രായം. പിന്നാലെ 'ഓര്‍ പ്യാര്‍ ഹോ ഗയാ' എന്ന ചിത്രത്തിലൂടെ ബോളിവുഡിലും അരങ്ങേറ്റം. ഐശ്വര്യയുടെ ജീവിതത്തിലെ ആദ്യ പ്രണയം മൊട്ടിടുന്നത് ഹം ദില്‍ ദെ ഛുകേ സനം എന്ന സഞ്ജയ് ലീല ബന്‍സാലിയുടെ ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടയിലാണ്. ഇതില്‍ നായകനായെത്തുന്ന സല്‍മാന്‍ ഖാനുമായി ഐശ്വര്യ പ്രേമത്തിലായി. ആ സിനിമയ്ക്കുള്ളിലെ പല റൊമാന്റിക് സീനുകളും ഇരുവരുടേയും ജീവിതത്തിലെ റൊമാന്‍സായി മാറി.

placeholder
aishwarya rai
ഐശ്വര്യ റായ് സല്‍മാന്‍ ഖാനൊപ്പം | Photo: Twitter

ആ ചിത്രത്തില്‍ ഐശ്വര്യയുടെ അമ്മയായി അഭിനയിച്ച സ്മിത ജയ്കര്‍ ഇരുവരുടേയും പ്രണയത്തെ കുറിച്ച് പിന്നീട് അഭിമുഖങ്ങളില്‍ സംസാരിച്ചിട്ടുണ്ട്. 'അതിലെ ഒരു പാട്ട് സീന്‍ ചിത്രീകരിച്ചത് ഇന്നും എന്റെ ഓര്‍മയിലുണ്ട്. എന്നേയും ഐശ്വര്യയേയും ചുറ്റിക്കറങ്ങി സല്‍മാന്‍ പോകുന്നതാണ് ചിത്രീകരിച്ചുകൊണ്ടിരുന്നത്. അതിനിടയില്‍ തമാശരൂപേണ സല്‍മാന്‍ ഐശ്വര്യയെ തൊട്ടു. അത് സംവിധായകന് ഇഷ്ടപ്പെട്ടില്ല. ഇത് സീനിലില്ലാത്തതാണെന്നും അങ്ങനെ എന്തിന് ചെയ്തെന്നും സല്‍മാനോട് ചോദിച്ചു. പിന്നീട് ആ സീന്‍ മാറ്റിയെടുക്കുകയും ചെയ്തു.' സ്മിത ഓര്‍ത്തെടുക്കുന്നു.

പക്ഷേ, ദിവസങ്ങള്‍ കഴിയുംതോറും സല്‍മാനുമായുള്ള ഐശ്വര്യയുടെ ബന്ധത്തില്‍ വിള്ളലുകള്‍ വീഴാന്‍ തുടങ്ങി. വീട്ടുകാരുടെ എതിര്‍പ്പ് അവഗണിച്ച് സല്‍മാനെ മാത്രം സ്നേഹിച്ച ഐശ്വര്യയ്ക്ക് ഒരു ഘട്ടത്തില്‍ പിടിച്ചുനില്‍ക്കാനായില്ല. സല്‍മാന്റെ 'പൊസസീവ്നെസും' 'ഓവര്‍ കെയറി'ങ്ങും ഐശ്വര്യയ്ക്ക് ദഹിക്കാവുന്നതായിരുന്നില്ല. ഒടുവില്‍ താന്‍ ബന്ധം അവസാനിപ്പിക്കുകയാണെന്ന് ഐശ്വര്യ സല്‍മാനെ അറിയിച്ചു. പക്ഷേ, അതൊരിക്കലും അംഗീകരിക്കാന്‍ സല്‍മാന്‍ തയ്യാറായിരുന്നില്ല. ഐശ്വര്യയുടെ പിന്നാലെ നടന്ന് ശല്ല്യപ്പെടുത്തലായിരുന്നു സല്‍മാന്‍ പിന്നീട് സ്വീകരിച്ച വഴി. ഒടുവില്‍ 2002-ല്‍ സല്‍മാനെതിരേ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ഐശ്വര്യ രംഗത്തെത്തി. ശാരീരികമായും മാനസികമായും സല്‍മാന്‍ തന്നെ പീഡിപ്പിച്ചിട്ടുണ്ടെന്നും ആ പ്രണയകാലം ഒരു ദുഃസ്വപ്നം പോലെയായിരുന്നുവെന്നും ഐശ്വര്യ വെളിപ്പെടുത്തി. സല്‍മാനുമായി ഇനിയൊരിക്കലും സിനിമ ചെയ്യില്ലെന്നും അവര്‍ പ്രതിജ്ഞയെടുത്തു.

എന്നാല്‍ ഐശ്വര്യയെ വെറുതെ വിടാന്‍ സല്‍മാന്‍ ഒരുക്കമായിരുന്നില്ല. ഐശ്വര്യയുടെ അവസരങ്ങള്‍ ഇല്ലാതാക്കി അവരെ നിരന്തരം ശല്ല്യപ്പെടുത്തി. ഷാരൂഖിന്റെ ഒരു ചിത്രത്തില്‍ ഐശ്വര്യയ്ക്ക് പകരം റാണി മുഖര്‍ജിയെ നായികയായി തിരഞ്ഞെടുത്തു. ദേവദാസ് എന്ന ചിത്രത്തിന്റെ ഷൂട്ടിങ് സമയത്ത് സെറ്റില്‍ വന്ന് സല്‍മാന്‍ ബഹളമുണ്ടാക്കുകയും ചെയ്തു. ഇതിനിടയില്‍ ഐശ്വര്യ ആശ്വാസം കണ്ടെത്തിയിരുന്നത് അടുത്ത സുഹൃത്ത് വിവേക് ഒബ്റോയിയിലൂടെയായിരുന്നു. വിവേകുമായുള്ള ഐശ്വര്യയുടെ അടുപ്പവും സല്‍മാനെ ചൊടിപ്പിച്ചു. ഇരുവരും പരസ്യമായി വെല്ലുവിളിക്കാന്‍ തുടങ്ങിയതോടെ ഐശ്വര്യയ്ക്ക് അവിടേയും രക്ഷയില്ലാതായി. വിവേകുമായുള്ള ബന്ധം അവസാനിപ്പിക്കുക എന്നതായിരുന്നു അതിനുള്ള പോംവഴി. 2004 ആയപ്പോഴേക്കും ഐശ്വര്യയുടെ ജീവിതത്തിലെ ആ അധ്യായവും അവസാനിച്ചു. ആ കാലഘട്ടത്തില്‍ സല്‍മാന്‍ തന്റെ പല അവസരങ്ങളും കളഞ്ഞുവെന്നും തന്റെ കരിയര്‍ വിജയിക്കാതായതില്‍ ഐശ്വര്യയുമായുള്ള ബന്ധം കാരണമായിട്ടുണ്ടെന്നും പിന്നീട് വിവേക് അഭിമുഖങ്ങളില്‍ പറഞ്ഞിട്ടുണ്ട്.

placeholder
vivek
ഐശ്വര്യ റായ് വിവേക് ഒബ്‌റോയിക്കാപ്പം. File Photo | PTI

താരകുടുംബങ്ങള്‍ക്കിടയിലെ ഈഗോ

1997-ലായിരുന്നു അഭിഷേകിന്റെ സഹോദരി ശ്വേതയുടെ വിവാഹം. ബോളിവുഡിലെ താരനിര മുഴുവന്‍ പങ്കെടുത്ത ആ വിവാഹദിവസമാണ് അഭിഷേകും കരിഷ്മ കപൂറും കണ്ടുമുട്ടുന്നത്. പതുക്കെ ഇരുവരും പ്രണയത്തിലാകുകയും അഞ്ച് വര്‍ഷത്തോളം ഇക്കാര്യം രഹസ്യമായി സൂക്ഷിക്കുകയും ചെയ്തു. അതിനിടയില്‍ 2000-ത്തില്‍ റെഫ്യൂജി എന്ന ചിത്രത്തിലൂടെ അഭിഷേക് ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കുകയും ചെയ്തു.

2002-ല്‍ അമിതാഭ് ബച്ചന്റെ 60-ാം പിറന്നാള്‍ ആഘോഷത്തിനിടെ കരിഷ്മ കപൂറുമായുള്ള അഭിഷേകിന്റെ പ്രണയം കുടുംബം പരസ്യമാക്കി. ഇരുവരും വിവാഹിതരാകാന്‍ പോകുകയാണെന്ന് ക്ഷണിക്കപ്പെട്ട അതിഥികള്‍ക്ക് മുമ്പില്‍ ജയ ബച്ചന്‍ വെളിപ്പെടുത്തി. എന്നാല്‍ 2003 ജനുവരിയില്‍ ഇരുവരും വേര്‍പിരിയുകയാണെന്ന വാര്‍ത്തയാണ് ആരാധകര്‍ ഞെട്ടലോടെ കേട്ടത്. അതിലേക്ക് നയിച്ച കാരണം എന്താണെന്ന് ഇന്നും രഹസ്യമായി തുടരുന്നു. കരിഷ്മയുടെ അമ്മയും നടിയുമായ ബബിത കപൂര്‍ അഭിഷേകിന്റെ പേരിൽ കുറച്ച് സ്വത്തുക്കള്‍ എഴുതിവെയ്ക്കാന്‍ അമിതാഭ് ബച്ചനോട് ആവശ്യപ്പെട്ടതാണ് ആ വേര്‍പിരിയലിന് കാരണമെന്നാണ് മാധ്യമങ്ങള്‍ എന്ന് എഴുതിപ്പിടിപ്പിച്ചത്. തന്റെ മകളുടെ ഭാവി സുരക്ഷിതമാക്കാനായിരുന്നു ബബിതയുടെ ആ നീക്കമെന്നും എന്നാല്‍ അത് അമിതാഭ് ബച്ചന് അത്ര ദഹിച്ചില്ലെന്നും പാപ്പരാസികള്‍ കണ്ടെത്തി. പക്ഷേ, ഇക്കാര്യത്തില്‍ ഇരുകുടുംബങ്ങളും ഔദ്യോഗിക വിശദീകരണങ്ങളൊന്നും നല്‍കിയിട്ടില്ല.

ആദ്യം കണ്ടത് സ്വിറ്റ്‌സര്‍ലന്‍ഡില്‍

1997-ല്‍ പുറത്തിറങ്ങിയ 'ഓര്‍ പ്യാര്‍ ഹോ ഗയ' എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടയിലാണ് ഐശ്വര്യയും അഭിഷേകും ആദ്യമായി കണ്ടുമുട്ടുന്നത്. ബോളിവുഡില്‍ ഐശ്വര്യയുടെ അരങ്ങേറ്റമായിരുന്നു ആ ചിത്രം. സ്വിറ്റ്സര്‍ലന്‍ഡിലെ ലൊക്കേഷനില്‍ ഐശ്വര്യയെ കണ്ടപ്പോള്‍തന്നെ അഭിഷേക്, 'എന്തൊരു സുന്ദരിയാണെ'ന്ന് മനസില്‍ പറഞ്ഞു. അന്ന് പ്രൊഡക്ഷന്‍ ബോയിയായി സ്വിറ്റ്സര്‍ലന്‍ഡില്‍ എത്തിയതായിരുന്നു അഭിഷേക്. മൃത്യുദാത എന്ന അച്ഛന്റെ സിനിമക്കായി ലൊക്കേഷന്‍ അന്വേഷിച്ചായിരുന്നു ആ യാത്ര. സ്വിറ്റ്സര്‍ലന്‍ഡിലെ ബോര്‍ഡിങ് സ്‌ക്കൂളില്‍ പഠിച്ചതിനാല്‍ അഭിഷേകിന് കൂടുതല്‍ സ്ഥലപരിചയമുണ്ടാകുമെന്ന ധാരണയിലാണ് പ്രൊഡക്ഷന്‍ ബോയിയായി ടീമിലുള്‍പ്പെടുത്തിയത്. അവിടെയത്തിയപ്പോഴാണ് അടുത്ത സുഹൃത്തായ ബോബി ഡിയോളിന്റെ ചിത്രത്തിന്റെ ഷൂട്ടിങ് നടക്കുന്ന കാര്യം അഭിഷേക് അറിഞ്ഞത്. ബോബിയെ കാണാന്‍ പോയ കൂട്ടത്തില്‍ ഐശ്വര്യയേയും താരപുത്രന്‍ പരിചയപ്പെട്ടു. അന്ന് ഹായ് ബൈ പറഞ്ഞ് ഇരുവരും പിരിഞ്ഞു.

placeholder
karishma
കരിഷ്മ കപൂര്‍ ബച്ചന്‍ കുടുംബത്തോടൊപ്പം | Photo: Twitter

പിന്നീട് മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം 'ധായ് അക്ഷര്‍ പ്രേം കേ' എന്ന ചിത്രത്തില്‍ ഇരുവരും ഒന്നിച്ചു. അതിന്റെ ഫോട്ടോഷൂട്ടിനിടയിലായിരുന്നു രണ്ടാമത്തെ കൂടിക്കാഴ്ച്ച. അതേസമയത്ത് ഇരുവരും ഒന്നിച്ചുള്ള 'കുച്ച് ന കഹോ' എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങും നടക്കുന്നുണ്ടായിരുന്നു. ഒരേ സമയത്ത് രണ്ട് സിനിമകളില്‍ അഭിനയിക്കുന്നതിനാല്‍ ഇരുവരും ദിവസവും കണ്ടുമുട്ടി. പരസ്പരം ഫോണ്‍ നമ്പറുകള്‍ കൈമാറി. അടുത്ത സുഹൃത്തുക്കളാകാന്‍ അധികം താമസമുണ്ടായില്ല. ആ സമയത്ത് ഐശ്വര്യ സല്‍മാനുമായും അഭിഷേക് കരിഷ്മയുമായും കടുത്ത പ്രണയത്തിലായിരുന്നു. രണ്ടു പേരും പ്രണയത്തിന്റെ സമ്മര്‍ദങ്ങളിലൂടെ കടന്നുപോകുന്ന സമയം കൂടിയായിരുന്നു അത്. പരസ്പരം കാര്യങ്ങള്‍ തുറന്നു പറഞ്ഞ് ഇരുവരും ആശ്വാസം കണ്ടെത്തി. 2003-ലാണ് കുച്ച് നാ കഹോ റിലീസായത്. അതിന്റെ പ്രൊമോഷന്റെ ഭാഗമായും ഇരുവരും ഒന്നിച്ച് വേദികളിലെത്തി. ആ സിനിമ വന്‍ വിജയമായെങ്കിലും അഭിഷേകിന്റേയും ഐശ്വര്യയുടേയും വ്യക്തിജീവിതത്തിലെ ഇരുണ്ട അദ്ധ്യായങ്ങളിലൂടെയാണ് കടന്നുപോയിരുന്നത്.

ന്യൂയോര്‍ക്കിലെ പ്രൊപ്പോസല്‍

ഐശ്വര്യ സല്‍മാനുമായുള്ള ബന്ധം ഉപേക്ഷിക്കുകയും കരിഷ്മയുമായുള്ള അഭിഷേകിന്റെ വിവാഹ സ്വപ്നങ്ങള്‍ തകരുകയും ചെയ്തു. സല്‍മാനുമായുള്ള ബന്ധത്തിന്റെ പേരില്‍ മാതാപിതാക്കളെ പിണക്കിയിരുന്ന ഐശ്വര്യ ആശ്വാസം കണ്ടെത്തിയിരുന്നത് അഭിഷേക് ഉള്‍പ്പെട്ട സുഹൃത്തുക്കളിലൂടെയായിരുന്നു. ബോളിവുഡിലെ താരകുടുംബങ്ങള്‍ തമ്മിലുള്ള ഈഗോ പ്രശ്നത്തിനിടയില്‍ നഷ്ടപ്പെട്ട തന്റെ പ്രണയത്തെ കുറിച്ച് അഭിഷേകും ഐശ്വര്യയോട് വാചാലനായി. പിന്നീട് ബോളിവുഡിന്റെ ബോക്‌സോഫീസ് തകര്‍ത്ത ആക്ഷന്‍ ചിത്രം ധൂമിന്റെ ഭാഗമായി ഇരുവരും. 2006-ല്‍ ഉംറാവ് ജാനില്‍ അഭിനയിക്കുമ്പോഴാണ് ഇരുവരും സൗഹൃദത്തില്‍ നിന്ന് പ്രണയത്തിന്റെ പാതയിലെത്തിയത്. ചിത്രത്തില്‍ ഐശ്വര്യ അഭിനയിച്ച ഉംറാവ് ജാനിനെ പ്രണയിക്കുന്ന നവാബ് സുല്‍ത്താനായാണ് അഭിഷേക് അഭിനയിച്ചത്. ഇരുവരും തമ്മിലുള്ള ഒരുപാട് റൊമാന്റിക് സീനുകള്‍ ആ ചിത്രത്തിനായി ഷൂട്ട് ചെയ്യേണ്ടി വന്നു. എന്നാല്‍ ആ സീനുകള്‍ വെള്ളിത്തിരയിലെ പ്രണയം മാത്രമായിരുന്നില്ല, ഇരുവരുടേയും യഥാര്‍ഥ ജീവിതത്തിലെ റൊമാന്റിക് നിമിഷങ്ങള്‍ കൂടിയായിരുന്നു. 

പിന്നാലെ മണിരത്‌നത്തിന്റെ ഗുരു എന്ന ചിത്രത്തിലും ഇരുവരും ഒരുമിച്ചെത്തി. 2007 ജനുവരിയിലായിരുന്നു ഗുരുവിന്റെ റിലീസ്. ഇതിന് പിന്നാലെ ന്യൂയോര്‍ക്കിലെ ഒരു ഹോട്ടലിന്റെ ബാല്‍ക്കണിയില്‍വെച്ച് അഭിഷേക് ഐശ്വര്യയെ പ്രൊപ്പോസ് ചെയ്തു. സിനിമകളില്‍ കാണുന്നതുപോലെ മുട്ടുകുത്തി നിന്ന് നാടകീയമായിട്ടായിരുന്നു ജീവിതത്തിലേക്കുള്ള ക്ഷണം. തന്റെ നേരെ താരപുത്രന്‍ നീട്ടിയ മോതിരത്തോട് മുഖം തിരിക്കാന്‍ ആഷിനും കഴിഞ്ഞില്ല. ഇനിയുള്ള കാലം അഭിഷേകിനൊപ്പം ജീവിക്കാമെന്ന് അവര്‍ വാക്കുനല്‍കി. പിന്നാലെ വീട്ടുകാരും ഇക്കാര്യം അറിഞ്ഞു. 2007 ഏപ്രില്‍ 20-ന് ഇരുവരുടേയും വിവാഹ തിയ്യതിയും കുറിച്ചു. അതായത് പ്രൊപ്പോസല്‍ കഴിഞ്ഞ് മൂന്ന് മാസത്തിനുള്ളില്‍ അഭിഷേകും ആഷും വിവാഹിതരായി. വിവാഹത്തിന് തൊട്ടുമുമ്പ് ജോധാ അക്ബര്‍ എന്ന ചിത്രത്തിന്റെ ഷൂട്ടിങ് സെറ്റിലായിരുന്നു ആഷ്. അതില്‍ 'ഖ്വാജാ' എന്ന് തുടങ്ങുന്ന ഗാനരംഗത്തില്‍ ഒരു വധുവായാണ് ഐശ്വര്യ അഭിനയിക്കുന്നത്. ആ രംഗം ചിത്രീകരിച്ചത് വിചിത്രമായ അനുഭവമായിരുന്നെന്ന് പിന്നീട് അഭിമുഖത്തില്‍ ഐശ്വര്യ പറഞ്ഞിട്ടുണ്ട്. 'സിനിമയിലേയും ജീവിതത്തിലേയും വിവാഹം എനിക്ക് പലപ്പോഴും തിരിച്ചറിയാന്‍ പറ്റിയില്ല. ആ ഗാനരംഗം ചിത്രീകരിക്കുമ്പോള്‍ ഞാന്‍ ആലോചിക്കുകയായിരുന്നു... 'ദൈവമേ, ഇത് സ്വപ്നമാണോ? സിനിമയ്ക്കുള്ളില്‍ നടക്കുന്നതുതന്നെ പുറത്തും സംഭവിക്കുന്നു.'- പിന്നീട് നടന്ന അഭിമുഖത്തില്‍ ഐശ്വര്യ പറയുന്നത് ഇങ്ങനെയാണ്. 

placeholder
aishwarya
ഐശ്വര്യ റായിയും അഭിഷേക് ബച്ചനും  | Photo: PTI

ആഡംബരം നിറഞ്ഞ വിവാഹം

വിവാഹനിശ്ചയത്തിന്റെ പഞ്ചാബി ചടങ്ങായ 'റോക്ക'യോടെയായിരുന്നു ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചത്. എല്ലാ കാര്യങ്ങളും വളരെ വേഗത്തില്‍ നടന്നതിനാല്‍ റോക്ക ചടങ്ങിനായി അഭിഷേകിന്റെ കുടുംബം ഐശ്വര്യയുടെ മംഗലാപുരത്തെ വീട്ടിലെത്തിയത് മുന്നൊരുക്കങ്ങൾ ഒന്നുമില്ലാതെയായിരുന്നു. ആ സംഭവം ഒരു അഭിമുഖത്തില്‍ ആഷ് വിശദീകരിക്കുന്നുണ്ട്.

'ഞാന്‍ മംഗലാപുരത്ത് ജനിച്ചു വളര്‍ന്നതിനാല്‍ എനിക്ക് വടക്കേ ഇന്ത്യയിലെ ആചാരങ്ങളൊന്നും അറിയില്ലായിരുന്നു. റോക്ക ചടങ്ങുണ്ടെന്നെല്ലാം വിവാഹത്തിന് തൊട്ടുമുമ്പുള്ള സമയങ്ങളിലാണ്  അറിഞ്ഞത്. അത് എന്താണെന്നുപോലും എനിക്ക് അറിയില്ലായിരുന്നു. ഒരു ദിവസം ഞാന്‍ വീട്ടില്‍ വിവാഹത്തിനുള്ള തയ്യാറെടുപ്പുകള്‍ നടത്തുമ്പോള്‍ അഭിഷേക് എന്നെ വിളിച്ച് പറഞ്ഞു, അച്ഛനും അമ്മയും കുടുംബാംഗങ്ങളും അങ്ങോട്ട് വരുന്നുണ്ടെന്ന്. ആ സമയത്ത് എന്റെ അച്ഛന്‍ വീട്ടിലില്ലായിരുന്നു. പുറത്തുപോയ അദ്ദേഹം തിരിച്ചെത്താന്‍ ഒരു ദിവസമെങ്കിലും എടുക്കുമെന്നും ഈ ചടങ്ങ് മാറ്റിവെയ്ക്കാന്‍ പറ്റുമോയെന്നും ഞാന്‍ അഭിഷേകിനോട് ചോദിച്ചു. പക്ഷേ അപ്പോഴേക്കും കാര്യങ്ങള്‍ കൈവിട്ടുപോയിരുന്നു. വൈകുന്നേരം വീട്ടിലെത്താവുന്ന തരത്തില്‍ ടിക്കറ്റെല്ലാം ബുക്ക് ചെയ്തിരുന്നു. അങ്ങനെ അഭിഷേകും കുടുംബവും വീട്ടിലെത്തി വിവാഹതിയ്യതി കുറിക്കുകയും ചടങ്ങുമായി ബന്ധപ്പെട്ട മറ്റു കാര്യങ്ങളെല്ലാം തീരുമാനിക്കുകയും ചെയ്തു. ഇരു കുടുംബാംഗങ്ങളും പരസ്പരം പരിചയപ്പെട്ടതും ആ ദിവസമായിരുന്നു.' ഐശ്വര്യ വിവാഹത്തിന് ശേഷം നല്‍കിയ അഭിമുഖത്തില്‍ പറയുന്നു.

ജുഹുവിലെ അമിതാഭ് ബച്ചന്റെ വീടായ 'പ്രതീക്ഷ'യിലാണ് ഇരുവരുടേയും വിവാഹം നടന്നത്. 11 പണ്ഡിതന്മാർ പങ്കെടുത്ത ചടങ്ങിന്റെ മുഹൂര്‍ത്തം 11 മണിക്കായിരുന്നു. കാഞ്ചീപുരം സാരിയില്‍ അതീവ സുന്ദരിയായെത്തിയ ഐശ്വര്യയ്ക്കായി വിവാഹ വസ്ത്രങ്ങള്‍ ഒരുക്കിയത് സെലിബ്രിറ്റി കോസ്റ്റ്യൂം ഡിസൈനറായ നീത ലുല്ലയായിരുന്നു. ജോധ അക്ബര്‍ സിനിമയുടെ സെറ്റില്‍വെച്ചാണ് ഐശ്വര്യ വിവാഹത്തിന് ധരിക്കേണ്ട സാരിയെ കുറിച്ച് നീതയോട് പറഞ്ഞത്. 'ഐശ്വര്യ ജോധ അക്ബര്‍ എന്ന സിനിയില്‍ വിവാഹ വസ്ത്രത്തില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. അതിലുള്ളതുപോലെയുള്ള വസ്ത്രം തന്റെ വിവാഹത്തിന് വേണ്ടെന്ന് അന്ന് ആ സെറ്റില്‍വെച്ച് അവര്‍ എന്നോട് പറഞ്ഞു. കാഞ്ചീപുരം ധരിക്കണം എന്നായിരുന്നു ഐശ്വര്യയുടെ ആഗ്രഹം. അവരുടെ അമ്മയോട് സംസാരിക്കണമെന്നും അതിനുവേണ്ട ഒരുക്കങ്ങള്‍ എന്നോട് നടത്താന്‍ പറയുകയും ചെയ്തു.' ബോളിവുഡ് ഹംഗാമയ്ക്ക് നല്‍കിയ ഒരു അഭിമുഖത്തില്‍ നീത പറഞ്ഞു. 

placeholder
abhishek
ഐശ്വര്യ റായിയും അഭിഷേക് ബച്ചനും വിവാഹത്തിനിടെ | Photo: PTI

തെന്നിന്ത്യക്കാരിയായ ഐശ്വര്യ അവരുടെ സംസ്‌കാരത്തിന് അനുസരിച്ചുള്ള വിവാഹവസ്ത്രം ധരിക്കാനാണ് ഇഷ്ടപ്പെട്ടത്. തന്റെ വിവാഹ സാരിയില്‍ അത് പ്രതിഫലിക്കണമെന്ന് അവര്‍ക്ക് നിര്‍ബന്ധമായിരുന്നു. വിവാഹത്തിനായി ഐശ്വര്യയ്ക്ക് പ്രത്യേകം സാരി നെയ്തെടുത്തു. സങ്കീര്‍ണമായ ത്രെഡ് വര്‍ക്കും സ്വരോസ്‌കി ക്രിസ്റ്റലുകളും ഹെവി എംബ്രോയ്ഡറിയുമുള്ള പരമ്പരാഗത മഞ്ഞയും സ്വര്‍ണവും നിറത്തിലുള്ള സാരിയാണ് ഡിസൈന്‍ ചെയ്തത്. ഇതിനൊപ്പം സര്‍ദോസി ബ്ലൗസ് തിരഞ്ഞെടുത്തു. സാധാരണ തെന്നിന്ത്യയിലെ സ്ത്രീകള്‍ ധരിക്കുന്നതുപോലെ ആ ബ്ലൗസിന് അഞ്ച് ഇഞ്ച് സ്ലീവുണ്ടായിരുന്നു. മനോഹരമായ ടെമ്പിൾ ഡിസൈനുള്ള ആഭരണങ്ങളാണ് അവര്‍ അണിഞ്ഞത്. അബൂ ജാനി സന്ദീപ് ഖോസ്ലെ ഡിസൈന്‍ ചെയ്ത ഐവറി നിറത്തിലുള്ള ഷെര്‍വാണിയായിരുന്നു അഭിഷേകിന്റെ ഔട്ട്ഫിറ്റ്. ജ്യോമെട്രിക് വസ്ലി പാറ്റേണുള്ള ഷെര്‍വാണിക്ക് സര്‍ദോസി ബോര്‍ഡറുകളും നല്‍കിയിരുന്നു. 

45 ലക്ഷത്തിന്റെ താലിമാല

വിവാഹസമയത്ത് അഭിഷേക് ഐശ്വര്യയെ അണിയിച്ച താലിമാല എന്നും ചര്‍ച്ചകളില്‍ നിറഞ്ഞുനിന്നിരുന്നു. 45 ലക്ഷം രൂപ വിലമതിക്കുന്ന ഡബിള്‍ ലെയര്‍ വരുന്ന മാലയാണ് അഭിഷേക് അണിയിച്ചത്. സവിശേഷമായ മൂന്ന് വജ്രക്കല്ലുകളും ഇതില്‍ പതിപ്പിച്ചിട്ടുണ്ട്. എന്നാല്‍, വിവാഹം കഴിഞ്ഞ് കുറച്ച് വര്‍ഷങ്ങള്‍ക്കുള്ളില്‍ ഐശ്വര്യ തന്റെ താലിമാലയില്‍ മാറ്റങ്ങള്‍ വരുത്തി. മാലയുടെ നീളം കുറയ്ക്കുകയും ഡബിള്‍ ലെയര്‍ ഒഴിവാക്കുകയും ചെയ്തു. എന്നാല്‍, ആ മൂന്ന് കല്ലുകള്‍ അതുപോലെ നിലനിര്‍ത്തി. 

2011-ന് ശേഷമാണ് ഐശ്വര്യ താലി പുതുക്കിപ്പണിതത്. മകള്‍ ആരാധ്യക്ക് ജന്മം നല്‍കിയതിന് ശേഷം താലിയുടെ പരിപാലനത്തിന് ഐശ്വര്യക്ക് സമയം തികയതൊ വന്നു. ഇതോടെ കുറച്ചുകൂടി ലളിതമായ ഡിസൈനിലേക്ക് അവര്‍ അത് മാറ്റുകയായിരുന്നു. അമ്മയായ ശേഷം അവര്‍ സിനിമയില്‍ നിന്നും ഇടവേളയെടുത്തു. പിന്നീട് നാല് വര്‍ഷങ്ങള്‍ക്കുശേഷം ജസ്ബ എന്ന ചിത്രത്തിലൂടെയാണ് ബോളിവുഡില്‍ തിരിച്ചെത്തിയത്. പിന്നീടങ്ങോട്ട് അവര്‍ സിനിമകളുടെ എണ്ണം കുറച്ചു. മണിരത്‌നത്തിന്റെ പൊന്നിയിന്‍ സെല്‍വനിലാണ് ഒടുവില്‍ പ്രത്യക്ഷപ്പെട്ടത്. അഭിനയരംഗത്ത് നിന്ന് വിട്ടുനിന്നെങ്കിലും ചലച്ചിത്രമേളകളിലും ഫാഷന്‍ പരിപാടികളിലും അവര്‍ നിറസാന്നിധ്യമായിരുന്നു. ഇത്തവണത്തെ കാന്‍ ഫിലിം ഫെസ്റ്റിവലിലും ഐശ്വര്യ കൈയിനേറ്റ പരിക്ക് വകവെയ്ക്കാതെയെത്തി. മകള്‍ ആരാധ്യയും കൂടെയുണ്ടായിരുന്നു. 

placeholder
aishwarya
ഐശ്വര്യ റായിയും അഭിഷേക് ബച്ചനും
മകള്‍ക്കൊപ്പം | Photo: AP

ഇതിനിടയില്‍ അഭിഷേകും ഐശ്വര്യയും വേര്‍പിരിയുകയാണെന്ന തരത്തിലും വാര്‍ത്തകള്‍ വന്നു. അഭിഷേകിന്റെ അമ്മ ജയയുമായി ഐശ്വര്യ വഴക്കിട്ടുവെന്നും ഇരുവര്‍ക്കും ഒരുമിച്ചുപോകാന്‍ കഴിയില്ലെന്നും മാധ്യമങ്ങള്‍ എഴുതിപ്പിടിപ്പിച്ചു. ഇതോടെ ഇരുവരുടേയും ആരാധകരും നിരാശയിലേക്ക് വീണു. 17-ാം വിവാഹ വാര്‍ഷികത്തിന് പരസ്പരം ആശംസകള്‍ നേര്‍ന്ന് പോസ്റ്റ് പങ്കുവെച്ചാണ് അഭിഷേകും ഐശ്വര്യയും ഈ ഗോസിപ്പുകളുടെയെല്ലാം മുനയൊടിച്ചത്.