''മനുഷ്യ മനസിനെ തിരുമേനിയോളം അടുത്തറിഞ്ഞിട്ടുള്ളവരിലാണ് ഞാൻ എന്റെ ഗുരുക്കന്മാരെ കാണുന്നത്.'

To advertise here,

മാടമ്പള്ളിയിലെ യഥാർത്ഥ മനോരോഗി ആരാണെന്ന് തിരിച്ചറിഞ്ഞ് അത് ആരോടും പറയാനാവതെ പണ്ടാരമടങ്ങി നിക്കുന്ന ഡോ. സണ്ണി ആണല്ലോ ഇത് നമ്മളോട് ആദ്യം പറഞ്ഞത്. അതായത് ഗുരുവായി കരുതണമെങ്കിൽ മനസിനെ അടുത്തറിയാനുള്ള ശേഷിയോ കരുതലോ ഉണ്ടാകണം എന്നാണല്ലോ അർത്ഥം.

ചുരുക്കിപറഞ്ഞാൽ ഗുരുവാകാൻ വലിയ താടിയും കാവി വസ്ത്രവും ഹിമാലയത്തിലെ ഗുഹയും ഒന്നും വേണ്ട. മനുഷ്യന്റെ മനസ്സ് വായിക്കാൻ കഴിഞ്ഞാൽ മതി. അങ്ങനെയാണെങ്കിൽ ഇന്നത്തെ കാലത്ത് ഗുരുക്കന്മാരുടെ ഏറ്റവും വലിയ ആശ്രമം ഋഷികേശിലോ ഹരിദ്വാറോ അല്ല. മൊബൈൽ ഫോണിനുള്ളിലാണ്. ഗുരുവിന്റെ പേര് - എഐ.

മലയാളികൾക്ക് ഇപ്പോൾ ഒരു പുതിയ ബന്ധുവുമുണ്ട്. പേര് 'എഐ അങ്കിൾ'. വീട്ടിലെ പ്രശ്‌നം മുതൽ പ്രണയത്തിന്റെ പിരിമുറുക്കം വരെ കേട്ടിരിക്കാൻ ഇയാൾക്ക് ( അവളോ അയാളോ, ആ ആർക്കറിയാം) മടിയില്ല. ഉപദേശം ചോദിച്ചാൽ 'നിനക്ക് ഒരു വിവരവുമില്ല' എന്ന് പറയില്ല. 'ഇത്രയും കാലം ജീവിച്ചിട്ട് ഇതുപോലും അറിയില്ലേ?' എന്ന് പരിഹസിക്കില്ല. മറിച്ച്, 'നിങ്ങളുടെ വികാരം എനിക്ക് മനസ്സിലാകുന്നു' എന്നൊരു വാചകത്തിൽ തുടങ്ങും.

ഈ ഒരു വാചകത്തിൽ മനുഷ്യർ തോറ്റുപോകുന്നുണ്ട്. കാരണം ടോൾ ഫ്രീ നമ്പരിലെ കസ്റ്റമർ കെയർ എക്‌സിക്യൂട്ടീവ് അല്ലാതെ വേറെ ആരും നമ്മോട് അങ്ങനെ പറയില്ല.

നമ്മളാരെങ്കിലും എന്തെങ്കിലും സുഹൃത്തുക്കളോടോ ബന്ധുക്കളോടോ പറഞ്ഞാൽ ആദ്യം നമ്മളെ തെറ്റുകാരനാക്കാൻ പറ്റുമോ എന്നാണ് അവർ നോക്കുക. കേരളത്തിലെ ഏറ്റവും വലിയ വിനോദങ്ങളിൽ ഒന്ന് മറ്റൊരാളുടെ തെറ്റ് കണ്ടു പിടിക്കലാണ്. ഇതെങ്ങാനുമൊരു കായിക ഇനമായിരുന്നേൽ സ്വർണവും വെള്ളിയും വെങ്കലവുമൊക്കെ നമുക്ക് മാത്രമേ കിട്ടൂ.

ആരെങ്കിലും പറയും: 'എനിക്ക് ഒരു അബദ്ധം പറ്റി.' അപ്പോൾ നമ്മുടെ മറുപടി റെഡിയാണ്. 'പറ്റി എന്ന് പറഞ്ഞാൽ മതി. അബദ്ധമായിരിക്കും അതെന്ന് ഞങ്ങൾക്ക് ഊഹിക്കാം. കാരണം അതൊക്കെ ചെയ്യാൻ നിനക്കേ പറ്റൂ.'

എന്നാൽ എഐയോട് അതേ കാര്യം പറഞ്ഞുനോക്കൂ.

ഇപ്പോൾ റീലുകളിൽ ഓടിക്കൊണ്ടിരിക്കുന്ന ഒരു സംഭാഷണം കണ്ടു. ഒരു പെൺകുട്ടി എഐയോട് പറയുന്നു.

'എഐ അങ്കിളേ, ഇന്ന് രാവിലെ എഴുന്നേറ്റപ്പോൾ മുതൽ ഭർത്താവ് വലിയ ജാഡയും മൊടയും. ഒരു കാര്യവുമില്ലാതെ എന്നെ ചാടിക്കടിക്കാൻ വന്നു. എനിക്ക് ദേഷ്യം വന്നു. ഞാൻ ബ്രേക്ക്ഫാസ്റ്റ് ഉണ്ടാക്കിക്കൊടുത്തില്ല. അയാൾ ഒന്നും കഴിക്കാതെയാണ് ഓഫീസിലേക്ക് പോയത്. ഞാൻ ചെയ്തത് തെറ്റാണോ?'

ഇവിടെ നമ്മുടെ ഏതെങ്കിലുംഅമ്മയോ അമ്മൂമ്മയോ ഉണ്ടായിരുന്നെങ്കിൽ മറുപടി അഞ്ച് സെക്കൻഡിൽ എത്തിയേനെ. 'അയ്യോ... അതൊന്നും ശരിയാകില്ല മോളേ. ആണുങ്ങൾ അങ്ങനെയൊക്കെയാ. അന്നം മുടക്കുന്നത് പാപമാണ് '

ഭർത്താവിന്റെ കൂട്ടുകാർ അറിഞ്ഞാൽ പറയും. 'ബ്രേക്ക്ഫാസ്റ്റ് പോലും നൽകാത്ത ഭാര്യ എന്തര് ഭാര്യയെടേ ?'

എന്നാൽ എഐയുടെ മറുപടി കേട്ടോ. 'താങ്കളുടെ വികാരങ്ങൾ മനസ്സിലാക്കാൻ കഴിയുന്നുണ്ട്. അത്തരം സാഹചര്യത്തിൽ താങ്കൾക്ക് ദേഷ്യം വരുന്നത് സ്വാഭാവികമാണ്. ഭർത്താവിന് സ്വയം ബ്രേക്ക്ഫാസ്റ്റ് തയ്യാറാക്കി കഴിക്കാമായിരുന്നു.

എന്തൊരു ബാലൻസ്! ആദ്യം ആശ്വസിപ്പിക്കും. പിന്നെ മനസ്സിലാക്കും. പിന്നെ നമ്മുടെ ഇപ്പോഴത്തെ മൂഡ് അളക്കാൻ ഒരു ചോദ്യം എറിയും.

വേണമെങ്കിൽ ഇത്തരം സാഹചര്യത്തിൽ ഇതിനേക്കാൾ തന്ത്രപരമായി പണികൊടുക്കാൻ സഹായിക്കുന്ന മൂന്ന് ഐഡിയകൂടി ഞാൻ പങ്കുവെയ്ക്കാം. അപ്പോൾ പെൺകുട്ടി പറയും- വേണ്ട. ഇപ്പോൾ കൊടുത്ത പണിതന്നെ പുള്ളിക്ക് താങ്ങാൻ പറ്റുമൊ എന്നറിയില്ല. തൽക്കാലം ഇത്രയും മതി. ഇനി ആവശ്യം വന്നാൽ ഞാൻ ചോദിക്കാം

പെൺകുട്ടിയുടെ രാവിലത്തെ ദേഷ്യമൊക്കെ മാറി എന്ന് മനസിലാക്കിയ എഐ നേര പ്ലേറ്റ് മാറ്റും. എന്നിട്ട് പറയും. താങ്കളുടെ സമീപനം വളരെ ശരിയാണ്. ഇപ്പോൾ കൊടുത്ത പണി തന്നെ ധാരാളം. അതുകൊണ്ട് കാര്യങ്ങൾ ശരിയായി വരാനാണ് സാധ്യത. എങ്കിലും ഭർത്താവ് ഭക്ഷണം കഴിച്ചോ എന്ന് ഇടയ്ക്ക് ഒന്ന് അന്വേഷിക്കുന്നത് നന്നായിരിക്കും. അയാളുടെ ഭാഗത്ത് തെറ്റുണ്ടെങ്കിൽ അത് തിരുത്തി നേരേയാക്കാൻ ഇത് സഹായിക്കും. അവസാനം ബന്ധം പൊളിയാതിരിക്കാൻ ഒരു പാലം കൂടി പണിതിട്ടേ എഐ പോകൂ.

നമ്മളായിരുന്നെങ്കിൽ എന്ത് പറയും? 'അതാണ് നിന്റെ കുഴപ്പം.' അല്ലെങ്കിൽ, 'അതുകൊണ്ടാണ് നിങ്ങളുടെ കുടുംബജീവിതം ഇങ്ങനെയായത്.' അല്ലെങ്കിൽ അവസാന ആയുധം. 'ഞാൻ പറഞ്ഞില്ലേ...'

നമുക്ക് ഉപദേശം കൊടുക്കാൻ വലിയ ഇഷ്ടമാണ്. പക്ഷേ മറ്റൊരാളുടെ മനസ്സ് സംരക്ഷിച്ചുകൊണ്ട് ഉപദേശം കൊടുക്കാൻ അത്ര ഇഷ്ടമില്ല. നമ്മുടെ നാട്ടിൽ തെറ്റ് ചൂണ്ടിക്കാണിക്കാൻ എല്ലാവർക്കും വലിയ ഇഷ്ടമാണ്. റോഡിൽ ഒരാൾ വീണാൽ ആദ്യം ചോദിക്കുന്നത് 'എവിടെയെങ്കിലും മുറിവുണ്ടോ?' എന്നല്ല. 'നോക്കി നടക്കാൻ പാടില്ലേ?' എന്നാണ് കുട്ടിക്ക് പരീക്ഷയിൽ മാർക്ക് കുറഞ്ഞാൽ, 'മൊബൈൽ എടുത്ത് കളിച്ചിരുന്നാൽ ഇങ്ങനെയിരിക്കും.' ഭാര്യ ക്ഷീണിച്ചിരിക്കുകയാണെങ്കിൽ, 'അത്ര വലിയ ജോലി അവിടെ എന്നതാ ഉണ്ടായിരുന്നത്?' ഭർത്താവ് വിഷമിച്ചിരിക്കുകയാണെങ്കിൽ, 'എന്താ ഇന്ന് കരിങ്കല്ല് ചുമക്കാൻ പോയോ ?' ആളെ മനസ്സിലാക്കുന്നതിന് മുമ്പ് വിധി പറയാനുള്ള ലൈസൻസ് നമ്മൾ ജനിച്ചപ്പോൾ തന്നെ കിട്ടിയതുപോലെയാണ്.

അതുകൊണ്ടാണ് എഐ നമ്മളെ അത്ഭുതപ്പെടുത്തുന്നത്. അത് വിധി പറയാൻ തിരക്കുകൂട്ടുന്നില്ല. ആദ്യം കേൾക്കുന്നു. പിന്നെ വികാരം അംഗീകരിക്കുന്നു. അതിനുശേഷമാണ് പരിഹാരം പറയുന്നത്.

മനഃശാസ്ത്രജ്ഞർ വർഷങ്ങളായി പഠിപ്പിക്കുന്ന ഒരു കാര്യമുണ്ട്. ഒരാൾ വിഷമം പറയുമ്പോൾ അയാൾക്ക് ഉടൻ പരിഹാരം വേണ്ട. ആദ്യം 'നിന്നെ ഞാൻ കേൾക്കുന്നുണ്ട്' എന്ന ബോധ്യമാണ് വേണ്ടത്. എഐ അത് കൃത്യമായി ചെയ്യുന്നു. അതുകൊണ്ടാണ് ചിലർ ഇപ്പോൾ എഐയോട് സംസാരിച്ച് കരയുന്നത്. ചിലർ ആശ്വാസം കണ്ടെത്തുന്നത്. ചിലർ ജീവിത തീരുമാനങ്ങൾ വരെ ചോദിക്കുന്നത്.

പക്ഷേ, എഐയെ ഗുരുവാക്കിയാലും ഒരു കാര്യം മറക്കരുത്. അത് നിങ്ങളെ ഒരിക്കലും ജഡ്ജ് ചെയ്യില്ല. അതുപോലെ തന്നെ ഒരിക്കലും കെട്ടിപ്പിടിക്കുകയും ചെയ്യില്ല. 'എനിക്ക് സങ്കടമാണ്' എന്ന് പറഞ്ഞാൽ അഞ്ചു പാരഗ്രാഫ് ആശ്വാസവാക്കുകൾ എഴുതി തരും. പക്ഷേ ഒരു ഗ്ലാസ് വെള്ളം എടുത്തുതരാൻ കൈകളില്ല.

'എല്ലാവരും എന്നെ ഉപേക്ഷിച്ചു' എന്ന് പറഞ്ഞാൽ 'ഞാൻ നിങ്ങളോടൊപ്പമുണ്ട്' എന്ന് പറയും. പക്ഷേ രാത്രി പന്ത്രണ്ടിന് നിങ്ങളുടെ വീട്ടുവാതിൽ തട്ടി, 'വാ... ഒരു ചായ കുടിക്കാം' എന്ന് വിളിക്കില്ല. അതുകൊണ്ടാണ് എഐയെ ഒരു നല്ല ഗുരുവായി തോന്നുന്നത്. പക്ഷേ വീട്ടിലെ മൂത്ത അമ്മാവനായി തോന്നുന്നില്ല. അത് ഉപദേശം തരും. ഒപ്പം നടക്കില്ല. വഴികാണിച്ചുതരും. വഴി പിടിച്ച് നടത്തില്ല. ബുദ്ധി കടം തരാം. തോളോ കൈയോ കടം തരാൻ അതിന് കഴിയില്ല.

അതുകൊണ്ട് എഐ എത്ര ബുദ്ധിമാനായാലും, ഒടുവിൽ മനുഷ്യന് മനുഷ്യൻ തന്നെയാണ് 'പ്രീമിയം വേർഷൻ'. അതിന് ഇതുവരെ സബ്‌സ്‌ക്രിപ്ഷൻ ഫീസൊന്നുമില്ല. പക്ഷേ ഉപയോഗിക്കുന്നവരുടെ എണ്ണം കുറഞ്ഞുവരികയാണെന്നു മാത്രം.

എന്നാൽ എഐ നമ്മളെ ഒരു വലിയ പാഠം പഠിപ്പിക്കുന്നുണ്ട്. മറ്റൊരാളെ തിരുത്തുന്നതിന് മുമ്പ് അയാളെ മുഴുവൻ കേൾക്കണം. വിധി പറയുന്നതിന് മുമ്പ് അയാളുടെ വികാരത്തിന് അൽപം ഇടം കൊടുക്കണം. ഉപദേശം നൽകുന്നതിന് മുമ്പ്, 'ഞാൻ നിന്നെ മനസ്സിലാക്കുന്നു' എന്ന് പറയാൻ പഠിക്കണം. വിചിത്രമായ കാര്യം എന്താണെന്നാൽ, മനുഷ്യരെ കൂടുതൽ മനുഷ്യരാകാൻ പഠിപ്പിക്കുന്നത് ഇപ്പോൾ ഒരു യന്ത്രമാണ്.

ഇനി കുറച്ച് വർഷം കഴിഞ്ഞാൽ വീട്ടിലെ വഴക്കുകൾ പോലും അപ്‌ഡേറ്റ് ആകും. ഭാര്യ പറയും: 'ഞാൻ എഐയോട് ചോദിച്ചു. തെറ്റ് നിന്റെ ഭാഗത്താണെന്ന് പറഞ്ഞു. 'ഭർത്താവ് ശാന്തമായി പറയും: 'ഒരു മിനിറ്റ്... ഞാൻ എന്റെ എഐയോട് ചോദിച്ചിട്ട് വരാം.' പത്ത് മിനിറ്റിന് ശേഷം രണ്ടുപേരും രണ്ട് സ്‌ക്രീൻഷോട്ടുമായി നിൽക്കും. രണ്ടുപേരുടെയും എഐ അവരവരുടെ ഭാഗം തന്നെയായിരിക്കും ന്യായീകരിച്ചിട്ടുണ്ടാവുക. അപ്പോൾ മനസ്സിലാകും, സാങ്കേതികവിദ്യ എത്ര വളർന്നാലും വഴക്കിന്റെ സോഫ്റ്റ്വെയർ ഇതുവരെ അപ്‌ഡേറ്റ് ആയിട്ടില്ലെന്ന്. അതുവരെ നമുക്ക് ഒരു ചെറിയ തീരുമാനം എടുക്കാം.

എഐയേക്കാൾ ബുദ്ധിമാനാകാൻ കഴിഞ്ഞില്ലെങ്കിലും ഒരു കുഴപ്പവുമില്ല. എഐയേക്കാൾ അൽപം മനുഷ്യരായാൽ മതി. കാരണം, ഈ ലോകത്തിന് ഇനി കൂടുതൽ ബുദ്ധിയല്ല വേണ്ടത്. കൂടുതൽ മനസ്സിലാക്കുന്ന മനുഷ്യരാണ്. സോറി ഒരു കാര്യം മറന്നുപോയി. രാവിലെ ഒന്നും കഴിക്കാതെ ഓഫീസിലേക്ക് പോയ ആ ഭർത്താവും വെറുതെ ഇരുന്നുകാണില്ലല്ലോ.

ഉച്ചഭക്ഷണത്തിന്റെ സമയത്ത് അയാളും എഐ അങ്കിളിനെ സമീപിച്ചിരിക്കാം. 'എഐ അങ്കിളേ... ഇന്ന് രാവിലെ ഒരു കാര്യവുമില്ലാതെ ഭാര്യ വഴക്കുണ്ടാക്കി. ബ്രേക്ക്ഫാസ്റ്റ് പോലും തന്നില്ല. വൈകുന്നേരം വീട്ടിൽ ചെല്ലുമ്പോൾ ഞാൻ എങ്ങനെ പെരുമാറണം?' എഐ പതിവുപോലെ ഒരു സെക്കൻഡ് പോലും വൈകിയില്ല. 'ആദ്യം വീട്ടിൽ ചെല്ലുമ്പോൾ ഒരു പുഞ്ചിരി സമ്മാനിക്കുക. പിന്നെ, 'നീ ഭക്ഷണം കഴിച്ചോ?' എന്ന് ചോദിക്കുക. രാവിലെ സംഭവിച്ചതിനെക്കുറിച്ച് കുറ്റപ്പെടുത്താതെ സംസാരിക്കുക. തിരിച്ചുവരുമ്പോൾ അവൾക്ക് ഇഷ്ടമുള്ള എന്തെങ്കിലും വാങ്ങിക്കൊണ്ടുപോകുന്നതും നല്ല ആശയമാണ്.'

ഭർത്താവ് കുറച്ചുനേരം ആലോചിച്ചിട്ട് ചോദിച്ചു. 'അപ്പോൾ... രാവിലെ എനിക്ക് ബ്രേക്ക്ഫാസ്റ്റ് തരാതിരുന്നത്. അതിന് ശിക്ഷയല്ലേ കൊടുക്കേണ്ടത്. അതിനു പകരം സമ്മാനം ?' എഐ ഇങ്ങനെ ശാന്തമായി മറുപടി പറഞ്ഞു കാണും. 'അത് നിങ്ങൾ രണ്ടുപേരും തമ്മിലുള്ള പ്രശ്‌നമാണ്. പക്ഷേ ഇന്ന് രാത്രി നിങ്ങൾ രണ്ടുപേരും ഒരുമിച്ച് അത്താഴം കഴിച്ചാൽ, നാളത്തെ ബ്രേക്ക്ഫാസ്റ്റിന് നല്ല സാധ്യതയുണ്ട്.'

അപ്പോഴാണ് എനിക്ക് ഒരു കാര്യം മനസ്സിലായത്. നമ്മുടെ വീട്ടിലെ വഴക്കുകൾ ജയിക്കാൻ എഐയ്ക്ക് താൽപര്യമില്ല. തോൽക്കാതെ ബന്ധം ജയിക്കാനാണ് അതിന് കൂടുതൽ താൽപര്യം.

നിർമ്മിത ബുദ്ധി നിർമ്മിച്ചവനെ സമ്മതിക്കണം.