കൊടുവള്ളി : നഗരസഭ മുറിച്ചുമാറ്റിയ മരത്തിന്റെ അവശിഷ്ടങ്ങൾ ഒരുമാസത്തിലേറെയായിട്ടും നീക്കം ചെയ്യാത്തത് യാത്രക്കാർക്കും വാഹനങ്ങൾക്കും ദുരിതമാകുന്നു. കൊടുവള്ളി–നരിക്കുനി റോഡിൽ കൊടുവള്ളി പാലത്തിനും ബസ് സ്റ്റാൻഡിനുമിടയിലുള്ള ഭാഗത്ത് റോഡിനോടുചേർന്നാണ് വലിയ മരക്കുറ്റിയും മരത്തിന്റെ അവശിഷ്ടങ്ങളും കൂട്ടിയിട്ടിരിക്കുന്നത്. തിരക്കേറിയ റോഡിലെ ഈ തടസ്സം ബസ് പാർക്കിങ്ങിനും കാൽനടയാത്രയ്ക്കും പ്രയാസം സൃഷ്ടിക്കുകയാണ്.
നവീകരണപ്രവൃത്തികൾക്കായി നഗരസഭ കെട്ടിടം പൊളിച്ചുനീക്കിയതോടെ ബസുകൾക്ക് നിലവിൽ ബസ് സ്റ്റാൻഡിനുള്ളിലേക്ക് പ്രവേശിക്കാൻ കഴിയാത്ത സ്ഥിതിയുണ്ട്. അതിനാൽ, ബസ് സ്റ്റാൻഡ് അടച്ചിട്ടിരിക്കുകയാണ്. ഇതേത്തുടർന്ന് നഗരസഭയുടെ പുതിയ ട്രാഫിക് ക്രമീകരണത്തിന്റെ ഭാഗമായി നഗരത്തിലെ വിവിധ ഭാഗങ്ങളിൽ ബസുകൾക്ക് താത്കാലികമായി പാർക്കിങ്ങിനായി സൗകര്യമൊരുക്കിയിട്ടുണ്ട്.
കിഴക്കോത്ത്, നരിക്കുനി ഭാഗങ്ങളിലേക്ക് സർവീസ് നടത്തുന്ന ബസുകൾ പാർക്കുചെയ്യുന്ന സ്ഥലത്താണ് മരത്തിന്റെ അവശിഷ്ടങ്ങൾ മാറ്റാതെ കിടക്കുന്നത്. ടൗണിലെ ഗതാഗതക്കുരുക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ഏർപ്പെടുത്തിയ ക്രമീകരണങ്ങൾക്കിടയിൽ ബസുകൾക്ക് പാർക്കുചെയ്യാൻ ലഭ്യമായ സ്ഥലംകൂടി മരക്കുറ്റി കാരണം ഉപയോഗിക്കാനാകാത്ത സ്ഥിതിയാണ്.
നരിക്കുനി, കിഴക്കോത്ത് ഭാഗങ്ങളിലേക്ക് പോകുന്ന ബസുകൾ ആളുകളെ കയറ്റുന്നതും ഇറക്കുന്നതുമൊക്കെ ഇവിടെയാണ്.
ബസുകൾക്ക് സുഗമമായി നിർത്തിയിടാനും യാത്രക്കാരെ കയറ്റിയിറക്കാനുമൊക്കെ ഈ മരക്കുറ്റി തടസ്സമാകുന്നു. പൊതുവേ വാഹനത്തിരക്കേറിയ ടൗണിൽ ഇത്തരം സൗകര്യങ്ങൾ നഷ്ടപ്പെടുന്നത് ഗതാഗത ക്രമീകരണങ്ങളെയും ബാധിക്കുന്നുണ്ട്.
ഫുട്പാത്തിനും റോഡിനുമിടയിലുള്ള ഭാഗത്താണ് ജെ.സി.ബി. ഉപയോഗിച്ച് വലിയ മരക്കുറ്റിയും വേരുകളും ഇളക്കി കൂട്ടിയിട്ടിരിക്കുന്നത്. ഇതുമൂലം കാൽനടയാത്രക്കാർക്ക് ഇതുവഴി സഞ്ചരിക്കാനും ബുദ്ധിമുട്ടുണ്ട്. കാൽനടയാത്രക്കാർ റോഡിലേക്ക് ഇറങ്ങേണ്ടിവരുന്നത് അപകടസാധ്യതയും വർധിപ്പിക്കുന്നു. ബസുകൾക്കും മറ്റുവാഹനങ്ങൾക്കും ഒരുപോലെ തടസ്സമാകുന്ന രീതിയിലാണ് മരത്തിന്റെ അവശിഷ്ടങ്ങൾ കിടക്കുന്നത്.
നഗരത്തിലെ ഗതാഗതക്കുരുക്ക് കുറയ്ക്കുന്നതിനായി വിവിധ പരിഷ്കാരങ്ങൾ നടപ്പാക്കുന്നതിനിടയിൽ പൊതുജനങ്ങൾക്കും വാഹനങ്ങൾക്കും ഉപകാരപ്പെടേണ്ട സ്ഥലത്ത് ഇത്തരമൊരു തടസ്സം തുടരുന്നത് പ്രതിഷേധത്തിനിടയാക്കുന്നുണ്ട്. മരത്തിന്റെ അവശിഷ്ടങ്ങൾ അടിയന്തരമായി നീക്കംചെയ്ത് ബസ് പാർക്കിങ്ങിനും കാൽനടയാത്രയ്ക്കും തടസ്സമില്ലാത്ത സാഹചര്യമൊരുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
റോഡിൽനിന്ന് മരത്തിന്റെ അവശിഷ്ടങ്ങൾ നീക്കണം
തിരക്കേറിയ കൊടുവള്ളി-നരിക്കുനി റോഡിൽ ഓട്ടോസ്റ്റാൻഡിന് എതിർവശത്തായി വലിയ മരങ്ങൾ മുറിച്ചുമാറ്റിയതിന്റെ അടിഭാഗം മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് കുഴിച്ചെടുത്ത് കൂട്ടിയിട്ടിരിക്കുകയാണ്. ഇത് വാഹനങ്ങൾ പാർക്കുചെയ്യുന്നതിനും കാൽനടയാത്രക്കാർക്ക് സഞ്ചരിക്കുന്നതിനും വലിയ ബുദ്ധിമുട്ടാണ് ഉണ്ടാക്കുന്നത്. ഇവിടെ ബസുകൾക്ക് പാർക്കുചെയ്യാനുള്ള സ്ഥലവും ഇതുമൂലം നഷ്ടപ്പെടുകയാണ്. അപകടസാധ്യത കണക്കിലെടുത്ത് മരത്തിന്റെ അവശിഷ്ടങ്ങൾ എത്രയുംപെട്ടെന്ന് നീക്കംചെയ്യാൻ അധികൃതർ നടപടി സ്വീകരിക്കണം.
ദിവാകരൻ പൂളക്കമണ്ണിൽ
ഓട്ടോഡ്രൈവർ, കൊടുവള്ളി
Published: 28 Nov 2026, 02:33 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented