മാനന്തവാടി : യുവാക്കളെ ക്ഷീരമേഖലയിലേക്ക് ആകർഷിക്കാൻ സംസ്ഥാനത്ത് സ്മാർട്ട് ഡെയറി ഫാം പദ്ധതി നടപ്പാക്കുമെന്ന് മന്ത്രി അഡ്വ. ബിന്ദുകൃഷ്ണ പറഞ്ഞു. ജില്ലാതല ക്ഷീരസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

To advertise here,

ക്ഷീരമേഖലയിലെ പ്രതിസന്ധികൾ അതിജീവിച്ച് കേരളത്തെ പാലുത്‌പാദനത്തിൽ സ്വയംപര്യാപ്തമാക്കുകയാണ് സർക്കാരിന്റെ ലക്ഷ്യം. കാലിത്തീറ്റ വിലവർധനയും അസംസ്കൃതവസ്തുക്കളുടെ ദൗർലഭ്യവും പരിഹരിക്കാൻ ഇടപെടൽ നടത്തും. മൃഗരോഗപ്രതിരോധത്തിന് മുൻഗണന നൽകുന്നതിനൊപ്പം ഫാം യന്ത്രവത്കരണം വ്യാപിപ്പിക്കും. ക്ഷീരകർഷകരുടെ പ്രശ്നങ്ങൾ പരിഹരിച്ച് സഹകരണമേഖലയുടെ പിന്തുണയോടെ ക്ഷീരമേഖലയെ ശക്തിപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു. ജില്ലയിലെ മികച്ച യുവ ക്ഷീരകർഷകൻ, പട്ടികജാതി-പട്ടിക വർഗ ക്ഷീരകർഷകൻ, മികച്ച ക്ഷേമനിധി ക്ഷീരകർഷകൻ, ഗുണനിലവാരമുള്ള പാൽ സംഭരിക്കുന്ന സംഘം, ബ്ലോക്കിലെ മികച്ച ക്ഷീരകർഷകൻ, കുട്ടിക്കർഷകർ എന്നിവരെ മന്ത്രി ആദരിച്ചു. ഉഷാ വിജയൻ എം.എൽ.എ. അധ്യക്ഷത വഹിച്ചു. ക്ഷീരവികസനവകുപ്പ് ഡയറക്ടർ ശാലിനി ഗോപിനാഥ് പദ്ധതി വിശദീകരിച്ചു.

 

മാനന്തവാടി നഗരസഭാധ്യക്ഷൻ ജേക്കബ് സെബാസ്റ്റ്യൻ, ഉപാധ്യക്ഷ അഡ്വ. സിന്ധു സെബാസ്റ്റ്യൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ മീനാക്ഷി രാമൻ, ടി.എസ്. ദിലീപ് കുമാർ, തവിഞ്ഞാൽ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എം.ജി. ബിജു, ജില്ലാപഞ്ചായത്തംഗം കെ.ആർ. ജിതിൻ, ക്ഷീരവികസനവകുപ്പ് ജില്ലാ ഡെപ്യൂട്ടി ഡയറക്ടർ വർക്കി ജോർജ്, തൃശ്ശിലേരി ക്ഷീരസംഘം പ്രസിഡന്റ് വി.വി രാമകൃഷ്ണൻ, മലബാർ മേഖലാ മിൽമ ഡയറക്ടർ റോസിലി തോമസ്, മിൽമ മുൻ ചെയർമാൻ പി.ടി. ഗോപാലക്കുറുപ്പ് തുടങ്ങിയവർ സംസാരിച്ചു.