കല്പറ്റ : മാലിന്യമുക്ത കേരളം എന്ന ലക്ഷ്യത്തിലേക്ക് അടുക്കുന്നതിനായി ജനപ്രതിനിധികൾ ഐ.സി. 100 ചലഞ്ച് പോർട്ടലിലെ ചലഞ്ച് ഏറ്റെടുക്കണമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ പറഞ്ഞു. ഇ-മാലിന്യമുക്ത ജില്ലയായി പ്രഖ്യാപിക്കുന്ന ചടങ്ങ്‌ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം

To advertise here,

ഓരോ ജനപ്രതിനിധിയും തങ്ങളുടെ വാർഡിൽ കൂടുതൽ മാലിന്യമുള്ള സ്ഥലത്തിന്റെ ഫോട്ടോ പോർട്ടലിൽ അപ്‌ലോഡ് ചെയ്യണം. ഇതിലൂടെ വലിയ മാറ്റങ്ങൾ കൊണ്ടുവരാൻ സാധിക്കും. വീടുകളിലും ഓഫീസുകളിലും നേരിട്ടെത്തി ഇ-മാലിന്യം ശേഖരിച്ച ഹരിതകർമസേനാംഗങ്ങളാണ് ഈ ദിവസത്തെ താരങ്ങളെന്നും കൂട്ടായ്മയുടെ സന്ദേശമാണിതെന്നും മുഖ്യമന്ത്രി പറഞ്ഞു.

മന്ത്രി കെ.എം. ഷാജി അധ്യക്ഷനായി. അഞ്ചുവർഷത്തിനകം സംസ്ഥാനത്തെ മുഴുവൻ ഇ-മാലിന്യമുക്തമാക്കുകയാണ് ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു. മാലിന്യത്തെ സമ്പത്താക്കി മാറ്റാൻ കഴിയുന്ന സാഹചര്യമാണ് ഇന്നുള്ളതെന്നും മാലിന്യം ശേഖരിക്കുന്നതിന്റെ പേരിൽ വ്യാജ ഏജൻസികൾ നടത്തുന്ന ചൂഷണങ്ങൾ തടയേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

 

ഇ-മാലിന്യ ഫ്രീ ഡിസ്ട്രിക്ട് പ്രോട്ടക്കോൾ, പ്ലാസ്റ്റിക് ഫ്രീ ഡെസ്റ്റിനേഷൻ രൂപരേഖ മന്ത്രി ടി. സിദ്ദിഖ് പ്രകാശനംചെയ്തു. ഇ-മാലിന്യ ശേഖരണത്തിനായി എല്ലാവർഷവും പ്രത്യേക ഡ്രൈവ് സംഘടിപ്പിക്കണമെന്ന് മന്ത്രി പറഞ്ഞു. മന്ത്രി ബിന്ദുകൃഷ്ണ മുഖ്യാതിഥിയായി.

 ഇ-മാലിന്യ ശേഖരണത്തിന് നേതൃത്വം നൽകിയ ജില്ലയിലെ ഹരിതകർമസേനാംഗങ്ങൾ, കൂടുതൽ ഇ-മാലിന്യം കൈമാറിയ തദ്ദേശ സ്ഥാപനങ്ങൾ എന്നിവയ്ക്ക് സർട്ടിഫിക്കറ്റുകളും ഉപഹാരങ്ങളും വിതരണം ചെയ്തു.

എം.എൽ.എ.മാരായ ഐ.സി. ബാലകൃഷ്ണൻ, ഉഷാ വിജയൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രികാ കൃഷ്ണൻ, കളക്ടർ വി. ചെൽസാസിനി, തദ്ദേശ സ്വയംഭരണവകുപ്പ് പ്രിൻസിപ്പൽ ഡയറക്ടർ ദിവ്യ എസ്. അയ്യർ, ശുചിത്വമിഷൻ എക്സിക്യുട്ടീവ് ഡയറക്ടർ കെ. ഹരികുമാർ, ജില്ലാ പോലീസ് മേധാവി എസ്. ദേവമനോഹർ, തദ്ദേശസ്വയംഭരണവകുപ്പ് ജോയിന്റ് ഡയറക്ടർ പി.സി. മജീദ്, നഗരസഭാ അധ്യക്ഷരായ പി. വിശ്വനാഥൻ, ജേക്കബ് സെബാസ്റ്റ്യൻ, റസീന അബ്ദുൽ ഖാദർ, ശുചിത്വമിഷൻ ജില്ലാ കോഡിനേറ്റർ കെ.എസ്. സജീഷ് തുടങ്ങിയവർ പങ്കെടുത്തു.