കോഴിക്കോട് : ഫുഡ് സ്ട്രീറ്റിനെ വൃത്തിയാക്കിയെടുക്കാൻ ശ്രമിക്കുന്ന അധികൃതർ ബീച്ചിലെ മറ്റുഭാഗങ്ങളിൽക്കൂടി കണ്ണോടിച്ചാൽ കാണുന്ന ഒരു കാഴ്ചയുണ്ട്. പെട്ടെന്ന് ‘മുളച്ചുപൊന്തുന്ന’ ഉന്തുവണ്ടികൾ. ലൈസൻസുള്ളതേതാണ്, ഇല്ലാത്തതേതാണ് എന്നുപോലും പെട്ടെന്നാർക്കും മനസിലാവില്ല.
പ്രധാന ബീച്ചിൽ കൾച്ചറൽ ബീച്ചിനും ലയൺസ് പാർക്കിനുമൊക്കെ സമീപത്തായി പല ഉന്തുവണ്ടികളുമുണ്ട്. ഇതിൽ ചിലതിന് ലൈസൻസുമുണ്ട്. കോന്നാട് ബീച്ചിൽ നേരത്തേ രണ്ടോ മൂന്നോ പെട്ടിക്കടയായിരുന്നു ഉണ്ടായിരുന്നത്. ഇപ്പോൾ ഉന്തുവണ്ടികൾ നിരന്നിട്ടുണ്ട്. ചിലതിൽ കച്ചവടമുണ്ട്, മറ്റുള്ളത് വെറുതേ കിടക്കുന്നു. പാചകമുൾപ്പെടെയുള്ളവയുമുണ്ട്. ചിലയിടത്ത് ഷീറ്റൊക്കെ വലിച്ചുകെട്ടിയാണ് കച്ചവടം. ‘എന്തിനാണ് ഇങ്ങനെ ഉന്തുവണ്ടികൾ കൊണ്ടിടുന്നതെന്നറിയില്ല. പലതിലും കച്ചവടമില്ല. അധികൃതരോട് ഇക്കാര്യം സൂചിപ്പിച്ചിരുന്നു. നേരത്തേത്തന്നെ ഈ ഭാഗത്ത് പലതരം ബുദ്ധിമുട്ടുകളുമുണ്ടാകാറുണ്ട്’ -നാട്ടുകാർ പറഞ്ഞു.
വൃത്തിയുള്ള, ആരോഗ്യകരമായ ഭക്ഷണം അതുവാങ്ങുന്നവരുടെ അവകാശമാണെന്നിരിക്കെയാണ് അതൊന്നും ശ്രദ്ധിക്കാതെ പലപ്പോഴും അനധികൃതമായ കച്ചവടം കൂടുന്നത്. ലൈസൻസുള്ളതും ഇല്ലാത്തതുമായ കച്ചവടങ്ങൾ കണ്ടെത്താൻ പരിശോധന നടത്തുന്നുണ്ടെന്നും റിപ്പോർട്ട് തയ്യാറാക്കിയിട്ടുണ്ടെന്നും ആരോഗ്യവിഭാഗം അധികൃതർ പറഞ്ഞു.
നേരത്തേ, ബീച്ചിൽ ഉന്തുവണ്ടിക്കച്ചവടം ചെയ്തവർക്കാണ് ഫുഡ് സ്ട്രീറ്റ് തുടങ്ങിയപ്പോൾ അവിടെ ലൈസൻസ് നൽകിയത്. പഴയ ഉന്തുവണ്ടികൾ ഒഴിവാക്കാനും നിർദേശിച്ചിരുന്നു. അതിൽ പലതും വിവിധ ഭാഗങ്ങളിലായി വെച്ചിരിക്കുകയാണ്. ‘ഉന്തുവണ്ടികളിൽ പലതും അനധികൃതമാണ്. അവ ഒഴിവാക്കും. യൂണിയൻ നേതാക്കളുമായി സംസാരിച്ചിട്ടുണ്ട്. ലൈസൻസ് ഉള്ളവയ്ക്കുമാത്രമാണ് തുടരാനാവുക’ -മേയർ ഒ. സദാശിവൻ പറഞ്ഞു.
Published: 26 Nov 2026, 03:59 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented