ബി.ആർ.സി.യിൽ ലീഗിന് താത്പര്യമുള്ളവർക്ക് നിയമനം

To advertise here,

കോഴിക്കോട് : സമഗ്രശിക്ഷാ കേരളയ്ക്ക് കീഴിലെ ബ്ലോക്ക് റിസോഴ്‌സ് സെൻററുകളിൽ ട്രെയിനർ തസ്തികയിൽ മുസ്‌ലിം ലീഗിന് താത്‌പര്യമുള്ളവരെ തിരുകിക്കയറ്റിയതായി ആരോപിച്ച് കെ.പി.എസ്.ടി.എ.യുടെ നേതൃത്വത്തിൽ എസ്.എസ്.കെ. ജില്ലാ പ്രോജക്ട്‌ കോഡിനേറ്റർ നിസാർ ചേലേരിയെ ഉപരോധിച്ചു. ഉപരോധത്തെ തുടർന്ന് കഴിഞ്ഞദിവസം പുറത്തിറക്കിയ ജില്ലയിലെ ലിസ്റ്റ് പൂർണമായി മരവിപ്പിച്ചു. സംസ്ഥാന പ്രോജക്ട് ഡയറക്ടർ ഇടപെട്ടാണ് ഉത്തരവ് മരവിപ്പിച്ചതായി അറിയിച്ചത്. ഇതോടെയാണ് ഉപരോധം അവസാനിച്ചത്.

ട്രെയിനർ തസ്തികകൾ നൽകുന്നത് സംബന്ധിച്ച് മുസ്‌ലിം ലീഗും കോൺഗ്രസ് അനുകൂല സംഘടനകളും തമ്മിൽ മുൻധാരണയുണ്ടായിരുന്നു. എന്നാൽ ലിസ്റ്റ് വന്നപ്പോൾ ധാരണകളെല്ലാം കാറ്റിൽ പറത്തി ലീഗിന് താത്‌പര്യമുള്ളവരെ തിരുകിക്കയറ്റിയതായി ആരോപണമുയർന്നിരുന്നു.

ഇതിൽ കോൺഗ്രസ് അനുകൂല സംഘടനകൾക്കിടയിൽ അമർഷം പുകയുന്നതിനിടെയാണ് ചേളന്നൂരിൽ ട്രെയിനറായി നിയമനം നൽകിയിരുന്ന കെ.പി.എസ്.ടി.എ. ചേവായൂർ ഉപജില്ലാ പ്രസിഡന്റ് ബിജോയ് ഡേവിഡിനെ ഫറോക്കിലേക്ക് സ്ഥലംമാറ്റിക്കൊണ്ട് ബുധനാഴ്ച ഉത്തരവിറങ്ങിയത്. ഇതാണ് ഉപരോധത്തിലേക്ക് നീങ്ങാൻ കാരണമായത്.

കെ.പി.എസ്.ടി.എ.ക്ക് 23 ട്രെയിനർമാരെയും കെ.എസ്.ടി.യു.വിന് 22 ട്രെയിനർമാരെയും നൽകാമെന്നായിരുന്നു ധാരണ. എന്നാൽ ലിസ്റ്റ് വന്നപ്പോൾ കെ.പി.എസ്.ടി.എ.യുടെ ആറുപേരെ വെട്ടിമാറ്റിയതായാണ് ആരോപണം. ജില്ലാ പ്രോജക്ട്‌ കോഡിനേറ്റർ നിസാർ ചേലേരിയുടെ ഭാര്യയ്ക്ക് ഉൾപ്പെടെ നിയമനം നൽകിയതായും ആക്ഷേപമുണ്ടായിരുന്നു.

തുടർന്ന് കെ.പി.എസ്.ടി.എ. നേതാക്കൾ ജില്ലാ പ്രോജക്ട്‌ കോഡിനേറ്ററെ കണ്ട് ചർച്ചനടത്തിയിരുന്നു. വിഷയത്തിൽ സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടർ ഇടപെട്ട് ജില്ലയിലെ പ്രശ്നം പരിഹരിക്കാമെന്ന് സംസ്ഥാന പ്രസിഡന്റിന് ഉറപ്പ് നൽകിയതിനെത്തുടർന്നാണ് പ്രതിഷേധത്തിൽനിന്ന് അന്ന് പിൻമാറിയതെന്നും നേതാക്കൾ പറയുന്നു.

ബിജോയ് ഡേവിഡിനെ സ്ഥലംമാറ്റിയ ഉത്തരവ് പിൻവലിക്കുംവരെ പ്രതിഷേധംതുടരുമെന്ന് കെ.പി.എസ്.ടി.എ. നേതാക്കൾ അറിയിച്ചതോടെ വൈകീട്ട് നാലിന് തുടങ്ങിയ ഉപരോധം നീണ്ടു.

ഒടുവിൽ സംസ്ഥാന പ്രോജക്ട് ഡയറക്ടർ ലിസ്റ്റ് മരവിപ്പിച്ചതായി അറിയിച്ചതിനെത്തുടർന്ന് രാത്രി ഏഴോടെയാണ് സമരം അവസാനിച്ചത്.

സംസ്ഥാന സെക്രട്ടറി ടി. ആബിദ്, ജില്ലാ പ്രസിഡൻറ് ടി.ടി. ബിനു, സംസ്ഥാന എക്സിക്യുട്ടീവ് അംഗങ്ങളായ ടി. അശോക് കുമാർ, സജീവൻ കുഞ്ഞോത്ത്, കെ.എം. സുജേഷ്, കെ.പി. മനോജ് കുമാർ, ജില്ലാ ട്രഷറർ കൃഷ്ണമണി എന്നിവർ പങ്കെടുത്തു.