പൂക്കോട് : പൂക്കോട് വെറ്ററിനറി ആൻഡ് ആനിമൽ സയൻസസ് സർവകലാശാലയെ ലോകോത്തര ഗവേഷണ കേന്ദ്രമാക്കി മാറ്റുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ പറഞ്ഞു. ട്രെയിനീസ് ഹോസ്റ്റൽ, അതിഥി മന്ദിരം, വിദ്യാർഥി ഹോസ്റ്റൽ എന്നിവയുടെ ശിലാസ്ഥാപനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
സർവകലാശാലയിലെ ഗവേഷണ സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തണം. അക്കാദമിക് പ്രോഗ്രാമുകളെ തൊഴിൽസാധ്യതകളുമായി ബന്ധിപ്പിക്കുന്നതിന് തൊഴിൽ -സാങ്കേതിക മേഖലകളിലെ മാറ്റങ്ങൾക്കനുസരിച്ച് പാഠ്യപദ്ധതികളിൽ പരിഷ്കാരങ്ങൾ വേണം. തൊഴിൽരംഗത്തെ മാറ്റങ്ങൾ നിരീക്ഷിക്കുന്നതിനായി വിവിധ മേഖലകളിലെ വിദഗ്ധരെ ഉൾപ്പെടുത്തി സർക്കാർ പ്രവർത്തിക്കുന്നുണ്ടെന്നും ആഗോളതലത്തിലെ തൊഴിൽമാറ്റങ്ങൾ നിരീക്ഷിക്കാൻ ഗ്ലോബൽ ജോബ് വാച്ച് ടവർ ആരംഭിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. വെറ്ററിനറി -കാർഷിക സർവകലാശാലകളിൽ ഗവേഷണം നടത്തുന്ന വിദ്യാർഥികളുടെ കണ്ടെത്തലുകളിൽ പൊതുജനങ്ങളുടെ ജീവിതത്തിൽ മാറ്റംസൃഷ്ടിക്കാൻ കഴിയുന്ന ആശയങ്ങൾ നടപ്പാക്കാൻ സർവകലാശാലകൾ മുൻകൈയെടുക്കണം. കാർഷിക മേഖലയിലെ പ്രതിസന്ധികൾക്കിടയിലും കർഷകരെ പിടിച്ചുനിർത്തുന്നത് ക്ഷീരമേഖലയാണെന്നും അതിനു കൂടുതൽ പ്രാധാന്യം നൽകി പാലുത്പാദനം വർധിപ്പിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
2024-ൽ സർവകലാശാലയിൽ ജീവനൊടുക്കിയ വിദ്യാർഥി സിദ്ധാർഥിനെ ഓർക്കാതെ വെറ്ററിനറി കോളേജിൽ നിൽക്കാനാവില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇനിയൊരു സിദ്ധാർഥ് ഉണ്ടാകാൻ പാടില്ല. സിദ്ധാർഥിന്റെ ഓർമകൾക്കു മുൻപിൽ ആദരമർപ്പിച്ച് വരാനിരിക്കുന്ന നിയമസഭാ സമ്മേളനത്തിൽ അദ്ദേഹത്തിന്റെ പേരിൽ റാഗിങ് വിരുദ്ധ നിയമം പാസാക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. റാഗിങ് തടയുന്നതിനുള്ള നടപടികളുടെ ഭാഗമായി ബജറ്റിൽ പ്രഖ്യാപിച്ച സിദ്ധാർഥ് ആപ്പ് നടപ്പാക്കിയതായും അദ്ദേഹം പറഞ്ഞു.
വെറ്ററിനറി സർവകലാശാലയുടെ വികസനത്തിന് സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് അധ്യക്ഷതവഹിച്ച മന്ത്രി ബിന്ദു കൃഷ്ണ പറഞ്ഞു. വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള എഴുനൂറിലധികം വിദ്യാർഥികൾ പഠിക്കുന്ന ക്യാമ്പസിനെ ഗവേഷണകേന്ദ്രമായി നിലനിർത്തുകയാണ് ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.
വിദ്യാർഥികളുടെ സുരക്ഷയ്ക്കും കാമ്പസിലെ ആരോഗ്യകരമായ അന്തരീക്ഷത്തിനും പ്രാധാന്യം നൽകണം. വിദ്യാർഥികളുടെ ആവശ്യം പരിഗണിച്ച് ഹോസ്റ്റലുകളിൽ പ്രവേശിക്കാനുള്ള സമയം ദീർഘിപ്പിച്ചു നൽകുമെന്നും അധികസമയം പഠനത്തിനും മറ്റ് ഗുണപരമായ പ്രവർത്തനങ്ങൾക്കും വിനിയോഗിച്ച് കാമ്പസിന്റെ അന്തസ്സ് ഉയർത്തിപ്പിടിക്കണമെന്നും മന്ത്രി നിർദേശിച്ചു.
കൃഷിവകുപ്പ് മന്ത്രി ടി. സിദ്ദിഖ് മുഖ്യപ്രഭാഷണം നടത്തി. വെറ്ററിനറി സർവകലാശാലയിലെ കബനി ഹാളിൽ നടന്ന ചടങ്ങിൽ വൈസ് ചാൻസലർ പ്രൊഫ. ഡോ. കെ.എസ്. അനിൽ, പ്രൊഫ. ഡോ. സാബിൻ ജോർജ്, വൈത്തിരി ഗ്രാമപ്പ ഞ്ചായത്ത് പ്രസിഡന്റ് സി.വി. രാജൻ, കല്പറ്റ ബ്ലോക്ക് പഞ്ചായത്ത് അംഗം എം.വി. വിജേഷ്, വൈത്തിരി ഗ്രാമപ്പഞ്ചായത്ത് അംഗം രജനി രവീന്ദ്രൻ, പ്രൊഫ. ഡോ. കെ.സി. ബിപിൻ, സി.ആർ. സന്തോഷ്, പ്രൊഫ. ഡോ. സാനിസ് ജൂലിയറ്റ്, ഡോ. പി.ടി. ദിനേശ്, പ്രൊഫ. ഡോ. സി. ലത, പ്രൊഫ. ഡോ. ടി.എസ്. രാജീവ് തുടങ്ങിയവർ പങ്കെടുത്തു. ഇനിയൊരു സിദ്ധാർഥ് ഉണ്ടാവരുത്,സ്മരണകളിൽ ആദരാഞ്ജലി -മുഖ്യമന്ത്രി
Published: 28 Nov 2026, 02:21 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented