ഉള്ളിയേരി: ഉള്ളിയേരി-നടുവണ്ണൂർ പഞ്ചായത്തുകളെ ബന്ധിപ്പിച്ച് രാമൻപുഴയ്ക്ക് കുറുകേ മോതിരക്കടവ് പാലം വേണമെന്ന വർഷങ്ങളായുള്ള ആവശ്യത്തിന് പുതിയ സർക്കാരിന്റെ കാലത്തെങ്കിലും പരിഹാരമാകുമെന്ന പ്രതീക്ഷയിൽ ഉള്ളിയേരി, ഒറവിൽ നിവാസികൾ. 1975-ൽ കക്കോടി ബ്രാഞ്ചുകനാൽ വന്നതുമുതൽ തുടങ്ങിയ കാത്തിരിപ്പാണിത്. പാലം യാഥാർഥ്യമായാൽ ഉള്ളിയേരിയിലെ ഗതാഗതക്കുരുക്കിന് പരിഹാരമാകും.
ഉള്ളിയേരി-പേരാമ്പ്ര റോഡ് ജങ്ഷനിൽ വൈകുന്നേരങ്ങളിൽ ഉണ്ടാകുന്ന വലിയ ഗതാഗതക്കുരുക്ക് യാത്രക്കാരെ കുറച്ചൊന്നുമല്ല ബുദ്ധിമുട്ടിക്കുന്നത്. കോഴിക്കോട്, കൊയിലാണ്ടി, താമരശ്ശേരി, പേരാമ്പ്ര, എന്നിവിടങ്ങളിൽനിന്ന് വരുന്ന വാഹനങ്ങൾ ഒരുമിച്ച് എത്തുന്ന ഉള്ളിയേരി ജങ്ഷനിൽ ഗതാഗതതടസ്സം കാരണം ഈ റോഡുകളിൽ വലിയ ഗതാഗതക്കുരുക്കാണ് ഉണ്ടാകുന്നത്. ദീർഘനേരം നീണ്ടുനിൽക്കുന്ന ഈ ഗതാഗതക്കുരുക്കിൽ കുറ്റ്യാടി, താമരശ്ശേരി, കോഴിക്കോട് എന്നീ ദൂരസ്ഥലങ്ങളിൽ ജോലിചെയ്യുന്ന സ്ത്രീകളടക്കമുള്ളവർക്കും വിദ്യാർഥികൾക്കും വലിയ ബുദ്ധിമുട്ടാണ് ഉണ്ടാവുന്നത്. പാലം നിലവിൽവന്നാൽ കുറ്റ്യാടിയിൽനിന്ന് താമരശ്ശേരി ഭാഗത്തേക്കും അവിടെനിന്ന് തിരിച്ചും യാത്രചെയ്യുന്ന ചെറു വാഹനങ്ങൾക്ക് ഉള്ളിയേരി ടൗൺ ബന്ധപ്പെടാതെ നടുവണ്ണൂരിൽ എത്തിച്ചേരാൻ സാധിക്കുന്നത് ഉള്ളിയേരിയിലെ ഗതാഗതക്കുരുക്ക് പരിധിവരെ കുറയ്ക്കാൻ സഹായിക്കും. ഈ പാലവും റോഡും യാഥാർഥ്യമാകുന്നതോടുകൂടി നടുവണ്ണൂർ ടൗണിനെ ബന്ധപ്പെടാതെ കനാൽറോഡുകൾ വഴിയും മറ്റു കണക്‌ഷൻ റോഡുകൾ വഴിയും ചെറുവാഹനങ്ങൾക്ക് മുളിയങ്ങൽ വഴി കുറ്റ്യാടി സംസ്ഥാനപാതയിലൂടെ പേരാമ്പ്രയിൽ എത്താം. കഴിഞ്ഞ 10 വർഷത്തോളമായി ഈ പാലത്തിനായി ശക്തമായ ആവശ്യമുയരുന്നു. ഭരണകൂടങ്ങൾ മാറിയിട്ടും നാട്ടുകാരുടെ ദുരിതയാത്രയ്ക്ക് മാത്രം മാറ്റമില്ലായിരുന്നു. നിലവിൽ രാമൻപുഴയിലൂടെ കടന്നുപോകുന്ന ഒറവിൽ അക്വഡക്ട് (നീർപ്പാലം) വഴിയാണ് കനാൽജലം മറുകരയിലേക്ക് ഒഴുകുന്നത്. ഈ അക്വഡക്ടിന് സമാന്തരമായി വാഹന ഗതാഗതത്തിന് അനുയോജ്യമായ പാലം വേണമെന്നതാണ് പ്രദേശവാസികളുടെ പ്രധാന ആവശ്യം. നിലവിൽ പുഴ കടക്കാൻ കടത്തുതോണി സൗകര്യങ്ങളോ മറ്റൊന്നുംതന്നെയില്ല. മോതിരക്കടവ് ക്ഷേത്രോത്സവത്തിന് ഒറവിൽഭാഗത്തുനിന്നുള്ള നൂറിലധികം കുടുംബങ്ങൾക്ക് പുഴ കടന്ന് ക്ഷേത്രത്തിലെത്താൻ നാട്ടുകാർ സ്വന്തമായി മരപ്പാലം നിർമിച്ചുവരുന്നുണ്ട്. വർഷങ്ങളായി കൈവരികളില്ലാത്ത അക്വഡക്ടിന് മുകളിലുടെ ജീവൻ പണയപ്പെടുത്തിയായിരുന്നു നാട്ടുകാരുടെ യാത്ര. ഈ സുരക്ഷാപ്രശ്നം കണക്കിലെടുത്താണ് കഴിഞ്ഞ അഞ്ചുവർഷമായി ക്ഷേത്രക്കമ്മിറ്റിയുടെയും നാട്ടുകാരുടെയും നേതൃത്വത്തിൽ ഇവിടെ ഉത്സവകാലത്ത് മാത്രം താത്കാലിക മരപ്പാലം ഒരുക്കുന്നത്. ഓരോ വർഷവും ഉത്സവത്തിന് മുന്നോടിയായി വലിയ സാമ്പത്തികബാധ്യത സഹിച്ചാണ് ഈ താത്കാലിക പാലം പണിയുന്നത്. ഉത്സവം കഴിഞ്ഞാലുടൻതന്നെ ഇത് പൊളിച്ചുമാറ്റും.
വികസനക്കുതിപ്പിന് വഴിയൊരുക്കും
പാലം യാഥാർഥ്യമായാൽ അത് ഉള്ളിയേരി, നടുവണ്ണൂർ, ബാലുശ്ശേരി, കോട്ടൂർ എന്നീ ഗ്രാമപ്പഞ്ചായത്തുകളുടെ വികസനഭൂപടംതന്നെ മാറ്റിവരയ്ക്കും. ഉള്ളിയേരി ടൗണിലെ രൂക്ഷമായ ഗതാഗതക്കുരുക്കിൽപ്പെടാതെ പേരാമ്പ്ര, കുറ്റ്യാടി ഭാഗങ്ങളിൽനിന്നുള്ളവർക്ക് കോഴിക്കോട്-ബാലുശ്ശേരി ഭാഗങ്ങളിലേക്ക് എളുപ്പത്തിലെത്താം. കൊയിലാണ്ടി-താമരശ്ശേരി സംസ്ഥാനപാതയെയും കനാൽറോഡിനെയും ബന്ധിപ്പിച്ച് ഇതൊരു പ്രധാന ബൈപ്പാസായി മാറും. കക്കയം, കരിയാത്തൻപാറ തുടങ്ങിയ പ്രധാന ടൂറിസം കേന്ദ്രങ്ങളിലേക്ക് എളുപ്പമാർഗമായി എത്താൻ ഈ പാത സഹായിക്കും. നടുവണ്ണൂരിലുള്ള സബ് രജിസ്ട്രാർ ഓഫീസിലേക്ക് പോകേണ്ടവർക്കും ഈ പാലം വലിയ ആശ്വാസമാകും. ആശുപത്രി സൗകര്യങ്ങൾക്കും വളരെ സഹായമാണ് ഈ പാലം. മൊടക്കല്ലൂർ എം.എം.സി. ഹോസ്പിറ്റലിൽ എത്താനും ഇത് എളുപ്പമാർഗമാണ്. പാലം യാഥാർഥ്യമായാൽ ഏറ്റവും വലിയ നേട്ടം വിദ്യാർഥികൾക്ക് കൂടിയാണ്. ഒറവിൽ, ഉള്ളിയേരി ഭാഗത്തുള്ളവർക്ക് നടുവണ്ണൂർ, വാകയാട്, നൊച്ചാട് ഹയർസെക്കൻഡറി സ്കൂളുകളിലേക്ക് എളുപ്പമെത്താം. സ്കൂളുകളിലേക്ക് നിലവിലുള്ള കിലോമീറ്ററുകൾ ചുറ്റിയുള്ള യാത്ര ഒഴിവാക്കി എളുപ്പം എത്തിച്ചേരാനാകും. ഉന്നത വിദ്യാഭ്യാസ രംഗത്തുള്ളവർക്കും ഈ പാലം വലിയ ആശ്വാസമാകും. ബാലുശ്ശേരി കിനാലൂർ ഗവ. കോളേജ്, ഗോകുലം കോളേജ് എന്നിവിടങ്ങളിലേക്ക് നടുവണ്ണൂർ, പേരാമ്പ്ര ഭാഗങ്ങളിൽനിന്നുള്ള വിദ്യാർഥികൾക്ക് ഏറ്റവും എളുപ്പത്തിൽ എത്താവുന്ന പാതയായി ഇതുമാറും.വാഗ്ദാനങ്ങൾക്കപ്പുറം ഒന്നുംനടപ്പായില്ല
കഴിഞ്ഞ സർക്കാരിന്റെകാലത്ത് പാലം നിർമിക്കുന്നതിനാവശ്യമായ ഇൻവെസ്റ്റിഗേഷൻ നടപടികൾ പൂർത്തിയായതായി അറിയിക്കുകയും പദ്ധതി ഉടൻ യാഥാർഥ്യമാകുമെന്ന വാഗ്ദാനങ്ങൾ നൽകുകയുംചെയ്തിരുന്നു. എന്നാൽ, ഒന്നും നടപ്പായില്ല. ഉത്സവകാലങ്ങളിൽപ്പോലും പ്രദേശവാസികളുടെ കഠിനാധ്വാനത്തിന്റെ ഫലമായി താത്‌കാലികമായി മരപ്പാലം നിർമിച്ചാണ് ജനങ്ങളുടെ യാത്രാസൗകര്യം ഉറപ്പാക്കുന്നത്. അരനൂറ്റാണ്ടായി തുടരുന്ന ഈ ദുരവസ്ഥയ്ക്ക് ഇനി ശാശ്വതപരിഹാരം വേണം. ഈ സർക്കാരിന്റെ കാലത്ത് പ്രദേശവാസികളുടെ ചിരകാല സ്വപ്നമായ മോതിരക്കടവ് പാലം യാഥാർഥ്യമാകുമെന്ന് പ്രതീക്ഷിക്കുന്നു. അതിനായി ബന്ധപ്പെട്ട അധികൃതർ എത്രയുംപെട്ടെന്ന് തന്നെ നടപടി സ്വീകരിക്കണം.
ഷമീൻ പുളിക്കൂൽ, ഉള്ളിയേരി.
യാത്രാസൗകര്യം മെച്ചപ്പെടും
മോതിരക്കടവ് പാലം ജനങ്ങളുടെ ചിരകാലാഭിലാഷമാണ്. അരനൂറ്റാണ്ടോളമായി ഈ പ്രദേശത്തെ ജനങ്ങൾ കാത്തിരിക്കുന്ന ഈ പാലം യാഥാർഥ്യമായാൽ ഉള്ളിയേരി, ബാലുശ്ശേരി, നടുവണ്ണൂർ ഉൾപ്പെടെയുള്ള പ്രദേശങ്ങളുടെ ഗതാഗതരംഗത്ത് വലിയ മാറ്റമുണ്ടാകും. യാത്രാസൗകര്യം മെച്ചപ്പെടുന്നതിനൊപ്പം പ്രദേശത്തിന്റെ വികസനത്തിനും വ്യാപാര-സാമൂഹിക മേഖലകളുടെ പുരോഗതിക്കും മോതിരക്കടവ് പാലം വലിയ അനുഗ്രഹമാകും.
ഷൈനി പട്ടാങ്കോട്ട്, ഉള്ളിയേരി.
Published: 07 Sept 2026, 02:42 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented