കൊടിയത്തൂർ : കൊടിയത്തൂർ ഗ്രാമപ്പഞ്ചായത്തിലെ ചെറുവാടി ഖിലാഫത്ത് സ്റ്റേഡിയത്തിന്റെ നവീകരണപ്രവൃത്തി നിലച്ചിട്ട് ഒരുവർഷത്തോളമാകുന്നു. കലാ-കായിക-സാംസ്കാരിക മേളകളടക്കം ഒട്ടേറെ ആവശ്യങ്ങൾക്ക് ഉപയോഗിച്ചിരുന്ന സ്റ്റേഡിയമാണ് ഇപ്പോൾ ഉപയോഗിക്കാനാകാതെ കിടക്കുന്നത്.
‘ഒരു പഞ്ചായത്തിൽ ഒരു സ്റ്റേഡിയം’ എന്ന സർക്കാർ പദ്ധതിയുടെ ഭാഗമായി മുൻ എം.എൽ.എ. ലിന്റോ ജോസഫിന്റെ ഫണ്ടിൽനിന്ന് 50 ലക്ഷവും കായികവകുപ്പിൽനിന്ന് 50 ലക്ഷവും ഉൾപ്പെടെ ഒരുകോടി രൂപയുടെ പ്രവൃത്തിയാണ് എല്ലാവിധ നടപടിക്രമങ്ങളും പൂർത്തിയാക്കി രണ്ടുവർഷംമുൻപ് പ്രവൃത്തിയാരംഭിച്ചത്.
സ്റ്റേഡിയത്തിൽ വലിയതോതിൽ മണ്ണിറക്കി കൂട്ടിയിടുകയും ഒരുഭാഗത്ത് കംഫർട്ട് സ്റ്റേഷൻ നിർമിക്കുകയും ചെയ്തു. എന്നാൽ, പദ്ധതിപ്രദേശത്തിന്റെ ഒരുവശത്ത് വ്യക്തമായ അതിർത്തിയില്ലാത്തതിനെത്തുടർന്നുണ്ടായ തർക്കം കോടതിയിലെത്തിയതോടെയാണ് നിർമാണം തടസ്സപ്പെട്ടത്.
പ്രവൃത്തി പുനരാരംഭിക്കുന്നതിനായി സമവായശ്രമങ്ങൾ നടന്നുവെങ്കിലും കാര്യമായി ഇതേവരെ പുരോഗതിയുണ്ടായില്ല. പ്രവൃത്തി പുനരാരംഭിക്കണമെന്ന നാട്ടുകാരുടെ ആവശ്യം ശക്തമായതോടെ കഴിഞ്ഞദിവസം സി.കെ. കാസിം എം.എൽ.എ.യുടെയും ഗ്രാമപ്പഞ്ചായത്ത് അധികൃതരുടെയും വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെയും കരാറുകാരുടെനേതൃത്വത്തിൽ സ്ഥലം സന്ദർശിച്ച് പരിഹാരനടപടികൾ ചർച്ച ചെയ്യുകയുണ്ടായി. അപ്പോഴാണ് പുതിയ ചില സാങ്കേതിക പ്രശ്നങ്ങളും ഉദ്യോഗസ്ഥരുടെ നിബന്ധനകളും ഉയർന്നുവന്നത്:
പ്രദേശം വെള്ളപ്പൊക്കബാധിത മേഖലയായതിനാൽ, ഓരോ വർഷവും വെള്ളപ്പൊക്കസമയത്ത് കംഫർട്ട് സ്റ്റേഷന് വലിയതോതിൽ അറ്റകുറ്റപ്പണി വേണ്ടിവരുമെന്നും ഇതിന്റെ ചെലവ് ഗ്രാമപ്പഞ്ചായത്ത് വഹിക്കണമെന്നുമാണ് ഒരു നിർദേശം വന്നത്.
ഫ്ലഡ്ലൈറ്റുകൾ, ചുറ്റുമുള്ള ഫെൻസിങ്, റൂഫ് നെറ്റുകൾ തുടങ്ങിയ വൈദ്യുതി ഉപയോഗിച്ചുള്ള ആധുനികസംവിധാനങ്ങളോടെയാണ് സ്റ്റേഡിയം രൂപകല്പന ചെയ്തത്. എന്നാൽ വെള്ളപ്പൊക്കബാധിത പ്രദേശമായതിനാൽ, പ്രളയകാലത്ത് വൈദ്യുതി സംബന്ധമായ വല്ല അപകടങ്ങളും ഉണ്ടായാൽ അതിന്റെ പൂർണ ഉത്തരവാദിത്വം പഞ്ചായത്ത് ഏറ്റെടുക്കണമെന്ന് കരാറുകാരനും അധികൃതരും മറ്റൊരു ആവശ്യവും ഉന്നയിച്ചിരിക്കയാണ്. കംഫർട്ട് സ്റ്റേഷന്റെ മെയിന്റനൻസ് ചെലവ് ഏറ്റെടുക്കാമെന്ന് ഗ്രാമപ്പഞ്ചായത്ത് സമ്മതിച്ചെങ്കിലും, വൈദ്യുതിമൂലം ഉണ്ടാകുന്ന അപകടങ്ങളുടെ ഉത്തരവാദിത്വം ഏറ്റെടുക്കുന്ന കാര്യത്തിൽ പഞ്ചായത്ത് തീരുമാനത്തിലെത്തിയിട്ടില്ല.
ആധുനിക സൗകര്യങ്ങളോടുകൂടിയ സ്റ്റേഡിയം യാഥാർഥ്യമാകുമെന്ന് പ്രതീക്ഷിച്ചിരുന്ന നാട്ടുകാരും കായികപ്രേമികളും നിലവിലെ അനിശ്ചിതാവസ്ഥയിൽ കടുത്ത നിരാശയിലാണ്. നിരവധി കലാ കായിക മേളകൾ കായിക പരിശീലനം, സമ്മേളനങ്ങൾ തുടങ്ങി വിവിധങ്ങളായ ആവശ്യങ്ങൾക്ക് ഉപയോഗിച്ചിരുന്ന സ്റ്റേഡിയം ആണ് ഇപ്പോൾ ഉപയോഗിക്കാനാകാതെ കിടക്കുന്നത്. പ്രതിസന്ധികൾക്ക് എത്രയും വേഗം നിയമപരവും ഔദ്യോഗികവുമായ പരിഹാരം കണ്ട് സ്റ്റേഡിയത്തിന്റെ പണി പുനരാ
രംഭിക്കണമെന്നാണ് നാടിന്റെയാകെ ആവശ്യം. ഇതിനിടെ സ്റ്റേഡിയത്തിൽ കൂട്ടിയിട്ടിരിക്കുന്ന മൺ കൂനകളിൽ നിറയെ കപ്പ നട്ട് വേറിട്ട ഒരു പ്രതിഷേധവും നടത്തിയിട്ടുണ്ട്.
‘സൗഹൃദത്തിന്റെ വഴിയിൽ പരിഹാരമുണ്ടാക്കാം’
നാട്ടുകാരുടെയും അധികൃതരുടെയുമെല്ലാം കൂട്ടായ്മയിൽ സൗഹാർദ്ദപരമായ സമീപനത്തോടെ പ്രശ്നം എത്രയും വേഗം തീർത്ത് പ്രവൃത്തി പുനരാരംഭിക്കാനാണ് എം.എൽ.എ.യും ഗ്രാമപ്പഞ്ചായത്തും ശ്രമിക്കുന്നതെന്ന് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ടി.കവിത പറഞ്ഞു.
Published: 19 Oct 2026, 02:05 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented