40-ഓളം കടകളിൽ വെള്ളം കയറി

To advertise here,

വടകര : ഒറ്റമഴ പെയ്യുമ്പോൾത്തന്നെ പുതിയസ്റ്റാൻഡ് പരിസരം വെള്ളത്തിലാകുന്ന പതിവ് ശനിയാഴ്ച പുലർച്ചെപെയ്ത മഴയിലും തെറ്റിയില്ല. കനത്തമഴയ്‌ക്കൊപ്പം ഓവുചാലുകളിലെ തടസ്സവും കൂടിയായപ്പോൾ വെള്ളംകയറിയത് നാല്പതോളം കടകളിൽ. ഓരോ സ്ഥാപനത്തിലും കനത്തനാശവുമുണ്ടായി. മഴക്കാലം തുടങ്ങിയശേഷം ഈ വർഷം നാലുതവണയാണ് ഇതുപോലെ വെള്ളംകയറിയത്.

ശ്രീമണി, പഴയ അൽമ, ജാനകി തുടങ്ങിയ കെട്ടിടസമുച്ചയങ്ങളിലെ താഴത്തെനിലയിലെ കടകളിലാണ് വെള്ളം കയറിയത്. പുലർച്ചെയായതിനാൽ നിലത്തുവെച്ച സാധനങ്ങളൊന്നും എടുത്തുമാറ്റാനായില്ല. ഇതെല്ലാം നശിച്ചു. രാവിലെ കട തുറന്നപ്പോഴാണ് ഉളളിൽ വെള്ളവും ചെളിയും കണ്ടത്. ഉച്ചയോടെ ഇതെല്ലാം നീക്കിയ ശേഷമാണ് കടകൾ തുറന്നത്. പുതിയ ബസ് സ്റ്റാൻഡിന്റെ പടിഞ്ഞാറുവശത്തെ ചില കടകളിലും വെള്ളം കയറി.

ശ്രീമണി, അൽമ കെട്ടിടങ്ങളുടെ മുന്നിലൂടെയും പിറകിലൂടെയും ഓവുചാലുകളുണ്ട്. ദേശീയപാതാ നിർമാണം നടക്കുന്നതിനാൽ ഈ ഓവുചാലുകളെല്ലാം പലയിടത്തായി തടസ്സപ്പെട്ടുകിടക്കുകയാണ്. ഇതോടെ ഇരുവശത്തെയും ഓവുചാലിൽനിന്ന് വെള്ളംകയറി. ശ്രീമണി കെട്ടിടത്തിന്റെ പുറകിലൂടെയുള്ള ഓവുചാൽ ദേശീയപാത മുറിച്ചുകടന്ന് കരിമ്പനത്തോട്ടിലേക്കാണ് ചേരുന്നത്. എന്നാൽ, പഴയതുപോലെ ഒഴുക്ക് ഇപ്പോഴില്ല. തടസ്സങ്ങളാണ് കാരണം. മുന്നിലുള്ള ഓവുചാൽ ദേശീയപാതയിലെ ഓവുചാലുമായി ചേരുന്നില്ല. ഇതോടെ വെള്ളംമുഴുവൻ പുതിയസ്റ്റാൻഡ് പരിസരത്തേക്ക് മറിയുകയാണ്. ഇതാണ് കടകൾക്ക് ഭീഷണിയാകുന്നത്.

ലക്ഷങ്ങളുടെ നഷ്ടം

പി.ജി.കെ. ബേക്കറി, പൂമ്പാറ്റ ഫാൻസി, ശ്രീപാദം ഫുട് വെയർ, ഡേ മാർട്ടിന്റെ അടിവശം, ഫല ഡ്രഗ്‌സ്, ന്യൂ ലവ്‌ലി ബേക്കറി, ന്യൂ വടകര മെഡിക്കൽസ്, അപ്പോളോ ഒപ്റ്റിക്കൽസ്‌, വൈറ്റ് ട്രേഡേഴ്‌സ്, മൊബൈൽ ഷോപ്പുകൾ തുടങ്ങിയ കടകളിൽ വെള്ളംകയറി കനത്തനാശമുണ്ടായി. മൂന്ന് കെട്ടിടങ്ങളിലെ താഴത്തെ നിലയിലെ കടകളിലെല്ലാം വെള്ളംകയറിയിട്ടുണ്ട്. സാധനങ്ങളും ഫർണിച്ചറുമെല്ലാം നശിച്ചു.

ശ്രീമണി ബിൽഡിങ് പരിസരത്തെ വെള്ളം ഏറെ കഴിഞ്ഞാണ് ഒഴിഞ്ഞത്. പുതിയ സ്റ്റാൻഡ് പരിസരത്ത് സുരക്ഷിതമായി കച്ചവടം ചെയ്യാൻ വേണ്ട സാഹചര്യം ഒരുക്കണമെന്ന് വ്യാപാരി വ്യവസായി ഏകോപനസമിതി നാരായണനഗരം യൂണിറ്റ് ആവശ്യപ്പെട്ടു.

ജെ.ടി. റോഡിലും വെള്ളംകയറി നാശം

വടകര : ശനിയാഴ്ച പുലർച്ചെയുണ്ടായ മഴയിൽ ജെ.ടി. റോഡിലും വെള്ളക്കെട്ട്. ഇക്ര തണൽക്ലിനിക്കിൽ വെള്ളംകയറി വലിയ നാശംസംഭവിച്ചു. സമീപത്തെ കടകളിലും വെള്ളംകയറി. ശനിയാഴ്ച രാവിലെ സ്ഥാപനങ്ങൾ തുറന്നപ്പോഴാണ് നാശം ശ്രദ്ധയിൽപ്പെട്ടത്. തണൽ ക്ലിനിക്കിനുള്ളിലേക്ക് വെള്ളവും ചെളിയും കയറി. ലാബ്, ഫാർമസി എന്നിവിടങ്ങളിലെല്ലാം നഷ്ടമുണ്ട്. ഫ്രിഡ്ജ്, ഫാൻ, കംപ്യൂട്ടർ, ലാബിലെ ഉപകരണം എന്നിവ നശിച്ചു. ക്ലിനിക്കിന്റെ പ്രവർത്തനം ശനിയാഴ്ച ഉച്ചവരെ മുടങ്ങി.

ഓവുചാലിലെ തടസ്സമാണ് വെള്ളക്കെട്ടിന് ഇടയാക്കിയതെന്നാണ് സൂചന. റെയിലിനു സമീപം ഓവുചാൽ പലയിടത്തും തടസ്സപ്പെട്ടിട്ടുണ്ട്. ഇവിടെ ചില വീടുകളിലും വെള്ളംകയറിയിട്ടുണ്ട്. നഗരസഭ പ്രതിപക്ഷ പാർലമെന്ററി പാർട്ടി ലീഡർ നേതാവ് എം. ഫൈസൽ, വാർഡ് കൗൺസിലർ ബിജുൽ ആയാടത്തിൽ എന്നിവർ സ്ഥലംസന്ദർശിച്ചു.