കോഴിക്കോട് : മോദിയും അമിത് ഷായും നയിക്കുന്ന ഭരണകൂടത്തെ താഴെയിറക്കാനുള്ള പോരാട്ടമാണ് രാജ്യത്ത് നടക്കുന്നതെന്ന് നടനും ആക്ടിവിസ്റ്റുമായ പ്രകാശ് രാജ്. മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി കോഴിക്കോട് ബീച്ചിലെ ഫ്രീഡം സ്ക്വയറിൽ സംഘടിപ്പിച്ച ‘ജന്തർമന്തർ’ സമരത്തിൽ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭരണമാറ്റത്തിനുവേണ്ടിയുള്ള ശ്രമം യു.പി.യിൽനിന്ന് ആരംഭിക്കാൻപോവുകയാണ്. പതുക്കെപ്പതുക്കെ മോദിയെയും അമിത് ഷായെയും താഴെയിറക്കുമെന്നും അദ്ദേഹം പറഞ്ഞു.

To advertise here,

“ശ്രീലങ്കയിലും ബംഗ്‌ളാദേശിലും നേപ്പാളിലും നടന്നപോലെയായിരിക്കില്ല. മഹാത്മാഗാന്ധിയും അംബേദ്കറും ഭഗത് സിങ്ങുമാണ് ഞങ്ങളുടെ ആയുധം. ഗ്യാനേഷ് കുമാറിനെ ഉപയോഗിച്ച് നടത്തിയ കള്ളത്തരങ്ങളെല്ലാം പിടിക്കപ്പെട്ടു. ഇനി നിങ്ങളുടെ പതനത്തിന്റെ നാളുകളാണ്. മോദിയോടും അമിത് ഷായോടും ഗ്യാനേഷിനോടും എനിക്ക് പറയാനുള്ളത് നിങ്ങൾ ഈ രാജ്യത്ത് ജയിലിലാണ്. നിങ്ങൾക്ക് ചുറ്റിലും പോലീസും ആർമിയും റൗഡികളുമാണ്. നിങ്ങൾ അതിന്റെ ഉള്ളിലാണ്. നിങ്ങൾ പേടിച്ചുവിറയ്ക്കുന്നത് ഞങ്ങൾ കാണുന്നുണ്ട്. ജന്തർമന്തറിൽ നിങ്ങൾ നിയന്ത്രണം ഏർപ്പെടുത്തിയപ്പോൾ കോഴിക്കോട് ബീച്ച് ജന്തർമന്തറായി. ഞങ്ങളുടെ വീടുകൾ ജന്തർമന്തറുകളാവും. രാജ്യത്തിനുവേണ്ടി യുവാക്കൾ തെരുവിലിറങ്ങുകയും മുൻനിരയിലേക്ക് വരുകയും വേണം. ഒരു രാഷ്ട്രീയപ്പാർട്ടികളും ഞങ്ങൾക്കൊപ്പം തെരുവിൽ നിൽക്കേണ്ട. എല്ലാ പ്രതിപക്ഷപാർട്ടികളും പാർലമെന്റിൽപ്പോയി പോരാടൂ. ഇംപീച്ച്‌മെന്റിന് ശ്രമിക്കൂ. ഞങ്ങൾ തെരുവിൽ പോരാടും” -അദ്ദേഹം പറഞ്ഞു.

മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി സമരം ഉദ്ഘാടനം ചെയ്തു. യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ്‌ പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ അധ്യക്ഷനായി. ഡോ. എം.പി. അബ്ദുസ്സമദ് സമദാനി എം.പി., എം.എൻ. കാരശ്ശേരി, മുസ്‌ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ. സലാം, യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. ഫിറോസ് എം.എൽ.എ., മുസ്‌ലിം ലീഗ് അഖിലേന്ത്യാ സെക്രട്ടറി സി.കെ സുബൈർ, എംഎൽ.എ.മാരായ എം.എ. റസാഖ്, ഫാത്തിമ തഹിലിയ, വി.കെ. ഫൈസൽ ബാബു, മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡന്റ് ടി.ടി. ഇസ്മായിൽ, ഉമ്മർ പാണ്ടികശാല, മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന ട്രഷറർ പി. ഇസ്മായിൽ, വൈസ് പ്രസിഡന്റുമാരായ മുജീബ് കാടേരി, ഫൈസൽ ബാഫഖി തങ്ങൾ, അഷ്‌റഫ്‌ എടനീർ, കെ.എ. മാഹിൻ, സെക്രട്ടറിമാരായ സി.കെ. മുഹമ്മദലി, നസീർ കാര്യറ, ഗഫൂർ കോൽക്കളത്തിൽ, ടി.പി.എം. ജിഷാൻ എന്നിവർ സംസാരിച്ചു.