അബുദാബി : യുദ്ധത്തിൽ തകർന്നടിയുകയും സങ്കീർണമായ ആരോഗ്യ പ്രതിസന്ധി നേരിടുകയും ചെയ്യുന്ന ഗാസ മുനമ്പിലെ ആരോഗ്യമേഖലയ്ക്ക് തടസ്സമില്ലാത്ത പിന്തുണയുമായി യു.എ.ഇ. 'ഓപ്പറേഷൻ ഷിവൽറസ് നൈറ്റ് 3' എന്ന മാനുഷിക ദൗത്യത്തിന് കീഴിൽ ഫീൽഡ് ആശുപത്രികൾ, മെഡിക്കൽ സെന്ററുകൾ, മൊബൈൽ ക്ലിനിക്കുകൾ എന്നിവ വഴി ആയിരക്കണക്കിന് രോഗികൾക്കാണ് യു.എ.ഇ. നിലവിൽ അത്യാധുനിക അടിയന്തരചികിത്സ ലഭ്യമാക്കുന്നത്. ആശുപത്രികളുടെ പ്രവർത്തനം അവതാളത്തിലായ സാഹചര്യത്തിൽ മരുന്നുകളും ഉപകരണങ്ങളും എത്തിക്കുന്നതിനൊപ്പം ഇരകളുടെ പുനരധിവാസ പ്രവർത്തനങ്ങളും യു.എ.ഇ.യുടെ നേതൃത്വത്തിൽ സജീവമായി പുരോഗമിക്കുന്നു.
2023 നവംബർ അഞ്ചിന് ആരംഭിച്ച ഈ സന്നദ്ധ ദൗത്യത്തിന് കീഴിൽ റഫയിൽ സ്ഥാപിച്ച യു.എ.ഇ. ഫീൽഡ് ആശുപത്രിയിൽ മാത്രം ഇതുവരെ 54,000-ത്തിലധികം രോഗികളും പരിക്കേറ്റവരും ചികിത്സതേടിയിട്ടുണ്ട്. ലോകാരോഗ്യ സംഘടനയുമായി സഹകരിച്ച് റഫ ക്രോസിങ് വഴി 1,903 ടൺ മരുന്നുകളും അത്യാധുനിക മെഡിക്കൽ ഉപകരണങ്ങളുമാണ് യു.എ.ഇ. ഗാസയിലെ വിവിധ ആശുപത്രികളിലേക്ക് എത്തിച്ചത്.
മുപ്പതോളം ആശുപത്രികളുടെ പ്രവർത്തനം പൂർണമായി തടസ്സപ്പെട്ട പശ്ചാത്തലത്തിൽ, വടക്കൻ ഗാസയിലും തെക്കൻ ഗാസയിലുമായി രണ്ട് കൂറ്റൻ മെഡിക്കൽ സെന്ററുകൾ കൂടി യു.എ.ഇ. നിർമിച്ച് നൽകി.
പ്രതിമാസം അയ്യായിരത്തോളം ആളുകളാണ് ഈ കേന്ദ്രങ്ങളെ ആശ്രയിക്കുന്നത്. ഇതുകൂടാതെ, താത്കാലിക ടെന്റുകളിൽ കഴിയുന്ന അഭയാർഥികൾക്കായി പ്രത്യേക മൊബൈൽ ക്ലിനിക്കുകളും സേവനം നടത്തുന്നുണ്ട്.
ഈജിപ്തിലെ അൽ അരിഷ് തീരത്ത് സജ്ജീകരിച്ചിട്ടുള്ള യു.എ.ഇ.യുടെ ഫ്ലോട്ടിങ് ആശുപത്രിയിൽ ഇതുവരെ 35,000-ത്തിലധികം പലസ്തീനികൾക്കാണ് മികച്ച ചികിത്സ നൽകിയത്. ഗാസയിലെ ആശുപത്രികളുടെ ഭാരം കുറയ്ക്കുന്നതിന്റെ ഭാഗമായി ഗുരുതരമായി പരിക്കേറ്റ 3,000-ത്തോളം രോഗികളെ അടിയന്തരമായി വിമാനമാർഗം യു.എ.ഇ.യിലെ പ്രമുഖ ആശുപത്രികളിലേക്ക് മാറ്റുകയും ചെയ്തു.
പടർന്നുപിടിക്കാൻ സാധ്യതയുള്ള പോളിയോ രോഗത്തെ പ്രതിരോധിക്കാൻ ആറു ലക്ഷത്തിലധികം ഡോസ് വാക്സിനുകളെത്തിച്ചു നൽകിയ യു.എ.ഇ., അടിയന്തര രക്ഷാപ്രവർത്തനങ്ങൾക്കായി 27 സജ്ജീകരിച്ച ആംബുലൻസുകളും ഗാസയ്ക്ക് കൈമാറി.
ആരോഗ്യസംരക്ഷണത്തോടൊപ്പം ഇരകളുടെ പുനരധിവാസത്തിനും വലിയപ്രാധാന്യമാണ് യു.എ.ഇ. നൽകുന്നത്. അവയവങ്ങൾ നഷ്ടപ്പെട്ട 203 ആളുകൾക്ക് കൃത്രിമ അവയവങ്ങൾ നിർമിച്ച് നൽകുന്ന പദ്ധതിയും, കാഴ്ചവൈകല്യമുള്ളവർക്കായി 10,000 കണ്ണടകൾ വിതരണം ചെയ്യുന്ന പദ്ധതിയും യു.എ.ഇ. നടപ്പിലാക്കിവരുന്നു.
അടിയന്തര സാഹചര്യങ്ങൾ കൈകാര്യംചെയ്യുന്നതിനൊപ്പം പ്രതിരോധ മേഖലയിലും പുനരധിവാസത്തിലും പലസ്തീൻ ജനതയ്ക്ക് കൈത്താങ്ങാകുന്ന സമഗ്രമായ ജീവകാരുണ്യ സഹായമാണ് യു.എ.ഇ. തുടർന്നുപോരുന്നത്.
Published: 19 Oct 2026, 01:49 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented