ദുബായ് : ദുബായിയുടെ പ്രദർശന സാമ്പത്തിക വ്യവസ്ഥയുടെ ജീവനാഡിയായി ദുബായ് വേൾഡ് ട്രേഡ് സെന്റർ (ഡി.ഡബ്ല്യു.ടി.സി.) കുതിക്കുന്നു. കേവലം ഒരു എക്സിബിഷൻ കേന്ദ്രം എന്നതിലുപരി രാജ്യത്തിന്റെ ജി.ഡി.പി.ക്ക് വലിയ സംഭാവന നൽകുന്ന വിപുലമായ സാമ്പത്തിക പ്ലാറ്റ്ഫോമായി ഡി.ഡബ്ല്യു.ടി.സി. മാറിയിരിക്കുകയാണ്.
2033-ഓടെ ഈ മേഖലയുടെ വാർഷിക സാമ്പത്തിക വരുമാനം 5,400 കോടി ദിർഹമായി ഉയർത്തുകയാണ് ലക്ഷ്യം. എക്സ്പോ സിറ്റി ദുബായിലെ ദുബായ് എക്സിബിഷൻ സെന്ററിന്റെ 1,000 കോടി ദിർഹം ചെലവഴിച്ചുള്ള കൂറ്റൻ വികസനപദ്ധതികളും, 2026-ന്റെ അവസാനപാദത്തിൽ നടക്കാനിരിക്കുന്ന നൂറിലധികം അന്താരാഷ്ട്ര സമ്മേളനങ്ങളും ഈ ലക്ഷ്യത്തിന് വേഗം കൂട്ടും.
2025-ൽ ഡി.ഡബ്ല്യു.ടി.സി. സംഘടിപ്പിച്ച പ്രമുഖ മേളകൾ വഴി 2,503 കോടി ദിർഹത്തിന്റെ സാമ്പത്തികമൂല്യമാണ് ദുബായ് സമ്പദ്വ്യവസ്ഥയിലേക്ക് എത്തിയത്. 2024-ലെ 2,235 കോടി ദിർഹത്തെ അപേക്ഷിച്ച് വൻ വർധനയാണിത്. വ്യോമയാനം, ഗതാഗതം, ടൂറിസം, ഹോസ്പിറ്റാലിറ്റി, പ്രൊഫഷണൽ സേവനങ്ങൾ എന്നീ മേഖലകൾക്ക് ഈ ബിസിനസ് ഇവന്റുകൾ വലിയ ഊർജമാണ് നൽകുന്നത്. 2025-ൽ ലഭിച്ച ആകെ വരുമാനത്തിൽ 1,466 കോടി ദിർഹം ഗ്രാസ് വാല്യൂ ആഡഡ് ഇനത്തിൽ എമിറേറ്റിലെ പ്രാദേശിക ബിസിനസുകൾക്കും വിതരണ ശൃംഖലകൾക്കുമാണ് ലഭ്യമായതെന്ന് ഡി.ഡബ്ല്യു.ടി.സി. എക്സിക്യുട്ടീവ് വൈസ് പ്രസിഡന്റ് മാഹിർ ജൂൽഫാർ വ്യക്തമാക്കി.
2026 എന്ന വർഷം ദുബായിയുടെ പ്രദർശനചരിത്രത്തിൽ നിർണായകമാണ്. നഗരമധ്യത്തിലെ പരമ്പരാഗത ദുബായ് വേൾഡ് ട്രേഡ് സെന്ററിലും എക്സ്പോ സിറ്റിയിലെ പുതിയ ദുബായ് എക്സിബിഷൻ സെന്ററിലുമായി ഒരേസമയം ഇവന്റുകൾ സംഘടിപ്പിക്കുന്ന ഇരട്ട-വേദി സംവിധാനം ഈ വർഷമാണ് നടപ്പിലാക്കിയത്.
ഇത് സംഘാടകർക്ക് കൂടുതൽ സ്ഥലസൗകര്യവും വഴക്കവും നൽകി. ഉദാഹരണത്തിന്, ആഗോള ഭക്ഷ്യമേളയായ ഗുൾഫൂഡ് ഇരട്ടിയിലധികം വിസ്തൃതിയിലേക്ക് വളരുകയും 195 രാജ്യങ്ങളിൽ നിന്നുള്ള 8,500-ലധികം പ്രദർശകരെ ആകർഷിക്കുകയുംചെയ്തു. അഞ്ചാംഘട്ടമായ 2026 അവസാനപാദത്തിൽ ജൈടെക്സ് ഗ്ലോബൽ , ബിഗ് 5 ഗ്ലോബൽ, വെറ്റക്സ്, ഗുൾഫൂഡ് മാനുഫാക്ചറിങ് തുടങ്ങിയ നൂറിലധികം മെഗാ മേളകളാണ് അരങ്ങേറുന്നത്.
മൂന്നുഘട്ടങ്ങളിലായി പൂർത്തിയാകുന്ന ദുബായ് എക്സിബിഷൻ സെന്ററിന്റെ രണ്ടാംഘട്ട വികസന പ്രവർത്തനങ്ങൾ ദ്രുതഗതിയിൽ പുരോഗമിക്കുകയാണ്.
ആദ്യഘട്ടത്തിൽ ഇൻഡോർ സ്പേസ് 1,40,000 ചതുരശ്ര മീറ്ററായി ഉയർത്തുകയും പ്രതിദിനം 50,000 സന്ദർശകരെ ഉൾക്കൊള്ളാൻ ശേഷി കൈവരിക്കുകയും ചെയ്തിരുന്നു. രണ്ടാംഘട്ടത്തോടെ വിസ്തൃതി 1,60,000 ചതുരശ്ര മീറ്ററാകും.
2031-ൽ പദ്ധതി പൂർണമായി പൂർത്തിയാകുമ്പോൾ 1.2 കിലോമീറ്റർ ദൈർഘ്യത്തിൽ 1,80,000 ചതുരശ്ര മീറ്റർ ഇൻഡോർ ഏരിയ ലഭ്യമാകും. ഇതോടെ പ്രതിദിനം 65,000 സന്ദർശകരെ സ്വീകരിക്കാനും ഒരേസമയം 20 സങ്കീർണ ആഗോള സമ്മേളനങ്ങൾവരെ നടത്താനും ദുബായിക്ക് ശേഷിയുണ്ടാകും.
Published: 19 Oct 2026, 01:50 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented