കൊയിലാണ്ടി : ദേശീയപാത വികസനത്തിന്റെ ഭാഗമായുള്ള നന്തി-ചെങ്ങോട്ടുകാവ് ബൈപ്പാസിൽ കോമത്തുകരയിലെ സർവീസ് റോഡ് നിർമാണം അനിശ്ചിതത്വത്തിലായതോടെ പ്രദേശവാസികളുടെ യാത്ര ദുരിതത്തിലായി. ദേശീയപാത കടന്നുപോകുന്ന 31-ാം വാർഡിൽ ചെയിനേജ് 224-ന് സമീപമാണ് റോഡുനിർമാണം തടസ്സപ്പെട്ടുകിടക്കുന്നത്.

To advertise here,

കൊയിലാണ്ടി-താമരശ്ശേരി റോഡിലെ കോമത്തുകര ഫ്ലൈ ഓവറിന് തെക്കുവശത്തുള്ള സർവീസ് റോഡുകളുടെ പണിയാണ് മാസങ്ങളായി മുടങ്ങിക്കിടക്കുന്നത്. ഫ്ലൈ ഓവറിന്റെ നിർമാണം പൂർത്തിയായി മാസങ്ങൾ കഴിഞ്ഞിട്ടും അതിനോടുചേർന്നുള്ള സർവീസ് റോഡ് ഗതാഗതയോഗ്യമാക്കാൻ അധികൃതർ തയ്യാറായിട്ടില്ല. ഫ്ലൈഓവറിന്റെ തെക്കുഭാഗത്ത് കിഴക്കുവശത്തുള്ള സർവീസ് റോഡിന്റെ പണി പൂർത്തിയാകാത്തതിനാൽ മഴക്കാലത്ത് വാഹനങ്ങൾ ചെളിയിൽ താഴ്ന്നുപോകുന്നത് പതിവാണ്. പ്രദേശത്തുകാർ മുൻപ് ആശ്രയിച്ചിരുന്ന കൈലാസ് റോഡ് ഹൈവേ നിർമാണത്തോടെ നഷ്ടമായിരുന്നു. പകരമുള്ള സർവീസ് റോഡുകൂടി തകർന്നതോടെ പ്രദേശത്തെ നൂറ്റൻപതോളം കുടുംബങ്ങൾ പൂർണമായും ഒറ്റപ്പെട്ട അവസ്ഥയിലായി.

അടിയന്തരസാഹചര്യങ്ങളിൽ രോഗികളെ ആശുപത്രിയിലെത്തിക്കാൻ ആംബുലൻസിനുപോലും കടന്നുവരാൻ കഴിയാത്ത സ്ഥിതിയാണെന്ന് നാട്ടുകാർ പരാതിപ്പെടുന്നു. കുഴിയിലും ചെളിയിലും താഴുന്ന വാഹനങ്ങൾ വൻതുക നൽകി ക്രെയിൻ ഉപയോഗിച്ചാണ് പുറത്തെടുക്കുന്നത്.

പടിഞ്ഞാറുവശത്തുള്ള സർവീസ് റോഡിന്റെ സ്ഥിതിയും ഇതുതന്നെ. ഇവിടെ ഡ്രെയ്‌നേജ് പണിയുന്നതിനായി രണ്ടു വീട്ടുകാരുടെ സ്ഥലമേറ്റെടുക്കുന്നതിനുള്ള നടപടികളാംരംഭിച്ചിട്ട് ഒരുവർഷമായെങ്കിലും തുടർനടപടികൾ എങ്ങുമെത്തിയില്ല. ഇരുവശത്തും സംരക്ഷണഭിത്തി നിർമിക്കുമെന്ന വാഗ്ദാനവും നടപ്പായിട്ടില്ല. സർവീസ് റോഡിന്റെ ഇരുവശത്തും സോയിൽ നെയിലിങ് നടത്തിയെങ്കിലും മഴക്കാലത്ത് മണ്ണിടിഞ്ഞുനശിക്കുകയണ്. അതുകൊണ്ടാണ് സംരക്ഷണഭിത്തി കെട്ടാനുള്ള തീരുമാനമുണ്ടായത്. വിഷയത്തിന്റെ ഗുരുതരാവസ്ഥ ചൂണ്ടിക്കാട്ടി ഷാഫി പറമ്പിൽ എം.പി. സ്ഥലം സന്ദർശിക്കുകയും എൻ.എച്ച്.എ.ഐ. പ്രോജക്ട് ഡയറക്ടർക്ക് കത്തുനൽകുകയും ചെയ്തിരുന്നു. കൂടാതെ, എം.പി.യും എം.എൽ.എ.യും നഗരസഭാ ജനപ്രതിനിധികളുംകൂടി കളക്ടറുടെ ചേംബറിൽ നടത്തിയ യോഗത്തിലും പ്രശ്നപരിഹാരം ഉണ്ടാക്കുമെന്ന് തീരുമാനിച്ചിരുന്നു. എന്നിട്ടും ബന്ധപ്പെട്ട അധികൃതരുടെ ഭാഗത്തുനിന്ന് അനുകൂലമായ നടപടികളൊന്നും ഉണ്ടായിട്ടില്ല.

ജനങ്ങളുടെ കടുത്ത യാത്രാദുരിതത്തിന് പരിഹാരംകാണാൻ സർവീസ് റോഡുകളുടെയും സംരക്ഷണഭിത്തിയുടെയും നിർമാണം അടിയന്തരമായി പൂർത്തിയാക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം. കിഴക്കൻ മേഖലയിൽനിന്ന് കോഴിക്കോട് ഭാഗത്തേക്കുപോകേണ്ട വാഹനങ്ങൾക്ക് സർവീസ് റോഡിലൂടെയാണ് പോകേണ്ടത്. അതിനാൽ, സർവീസ് റോഡിൽനിന്ന് ഹൈവേയിലേക്കുള്ള പ്രവേശനംകൂടി പൂർത്തിയാക്കാനും നടപടി സ്വീകരിക്കണമെന്ന് വാർഡ് കൗൺസിലർ കെ.കെ. ദാമോദരൻ കളക്ടറോടും എൻ.എച്ച്.എ.ഐ. അധികാരികളോടും ആവശ്യപ്പെട്ടു.