ബാലുശ്ശേരി: സഞ്ചാരികൾക്ക് വിശ്രമമൊരുക്കാൻ ലക്ഷങ്ങൾ മുടക്കി നിർമിച്ച വയലട നാച്വറൽ പാർക്ക് കാടുമൂടി നശിക്കാൻ തുടങ്ങിയിട്ട് നാളേറെയായി.പനങ്ങാട് പഞ്ചായത്തിലെ വയലട വിനോദസഞ്ചാര കേന്ദ്രത്തിലേക്കെത്തുന്ന സഞ്ചാരികൾക്കായി ലക്ഷങ്ങൾ മുടക്കി നിർമിച്ച ഡി.ടി.പി.സി.യുടെ നാച്വറൽ പാർക്കാണ് കാടുമൂടി നശിക്കുന്നത്. കോട്ടക്കുന്ന് ആദിവാസികോളനിക്ക് സമീപത്തെ റോഡരികിൽ നിർമിച്ച നാച്വറൽ പാർക്ക്‌ ആണ് അധികൃതരുടെ പരിപാലനമില്ലാതെ വന്യമൃഗങ്ങളുടെ താവളമായി മാറിക്കൊണ്ടിരിക്കുന്നത്.

To advertise here,

 

വയലട-കൂരാച്ചുണ്ട് റോഡിൽനിന്ന് അരക്കിലോമീറ്ററോളം മലമുകളിലേക്ക് സഞ്ചാരിച്ചാൽ ഈ പാർക്കിൽ എത്താം. വയലട വ്യൂ പോയിന്റിലേക്ക് പോകുന്ന സഞ്ചാരികൾക്ക് നടന്നുക്ഷീണിക്കുമ്പോൾ വിശ്രമിക്കാനും പ്രകൃതിഭംഗി ആസ്വദിക്കാനുംവേണ്ടിയാണ് ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന്റെ (ഡി.ടി.പി.സി.) നേതൃത്വത്തിൽ ഈ പാർക്ക് ഒരുക്കിയത്. പൂർണമായും ടൈൽ പാകി മനോഹരമാക്കിയ പാർക്കിൽ രണ്ട് വിശ്രമകേന്ദ്രങ്ങളും പത്തോളം ഇരിപ്പിടങ്ങളും സജ്ജീകരിച്ചിരുന്നു.

മുൻ ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ് ആയിരുന്നു പാർക്കിന്റെ ഉദ്ഘാടനം നിർവഹിച്ചിരുന്നത്. ഉദ്ഘാടനസമയത്ത് ഒട്ടേറെയാളുകൾ ഇവിടെ വിശ്രമത്തിനായെത്തിയിരുന്നു. എന്നാൽ, പിന്നീട് പാർക്ക് പരിപാലിക്കാൻ ആളില്ലാതായതോടെയാണ് കാടുമൂടാൻ തുടങ്ങിയത്. നിലവിൽ പാർക്കിൽ നിർമിച്ച ഇരിപ്പിടങ്ങളും വിശ്രമകേന്ദ്രങ്ങളും പൂർണമായും കാടിനുള്ളിലായ അവസ്ഥയിലാണ്. ഇവിടേക്ക് പ്രവേശിക്കാൻപോലും കഴിയാത്തവിധം മുൾച്ചെടികൾ വളർന്നുപന്തലിച്ചിരിക്കുന്നു.

പാർക്കിൽനിന്ന് അരക്കിലോമീറ്റർകൂടി മുന്നോട്ടുപോയാൽ കോട്ടക്കുന്ന് ആദിവാസി കോളനിയും മുള്ളൻപാറ വ്യൂ പോയിന്റുമുണ്ട്. ഒരുവശത്ത് വയലടയെ ജില്ലയിലെ പ്രധാന വിനോദസഞ്ചാരകേന്ദ്രമാക്കി മാറ്റാൻ വലിയപദ്ധതികൾ ആവിഷ്കരിക്കുമ്പോൾ, മറുവശത്ത് നിർമിച്ച അടിസ്ഥാനസൗകര്യങ്ങൾ നശിച്ചുപോകുന്നത് സഞ്ചാരികളിൽ വലിയ പ്രതിഷേധത്തിന് ഇടയാക്കുന്നുണ്ട്. പാർക്കിലെ കാടുകൾ വെട്ടിത്തെളിച്ച് ഇരിപ്പിടങ്ങൾ വീണ്ടും ഉപയോഗപ്രദമാക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.

പാർക്കിന്റെ മുന്നോട്ടുള്ള സംരക്ഷണത്തിന് സന്ദർശകരിൽനിന്ന് ചെറിയൊരു തുക ഈടാക്കുന്നതുവഴി സ്ഥിരമായൊരു വരുമാനമാർഗം കണ്ടെത്താൻ സാധിക്കുമെന്നാണ് പ്രദേശവാസികളുടെ അഭിപ്രായം. ബാലുശ്ശേരി പനങ്ങാട് പഞ്ചായത്തിലെ നാച്വറൽ പാർക്കിന്റെ ഇന്നത്തെ അവസ്ഥ ഏറെ വേദനാജനകമാണ്. ലക്ഷങ്ങൾ മുടക്കി നിർമിച്ച ഒരു പൊതുസ്വത്ത് ഇതുപോലെ നശിക്കാൻവിടുന്നത് അധികൃതരുടെ ഗുരുതരമായ അനാസ്ഥയാണ്.

വയലട പോലെ ടൂറിസംരംഗത്ത് പിച്ചവെച്ചുവരുന്ന ഒരു പ്രദേശത്തിന് ഇത് ഭൂഷണമല്ല. പദ്ധതികൾ പ്രഖ്യാപിക്കുക, ഉദ്ഘാടനം നടത്തുക പിന്നീട് തിരിഞ്ഞുനോക്കാതിരിക്കുക എന്നത് നമ്മുടെ ഒരു പൊതുനയമായി മാറിയിരിക്കുകയാണ്. വയലടയുടെ ടൂറിസം പദ്ധതിക്ക് ഏറെ ഗുണകരമായി മാറ്റാൻകഴിയുന്ന ഈ കെട്ടിടം അടിയന്തരമായി തുറന്നുകൊടുത്ത് കാര്യക്ഷമമായി പ്രവർത്തിപ്പിച്ച് ജനോപകാരപ്രദമാക്കി മാറ്റാൻ ബന്ധപ്പെട്ടവർ എത്രയുംപെട്ടന്ന് നടപടികൾ സ്വീകരിക്കണമെന്നും പൊതുപ്രവർത്തകൻ കെ.പി. മനോജ് കുമാർ പറഞ്ഞു.