മാനന്തവാടി : 'സേഫ് വിത്തിൻ' റീ കണക്ട് വയനാട് ആൻഡ് വിലങ്ങാട് പദ്ധതിയുടെ വാർഷിക അവലോകനം വയനാട് സോഷ്യൽ സർവീസ് സൊസൈറ്റി( ഡബ്ല്യു.എസ്.എസ്.എസ്.) യിൽ ചേർന്നു. മാനന്തവാടി രൂപതയുടെ സാമൂഹിക സേവന പ്രസ്ഥാനമായ ഡബ്ല്യു.എസ്.എസ്.എസ്., ഭാരത കത്തോലിക്കാസഭയുടെ ഔദ്യോഗിക സാമൂഹിക സേവന പ്രവർത്തന സംഘടനയായ കാരിത്താസ് ഇന്ത്യയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. വയനാട്, വിലങ്ങാട് ഉരുൾപൊട്ടൽ ദുരന്തബാധിത മേഖലകളിലെ കുടുംബങ്ങളുടെയും സമൂഹങ്ങളുടെയും ദുരന്തപ്രതിരോധ ശേഷിയും അതിജീവനശേഷിയും ശക്തിപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് ഒരു വർഷം മുമ്പ് പദ്ധതി തുടങ്ങിയത്. പദ്ധതിക്ക് കേരള സോഷ്യൽ സർവീസ് ഫോറം വയനാട്, കോഴിക്കോട് ജില്ലകളിലെ മറ്റു രൂപത സാമൂഹികസേവന സംഘടനകളായ ശ്രേയസ് ബത്തേരി, ജീവൻ കോഴിക്കോട്, സി.ഒ.ഡി. താമരശ്ശേരി എന്നിവയുടെയും സഹകരണമുണ്ട്. രണ്ടു ദിവസങ്ങളിലായി ചേർന്ന യോഗത്തിൽ ഒരു വർഷം നടപ്പാക്കിയ പ്രവർത്തനങ്ങൾ അവലോകനം ചെയ്യുകയും രണ്ടാം വർഷത്തെ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുകയും ചെയ്തു.

To advertise here,

 

സ്കൂൾതല ദുരന്തനിവാരണ പ്രവർത്തനങ്ങൾ കൂടുതൽ വിപുലീകരിക്കുക, ഗ്രാമതല ദുരന്തനിവാരണ പദ്ധതികൾ തയ്യാറാക്കി അവ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പഞ്ചായത്ത് ദുരന്തനിവാരണ പദ്ധതികളുമായി സംയോജിപ്പിക്കുക, വിവിധ സർക്കാർ സംവിധാനങ്ങളുമായും സാമൂഹിക സംഘടനകളുമായും നെറ്റ്‌വർക്ക് ശക്തിപ്പെടുത്തുക തുടങ്ങിയ പ്രവർത്തനങ്ങൾക്കു രണ്ടാം വർഷത്തിൽ മുൻഗണന നൽകും.

വിദ്യാലയങ്ങളിലും ആദിവാസി മേഖലകളിലും പ്രത്യേക ശ്രദ്ധ കേന്ദ്രീകരിച്ചുള്ള മാനസിക–സാമൂഹിക പിന്തുണാ പ്രവർത്തനങ്ങൾ, സ്ത്രീകളുടെ നേതൃത്വത്തിൽ ദുരന്തപ്രതിരോധ ശേഷിയുള്ള കൂട്ടായ്മകളുടെ രൂപവത്കരണം, കുടുംബതലത്തിലും സമൂഹതലത്തിലും സ്ത്രീകൾ നേതൃത്വം നൽകുന്ന ദുരന്തപ്രതിരോധ പ്രവർത്തനങ്ങൾ, പ്രാദേശികതല മുന്നൊരുക്കങ്ങളും കൂട്ടായ പ്രതികരണ സംവിധാനങ്ങളും ശക്തിപ്പെടുത്തൽ തുടങ്ങിയ ഇടപെടലുകളും നടത്തും.

യോഗത്തിൽ ഫാ. ഡോ. സബ്ബാസ് ഇഗ്നേഷ്യസ് അധ്യക്ഷത വഹിച്ചു. കാരിത്താസ് ഇന്ത്യ അസി. എക്സിക്യുട്ടീവ് ഡയറക്ടർ ഫാ. ബെന്നി എടയത്ത് മുഖ്യാതിഥിയായി. ഡബ്ല്യു.എസ്.എസ്.എസ്. എക്സിക്യുട്ടീവ് ഡയറക്ടർ ഫാ. ജിനോജ് പാലത്തടത്തിൽ, ഫാ. ഡേവിഡ് ആലുങ്കൽ, ഡോ. വി.ആർ. ഹരിദാസ്, ഡോ. ദിലീഷ് വർഗീസ്, ഡബ്ല്യു.എസ്.എസ്.എസ്. പ്രോഗ്രാം ഓഫീസർ പി.എ ജോസ്, ശ്രേയസ് പ്രോഗ്രാം ഓഫീസർ കെ.പി. ഷാജി, അഭീഷ് ആന്റണി, സജോ ജോയ് തുടങ്ങിയവർ വിവിധ സെഷനുകൾക്ക് നേതൃത്വം നൽകി. കേരള സോഷ്യൽ സർവീസ് ഫോറം വയനാട്, ശ്രേയസ് ബത്തേരി, ജീവൻ കോഴിക്കോട്, സി.ഒ.ഡി. താമരശ്ശേരി എന്നിവയുടെ പ്രതിനിധികളും പദ്ധതി കോഡിനേറ്റർമാരും യോഗത്തിൽ പങ്കെടുത്തു.