സുൽത്താൻബത്തേരി : സംസ്ഥാന അതിർത്തിപ്രദേശങ്ങളിൽ വ്യാപകമായി കാട്ടാനകളെത്തി കൃഷി നശിപ്പിക്കുന്നത് ജനങ്ങളുടെ ഉറക്കംകെടുത്തുന്നു. തമിഴ്‌നാടുമായി അതിർത്തി പങ്കിടുന്ന പ്രദേശങ്ങളായ നൂൽപ്പുഴ, പാട്ടവയൽ, വെള്ളരി, മുള്ളൻവയൽ, കാപ്പാട് ഭാഗങ്ങളിലാണ് കാട്ടാനയെത്തി വ്യാപകമായി കൃഷി നശിപ്പിക്കുന്നത്. ദിവസങ്ങൾക്കുമുൻപ് രാത്രിയോടെ എത്തിയ ഒറ്റയാൻ കനത്തനാശമാണ് പ്രദേശത്തുണ്ടാക്കിയത്.

To advertise here,

 

വൈകീട്ടോടെ കാടിറങ്ങുന്ന ആന നേരം ഇരുട്ടുന്നതോടെ ജനവാസകേന്ദ്രങ്ങളിലേക്ക് എത്തുകയാണ്. കാർഷികവിളകളും മറ്റും തിന്നും ചവിട്ടിയും നശിപ്പിച്ച്‌ രാവിലെയാണ് കാട്ടിലേക്ക് മടങ്ങുന്നത്. ഇതിനിടെ വീട്ടുമുറ്റങ്ങളിലടക്കം ആനയെത്തുന്നുണ്ട്. നേരം ഇരുട്ടുംമുൻപേ വീടുകളിലെത്തേണ്ട അവസ്ഥയിലാണ് നാട്ടുകാർ. പുലർച്ചെയോടെ ജോലിക്കോ മറ്റാവശ്യങ്ങൾക്കോ പുറത്തിറങ്ങാനും ആനയെ ഭയന്ന് സാധിക്കുന്നില്ല. മുത്തങ്ങ, നെല്ലാക്കോട്ട വനങ്ങളിൽനിന്നാണ് ആനകൾ നാട്ടിലേക്കിറങ്ങുന്നത്. ഇവിടങ്ങളിൽ വനംവകുപ്പ് നിർമിച്ച കിടങ്ങും ഫെൻസിങ് വേലിയും തകർന്ന ഭാഗത്തുകൂടിയാണ് ആനയെത്തുന്നത്.

 

വെള്ളരിയിലെ നെല്ലിപ്പുര പ്രഭാകരൻ, കുണ്ടൂർ വേലായുധൻ, മുരിക്കമ്പാടി ശ്രീപ്രഭ, ഓണിവയൽ അനന്തൻ, ഓണിവയൽ വിജയൻ എന്നിവരുടെ തെങ്ങ്, വാഴ, കവുങ്ങ്, ഇഞ്ചി തുടങ്ങിയവ ആന നശിപ്പിച്ചു. അതിർത്തിപ്രദേശങ്ങളായതിനാൽ ആനയിറങ്ങിയ വിവരം അറിയിച്ചാൽ ഇരു വനംവകുപ്പ് അധികൃതരും പരസ്പരം ഒഴിഞ്ഞുമാറുകയാണ് ചെയ്യുന്നതെന്നും കർഷകർ പറയുന്നു. ഒന്നരവർഷം മുൻപ് കാപ്പാട് ഭാഗത്ത് കാട്ടുകൊമ്പന്റെ ആക്രമണത്തിൽ ഗോത്രയുവാവായ മാനു കൊല്ലപ്പെട്ടിരുന്നു. നാട്ടുകാരുടെ പ്രതിഷേധത്തെത്തുടർന്ന് ഈ ഭാഗങ്ങളിൽ ഫെൻസിങ് സ്ഥാപിക്കാനും തീരുമാനിച്ചിരുന്നു.പതിവായി ആനയെത്തി കൃഷി നശിപ്പിക്കുന്നത് കർഷകരുടെ നിലനിൽപ്പിനെത്തന്നെ ബാധിക്കുന്ന വിധത്തിലേക്കെത്തിയിരിക്കുകയാണ്. വായ്പയെടുത്തും മറ്റും കൃഷിചെയ്യുന്നത് ഒറ്റരാത്രിയിൽത്തന്നെ നശിപ്പിക്കപ്പെടുന്ന സ്ഥിതിയാണ്. കാലാവസ്ഥയുടെ മാറ്റങ്ങളാൽ നേരിടുന്ന പ്രതിസന്ധികൾക്കിടെ ആനയുടെ ശല്യം കൂടിയാകുമ്പോൾ കർഷകർ വലിയ പ്രയാസത്തിലാകുന്നു. മതിയായ ഫെൻസിങ് സംവിധാനങ്ങളടക്കം ഏർപ്പെടുത്തുന്നതിനൊപ്പം നിരീക്ഷണവും ശക്തമാക്കണമെന്നാണ് ആവശ്യം.