കോഴിക്കോട് : സാഹിത്യനഗരിയിൽ വീണ്ടും നാടകവസന്തം ഉണരുകയാണ്. കാഴ്ചക്കാരെ നഷ്ടപ്പെടുന്നുവെന്ന ആവലാതികൾക്കിടയിലും കോഴിക്കോട്ടെ അമെച്ചർ നാടകങ്ങൾ അതിന്റെ സ്വത്വം വീണ്ടെടുക്കുന്ന കാഴ്ചയാണിപ്പോൾ. കുറഞ്ഞസമയത്തിൽ പ്രഖ്യാപിച്ച് അരങ്ങിലെത്തിയ നാടകങ്ങളെപ്പോലും പ്രേക്ഷകർ ഇരുകൈയും നീട്ടി സ്വീകരിക്കുന്നു. അവസാനമണിക്കൂറുകളിൽ ടിക്കറ്റില്ലാതെ നാടകപ്രേമികൾ മടങ്ങിപ്പോകുന്നു. വീണ്ടും കളിക്കണമെന്ന ആവശ്യം മുഴങ്ങുന്നു.

To advertise here,

 

നല്ലനാടകങ്ങളെ ഇരുകൈയും നീട്ടി സ്വീകരിക്കുന്ന പാരമ്പര്യംതന്നെയാണ് ഇതിനുപുറകിൽ. ഒപ്പത്തിനൊപ്പം കിടപിടിക്കാനുള്ള നല്ല നാടകങ്ങൾ കോഴിക്കോട് പിറവികൊള്ളുന്നുവെന്നതിന്റെ തെളിവാണ് സത്യസായി ഗ്രാമം ഗ്ലോബൽ ട്രസ്റ്റ് നടത്തുന്ന സായിഗ്രാമം അമെച്ചർ നാടകമത്സരത്തിൽ കോഴിക്കോട്ടുനിന്നുള്ള നാടകങ്ങൾ ആദ്യ മൂന്നുസ്ഥാനം നേടിയത്.

നന്മ പെരുമണ്ണ അവതരിപ്പിച്ച ‘തങ്കനാട്ടം’ എന്ന നാടകമാണ് മത്സരത്തിൽ മികച്ച നാടകത്തിനുള്ള പുരസ്‌കാരം സ്വന്തമാക്കിയത്. കടലുണ്ടി രചന നാടകസംഘത്തിന്റെ ‘തമ്പുരാൻ’ രണ്ടാംസ്ഥാനവും ചേളന്നൂർ നാടകം പൂക്കുന്ന കാട് അവതരിപ്പിച്ച ‘പേടി’ മൂന്നാംസ്ഥാനവും കരസ്ഥമാക്കി. തിരുവനന്തപുരം സായിഗ്രാമത്തിൽ 45 ദിവസം നീണ്ടുനിന്ന നാടകോത്സവത്തിൽ പ്രത്യേക ജൂറി തിരഞ്ഞെടുത്ത 15 നാടകസംഘങ്ങളാണ് മാറ്റുരച്ചത്. ഇതിലാണ് കോഴിക്കോട്ടെ നാടകങ്ങൾ വിജയകിരീടം ചൂടിയത്.

ടിക്കറ്റെടുത്ത്‌ കാണാനും മടിയില്ലനാടകചരിത്രം പേറുന്ന നഗരങ്ങളെപ്പോലെ ടിക്കറ്റെടുത്ത് നാടകം കാണാൻ കോഴിക്കോട്ടെ പുതിയ കാണികൾ തയ്യാറാവുന്നുണ്ടെന്നാണ് നാടകപ്രവർത്തകരുടെ നിരീക്ഷണം.

ഇക്കഴിഞ്ഞ മാസങ്ങളിൽ നിറഞ്ഞ സദസ്സിൽ അവതരിപ്പിച്ച നാടകങ്ങൾതന്നെയാണ് അതിനുദാഹരണമെന്ന് പ്രമുഖ നാടകസംവിധായകൻ സതീഷ് കെ. സതീഷ് പറയുന്നു.

ടാഗോർഹാളും ടൗൺഹാളുമായിരുന്നു കോഴിക്കോട്ടെ നാടകവേദികൾ. നവീകരണത്തിന്റെ ഭാഗമായി ടാഗോർഹാൾ വിസ്മൃതിയിലായപ്പോൾ അത് നാടകക്കാരെയും ബാധിച്ചിരുന്നു.

എന്നാൽ, കഴിഞ്ഞ ഏപ്രിലിൽ കാളൂർ റോ‍ഡിൽ ആരംഭിച്ച റിഥം ഹൗസ് പെർഫോമിങ് ആർട്സ് സ്റ്റുഡിയോയിൽ മാത്രം ഇതുവരെ പത്തിനടുത്ത് നാടകങ്ങൾ അരങ്ങിലെത്തിക്കഴിഞ്ഞു. കാണികളുടെ എണ്ണപ്പെരുപ്പം നാടകങ്ങൾ അവിടെ വീണ്ടും വീണ്ടും കളിക്കാനും കാരണമാകുന്നുണ്ട്.

റിഥം ഹൗസിൽ മാത്രം മൺസൂൺ തിയേറ്റർ ഗ്രൂപ്പിന്റെ എം. രാഗേഷിന്റെ ‘വിയർപ്പു ഗ്രന്ഥികളിൽ വെടിമരുന്ന് പുകയുന്നതെന്തുകൊണ്ട്’, ജനം നാടകവേദിയുടെ അപ്പുണ്ണി ശശിയുടെ ‘പെർഫ്യൂം’, നാടകം പൂക്കുന്ന കാട് അവതരിപ്പിച്ച ഗിരീഷ് പി.സി. പാലത്തിന്റെ ‘അനാമികളുടെ വിലാപം’ തുടങ്ങിയവ പ്രേക്ഷകർ ഇരുകൈയും നീട്ടി സ്വീകരിച്ച നാടകങ്ങളാണ്. റിഥം ഹൗസിന്റെതന്നെ ‘സത്യത്തിന്റെ നഗര’വും അവിടെ കളിച്ചിരുന്നു. ഞായറാഴ്ച വൈകീട്ട് കോഴിക്കോട് നാടകപ്രവർത്തകസംഘത്തിന്റെ ‘ഉടയോൻ തിരുടിയോർ’ന്റെ രണ്ട് ഷോയ്ക്കും നിറഞ്ഞ സദസ്സായിരുന്നു.

റെഡ് യങ്‌സ് മഞ്ചാടിക്കുരു ഗ്രൂപ്പിന്റെ ആഭിമുഖ്യത്തിൽ ആനക്കുളം സാംസ്‌കാരികനിലയത്തിലെ ആംഫി തിയേറ്ററിൽ സജിത മഠത്തിൽ അവതരിപ്പിച്ച ഏകപാത്ര നാടകം ‘പോഡ്കാസ്റ്റ് ഓപ്പറ’യ്ക്കും വൻ സ്വീകാര്യത ലഭിച്ചിരുന്നു.