മണിയൂർ : മൂഴിക്കൽ ലോക്ക് കം ബ്രിഡ്ജ് പദ്ധതിയിലെ പാലംതുറന്ന് എട്ടുമാസം പിന്നിട്ടിട്ടും ഉപ്പുവെള്ളത്തെ തടയുന്ന ലോക്കിന്റെ പ്രവൃത്തി പൂർത്തിയായില്ല.

To advertise here,

കുറ്റ്യാടിപ്പുഴയിൽനിന്ന്‌ ഉപ്പുവെള്ളം വടകര-മാഹി കനാലിലേക്ക് കയറുന്നത് തടയാനാണ് ഉൾനാടൻ ജലഗതാഗതവകുപ്പ് 32 കോടി ചെലവിൽ ലോക്ക് കം ബ്രിഡ്ജ് പദ്ധതി ആവിഷ്കരിച്ചത്.

പദ്ധതി കഴിഞ്ഞ ഫെബ്രുവരിയിൽ അന്നത്തെ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്‌തെങ്കിലും ലോക്ക് പ്രവൃത്തി പൂർത്തിയായിരുന്നില്ല. ഇപ്പോഴും ഇതിന്റെ പ്രവൃത്തി ഇഴയുകയാണ്.

 

നവംബർ-ഡിസംബർ മാസത്തോടെ പുഴയിലെ ഉപ്പുവെള്ളം കനാലിലേക്ക് കയറിത്തുടങ്ങും. വെള്ളം കൃഷിയിടങ്ങളിൽ എത്തിയാൽ കൃഷി ഇറക്കാൻ കഴിയാത്ത സാഹചര്യമുണ്ടാകും. ഇതിനാൽ ആശങ്കയിലാണ് കർഷകർ.

വർഷങ്ങളായി കനാലിന്റെ തീരത്ത് ഉപ്പുവെള്ള ഭീഷണിയുണ്ട്. അത്യാധുനിക ലോക്ക് സംവിധാനം വരുന്നതോടെ ഈ വർഷമെങ്കിലും ഇതിനൊരു അറുതിയുണ്ടാകുമെന്ന് പ്രതീക്ഷിച്ച കർഷകർ ഇപ്പോൾ നിരാശയിലാണ്. 500 ഏക്കറോളം സ്ഥലത്തെ കൃഷിയെ ഇത് ബാധിക്കും.

ഒരു തവണ ഉപ്പുവെള്ളം കയറിയാൽ മൂന്നു വർഷത്തോളം കൃഷി ചെയ്യാൻ കഴിയില്ലെന്നാണ് കർഷകർ പറയുന്നത്.

തിരുവള്ളൂർ, മണിയൂർ പഞ്ചായത്തുകളിലായി വ്യാപിച്ചുകിടക്കുന്ന കന്നിനട, കോട്ടപ്പള്ളി തുടങ്ങിയ സ്ഥലങ്ങളിലെ ഏക്കർ കണക്കിന് ഭൂമിയിൽ ഇതുമൂലം നെൽക്കൃഷി ഉൾപ്പെടെ പ്രതിസന്ധിയിലാകും.

മെക്കാനിക്കൽ പ്രവൃത്തി ബാക്കി

ലോക്ക് സ്ഥാപിച്ചിട്ട് മാസങ്ങളായെങ്കിലും ഷട്ടർ ലിഫ്റ്റിങ് സംവിധാനം ഉൾപ്പെടെയുള്ള മെക്കാനിക്കൽ പ്രവൃത്തി പൂർത്തിയായിട്ടില്ല. മോട്ടോറും റോപും സ്ഥാപിച്ചുവേണം ഷട്ടർ ഉയർത്താനും താഴ്ത്താനും. ഇതിന്റെ പ്രവൃത്തിയാണ് വൈകുന്നത്. യു.എൽ.സി.സി.എസാണ് ഈ പ്രവൃത്തി ചെയ്യുന്നത്. മെക്കാനിക്കൽ പ്രവൃത്തി കഴിഞ്ഞിട്ടുവേണം ഇലക്ട്രിക്കൽ പ്രവൃത്തി തുടങ്ങാൻ. പി.ഡബ്ല്യു.ഡി. ഇലക്ട്രിക്കൽ വിഭാഗമാണ് ഈ പ്രവൃത്തിക്ക് മേൽനോട്ടം വഹിക്കുന്നത്. പുതിയ ട്രാൻസ്ഫോർമർ ഉൾപ്പെടെ സ്ഥാപിക്കണം. ഇതെല്ലാം പൂർത്തിയായി ഷട്ടർ പ്രവർത്തനക്ഷമമാകാൻ ഇനിയും രണ്ടുമാസമെങ്കിലും എടുക്കുമെന്നാണ് വിവരം. അപ്പോഴേക്കും ഉപ്പുവെള്ളം കയറിത്തുടങ്ങുമെന്നാണ് ആശങ്ക. കോടികൾ ചെലവഴിച്ച് ഷട്ടർ സ്ഥാപിച്ചശേഷം ഉപ്പുവെള്ളം കയറുന്നത് തടയാൻ താത്കാലിക ബണ്ട് ഒരുക്കുന്ന കാര്യം സംശയമാണ്.

കർഷകരുടെ ആശങ്ക അകറ്റണം - കർഷകസംഘം

വിഷയത്തിൽ കർഷകരുടെ ആശങ്ക അകറ്റണമെന്ന് സ്ഥലംസന്ദർശിച്ച മുൻ എം.എൽ.എ.യും കേരള കർഷകസംഘം ജില്ലാ പ്രസിഡന്റുമായ കെ.പി. കുഞ്ഞമ്മദ് കുട്ടി ആവശ്യപ്പെട്ടു.

കർഷകസംഘം ജില്ലാ കമ്മിറ്റി അംഗം എം. നാരായണൻ, ഏരിയാ സെക്രട്ടറി ആർ.കെ. ചന്ദ്രൻ, തിരുവള്ളൂർ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഗോപിനാരായണൻ, വാർഡ് മെമ്പർ അഥീന, കർഷകസംഘം നേതാക്കളായ ഹംസ വായേരി, കെ. മണിചന്ദ്രൻ, കെ. ശശിധരൻ, സന്തോഷ് ബാബു, കെ.കെ. ശങ്കരൻ എന്നിവരും പാടശേഖരസമിതി പ്രവർത്തകരും കർഷക പ്രതിനിധികളും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.

പ്രവൃത്തി അടിയന്തരമായി പൂർത്തീകരിക്കണമെന്ന് കേരള കർഷകസംഘം വടകര ഏരിയാ കമ്മിറ്റി ആവശ്യപ്പെട്ടു.