വൈത്തിരി : സ്പൈനൽ മസ്കുലർ അട്രോഫി (എസ്.എം.എ.) ബാധിച്ച് ചികിത്സയിൽക്കഴിയുന്ന മൂന്ന് കുരുന്നുകൾക്ക് കൈത്താങ്ങായി ആർ.ജെ.ഡി. മഹിളാജനത. കുരുന്നുകളുടെ ചികിത്സാ സഹായത്തിനുള്ള തുക കണ്ടെത്താനായി മഹിളാ ജനത കൂടരഞ്ഞി പഞ്ചായത്ത് കമ്മിറ്റി പായസ ചലഞ്ച് സംഘടിപ്പിച്ചു. ലക്കിടി ചങ്ങലമരത്തിനു സമീപത്താണ് പായസചലഞ്ച് നടത്തിയത്. പായസചലഞ്ചിലൂടെ ലഭിക്കുന്ന തുക കുട്ടികളുടെ ചികിത്സയ്ക്കായി കൈമാറും. കോഴിക്കോട് ഓമശ്ശേരി കല്ലുരുത്തി സ്വദേശികളായ പൂവത്തിച്ചാലിൽ അരുണിന്റെയും ഷാൽമിയുടെയും 18 മാസം പ്രായമുള്ള ഈഥൻ മോസസ്, ഡോവിഡ് മാഗ്നസ്, ഒലീവർ ജോനോ എന്നിവരാണ് എസ്.എം.എ. ടൈപ്പ് 2എന്ന അപൂർവ ജനിതരോഗം ബാധിച്ച് ചികിത്സ തേടുന്നത്. ചികിത്സയ്ക്കായി ഏകദേശം 50 കോടി രൂപയാണ് ആവശ്യമായിട്ടുള്ളത്. കുരുന്നുകളുടെ പുഞ്ചിരി കാക്കാനായി ഒറ്റക്കെട്ടായി മുന്നോട്ടുനീങ്ങുകയാണ് നാട്.
ധനസമാഹരണ പ്രവർത്തനങ്ങൾക്ക് വിവിധ സന്നദ്ധസംഘടനകളും സാമൂഹിക, രാഷ്ട്രീയപ്രവർത്തകരും നേതൃത്വം നൽകിവരുകയാണ്.
ആർ.ജെ.ഡി. കോഴിക്കോട് ജില്ലാകമ്മിറ്റി അംഗവും കൂടരഞ്ഞി ബ്ലോക്ക് പഞ്ചായത്തംഗവുമായ ജിമ്മി ജോസ് പെമ്പിള്ളിൽ, മഹിളാ ജനതാദൾ കൂടരഞ്ഞി പഞ്ചായത്ത് പ്രസിഡന്റും പഞ്ചായത്ത് അംഗവുമായ ഷീബ റോയ് നെച്ചിക്കാട്ടിൽ, ആർ.ജെ.ഡി . ജില്ലാസെക്രട്ടറി വിൽസൺ പല്ലുവേലിൽ, യുവജനതാദൾ വയനാട് ജില്ലാ പ്രസിഡന്റ് പി.പി. ഷൈജൽ, ആർ.ജെ.ഡി. ജില്ലാകമ്മിറ്റി അംഗം റഷീദ് ബാവ, ആർ.ജെ.ഡി. വൈത്തിരി പഞ്ചായത്ത് പ്രസിഡന്റ് ഷൈജു തുടങ്ങിയവർ നേതൃത്വംനൽകി.
Published: 16 Nov 2026, 02:00 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented