തേഞ്ഞിപ്പലം : കാലിക്കറ്റ് സർവകലാശാലാ കാമ്പസിൽ സനാതന ധർമ്മപീഠത്തിന് ആധുനിക സൗകര്യങ്ങളോടുകൂടിയ മൂന്നുനിലക്കെട്ടിടം ഒരുങ്ങുന്നു. ഡിജിറ്റൽ ലൈബ്രറി, റീഡിങ് ഹാൾ, ഓഡിറ്റോറിയം, കോൺഫറൻസ് ഹാൾ, കംപ്യൂട്ടർ റൂം, അതിഥികൾക്കുള്ള വിശ്രമമുറി, പാർക്കിങ് സൗകര്യം എന്നിവയോടുകൂടിയ കെട്ടിടമാണ് ഒരുക്കുന്നത്. നാലുകോടി രൂപയാണ് ചെലവുവരുക. ജനകീയ സമാഹരണത്തിലൂടെ ഫണ്ട് കണ്ടെത്തി ആദ്യഘട്ടപ്രവൃത്തി തുടങ്ങി. 2005-ൽ തുടങ്ങിയ സനാതനധർമ്മപീഠത്തിന് 2024-ലാണ് ചെയറിനായി 20 സെന്റ് സ്ഥലം സർവകലാശാല അനുവദിച്ചത്. 2024 ഒക്ടോബർ 30-ന് അന്നത്തെ കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ശിലാസ്ഥാപനം നിർവഹിച്ചു. 2026 മാർച്ച് 21-ന് കെട്ടിടനിർമ്മാണ പ്രവൃത്തി ഉദ്ഘാടനം സനാതന ധർമ്മട്രസ്റ്റ്‌ ചെയർമാൻ സ്വാമി ചിദാനന്ദ പുരി നിർവഹിച്ചു. സനാതനധർമ്മ സ്റ്റഡീസ് ആൻഡ് റിസർച്ചിൽ ധാർമ്മികമൂല്യങ്ങൾക്ക് പ്രാധാന്യമുള്ള പ്രഭാഷണങ്ങൾ, ക്ലാസുകൾ, അക്കാദമിക് സെമിനാറുകൾ, മാഗസിനുകൾ എന്നിവ തുടർന്നും നടത്തുമെന്ന് കോഡിനേറ്റർ എം.എ. പത്മനാഭൻ നമ്പീശൻ, സെക്രട്ടറി കെ. ബാലസുബ്രഹ്മണ്യൻ എന്നിവർ പറഞ്ഞു. സ്വാമി ചിദാനന്ദപുരിയുടെ പ്രഭാഷണങ്ങൾ അടങ്ങിയ‘സനാതനധർമ്മ പരിചയം’എന്ന പുസ്തകം പുറത്തിറക്കിയിട്ടുണ്ട്.

To advertise here,