ഫണ്ട് നഷ്ടമാകില്ലെന്ന് പ്രതീക്ഷ
കോഴിക്കോട് : പുതിയ കെട്ടിടം നിർമിക്കുന്നതിന്റെ ഭാഗമായി സെൻട്രൽ മാർക്കറ്റിലെ കച്ചവടക്കാരെ പുനരധിവസിപ്പിക്കാനുള്ള നടപടികൾക്ക് ജീവൻവെച്ചു.
തറക്കല്ലിട്ട് ഒരു വർഷമായിട്ടും പണി തുടങ്ങാത്തതിനാൽ ഫണ്ട് നഷ്ടമാകുമെന്ന സ്ഥിതിയായിരുന്നു. ആ സാഹചര്യം ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് ഇപ്പോൾ പണി വേഗത്തിലാക്കിയത്.
2025- നവംബറിൽ തറക്കല്ലിട്ടശേഷം ഒന്നുംചെയ്തില്ല. കേന്ദ്രഫണ്ട്, വേറെ ജില്ലയിലേക്ക് പോകുന്ന സ്ഥിതിയുണ്ടായി.
എന്നാൽ, കച്ചവടക്കാരെ മാറ്റാമെന്ന് കോർപ്പറേഷൻ രേഖാമൂലം അറിയിച്ചതോടെ ഇനി അത്തരം പ്രശ്നമുണ്ടാകില്ലെന്നാണ് കരുതുന്നത്. കേന്ദ്ര-സംസ്ഥാന സർക്കാരിന്റെ 55.17 കോടി ഫണ്ട് ഉപയോഗിച്ചാണ് പുതിയ മാർക്കറ്റ് പണിയുന്നത്. 33.10 കോടിയാണ് കേന്ദ്രത്തിന്റെ ഫണ്ട്.
ഫിഷറീസ് വകുപ്പ് മുഖേനയാണ് പദ്ധതി നടപ്പാക്കുന്നത്. കച്ചവടക്കാരെ മാറ്റുമെന്ന് രേഖാമൂലം ഉറപ്പുനൽകിയിട്ടുണ്ടെന്നും ഫണ്ട് നഷ്ടമാവില്ലെന്നുമാണ് കോർപ്പറേഷൻ അധികൃതർ പറയുന്നത്.
കച്ചവടക്കാർക്ക് സൗകര്യം
മത്സ്യക്കച്ചവടം നടത്തുന്നവരെ ആദ്യം മാറ്റാനാണ് ആലോചന. മാർക്കറ്റിന് എതിർവശം കോർട്ട്റോഡിന് അരികിലായി നേരത്തേതന്നെ കോർപ്പറേഷൻ സ്ഥലം വാടകയ്ക്കെടുത്തിരുന്നു. 50 സെന്റ് സ്ഥലമുണ്ടിവിടെ.
ലോറികൾ നിർത്തുന്നതിന് സമീപത്തുള്ള 18 സെന്റിലും സൗകര്യമൊരുക്കും. മീൻപെട്ടികൾ വെക്കുന്ന സ്ഥലം ഇതിനായി ഒഴിവാക്കും. ഇവ ലോറി നിർത്തുന്ന സ്ഥലത്തേക്ക് മാറ്റുന്നതുമായി ബന്ധപ്പെട്ട് ചർച്ചകൾ നടക്കുകയാണ്. നേരത്തേ ബയോഗ്യാസ് പ്ലാന്റ് പ്രവർത്തിച്ചിരുന്ന, പിന്നീട് മാലിന്യനിക്ഷേപകേന്ദ്രവുമായ സ്ഥലം വൃത്തിയാക്കി കോൺക്രീറ്റ് ചെയ്യുന്നുണ്ട്. രണ്ടോ മൂന്നോ ദിവസത്തിനുള്ളിൽ ഇത് പൂർത്തിയാവുമെന്ന് കോർപ്പറേഷൻ ആരോഗ്യസ്ഥിരംസമിതി അധ്യക്ഷൻ കെ. രാജീവ് പറഞ്ഞു.
കച്ചവടക്കാരും തൊഴിലാളികളുമെല്ലാമായി മാർക്കറ്റിൽ അഞ്ഞൂറോളംപേരുണ്ട്. മാറുന്ന കാര്യം തങ്ങളെ അറിയിച്ചിട്ടില്ലെന്ന് മാർക്കറ്റിലെ കച്ചവടക്കാരനായ പി. ജമാൽ പറഞ്ഞു. പച്ചമീൻ ചില്ലറ വിൽപ്പന, ഉണക്കമീൻ മൊത്ത-ചില്ലറ കച്ചവടം, ഇറച്ചിക്കച്ചവടം, മത്സ്യലേലം, ആദ്യനിലയിൽ ഡോർമെറ്ററി, ശീതീകരിച്ച മീൻമാർക്കറ്റ്, ലാബ്, രണ്ടാംനിലയിൽ ഭക്ഷണകേന്ദ്രം എന്നിവയെല്ലാമുള്ളതാണ് പുതിയ മാർക്കറ്റ്.
Published: 14 Oct 2026, 03:44 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented