ദേശീയപാതയുടെ നിർമാണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾക്ക് പരിഹാരം

To advertise here,

എ.ആർ. നഗർ : എ.ആർ. നഗർ ഗ്രാമപ്പഞ്ചായത്ത്‌ ഭരണസമിതിയുടെ നിരന്തരമായ ഇടപെടലുകളെത്തുടർന്ന് ദേശീയപാതാ അധികൃതരും നിർമാണക്കമ്പ‌നിയും ദേശീയപാതയു​ടെ നിർമാണത്തിനുശേഷം എ.ആർ. നഗർ ഗ്രാമപ്പഞ്ചായത്തിൽ ജനങ്ങൾക്കുണ്ടായ ബുദ്ധിമുട്ടുകൾ പരിഹരിക്കാൻ തുടങ്ങി. ഇതിന്റെ ഭാഗമായി സർവീസ് റോഡിൽനിന്ന് വീടുകളിലേക്കും കടകളിലേക്കുമുള്ള വഴികൾ ശരിയാക്കിത്തുടങ്ങി.

പ്രശ്നങ്ങൾക്ക് പരിഹാരമാകാത്തതിനാൽ എ.ആർ. നഗർ ഗ്രാമപ്പഞ്ചായത്ത് ഭരണസമിതിയംഗങ്ങൾ കളക്ടറെ നേരിട്ടുകണ്ട് പരാതി അറിയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പ്രോജക്ട് ഓഫീസർ പ്രവീൺകുമാർ, ഡെപ്യൂട്ടി പ്രോജക്ട് ഓഫീസർ ശേശു, നിർമാണക്കമ്പനി പ്രതിനിധികളായ രാമകൃഷ്ണ റെഡ്ഡി, പി.വി. റാവു, എൻ.എച്ച്.എ.ഐ. തഹസിൽദാർ ബിനി, ലെയ്‌സൺ ഓഫീസർ ടി.പി.എം. അഷ്‌റഫ് എന്നിവരടങ്ങിയ സംഘം സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു.

സർവീസ് റോഡ് നിർമാണം കഴിഞ്ഞ് നടപ്പാതയുടെ നിർമാണംകൂടി പൂർത്തിയാക്കിയതോടെ വീടുകളിലേക്കും കടകളിലേക്കുമായി നിർമിച്ച വഴികൾ ചെറിയ വാഹനങ്ങൾക്കുപോലും കടന്നുപോകാൻ പറ്റാത്തത്ര ഇടുങ്ങിയതാണെന്ന പരാതിയുമായി കടക്കാരും വീട്ടുകാരും രംഗത്തെത്തിയിരുന്നു.

ഇവയാണ് ഉയരം കുറച്ചും വീതികൂട്ടിയും വാഹനങ്ങൾക്ക് പോകാനാകുന്നവിധം ശരിയാക്കുന്നത്. ഇതിനുമുൻപ് കൊളപ്പുറം കവലയുടെ മധ്യഭാഗത്ത് ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നവിധത്തിൽ സ്ഥാപിച്ചിരുന്ന വലിയ കോൺക്രീറ്റ് കട്ടകൾ മാറ്റുകയും പാതയോരത്തെ കാടുകൾ നീക്കി വൃത്തിയാക്കുകയുംചെയ്തിരുന്നു. കവലയിലെ വെള്ളക്കെട്ട്‌ ഒഴിവാക്കുക, കവലയിൽ റൗണ്ട് എബൗട്ട് സ്ഥാപിക്കുക തുടങ്ങിയ പണികളും ഇനിയും തീർക്കാനുണ്ട്.

വാർത്തകൾ സഹായിച്ചു

: കോൺക്രീറ്റ് കട്ടകൾ എടുത്തിമാറ്റിയതോടെ ജനങ്ങൾക്കും വാഹനങ്ങൾക്കും കൊളപ്പുറം അങ്ങാടിയിൽ സ്വതന്ത്രമായി സഞ്ചരിക്കാനായി. വഴി വീതികൂട്ടൂകയും ഉയരം കുറയ്ക്കുകയും ചെയ്തത് വീട്ടുകാർക്കും കച്ചവടക്കാർക്കും സൗകര്യമായി. പ്രശ്നങ്ങൾ അധികൃതരുടെ ശ്രദ്ധയിൽ കൊണ്ടുവരുന്നതിന് മാതൃഭൂമി വാർത്തകൾ വളരെയേറെ സഹായിച്ചു.

പി.പി. അസ്‌കറലി

(ഗ്രാമപ്പഞ്ചായത്തംഗം)