പേരാമ്പ്ര: കാൽനൂറ്റാണ്ടായി വിവിധ ഗൾഫ്നാടുകളിൽ ജോലിചെയ്താണ് പന്തിരിക്കര വി.കെ. റോഡിൽ മുണ്ടക്കുറ്റി മൊയ്തീൻ (കലന്തൻ മൊയ്തീൻ, 60) നാട്ടിലേക്ക് തിരികയെത്തിയത്. അതിനുശേഷം കൃഷിയോടുള്ള താത്‌പര്യം കാരണം കാർഷിക നഴ്‌സറിമേഖലയിലേക്ക് തിരിഞ്ഞു. 18 വർഷത്തോളമായി കാർഷിക നഴ്‌സറി നടത്തിയ അനുഭവമാണ് ഇദ്ദേഹത്തെ ഈ രംഗത്ത് നയിക്കുന്നത്.
പന്തിരിക്കര കെ.ടി. റോഡിൽ പ്രവർത്തിക്കുന്ന എം.കെ. കാർഷിക നഴ്‌സറിയിൽ തെങ്ങിൻതൈകളും കവുങ്ങിൻതൈകളുമാണ് പ്രധാനമായി ഉത്പാദിപ്പിച്ചുവിൽക്കുന്നത്. 20,000-ത്തോളം കുറ്റ്യാടിത്തെങ്ങിൻതൈകളാണ് ഇത്തവണ ഉത്പാദിപ്പിച്ച് വിറ്റതെന്ന് അദ്ദേഹം പറഞ്ഞു. അടുത്ത വർഷം 30,000 തെങ്ങിൻതൈ വളർത്താനാണ് ലക്ഷ്യം. മലേഷ്യൻ ഡാർഫ്, കേരശ്രീ, ഡിXടി, ടിXഡി. എന്നിവയെല്ലാമുണ്ട്. തെങ്ങിൻതോട്ടങ്ങളിൽ പോയി നല്ല തേങ്ങകൾ തിരഞ്ഞെടുത്താണ് തൈകൾ ഉണ്ടാക്കാറുള്ളതെന്ന് മൊയ്തീൻ വിശദീകരിക്കുന്നു.
12,000-ത്തോളം കവുങ്ങിൻതൈകളും ഇപ്രാവശ്യം വിൽപ്പന നടത്തി. കർണാടകയിലെ പുത്തൂരിൽനിന്ന് അടയ്ക്ക വാങ്ങിയാണ് തൈകൾ ഉത്പാദിപ്പിക്കുന്നത്. കുള്ളൻഇനങ്ങളിലുള്ള തെങ്ങിൻ, കവുങ്ങിൻതൈകളും വിൽപ്പനയ്ക്കുണ്ട്.
വയനാട്, തൃശ്ശൂർ, മലപ്പുറം എന്നിങ്ങനെ സമീപ ജില്ലയിലേക്കെല്ലാം വിവിധ നഴ്‌സറികളിലേക്ക് ഇവിടെനിന്ന് തൈകൾ കൊണ്ടുപോകാറുണ്ടെന്ന് മൊയ്തീൻ പറഞ്ഞു. സൗദിയിലെ കാർഷിക നഴ്‌സറിക്കും കയറ്റിയയച്ചിട്ടുണ്ട്. ഫലവൃക്ഷത്തൈകളാണ് ഇവിടത്തെ മറ്റൊരിനം. സപ്പോർട്ട, റംബൂട്ടാൻ, ബട്ടർ, മാംഗോസ്റ്റീൻ, ഏഴിനം ചക്കകൾ, വിവിധ ഇനം മാവിൻതൈകൾ എന്നിവയെല്ലാം വിൽപ്പനയ്ക്കായുണ്ട്. മരമുന്തിരിയാണ് ഏറെ ആവശ്യക്കാറുള്ള മറ്റൊരു ഇനം.
വീടുകളിൽ ഗാർഡൻ ഒരുക്കിനൽകുന്നതിനും മൊയ്തീനെ ഏറെപ്പേർ വിളിക്കുന്നു. ജീവിതകാലം മുഴുവൻ ആദായം നൽകാൻ ഉതകുന്നതാണ് വൃക്ഷങ്ങളെന്നും ആ ശ്രദ്ധയോടെയാണ് നഴ്‌സറിയിൽ കാര്യങ്ങൾ ചെയ്യാറുള്ളതെന്നും മൊയ്തീൻ പറയുന്നു. ഭാര്യ സാഫിറ കാർഷികനഴ്‌സറിയിൽ എല്ലാറ്റിനും പിന്തുണയുമായി ഒപ്പമുണ്ട്. ഷിയാസ്, ഷാബിൽ, ദിൽന ഷെറിൻ എന്നിവരാണ് മക്കൾ.
Published: 04 Nov 2026, 03:24 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented