കടലുണ്ടിപ്പുഴ നികത്തൽ പരാതിയുമായി കടലുണ്ടിപ്പുഴ സംരക്ഷണസമിതി വീണ്ടും രംഗത്ത്
കടലുണ്ടി : വർഷങ്ങളായി കടലുണ്ടിപ്പുഴ കൈയേറിയ ഭൂമി തിരിച്ചുപിടിക്കാനുള്ള നടപടിക്രമങ്ങളുമായി കടലുണ്ടി പഞ്ചായത്ത് അധികൃതർ ശ്രമം തുടരുമ്പോഴും കടലുണ്ടിക്കടവ് ചമ്പൈത്തോടിൽ പുഴകൈയേറ്റം തുടരുന്നു. കഴിഞ്ഞദിവസങ്ങളിൽ സ്വകാര്യവ്യക്തി വിലക്കുകൾ മറികടന്ന് കൂടുതൽസ്ഥലം കൈയേറിയെന്ന പരാതിയുമായി കടലുണ്ടിപ്പുഴ സംരക്ഷണസമിതി പ്രസിഡന്റ് പി. കൃഷ്ണദാസ് വീണ്ടും രംഗത്തെത്തി. നേരേത്ത ഈ ഭാഗത്ത് പുഴയുടെ സിംഹഭാഗവും കൈയേറി കരിങ്കൽകെട്ടുനിർമിച്ചതിന്റെ സമീപത്തുള്ള കാലിസ്ഥലം മണ്ണിട്ടുനികത്തി അതിനു മുകളിൽപെട്ടെന്ന് കായ്ക്കുന്ന മാവുകളുൾപ്പെടെ ചെടികളും മറ്റും നട്ടിട്ടുണ്ട്. അതേസമയം ചമ്പൈത്തോടിലെ കൈയേറ്റത്തിന്റെ വിശദ വിവരങ്ങൾ സംബന്ധിച്ച് കഴിഞ്ഞ 13-ന് ഭൂരേഖാ തഹസിൽദാർക്ക് നൽകിയ കത്തിന് മൂന്നാഴ്ചയായിട്ടും മറുപടിയില്ലെന്ന് കടലുണ്ടി പഞ്ചായത്ത് സെക്രട്ടറി ആദർശ് പറഞ്ഞു. പഞ്ചായത്തിലെ 19-ാം വാർഡിൽ പുഴയുടെ പ്രധാന കൈത്തോടുകളിലൊന്നാണ് ചമ്പൈത്തോടെന്ന കാര്യവും കത്തിൽ സൂചിപ്പിച്ചിട്ടുണ്ട്.
പുഴയിൽ എത്രനീളത്തിൽ വീതിയിൽ കൈയേറ്റം നടന്നിട്ടുണ്ടെന്ന് വ്യക്തമാക്കുന്ന ഫോറം എ, കൈയേറ്റത്തിന്റെ ഭൂമി തിരിച്ചുള്ള വിവരങ്ങൾ രേഖപ്പെടുത്തുന്ന മഹസർ, കൈയേറ്റഭൂമിയുടെ സ്കെച്ച് എന്നിവ ആവശ്യപ്പെട്ടാണ് കത്തുനൽകിയിരിക്കുന്നത്. നിശ്ചിതസമയത്തുതന്നെ വിവരങ്ങൾ അറിയിക്കണമെന്നും കത്തിൽ ആവശ്യപ്പെട്ടിരുന്നു. മറുപടി ലഭിക്കുന്ന മുറയ്ക്ക് തുടർനടപടികളിലേക്ക് കടക്കാനാണ് തീരുമാനെന്നും എന്നാൽ ഭുരേഖാ തഹസിൽദാരുടെ മറുപടി വരാതെ ഒന്നും ചെയ്യാനാവില്ലെന്നും സെക്രട്ടറി അറിയിച്ചു. മറുപടി ലഭിച്ചാൽ അത് സംബന്ധിച്ച് പഞ്ചായത്ത് ബോർഡിൽ ചർച്ച ചെയ്യും. തുടർന്ന് ഇതുസംബന്ധിച്ച കാര്യങ്ങൾ കൈയേറ്റക്കാരെ അറിയിച്ച് നികത്തലിൽനിന്ന് വിലക്കും. നിലവിൽ കടലുണ്ടിക്കടവ് ചമ്പൈത്തോടിലെയും കോട്ടക്കടവിലെയും കൈയേറ്റങ്ങളുടെ അപൂർണ വിവരങ്ങൾ മാത്രമാണ് പഞ്ചായത്തിന്റെ കൈവശമുള്ളത്. ഇതാണ് അധികൃതർക്ക് തലവേദനയാകുന്നത്. കൈയേറ്റഭുമിയിൽ നേരിട്ട്പോയി അന്വേഷണം നടത്തിയശേഷമാണ് അധികൃതർ കത്തുതയ്യാറാക്കിയത്. ചമ്പൈത്തോടിലെ കൈയേറ്റത്തെക്കുറിച്ച് അധികൃതർക്ക് വ്യക്തമായ ധാരണയുണ്ട്. കടലുണ്ടി ഔട്ട്പോസ്റ്റ് പോലീസിനൊപ്പമെത്തി അധികൃതർതന്നെ പുഴനികത്തിയ സ്വകാര്യവ്യക്തിക്ക് ഒന്നിലേറെത്തവണ നടപടികൾ നിർത്തണമെന്ന് അന്ത്യശാസനവും നൽകിയിട്ടുള്ളതാണ്. ഇവിടെ കൈയേറ്റം നടത്തിയതായി ആരോപിക്കപ്പെട്ടിട്ടുള്ള സ്വകാര്യവ്യക്തി ഉടനടി അനധികൃത നിർമിതികൾ പൊളിച്ചുമാറ്റണമെന്നാവശ്യപ്പെടുമെന്നും തയ്യാറായില്ലെങ്കിൽ പൊളിച്ചുമാറ്റുമെന്നും നേരേത്ത പഞ്ചായത്ത് അധികൃതർ പറഞ്ഞിരുന്നു. എന്നാൽ ഇപ്പോൾ ഒന്നും നടക്കുന്നില്ല. 2024-ലും പുഴയിലുണ്ടായ കൈയേറ്റങ്ങളെക്കുറിച്ച് അധികൃതർ കത്ത് മുഖേന അറിയിച്ചിട്ടും സർവേ വിഭാഗത്തിൽനിന്ന് പ്രതികരണങ്ങളൊന്നും ഉണ്ടായിട്ടില്ല. പുഴ അളക്കണമെന്നാവശ്യപ്പെട്ടിട്ടും നടപടിയും ഉണ്ടായിട്ടില്ല. അളക്കലും പരിശോധനയും ഇല്ലാത്തത് വിദ്യയാക്കിയാണ് കടലുണ്ടിപ്പുഴയിൽ കൈയേറ്റങ്ങൾ വർധിക്കുന്നതെന്നും വിമർശനമുണ്ട്.
Published: 03 Nov 2026, 03:52 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented