ചുരത്തിൽ കലുങ്ക് നിർമാണം
മണ്ണാർക്കാട് : ചുരം നവീകരണത്തിന്റെ ഭാഗമായുള്ള കലുങ്ക് നിർമാണം നടക്കുന്ന ഭാഗങ്ങളിൽ വാഹനങ്ങൾ കുടുങ്ങുന്നത് യാത്രയ്ക്ക് വെല്ലുവിളിയാകുന്നു. പ്രവൃത്തികൾ നടക്കുന്ന റോഡിൽ മണ്ണുംചെളിയും കൂടിക്കിടക്കുന്നതുമൂലം വാഹനങ്ങളുടെ ചക്രം ചെളിയിൽ താഴുകയാണ്.
ഭാരവാഹനങ്ങളാണ് അപകടത്തിൽപ്പെടുന്നത്. കഴിഞ്ഞദിവസവും ചുരത്തിൽ മരംലോറി ചെളിയിൽതാഴ്ന്നത് ഗതാഗതതടസ്സത്തിന് ഇടവരുത്തിയിരുന്നു. പിന്നീട് ഏറെ ശ്രമകരമായി ലോറി വലിച്ചുനീക്കിയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.
നിലവിൽ 15 കലുങ്കുകളുടെ നിർമാണമാണ് പാലവളവ് മുതൽ ചുരത്തിലെ വിവിധഭാഗങ്ങളിലായി പുരോഗമിക്കുന്നത്. റോഡിന്റെ പകുതിവരെ ഒരുഭാഗം സ്ലാബ് നിർമിച്ചശേഷമാണ് മറുഭാഗം സ്ലാബ് നിർമിക്കുന്നത്. ഈ സമയം റോഡിന്റെ ഒരുവശത്തുകൂടെമാത്രമാണ് വാഹനങ്ങൾ കടത്തിവിടുന്നത്.
വീതികുറഞ്ഞ റോഡിൽ ഒരുവലിയ വാഹനത്തിന് കഷ്ടിച്ച് കടന്നുപോകാനേ കഴിയൂ.
ഇതിനിടെ കലുങ്കിനായി എടുത്ത മണ്ണ് വശങ്ങളിൽ തന്നെ കൂട്ടിയിടുന്നതിനാൽ ഭാരവാഹനങ്ങൾകടന്നുപോകുമ്പോൾ ചക്രങ്ങൾ താഴുകയാണ്. ഇതോടെ ഇരുവശത്തുമുള്ള വാഹനങ്ങളുടെ യാത്രയും തടസ്സപ്പെടും.
അമിഭാരംകയറ്റിയ വാഹനങ്ങളാണ് പലപ്പോഴും ഇത്തരത്തിൽ കുടുങ്ങുന്നത്. പ്രവൃത്തികൾ നടക്കുന്നതിനാൽ 25 മുതൽ 30 ടൺവരെ ഭാരംകയറ്റിയ വാഹനങ്ങളേ കടത്തിവിടാവൂ എന്ന് നിയന്ത്രണമുണ്ടെങ്കിലും ഇതിലധികവും ഭാരവുമായാണ് പല വാഹനങ്ങളും കടന്നുപോകുന്നതെന്ന് പ്രവൃത്തികൾക്ക് മേൽനോട്ടംവഹിക്കുന്ന കെ.ആർ.എഫ്.ബി. അധികൃതർ പറഞ്ഞു.
ബസുകളുൾെപ്പടെയുള്ള വലിയ വാഹനങ്ങളും നിരവധി സന്ദർശകരുടെ വാഹനങ്ങളും നിത്യേന കടന്നുപോകുന്ന ചുരം പാതയിൽ ചെറിയ തടസ്സംപോലും വലിയ ഗതാഗതക്കുരുക്കിന് വഴിവെക്കുകയാണ്.
മഴപെയ്യുന്നതോടെ ചെളിയിലൂടെ വാഹനങ്ങൾകടന്നുപോകുന്നത് കൂടുതൽ പ്രതിസന്ധി സൃഷ്ടിക്കുകയാണ്.
കലുങ്ക് നിർമാണത്തിനുശേഷം കുഴികൾനികത്തുന്നതിനായി മണ്ണ് വീണ്ടും ഉപയോഗിക്കേണ്ടതിനാലാണ് വശങ്ങളിൽതന്നെ ഇതു കൂട്ടിയിടുന്നതെന്നാണ് അധികൃതർ പറയുന്നു. നിലവിലെ യാത്രാപ്രശ്നം കണക്കിലെടുത്ത് റോളറുകൾ ഉപയോഗിച്ച് മണ്ണിട്ട ഭാഗങ്ങൾ നിരപ്പാക്കിയിട്ടുണ്ടെന്ന് അധികൃതർ പറഞ്ഞു.
Published: 04 Nov 2026, 03:07 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented