രാമനാട്ടുകര : വാഴയൂർ ഗ്രാമപ്പഞ്ചായത്തിലെ പുതുക്കോട് മുതുവാറ കുന്നിൻചെരുവിലുള്ള കുടക്കല്ലിന് ഗ്രാമപ്പഞ്ചായത്ത് സംരക്ഷണമൊരുക്കിയെങ്കിലും ഈ ചരിത്രസ്മാരകത്തിൽ എത്താനുള്ള ദിശാബോർഡ് എവിടെയും സ്ഥാപിച്ചില്ല. കേരളത്തിലെ സംഘകാലഘട്ടത്തിലെ മഹാശിലാസംസ്കാരത്തിന്റെ അവശിഷ്ടങ്ങളിലൊന്നായ പുതുക്കോടുള്ള കുടക്കല്ലിന് ഏകദേശം 3,000 വർഷത്തെ പഴക്കമുണ്ടെന്ന് ചരിത്രകാരർ പറയുന്നു.
പണ്ടുകാലത്ത് പ്രമുഖ വ്യക്തികൾ മരിക്കുമ്പോൾ അവരുടെ ഓർമ്മ നിലനിർത്താനാണ് കുടക്കല്ലുകൾ അഥവാ തൊപ്പിക്കല്ലുകൾ സ്ഥാപിച്ചിരുന്നതെന്ന് പറയപ്പെടുന്നു.
സ്തൂപംപോലുള്ള കല്ലറയ്ക്കുമുകളിൽ ഏകദേശം ആറടി വൃത്തത്തിൽ ഒറ്റ പാറക്കല്ല് സ്ഥാപിച്ച നിലയിലാണ് പുതുക്കോടുള്ള ഈ ചരിത്രസ്മാരകം.
സ്വകാര്യവ്യക്തിയുടെ കൈവശത്തിൽ ഉണ്ടായിരുന്ന ഈ കുടക്കല്ല് വാഴയൂർ ഗ്രാമപ്പഞ്ചായത്ത് ആസ്തി രജിസ്റ്ററിൽ ഉൾപ്പെടുത്തി ഒന്നരലക്ഷം രൂപ ചെലവിൽ 2025 ഒക്ടോബറിൽ നവീകരിക്കുകയുണ്ടായി.
കുടക്കല്ലിനുചുറ്റും ഇരുമ്പുഗ്രിൽ സ്ഥാപിക്കുകയും മുകളിൽ മഴ നനയാതിരിക്കാൻ ഷീറ്റ് സ്ഥാപിക്കുകയുംചെയ്തു. തറ ടൈൽസ് പാകി മനോഹരമാക്കി. ഇതിന്റെ ചരിത്രത്തെക്കുറിച്ച് ഇംഗ്ലീഷിലും മലയാളത്തിലും ബോർഡ് സ്ഥാപിച്ചു. എന്നാൽ, സ്മാരകത്തിൽ എത്തിച്ചേരുന്നതിനുള്ള ദിശാബോർഡുകൾ ഒന്നുംതന്നെ പ്രധാന റോഡുകളിൽ ഗ്രാമപ്പഞ്ചായത്ത് സ്ഥാപിച്ചിട്ടില്ല.
ആറുവരിപ്പാത സർവീസ് റോഡിൽ പാറമ്മൽ ജങ്ഷനിൽനിന്ന് പുതുക്കോട് റോഡിലൂടെ ഏകദേശം ഒന്നരക്കിലോമീറ്റർ സഞ്ചരിച്ചാൽ ഈ ചരിത്രസ്മാരകത്തിൽ എത്താം. അതുപോലെ വാഴക്കാട്-ഫറോക്ക് കോളേജ് റോഡിൽ കാരാട്-ലക്ഷംവീട്-പുതുക്കോട് റോഡിൽ ഒരു കിലോമീറ്റർ സഞ്ചരിച്ചാലും ഇവിടേക്ക് എത്തിച്ചേരാം.
കോഴിക്കോട് സർവകലാശാലയുടെ കീഴിലുള്ള കോളേജുകളിലെ ചരിത്രവിദ്യാർഥികൾ പഠനത്തിനുവേണ്ടി ഇവിടെ വരാറുണ്ട്.
ഗ്രാമപ്പഞ്ചായത്ത് സംരക്ഷണം ഏർപ്പെടുത്തിയ ഈ പ്രാചീന ചരിത്രസ്മാരകം പുരാവസ്തുവകുപ്പ് ഏറ്റെടുത്ത് പരിപാലനം നടത്തണമെന്ന ആവശ്യം ശക്തമാണ്.
Published: 03 Nov 2026, 03:51 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented