വടകര : മേമുണ്ട കുന്നോത്ത്പാറയിലെ ജലസ്രോതസ്സുകളെ നശിപ്പിച്ചും പരിസരവാസികൾക്ക് ദുരിതംതീർത്തും മാലിന്യംതള്ളൽ തുടരുന്നു. മരത്തിന്റെ അവിശിഷ്ടങ്ങളും തെങ്ങിന്റെ കുറ്റികളും കെട്ടിടാവശിഷ്ടങ്ങളും എന്നുവേണ്ട ചീഞ്ഞുനാറുന്ന മാലിന്യംവരെ തള്ളുന്ന കേന്ദ്രമായി പാറക്കുളവും പരിസരവും മാറി.

To advertise here,

സ്വകാര്യവ്യക്തികളുടെ ഉടമസ്ഥതയിലാണ് പാറയും കുളവുമെങ്കിലും നാടിന്റെ പല ഭാഗങ്ങളിൽനിന്നും ഇവിടേക്ക് ലോഡുകണക്കിന് മാലിന്യം വരുന്നുണ്ട്. തങ്ങൾ അറിയാതെയാണ് ഇതെന്നാണ് ഉടമസ്ഥർ പഞ്ചായത്തിനെ അറിയിച്ചത്.

ഒരുവശത്തെ കുളത്തിൽ മാലിന്യം തള്ളിയതിനെത്തുടർന്ന് തിരുവള്ളൂർ പഞ്ചായത്തിലെ കടവത്ത്‌വയൽ ഭാഗത്തേക്ക് മലിനജലം ഒഴുകുന്ന പ്രശ്നവുമുണ്ട്. പാറയും കുളവും വില്യാപ്പള്ളി പഞ്ചായത്തിലാണെങ്കിലും ദുരിതം തിരുവള്ളൂർ പഞ്ചായത്തിലുമെത്തി. കഴിഞ്ഞദിവസം നാട്ടുകാർ പ്രതിഷേധമുയർത്തിയതോടെ വടകര പോലീസും വാർഡ് മെമ്പർമാരും വില്യാപ്പള്ളി പഞ്ചായത്ത് ആരോഗ്യവിഭാഗവുമൊക്കെ സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു.

വർഷങ്ങൾക്കുമുൻപ് പാറപൊട്ടിച്ചിരുന്ന കേന്ദ്രമായിരുന്നു ഇവിടം. ഇത് നിർത്തിയശേഷം കുറെ പാറയും പാറപൊട്ടിച്ച് രൂപപ്പെട്ട കുളങ്ങളും ബാക്കിയായി. ഒരുവശത്ത് ഏറെ ആഴമുള്ള കുളമാണ്. പാറയുടെ മധ്യത്തിലൂടെയുള്ള റോഡിന്റെ ഇരുവശത്തും കുളങ്ങളുണ്ട്. ഇതിൽ വലതുവശത്തെ കുളം മാലിന്യം തള്ളി ഏതാണ്ട് നികന്നുകഴിഞ്ഞു. ഇപ്പോൾ മാലിന്യം തള്ളുന്നത് ഇതിന് നേരേ എതിർവശത്താണ്.

നാടിന്റെ പലഭാഗങ്ങളിൽനിന്നും മണ്ണെടുക്കുമ്പോഴും വീട് നിർമിക്കാൻ സ്ഥലം നിരത്തുമ്പോഴുമൊക്കെ ബാക്കിയാകുന്ന തെങ്ങിന്റെ അടിവശത്തെ കുറ്റിയാണ് പ്രധാനമായും ഇവിടേക്ക് കൊണ്ടുവരുന്നത്. തെങ്ങിന്റെ കുറ്റി ഒഴിവാക്കാൻ വലിയപാടാണ്. ഇത് നേരേ ലോറിയിലാക്കി പാറയ്ക്ക് മധ്യത്തിലൂടെ പോകുന്ന റോഡരികിൽ ഇറക്കുകയും ക്രമേണ വെള്ളത്തിലേക്ക് തട്ടിയിടുകയുമാണ് ചെയ്യുന്നത്.

നൂറുകണക്കിന് തെങ്ങിന്റെ കുറ്റികൾ ഇപ്പോൾ കുളത്തിലുണ്ട്. റോഡരികിൽ ഇറക്കിയ കുറ്റികളും കാണാം. മറ്റ് മരങ്ങളുടെ അവശിഷ്ടങ്ങളും കുപ്പിച്ചില്ലുകളും വീടുംമറ്റും പൊളിച്ച അവശിഷ്ടങ്ങളുമുണ്ട്. ഇതിന്റെ മറവിലാണ് മറ്റ് മാലിന്യവും ചാക്കിലാക്കി തളളുന്നത്. തെങ്ങിന്റെ കുറ്റികളുംമറ്റും വെള്ളത്തിൽ കിടന്ന് ചീഞ്ഞ് വെള്ളം മലിനമാകുന്ന സാഹചര്യവുമുണ്ട്. പരിസരവാസികൾ കുളിക്കാനും അലക്കാനുമൊക്കെ ഉപയോഗിക്കുന്ന പ്രധാനകുളത്തിലും മുൻപ്‌ മാലിന്യം തള്ളിയിരുന്നു.

മേമുണ്ട മദ്രസയുടെ ഉടമസ്ഥതയിലുള്ള ഈ സ്ഥലത്ത്‌ വോളിബോൾ ഗ്രൗണ്ടും ഫുട്‌ബോൾ ഗ്രൗണ്ടും ഉണ്ട്. ഇതിൽ ഫുട്‌ബോൾ കളിക്കുന്ന സ്ഥലത്തുവരെ തെങ്ങിൻകുറ്റിയുണ്ട്. ഇതോടെ മൈതാനത്ത്‌ വെള്ളം കെട്ടിക്കിടന്ന് കളിക്കാൻകഴിയാത്ത സ്ഥിതിയായി.

വിദ്യാർഥികൾക്ക് ഭീഷണി

റോഡരികിൽ കെട്ടിടാവശിഷ്ടങ്ങളും മറ്റുമാലിന്യവും തള്ളുന്നത് ഇതുവഴി നടന്നുപോകുന്ന വിദ്യാർഥികൾക്ക് ഭീഷണിയാണ്. അടുത്തിടെ ഒരു കുട്ടിയുടെ കാലിൽ കുപ്പിച്ചില്ലുകൊണ്ട് മുറിഞ്ഞു. കൂടാതെ കുട്ടികൾ നടക്കുന്ന വഴിയിൽ മലിനജലം കെട്ടിക്കിടക്കുന്നുണ്ട്.

മാലിന്യം തള്ളുകയും പരിസരമാകെ കാടുമൂടിക്കിടക്കുന്നതും മൂലം ഇഴജന്തുക്കളുടെ ശല്യവും വർധിച്ചു. ഞായറാഴ്ച രാത്രി വഴിയിൽ പെരുമ്പാമ്പിനെ കണ്ടിരുന്നു. ഇതോടെ ജനം ഭീതിയിലാണ്. കീഴൽ, ചെക്കോട്ടിബസാർ, കടവത്ത് വയൽ തുടങ്ങിയ ഭാഗങ്ങളിൽനിന്ന്‌ ഒട്ടേറെ കുട്ടികൾ മേമുണ്ട സ്‌കൂളിലേക്ക് പോകുന്ന വഴിയാണിത്.