ചെറുവണ്ണൂർ മേൽപ്പാലം ഗർഡർ സ്ഥാപിക്കൽ
ഫറോക്ക് : ചെറുവണ്ണൂർ മേൽപ്പാലത്തിൽ രണ്ടാംഘട്ട ഗർഡർ സ്ഥാപിക്കുന്നതിന്റെ ഭാഗമായി റോഡ് അടയ്ക്കുന്നതുമായി ബന്ധപ്പെട്ട് സർവത്ര ആശയക്കുഴപ്പം. മേൽപ്പാലത്തിൽ ഗർഡർ സ്ഥാപിക്കുന്നതിന്റെ ഭാഗമായി അടിയന്തര നിർമാണപ്രവൃത്തികൾ നടക്കുന്നതിനാൽ ഈ റോഡിലൂടെയുള്ള ഗതാഗതം മൂന്നിന് രാത്രി 10 മുതൽ ആറിന് രാത്രി 10 മണിവരെ പൂർണമായും നിരോധിച്ചതായി ജില്ലാ കളക്ടർ അറിയിച്ചു എന്ന ഉത്തരവാണ് തിങ്കളാഴ്ച വൈകീട്ട് പുറത്തുവന്നത്. എന്നാൽ, ഗതാഗതനിയന്ത്രണവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കേണ്ട ട്രാഫിക്ക് പോലീസിന് വ്യക്തമായ നിർദേശം ലഭിച്ചിട്ടില്ല. അതിനാൽ പാലം അടയ്ക്കുന്ന കാര്യത്തിൽ അവർക്ക് വ്യക്തതയില്ല. കേരള റോഡ് ഫണ്ട് എക്സിക്യുട്ടീവ് കാര്യാലയ വിഭാഗം കളക്ടർക്ക് നൽകിയ കത്തിൽ ആദ്യം മൂന്നിന് അടയ്ക്കണമെന്നായിരുന്നു. എന്നാൽ ചില സാങ്കേതിക തടസ്സം കാരണം നാലാം തീയതി രാത്രി പത്തു മുതൽ ആറാം തീയതി രാത്രി പത്തുവരെ റോഡ് അടച്ചിടുന്നതിനായി കളക്ടർ ഉത്തരവിടണമെന്നാണ് പിന്നീട് അവർ കത്തിലൂടെ ആവശ്യപ്പെട്ടത്. ജില്ലാ പോലിസ് മേധാവിക്കും ഇതിന്റെ പകർപ്പ് നൽകിട്ടുണ്ട്. ഇതോടെ മേൽപ്പാലത്തിൽ ഗർഡർ സ്ഥാപിക്കുന്നതിന് ചെറുവണ്ണൂർ റോഡ് എന്ന് അടയ്ക്കുമെന്ന് അറയാത്ത അവസ്ഥയിലായി നാട്ടുക്കാരും യാത്രക്കാരും ചെറുവണ്ണൂരിലെ വ്യാപാരികളും.
ഏകോപനത്തിൽ വൻപിഴവ്
ഒന്നാംഘട്ടത്തിൽ ഗർഡർ സ്ഥാപിക്കുന്നതിന്റെ ഭാഗമായിട്ടാണ് സെപ്റ്റംബർ 20 മുതൽ ആറു ദിവസം ചെറുവണ്ണൂർ റോഡ് അടച്ചിടാൻ തിരുമാനിച്ചിരുന്നത്. ഇതിന്റെ മുന്നോടിയായി ട്രാഫിക്, മോട്ടോർ വാഹനവകുപ്പ്, പോലീസ് അധികാരികളടക്കം സ്ഥലംസന്ദർശിക്കുകയും വിപുലമായ യോഗംചേരുകയും ചെയ്തിരുന്നു. മാത്രമല്ല റോഡ് അടയ്ക്കുന്ന കൃത്യമായചിത്രം ദിവസങ്ങൾക്ക് മുൻപുതന്നെ നാട്ടുകാർക്കും യാത്രക്കാർക്കും ലഭിച്ചിരുന്നു. മേഖലയിലെ ഗതാഗതക്കുരുക്കിന് പരിഹാരമായി അൻപതോളം പോലീസുക്കാരെ വിവിധ മേഖലകളിൽ വിന്യസിച്ചായിരുന്നു ഗതാഗതനിയന്ത്രണം ക്രമീകരിച്ചത്. എന്നാൽ ഇതൊന്നും രണ്ടാം ഘട്ട റോഡ് അടയ്ക്കുന്ന കാര്യത്തിൽ ഉണ്ടായിട്ടില്ല.
ചെറുവണ്ണൂർ റോഡ് അടയ്ക്കണമെങ്കിൽ പന്തീരാങ്കാവ് റോഡിലെ ടാറിങ് പൂർത്തിയാകണമെന്ന നിലപാടാണ് ട്രാഫിക്ക് പോലീസിനുള്ളത്. ചെറുവണ്ണൂർ റോഡ് അടയ്ക്കുന്നതോടെ വാഹനങ്ങൾ ദേശീയപാതയിലൂടെ കടത്തിവിടേണ്ടിവരും. കോഴിക്കോട് ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങൾ മാങ്കാവ് വഴിയും അരീക്കാട് വഴിയും വന്നശേഷം പന്തീരാങ്കാവ് റോഡു വഴിയാണ് ദേശിയപാതയിലെത്തുക. എന്നാൽ ആ റോഡ് പൊട്ടിപൊളിഞ്ഞതോടെ നിലവിൽ ഇതുവഴി വലിയ ഗതാഗതക്കുരുക്കാണ് അനുഭവപ്പെടുന്നത്. എന്നാൽ ടാറിങ് പൂർത്തീകരിച്ചിട്ടില്ലെങ്കിൽ ചെറുവണ്ണൂർ റോഡ് അടയ്ക്കുന്നതോടെ വൻ ഗതാഗതക്കുരുക്കാവും മേഖലയിൽ രൂപപ്പെടുക. കടലുണ്ടി വാവുത്സവത്തിന് ചൊവ്വാഴ്ചയാണ് കൊടിയേറുന്നത്. ഒൻപതിനാണ് വാവുത്സവം. വാവുത്സവച്ചടങ്ങുകൾ നടക്കുന്നതിനാൽ കോഴിക്കോട് ഭാഗത്തുനിന്ന് വരുന്ന യാത്രക്കാർ എത്തിപ്പെടാൻ വളരെ പ്രയാസപ്പെടും.
Published: 03 Nov 2026, 03:53 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented