ഗുണഭോക്തൃവിഹിതം അടച്ചവർക്ക് മുൻഗണന നൽകി ഭവനനിർമാണം പൂർത്തിയാക്കാൻ ഉത്തരവ്

To advertise here,

ഒറ്റപ്പാലം : ലക്കിടി-പേരൂർ പഞ്ചായത്തിൽ മുടങ്ങിക്കിടന്നിരുന്ന സാഫല്യം പദ്ധതിക്ക് വീണ്ടും ജീവൻവെക്കുന്നു. സാമ്പത്തികമായി പിന്നാക്കംനിൽക്കുന്ന വീടുംസ്ഥലവുമില്ലാത്ത കുടുംബങ്ങൾക്ക് വീടുവെച്ച്‌ നൽകുന്ന പദ്ധതിക്ക് ഭവനനിർമാണ ബോർഡ് 2026-27 വർഷത്തെ പദ്ധതിയിൽ 30 ലക്ഷംരൂപ അനുവദിച്ചു.

24 കുടുംബങ്ങൾക്ക് ഫ്ലാറ്റ് സമുച്ചയം നിർമിച്ച്‌ കൈമാറാനായിരുന്നു പദ്ധതി. പഞ്ചായത്തിലെ ലക്കിടി-പല്ലാർമംഗലം റോഡിൽ പോളിഗാർഡന്‌ സമീപത്തെ അടിയംപാടത്തെ ഹൗസിങ് ബോർഡ് കോളനിയുടെ സ്ഥലത്താണ് ഫ്ലാറ്റ് നിർമാണം പാതിവഴിയിൽ നിലച്ചിരുന്നത്. 2010-15 കാലഘട്ടത്തിൽ പഞ്ചായത്തിലെ യു.ഡി.എഫ്. ഭരണസമിതിയുടെ ശ്രമഫലമായാണ് പദ്ധതി അനുവദിക്കപ്പെട്ടിരുന്നത്. ഗുണഭോക്താക്കളെയും കണ്ടെത്തിയിരുന്നു. എന്നാൽ, സാങ്കേതിക കുരുക്കിൽപ്പെട്ട് നിർമാണം നിലയ്ക്കു‌കയായിരുന്നു. എട്ടുവീതം വീടുകൾ ഉൾപ്പെടുന്ന രണ്ടുനിലകളിലായുള്ള മൂന്ന് കെട്ടിടമാണ് നിർമിച്ചത്. മേൽക്കൂരയുടെ കോൺക്രീറ്റ് പ്രവൃത്തിവരെ കഴിഞ്ഞിരുന്ന സമയത്താണ് പദ്ധതി നിലച്ചുപോയത്. നിലംനന്നാക്കുന്ന പ്രവൃത്തിയും വൈദ്യുതീകരണവും മാത്രമാണ് ബാക്കിയുള്ളത്. ഇതിനാണ് 30 ലക്ഷം രൂപ അനുവദിച്ചത്.

ഇപ്പോൾ പ്രദേശം കാടുമൂടിക്കിടക്കയാണ്. പദ്ധതിക്കുവേണ്ടി കണ്ടെത്തിയിരുന്ന ഗുണഭോക്താക്കൾ 60,000 രൂപവീതം ഗുണഭോക്തൃവിഹിതം അടച്ചിരുന്നു. എന്നാൽ, വർഷങ്ങൾ പിന്നിട്ടിട്ടും വീടുലഭിക്കാതെ വന്നതോടെ ചില ഗുണഭോക്താക്കൾ തുക തിരികെ വാങ്ങിയിരുന്നു. ചിലർക്ക് തുക ഇതുവരെ തിരികെ കിട്ടിയിട്ടുമില്ല. ഗുണഭോക്തൃവിഹിതം അടച്ചവർക്ക് മുൻഗണന നൽകി ഭവനനിർമാണം വേഗം പൂർത്തിയാക്കി കൈമാറാൻ ബോർഡ് ഉത്തരവിട്ടിട്ടുണ്ട്.

ബാക്കിയുള്ള ഭവനങ്ങൾക്ക് പഞ്ചായത്തുമായി ചേർന്ന് ഗുണഭോക്താക്കളെ കണ്ടെത്താൻ നടപടി സ്വീകരിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്.

പദ്ധതി പൂർത്തിയാക്കാൻ ഫണ്ടനുവദിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും വകുപ്പ് മന്ത്രിക്കും നിവേദനം നൽകിയിരുന്നതായി ലക്കിടി-പേരൂർ മുൻ പഞ്ചായത്ത് പ്രസിഡന്റും ഡി.സി.സി. സെക്രട്ടറിയുമായ കെ. ശ്രീവത്സൻ അറിയിച്ചു.